gfc

കവിതയെ പറ്റി ചില വിചാരങ്ങള്‍,ബൂലോകത്തെ പറ്റിയും.

കവിതയെ പറ്റി ചില ചോദ്യങ്ങള്‍

കവിതയില്‍ താളം ആവശ്യമാണോ? കവിത തന്നെ ഒരു താളമാണ്. താളം ഒരു ദോഷമല്ല.എന്നാല്‍ താളമിട്ട് മടുത്ത ഒരു ഘട്ടത്തില്‍ മിത താളങ്ങളുടെ ഒരു പാത കവിത സ്വീകരിച്ചതായി കാണാം .കവിതയുടെ സാമ്പ്രദായിക വായനക്കാര്‍ ഇപ്പോഴും ഒരോ കവിതയും പാടാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. സത്യത്തില്‍ ഈ നോട്ടത്തിലാണ് കുഴപ്പം.അത്രയേറെ നിഷ്കരുണമായ ഒരു കാലത്ത് താളത്തിന്റെ ഈ തിളങ്ങുന്ന കുപ്പായം അതിന് ചേരുകയില്ല.ചില വിചാരങ്ങള്‍ ‍, ചില വികാരങ്ങള്‍ , ചില അവസ്ഥകള്‍ ഇതൊക്കെ ആവിഷ്കരിക്കാന്‍ ചിലപ്പോള്‍ താളത്തെ ഉപേക്ഷിക്കേണ്ടിവരാം.എല്ലാ നിയമങ്ങളെയും അനുസരിക്കാനുള്ളതാണ് കവിത എന്ന് ഞാന്‍ വിചാരിക്കുന്നില്ല. മറിച്ച് നിയമങ്ങളെ ലംഘിക്കാനുള്ളതാണ് അത്.അത്തരമൊരു സാഹചര്യത്തിലാവണം സച്ചിദാനന്ദന്‍ വൃത്തങ്ങള്‍ക്ക് പുറത്തേക്ക് ചാടി കവിതയെ നയിച്ചത്.കവിത ഒരു വൈയക്തികാനുഭവം കൂടിയാണ്. കവിയുടെ ജീവിതപരിതസ്ഥിതികള്‍ കവിതയുടെ താളത്തെ സ്വാധീനിക്കുന്നുണ്ടാവാം.യാത്ര ചെയ്യുമ്പോള്‍ ഒരു സംഗീതം. അകത്തേക്ക് കയറി വരുന്നത് ഞാന്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.ഇതിന്റെ കാരണമെന്ത് എന്ന് ചോദിച്ച് അത്ഭുതപ്പെടാനേ പറ്റൂ.ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏത് രാസ ഭൌതിക പ്രക്രിയയെയും ദൈവത്തിന്റെ കളി എന്നൊക്കെ പറഞ്ഞ് വിശ്വാസികള്‍ രക്ഷപ്പെടും.ഞാനും അവരോടൊപ്പം കൂടും.

കവിത നിര്‍ബന്ധമായും അനുസരിക്കേണ്ടതെന്ന്
സാമ്പ്രദായികര്‍ കരുതുന്നവ

കവിത ശുദ്ധമായിരിക്കണം എന്നവര്‍ കരുതുന്നു..അതായത് കവിതയില്‍ സദാചാര വിരുദ്ധമോ സാമൂഹ്യവിരുദ്ധമോ ആയ എലിമെന്റുകള്‍ പാടില്ല എന്ന്.കവിതയില്‍ ഇതര ഭാഷാ പദങ്ങള്‍ കയറിക്കൂടിയില്‍ അത് കവിതയുടെ സൌന്ദര്യത്തെ ഹനിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.സത്യത്തില്‍ ഈ നിരീക്ഷണം ഭാഷയെക്കുറിച്ചുള്ള ഒരു വിവരക്കേടാണ്.ഓരോ ഭാഷയും കൊണ്ടും കൊടുത്തുമാണ് വളരുന്നത്.പരിശോധിച്ചാല്‍ എത്രയെത്ര വിവിധഭാഷാപദങ്ങളാണ് മലയാളം സ്വന്തമാക്കിയിട്ടുള്ളതെന്ന് കണ്ടെത്താനായേക്കൂം.ശബ്ദ താരാവലി പരിശോധിച്ചാല്‍ പോലും ഇതൊക്കെ മനസ്സിലാവും.കവിത ലിഖിതമായ ഭാഷകള്‍ക്കപ്പുറത്തുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.അതു കൊണ്ടാണല്ലോ സൌന്ദര്യത്തിന്റെ അത്യുദാത്ത മാതൃകകള്‍ കാണുമ്പോള്‍ ഇതാ കവിത എന്നൊക്കെ നമ്മള്‍ പറഞ്ഞുപോവുന്നത്.ജീവിതം തന്നെ കവിതയാക്കിയവരുണ്ട്. അവരുടെ ജീവിതം എന്തായാലും വൃത്തത്തിലായിരിക്കില്ല.കഥയില്‍,നോവലില്‍ , ചലചിത്രത്തില്‍ ,എല്ലാം നമ്മള്‍ സഹിക്കുന്ന/അനുവദിക്കുന്ന ചിലകാര്യങ്ങള്‍ കവിതയ്ക്ക് എന്തിനാണ് വിലക്കുന്നത്. ഇതൊക്കെയാവണം മലയാളകവിതയുടെ വളര്‍ച്ചയെ ബാധിച്ചഘടകങ്ങള്‍ എന്ന് ഞാന്‍ സംശയിക്കുന്നു.നമ്മുടെ കവിതാസ്വാദന രീതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

ബൂലോകം

ബൂലോകത്ത് എഴുതുന്നവര്‍ എല്ലാവരും എഴുത്തിനെ ഗൌരവമായി എടുത്തവരല്ല. അത് അവരുടെ ബ്ലോഗുകളിലൂടെ കടന്നുപോയാല്‍ സാമാന്യബോധം വെച്ച് തന്നെ നമുക്ക് മനസ്സിലാ‍വും.ചിലരെങ്കിലും അത് തുറന്ന് സമ്മതിച്ചുതരും.ബൂലോകത്ത് എഴുത്തിനെ ഗൌരവമായി എടുത്തിട്ടുള്ള ചുരുക്കം ചിലരുണ്ട്.പെരിങ്ങോടന്‍ ‍, ലാപുട,മൈനാഗന്‍ ,മറിയം,പൊന്നപ്പന്‍ ,നവാഗതരായ അനിയന്‍ ‍,ശിശു ബൂലോകത്തിന് പുറത്ത് തന്നെ ശ്രദ്ധേയരായ പി.പി രാമചന്ദ്രന്‍ ,കുഴൂര്‍ വിത്സണ്‍ ,മേതില്‍ ,ഹരികുമാര്‍ എന്നിവരൊക്കെ അതില്‍ പെടുന്നു.ആകര്‍ഷകമായ ശൈലിയുള്ള ചിലരുണ്ട്:വക്കാരി,വിശാലമനസ്കന്‍ , അംബി തുടങ്ങിയവര്‍ .എന്റെ വായനയൂടെ പരിമിത വൃത്തത്തിനകത്ത് കണ്ടതു മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ.സാഹിത്യേതര വിഷയങ്ങള്‍ നല്ലാ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ദേവരാഗം സാധ്യതയുള്ള ഒരെഴുത്തുകാരനാണ്. അദ്ദേഹത്തിന് ആരെയും അനുകരിക്കാതെ തന്നെ നന്നായി എഴുതാനാവും.പക്ഷേ പലപ്പോഴും അദ്ദേഹം തന്നെ ഇത് തിരിച്ചറിയുന്നില്ല.വിശ്വപ്രഭയും തീര്‍ച്ചയായുംവല്ലാത്ത ഒരു പൊട്ടന്‍ഷ്യല്‍ ഉള്ള ഭാഷ കൈമുതലായുള്ള ആളാണ്.പക്ഷേ അതിനനുസരിച്ചുള്ള നല്ല രചനകള്‍ അദ്ദേഹത്തില്‍ നിന്ന് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. (തുടരും)

വാല്‍ :വളരെ വേഗം ഇന്നു രാവിലെ എഴുതിയതാണിത്.അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ നിന്നിട്ടില്ല.സ്കൂളില്‍ പോവുന്നു. ബാക്കി വന്നിട്ട്.ഏതായാലും ഇത് പോസ്റ്റുന്നു.അഭിപ്രായം എല്ലാവര്‍ക്കും പറയാം.ഇരിങ്ങലിനോട് പ്രത്യേകം.

22 അഭിപ്രായങ്ങൾ:

  1. എഴുത്തുക്കാരെ അസൂയയോട്‌ കാണുന്ന എഴുത്തുക്കാരനല്ലാത്ത ഒരു എഴുത്തുക്കാരനാണ്‌ ഞാന്‍... പണ്ട്‌ എന്റെ നാടിന്റെ ഒരു അംശമായിരുന്നു ആനക്കര എന്നെ പഠിപ്പിച്ച ശശിമാഷ്‌ (ഒത്തിരി നീണ്ട മനുഷ്യന്‍ ) ആനക്കരക്കാരനാണ്‌ .. താങ്കളെ കണ്ടുമുട്ടാനും വൈകി .. ഞാന്‍ ആര്‌ എന്നതിന്‌ പ്രസക്തിയില്ല എങ്കിലും നമ്മള്‍ ആരുമല്ലല്ലോ ഈ വിശാലമായ ഭൂമിയില്‍ .. നമ്മള്‍ ആരാ ... ആ എനിക്കറിയില്ല , കവിതയിലെ ആധുനികതയും ഉത്തരാധുനികതയും എന്തന്ന് പോലും എനിക്കറിയില്ല .. പത്താം ക്ലാസ്‌ വരെ അറബിയും .. പ്രീ-ഡിഗ്രിക്ക്‌ ഹിന്ദി പഠിച്ച എനിക്ക്‌ വൃത്തവും പ്രാസവും എന്തെന്ന് അറിയില്ല പക്ഷെ കവിതയില്‍ മനസ്സിന്റെ വ്യാകുലതകളും സന്തോഷങ്ങളും .. ദൈവത്തിന്റെ ശ്പര്‍ശനങ്ങളും ഹൃദയത്തുടിപ്പുകളും അടങ്ങിയിട്ടുണ്ട്‌ എന്നറിയാം അത്‌ ഞാന്‍ ആവോളം അനുഭവിച്ചിട്ടുമുണ്ട്‌.. ആസ്വധിച്ചിട്ടുണ്ട്‌ .. ബ്ലോഗ്‌ എന്നെപോലുള്ളവര്‍ക്‌ ഒരു അനുഗ്രഹമാണ്‌ മനസ്സിലെ ആശയങ്ങള്‍ ഒരു മടിയും കൂടാതെ എഴുതുന്നു .. ഒരുപക്ഷെ ഇതില്‍ നിന്ന് നാളെത്തെ നല്ല എഴുത്തുക്കാര്‍ ഉണ്ടായികൂടെന്നില്ല . ഒത്തിരി കഴിവുള്ള എഴുത്തുക്കാര്‍ ഇതിലുണ്ട്‌ .. ഹാസ്യമായി എഴുതാന്‍ കഴിവുള്ളര്‍ തുടങ്ങി വേണ്ടിവന്നാല്‍ ഡിക്റ്ററ്റീവ്‌ എഴുത്തുക്കാര്‍ വരെയുണ്ട്‌ .. എന്നെ പോലെ എഴുത്തിനെ സീരിയസായി കാണാത്തവരും എഴുത്തിനെ വളരെ സീരിയസായി കാണുന്നവരുമുണ്ട്‌ . .. ഇതില്‍ വരാന്‍ ഒക്കാത്ത ഒത്തിരി നല്ല എഴുത്തുക്കാര്‍ നമ്മുക്കിടയില്‍ ബ്ലോഗിന്‌ വെളിയിലുണ്ട്‌ .. അവര്‍ക്ക്‌ ഒരവസരം കിട്ടാതെ അലയുന്നവര്‍ അനവധിയാണ്‌ കാലേന്തരേണ ബ്ലോഗ്‌ ഒരു വലിയ എഴുത്തിന്റെ ലോകമായി മാറുമെന്ന വിശ്വാസമുണ്ടെനിക്ക്‌ .. ഒരു പക്ഷെ അന്ന് ഞാനെല്ലാം ഒരു നേരത്തെ അന്നത്തിനായി എവിടെയെങ്കിലും ... ആ ആര്‍ക്കറിയാം .. നമ്മള്‍ ആരെന്ന് നമ്മുക്ക്‌ തന്നെ അറിയില്ലല്ലോ

    മറുപടിഇല്ലാതാക്കൂ

  2. ചില വിചാരങ്ങള്‍ ‍, ചില വികാരങ്ങള്‍ , ചില അവസ്ഥകള്‍ ഇതൊക്കെ ആവിഷ്കരിക്കാന്‍ ചിലപ്പോള്‍ താളത്തെ ഉപേക്ഷിക്കേണ്ടിവരാം.എല്ലാ നിയമങ്ങളെയും അനുസരിക്കാനുള്ളതാണ് കവിത എന്ന് ഞാന്‍ വിചാരിക്കുന്നില്ല. മറിച്ച് നിയമങ്ങളെ ലംഘിക്കാനുള്ളതാണ് അത്.

    തീര്‍ച്ചയായും.ചില അവസ്ഥകള്‍ ആവിഷ്കരിക്കാന്‍ ചിലപ്പോള്‍ താളത്തെ ഉപേക്ഷിക്കേണ്ടിവരും, കവിത ജീവിതത്തിന്റെ പരിഛേദം തന്നെയാകുമ്പോള്‍ അങ്ങനെ ആകാനേ തരമുള്ളൂ താനും. ജീവിതത്തിന്റെ താളവും താളക്കേടുകളും പകര്‍ത്തുമ്പോള്‍ കവിതയിലും അങ്ങനെതന്നെ താളവും താളമില്ലയ്മയും വന്നുചേരും, ഇതൊരു സ്വാഭാവികത മാത്രം.
    പക്ഷെ കവിത നിയമങ്ങളെ അനുസരിക്കാനോ, ലംഘിക്കാനോ ഉള്ളതല്ലെന്നാണീ എഴുത്തിലെ ശിശുവിന്റെ കാഴ്ചപ്പാട്‌.


    കവിത ലിഖിതമായ ഭാഷകള്‍ക്കപ്പുറത്തുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.അതു കൊണ്ടാണല്ലോ സൌന്ദര്യത്തിന്റെ അത്യുദാത്ത മാതൃകകള്‍ കാണുമ്പോള്‍ ഇതാ കവിത എന്നൊക്കെ നമ്മള്‍ പറഞ്ഞുപോവുന്നത്.ജീവിതം തന്നെ കവിതയാക്കിയവരുണ്ട്. അവരുടെ ജീവിതം എന്തായാലും വൃത്തത്തിലായിരിക്കില്ല.

    രണ്ടാം ഭാഗത്തില്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

    ബൂലോഗത്തെ കവികളില്‍ ശിശുവിനേറ്റവും ഇഷ്ടം ലാപുടയെയാണ്‌, ലാപുടയുടെ കമന്റുകളില്‍പ്പോലും കവിതയുണ്ടെന്നു ശിശു മാത്രമല്ല ആരും സമ്മതിച്ചുപോകും.
    ഓഫ്‌:) താങ്കളുടെ കീര്‍ത്തനം എന്ന കവിത ശരിക്കും ഇഷ്ടപ്പെട്ടിരുന്നു)

    മറുപടിഇല്ലാതാക്കൂ
  3. അവസരം കിട്ടിയതല്ലേ... ഞാനും ഒന്നു കമന്റട്ടെ. കഞ്ഞിവെള്ളത്തിലെ കൂടിപ്പോയഉപ്പുപോലെ ഓ.ടോ. ഒരു നാലഞ്ച് ടീസ്പൂണ്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവാം ഇതില്‍...

    ജനിച്ചതു കേരളത്തില്‍, വളര്‍ന്നതും അവിടെ... പക്ഷേ, മലയാളത്തില്‍ വായിച്ചിട്ടുള്ളത് ബാലരമയും, പൂമ്പാറ്റയും, മനോരമയും, ദീപികയും, മാതൃഭുമിയും, ബൈബിളും മാത്രം!

    പഠിച്ചതു CBSE - എട്ടു വരെ മാത്രം മലയാളം - അതും, എട്ടില്‍ പഠിച്ചത് ഏഴാം പാഠം. ഗ്രാമ്മര്‍ നഹി, സാഹിത്യം നഹി, വൃത്തവും മറ്റും നഹീ നഹീ. ഒരു ചെറിയ സാഹിത്യ വാസനയുണ്ടായിരുന്നു ചെറുപ്പത്തില്‍ വല്ലപ്പോഴും നാലഞ്ചു വരു കവിതയോ ചെറു കഥയോ കുത്തിക്കുറിയ്ക്കുമായിരുന്നു. പക്ഷേ, ആംഗലേയം ജ്വലിച്ചു നിന്നിരുന്ന പഠനവ്യവസ്ഥയില്‍ മലയാളത്തിനു വില നന്നേ കുറവ്. അത് മുന്‍സിപ്പാലിറ്റി ഓടയിലെ കടലാസു കപ്പല്‍ പോലെ ഒലിച്ചു പോയി. അപ്പോ ചോദിയ്ക്കും, ആംഗലേയത്തില്‍ കസറിയോ..? ങേ-ഹേ!! ചുരുക്കിപ്പറഞ്ഞാല്‍ ഭാഷയുടെ കാര്യത്തില്‍ അവിടെയുമില്ല, ഇവിടെയുമില്ല!

    ജീവിയ്ക്കാന്‍ തിരഞ്ഞെടുത്ത പാത, വീണ്ടും ആംഗലേയത്തിന്റെ പാതയില്‍ കൊണ്ടെത്തിച്ചപ്പോള്‍ മലയാളം പിന്നെയും ബസ്സില്‍ മറന്നുവച്ച ചോറ്റുപാത്രം പോലെയായി. പക്ഷേ, സത്യം പറഞ്ഞാല്‍ മലവെള്ളം പോലെ പാഞ്ഞുപൊയ്ക്കൊണ്ടിരുന്ന ജീവിതത്തിന്റെ കുത്തൊഴുക്കില്‍ മലയാളത്തെ ഓര്‍ത്തതേയില്ല എന്നു വേണം പറയാന്‍. പിന്നീടെപ്പൊഴോ, കുത്തൊഴുക്കിന്റെ സ്പീഡ് ഒന്നു കുറഞ്ഞപ്പോഴാണ് മലയാളമനസ്സ് വീണ്ടും തലപൊക്കിയത്. അന്ന് സ്പിരിറ്റു കേറി ഒരു മലയാളം എഡിറ്ററും കീമാപ്പുമൊക്കെ എഴുതാന്‍ തുടങ്ങീ ജാവയില്‍. പക്ഷേ അധികം അങ്ങെഴുതി ബുദ്ധിമുട്ടുന്നതിനു മുന്‍പ് ഗൂഗിളേട്ടന്‍ പറഞ്ഞു തന്നു, “ഉണ്ണീ വെറുതേ കഷ്ടപ്പെടേണ്ടാ... സിബുവും പെരിങ്ങോടനുമൊക്കെ നിനക്കു മുന്നേ ഇതൊക്കെ ചെയ്തിട്ടുണ്ട്”. അങ്ങനെ വിയര്‍പ്പൊഴുക്കാതെ തന്നെ കിട്ടീ വരമൊഴിയും മൊഴിയും.

    എന്നിട്ടും എടുത്തൂ രണ്ടു രണ്ടരക്കൊല്ലം ഈ ബൂലോകവും പിന്മൊഴികളും ഒക്കെ കണ്ടുപിടിയ്ക്കാന്‍... വീണ്ടും സാഹിത്യം തലപൊക്കി. മുടന്തന്‍ ഭാഷ കൊണ്ട് ഒന്നെഴുതി നോക്കി... ബൂലോകത്തീന്നു ഒരു പിടി നല്ല മനുഷ്യര്‍ കൈ തന്നു. ആശ്വാസായി... സന്തോഷായി... വീണ്ടും എഴുതി... വീണ്ടും കൈ കിട്ടി... പെരുത്തു സന്തോഷായി... വീണ്ടും ശ്രമിയ്ക്കുന്നു... ശ്രമിച്ചുകൊണ്ടേയിരിയ്ക്കും... ഇതെനിയ്ക്കു പുതിയൊരു ലോകം... പുതിയൊരാവേശം... പുതിയൊരാശ്വാസം... പുതിയൊരുന്മാദം... പുതിയ സാഫല്യം !

    മറുപടിഇല്ലാതാക്കൂ
  4. വിഷ്ണു മാഷേ..
    പണ്ട് പണ്ട് പഠനകാലത്ത്..ഡയറിയിലെഴുതിയിട്ട ഒരു ചീന്താണ്..
    ചീന്ത് എന്നു പറഞ്ഞത് സാഹിത്യമായല്ല..

    “കാളേജ് മാഗസിനിലിടാന്‍ എന്തെങ്കിലും താടേ“ ന്ന് ചങ്ങാതിയെഡിറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ ഡയറിയില്‍ നിന്ന് ഇതെഴുതിയ പേപ്പര്‍ ചീന്തിയെടുത്ത് അവനു കൊടുത്തു..
    അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിട്ടുണ്ടായിരുന്നോ എന്നൊന്നുമെനിയ്ക്കറിയില്ല(തമാശ..തമാശ):)

    ഏതാണ്ട് എട്ടു പത്ത് കൊല്ലമായിട്ടുണ്ടാകും ..ആ കാലത്തിന്റെയൊരു പുളകിതഗാത്രത്തരം ഇതിലുണ്ട്

    എന്നാലും ഇപ്പോള്‍ വിഷ്ണുമാഷിനിതാ എന്റെ വഹ..

    -----------------------------------

    കവിത..
    മാറ്റത്തിനായുള്ളൊരുഷ്ണക്കൊടുങ്കാറ്റ്....
    കത്തും വയറിന്റെയീണങ്ങള്‍ ..വേദന
    തിളയ്ക്കും, ഞരമ്പിലെ ചോരതന്‍ സംഗീതം
    ഞാന്‍ പറഞ്ഞു..

    കവിത..
    കണ്ണനെക്കാത്തുള്ള രാധതന്‍ നൊമ്പരം
    മിനുത്ത് നനുത്തൊരീ കനവുകള്‍..വര്‍ണ്ണങ്ങള്‍
    പൂവിന്റെ സ്വപ്നം വിടരും രസങ്ങളും...
    പെണ്ണു പറഞ്ഞു..

    കവിതയോ?
    അതൊരു സിഗററ്റിന്റെ പുക..
    നുരയുന്ന നുരയാത്ത ദാഹശമനികള്‍
    ബോധമില്ലായ്മതന്‍ തോന്ന്യാസപ്പാട്ടുകള്‍
    പറയിപ്പിയ്ക്കാതെഴുന്നേറ്റ് പോടാ..
    ബുദ്ധി ജീവി കയര്‍ത്തു..

    കവിത..
    പേനയ്ക്കും കടലാസിനുമിടയ്ക്കുള്ള ലോകം
    വൃത്തവും ബോധവും ബോധമില്ലായ്മയും
    കൂട്ടിക്കോറിയിട്ടോര്‍മ്മയും ചിന്തയും
    പൂനിലാവൊത്തോരലങ്കാര രുചികളും
    നിരൂപകന്‍ പറഞ്ഞു..

    കുഞ്ഞു പറഞ്ഞു..
    ‘അമ്മയുടെ മുലപ്പാലാണ് കവിത‘

    മറുപടിഇല്ലാതാക്കൂ
  5. കവിത ഒരു വിനിമയമാണു.
    ഇരുട്ടില്‍ ഒറ്റക്കാകുമ്പോള്‍
    ഇക്കരെ നിന്നുള്ള ഒരു കൂക്കല്‍.
    അക്കരെയിലേക്കുള്ള ഒരു കാതോര്‍ക്കല്‍.

    ദൂരെ നിന്നു ഒരു മറുവിളി വരുമ്പോള്‍
    തന്നെ തിരിച്ചറിയപ്പെട്ട സന്തോഷം.
    ഇതാ ഞങ്ങള്‍ എന്ന ഒരു വെല്ലുവിളി.

    അത്രയേ ഉള്ളൂ..അല്ലാതെ ഒരു കോപ്പും ഇല്ല. വെറുതെ സമയം കളയാന്‍.

    -മറിയം-

    അയാളുടെ ആ നിര്‍വചനം വായിച്ചു അതു തന്നെയെന്നു അതിശയിക്കാനേ എനിക്കു കഴിയുന്നുള്ളൂ. കവിതയെ കുറിച്ചുള്ള വിചാരങ്ങള്‍ തുടരട്ടെ, ബൂലോഗത്തില്‍ ഞാന്‍ തുടര്‍ച്ചയായി ശ്രദ്ധിക്കുന്ന രണ്ടോ മൂന്നോ കവികളില്‍ ഒരാളാണു് ഈ പോസ്റ്റിന്റെ ലേഖകനും എന്നുള്ളതും സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  6. ആത്മകഥാകാരാ,ഞാന്‍ താങ്കളുടെ ആത്മകഥ വായിച്ചിട്ടില്ല.ഞാന്‍ അത് വായിക്കാന്‍ ഒരിക്കല്‍ ശ്രമിച്ചപ്പോള്‍ മറ്റു ചിലപോസ്റ്റുകള്‍ കൂടി വായിക്കണമെന്നു കണ്ടു.സമയക്കുറവുകൊണ്ട് പിന്നെയാവട്ടെ എന്ന് തീരുമാനിച്ചു.പറഞ്ഞുവരുംപോള്‍ എന്റെ ജീവിതം താങ്കളുടെ ജീവിതത്തേക്കാള്‍ സംഭവബഹുലമാവാന്‍ തരമുണ്ട്.എന്തായാലും ആത്മകഥാകഥനം ഇപ്പോള്‍ വേണ്ടെന്ന് വെച്ചു.താങ്കള്‍ ആരാണ്?ഈ മുഖം മൂടിക്കുള്ളില്‍ മറ്റൊരു പേരില്‍ എഴുതുന്ന ബ്ലോഗറുണ്ടെന്ന് ഞാന്‍ സംശയിച്ചാല്‍...?ആരായാലെന്ത്?താങ്കള്‍ക്കത് വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്നറിയാം.അവനവനെ കണ്ടെത്താനുള്ള ശ്രമമാണ് ഒരോ എഴുത്തും.അവനവനെ കണ്ടെത്തുന്നതിലൂടെ ലോകത്തെ കണ്ടെത്തും നല്ല എഴുത്തുകാര്‍.താങ്കള്‍ക്കതിന് കഴിയട്ടെ.
    റ്റെഡീ,ഈ ചര്‍ച്ചയിലേക്ക് കയറിവന്നതില്‍ സന്തോഷം.നല്ലൊരു ഭാഷ കയ്യിലുണ്ട്.എഴുത്ത് തകര്‍ക്കട്ടെ.ടെക്ക്വീല എന്ന പേരില്‍ സക്കറിയയുടെ ഒരു കഥയുണ്ട്. വായിച്ചിട്ടുണ്ടോ?അംബീ,കവിതയെക്കുറിച്ച് ഒരു കവിതയിടുന്നുണ്ട് നിന്റെ വക ഒരു പൂരണം പ്രതീക്ഷിക്കുന്നു.
    പെരിങ്ങോടാ,മറിയത്തിന്റെ നിര്‍വചനത്തിന്റെ അവസാനഭാഗത്തോട് ഒരു കവിതയെഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ എങ്ങനെ യോജിക്കും?നേരമ്പോക്ക് എന്ന് ഉദാസീനമായി കവിതയെ വിളിക്കാന്‍ മറിയത്തെ പ്രേരിപ്പിച്ചതെന്താവാം? ശിശൂ ,ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. വിഷ്ണു, എന്റെ വിവരക്കേട് കൊണ്ടല്ല ഞാന്‍ കവിതകളില്‍ ആംഗലേയ പദങ്ങള്‍ ഒഴിവാക്കാന്‍ പറഞ്ഞത്.എന്റെ വിവരക്കേടാണെന്ന് പച്ചയായി പറഞ്ഞതില്‍ എനിക്കൊട്ട് പരിഭവവും ഇല്ല. എന്റെ പ്രതികരണത്തിന് വിഷ്ണു ലാപുടയുടെ കവിതയില്‍ എനിക്ക് മറുപടി തന്നപ്പോള്‍ അതിന് മറുപടി തരാന്‍ ഞാന്‍ തയ്യാറാകാതിരുന്നത് എന്റെ മര്യാദ. ഇവിടെ അത്, ഭംഗ്യന്തരേണ എന്റെ വിവരക്കേടാണ് എന്ന് പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്.ലാപുടയുടെ വരികള്‍ കവിതകള്‍ ആകുന്നത് വരികളുടെ ഭംഗികൊണ്ടും വാക്കുകള്‍ ബിംബങ്ങളായി പ്രതിഷ്ടിക്കുമ്പോഴുണ്ടാകുന്ന മനോഹാരിതയും കൊണ്ടാണ്.മലയാളത്തില്‍ കവിത എഴുതുമ്പോള്‍ അതില്‍ അന്യഭാഷാ പ്രയോഗങ്ങള്‍ ആവാം എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല.എങ്കില്‍ പിന്നെ അതിനെ മലയാളമെന്ന പേരിലല്ല വിളിക്കേണ്ടത്.മലയാള കവിത എഴുതുമ്പോള്‍, ആംഗലേയത്തിന് പകരം വെക്കാന്‍ മലയാള പദം കിട്ടാതെ ആംഗലേയം ഉപയോഗിക്കുന്നത് എത്ര കൊടി കെട്ടിയ കവിയായാ‍ലും അത് അദ്ദേഹത്തിന്റെ പരാജയത്തെയാണ് കാണിക്കുന്നത്. പ്രത്യേകിച്ചും, ഭാഷയിലെ പരാജയം. അപ്പോള്‍ അത് എഴുതാതിരിക്കുന്നതാണ് ഭേദം. താനൊരു കവിയായി പോയത് കൊണ്ട് വായിക്കുന്നവന്‍ അത് സ്വീകരിച്ചുകൊള്ളണം എന്ന സിദ്ധാന്തം അംഗീകരിക്കാന്‍ ചിലപ്പോള്‍ വിഷ്ണുവിന് കഴിയും. എനിക്ക് കഴിയില്ല.മലയാളം ശുദ്ധമായ ഒരു ഭാഷയാണ്.അതിനെ ആംഗലേയ പദങ്ങള്‍ തിരുകി കയറ്റി ആരെങ്കിലും അശുദ്ധമാക്കിയിട്ടുണ്ടെങ്കില്‍ അതിനെ അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ അതിനും ഞാന്‍ തയ്യാറല്ല.ഭാഷ കൊണ്ടും കൊടുത്തും തന്നെയാണ് വളരുന്നത്.എന്നു കരുതി തത്തുല്യമായ മലയാള പദങ്ങള്‍ ഉള്ളപ്പോള്‍, ആംഗലേയം ഉപയോഗിച്ച് കവിത എഴുതിയാല്‍ അത് ഞാന്‍ അംഗികരിക്കണോ?.അതിനെയാണോ വിവരക്കേട് എന്ന് വിഷുണു പറയുന്നത്?.മലയാളത്തില്‍ വെക്കാന്‍ തത്തുല്യമായ പദങ്ങള്‍ ഇല്ലാതെ വരുമ്പോഴാണ് അന്യഭാഷാ പദങ്ങള്‍ നമ്മള്‍ സ്വീകരിക്കുന്നത്. ഉദാഹരണം.:കം‌പ്യൂട്ടര്‍. അങ്ങിനെ ഒരു പാട് പദങ്ങള്‍ ഉണ്ട്.ബോറടിക്ക് തത്തുല്യമായ മലയാള പദമുണ്ട്. അതു ഉപയോഗിക്കുക തന്നെ വേണം.
    നിയമങ്ങളെ ലംഘിക്കാനുള്ളതാണ് കവിത എന്നതും എനിക്ക് ഒരു പുതിയ അറിവാണ്.കവിതക്ക് താളം ഉണ്ടാകുന്നത് വൃത്തത്തിലോ, അല്ലെങ്കില്‍ കാവ്യാത്മകമായോ എഴുതുമ്പോള്‍ മാത്രമല്ല. ഗദ്യകവിതക്കും താളമുണ്ടാകാറുണ്ട്. പക്ഷെ ഗദ്യ കവിത എഴുതിയവരൊക്കെ വൃത്തത്തിലും എഴുതിയിട്ടുണ്ട്.(പുതിയ തലമുറയിലെ എഴുത്തുകാരില്‍ വൃത്തം അറിയില്ലാത്തതു കൊണ്ട് ഗദ്യത്തില്‍ മാത്രം എഴുതുന്നവരും ഉണ്ട്.).സംഗീതം സംഗീതമാകുന്നത് അതിന് താളം വരുമ്പോഴാണ്. അതിനെ പ്രാസംഗിക രൂപത്തില്‍ അവതരിപ്പിച്ചാല്‍, പിന്നെ വിഷുണുവും, ഞാനും ഒക്കെ ഗായകരാകും. ചുമ്മാ തൊണ്ട കീറി വായിച്ചാല്‍ മതിയല്ലോ?. കവിതയും അങ്ങിനെ തന്നെയാണ്. ഗദ്യകവിതയായാലും, അതിന് ഒരു താളമുണ്ടാകണം.വൃത്തമില്ലെങ്കിലും.ബിംബങ്ങളെ കോര്‍ത്തിണക്കുമ്പോഴുണ്ടാകുന്ന മനോഹാരിതയാണ് അതിന് താളം നല്‍കുന്നത്.അത് വായിക്കാനും, ചൊല്ലാനും സുഖമുണ്ടാകും.
    കവിതയില്‍ സദാചാരത്തിന്റെ ഘടകങ്ങള്‍ (എലിമെന്റ്)മാത്രം മതിയെന്ന് ആരും പറഞ്ഞിട്ടില്ല. അതിനെ അന്യഭാഷാ പദങ്ങള്‍ ചേര്‍ത്ത് വികൃതമാക്കരുതെന്നേ പറഞ്ഞിട്ടുള്ളു.


    ഓ:ടോ: എന്റെ വിവരക്കേടിനെ കളിയാക്കാനായിട്ടാണെങ്കില്‍ കൂടിയും ഇത്തരത്തില്‍ ഒരു ചര്‍ച്ചക്ക് മുതിര്‍ന്നതില്‍ ഞാന്‍ അഭിനന്ദിക്കുന്നു.മറ്റൊന്ന്, വിഷ്ണുവല്ല, എനിക്ക് മറുപടി തരേണ്ടിയിരുന്നത്. വിഷ്ണു ലാപുടയുടെ വക്കാലത്ത് എടുക്കേണ്ടിയിരുന്നുമില്ല.അഭിപ്രായങ്ങള്‍ ആവാം. മറ്റൊരാളുടെ ബ്ലോഗില്‍ കയറി, ആ ബ്ലോഗര്‍ക്ക് വേണ്ടി, ബ്ലോഗില്‍ പ്രതികരണമിട്ടയാള്‍ക്ക് മറുപടി പറയുന്നത് അഭിലഷണീയമല്ല.അതു കൊണ്ടാണ് ഞാന്‍ അവിടെ മറുപടി പറയാതിരുന്നതും.ഇനി ശ്രദ്ധിക്കുമല്ലോ?. നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍11/18/2006 11:58 AM

    കവിതാപരീക്ഷക്കുള്ള എഞ്ചുവടിയല്ല താളം.
    അത് കവിതയില്‍ നിമഗ്നമാണ്‌, വേരുകള്‍ പോലെ.
    ആവര്‍ത്തനങ്ങള്‍ വിരസമാക്കുന്ന അന്തരീക്ഷം
    ഭ്രാന്തിനേക്കാള്‍ പേ പിടിച്ചതാണ്‌. നിയമങ്ങള്‍ തകര്‍ക്കുന്നത് ഈ പേവിഷം ഏറ്റവരാണ്‌. ശിശു വിഷ്ണു പറഞ്ഞതിന്റെ പ്രാഥമിക അര്‍ത്ഥമേ കണ്ടുള്ളൂ എന്നു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  11. അനംഗാരി മാഷേ,

    താങ്കളുടെ കമന്റിനോട് ഞാന്‍ എന്റെ ബ്ലോഗില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്...താങ്കള്‍ ഉന്നയിച്ച കാര്യത്തോടുള്ള വിയോജിപ്പോടെ..ഞാന്‍ പ്രതികരിച്ചില്ല അഥവാ എനിക്ക് പകരം വിഷ്ണുമാഷ് പ്രതികരിച്ചു എന്ന സൂചന ഇവിടെ കണ്ടതു കൊണ്ടാണ് ഇത് പറയുന്നത്... പ്രസ്തുത വിഷയത്തെക്കുറിച്ചുള്ള സംവാദമാണ് താങ്കളുടെ ഉദ്ദേശമെങ്കില്‍ അവിടെയോ ,വിഷ്ണുമാഷ് അനുവദിക്കുമെങ്കില്‍ ഇവിടെയോ നമുക്കത് തുടരാവുന്നതാണ്..

    വിഷ്ണുമാഷേ , ഓഫ് ടോപ്പിക് ആയെങ്കില്‍ മാപ്പ്..

    മറുപടിഇല്ലാതാക്കൂ
  12. പ്രിയപ്പെട്ട അനംഗാരി,
    ഞാന്‍ ബഹുമാനിക്കുന്ന ഒരു ബ്ലോഗറാണ് താങ്കള്‍.ലാപുടയുടെ ബ്ലോഗില്‍ ഞാനത് പറഞ്ഞത് പറയണമെന്ന് തോന്നിയിട്ടു തന്നെയാണ്.കവിതയ്ക്കുവേണ്ടി ബൂലോകത്ത് താങ്കള്‍ തുടങ്ങിവെച്ചിട്ടുള്ള ചില സംഗതികളാണ് താ‍ങ്കളെ ബഹുമാന്യനായി കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.അഭിപ്രായങ്ങളില്‍ എനിക്കുള്ള വിയോജിപ്പ് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രകടിപ്പിച്ചു.ലാപുടയും ഞാന്‍ പറഞ്ഞതിനോട് യോജിക്കുകയല്ലേ ചെയ്തത്.വിവിരക്കേട് എന്ന പദത്തിനു പകരം കുറച്ചുകൂടി ലളിതമായ പദം ഞാന്‍ പ്രയോഗിക്കേണ്ടിയിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.നമ്മള്‍ ബ്ലോഗര്‍മാരെല്ലാം ഇങ്ങനെ ചെറിയ ഒരു കമന്റ് വരുമ്പോഴേക്കും ഇങ്ങനെ വികാരാധീനരാവുന്നത് വലിയ കഷ്ടമാണ്.സത്യമായിട്ടും ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരാളാണ് അനംഗാരീ.ഞാന്‍ നിങ്ങളോട് ഇനി എന്താണ് പറയേണ്ടത്?കവിതയെ സംബന്ധിച്ച വീക്ഷണങ്ങളില്‍ ചില വിയോജിപ്പുകള്‍ ഉണ്ട്.അത് ഞാന്‍ പ്രകടിപ്പിക്കാതിരിക്കണമോ?എന്റെ മൂടിക്കെട്ടിയ വായ
    താങ്കളെ സന്തോഷിപ്പിക്കുമോ?ബ്ലോഗില്‍ കവിതയെഴുതുന്നവരേ, പറയൂ. ഞാന്‍ മിണ്ടാതിരിക്കണമോ?നിങ്ങള്‍ ഒരു മറുപടി തരൂ.
    ഒരിക്കല്‍ കൂടി, അനംഗാ‍രീ,താളമുള്ള കവിതകളും നമുക്ക് വേണം. അത്തരം ഒരുപാ‍ട് കവിതകള്‍ എഴുതിയ ഒരാളാണ് ഞാന്‍.എന്നോട് വിരോധമൊന്നുമില്ലെങ്കില്‍ എന്റെ പാപിയും രാമനാഥന്റെ പ്രേതവും താങ്കളോട് ഒന്ന് പാടിക്കേള്‍പ്പിക്കണമെന്ന് ഞാന്‍ സ്നേഹപൂര്‍വം ആവശ്യപ്പെടുന്നു.ശിശുവിനോട് പറയേണ്ട മറുപടികുറച്ചുകൂടി വിശദാംശങ്ങള്‍ ആവശ്യമായതിനാല്‍
    ഞാനിവിടെ പറയാതെ പോയതാണ്.കാത്തിരിക്കൂ.അതൊരു പോസ്റ്റായി ഇടും.

    മറുപടിഇല്ലാതാക്കൂ
  13. 'കവിതയുടെ പ്രകടനപത്രിക' എന്ന്‌ നിര്‍ദ്ദിഷ്ട രൂപത്തിലുള്ള ഒരു നിയമവുമില്ല. താളം വേണ്ടവര്‍ക്ക്‌ അതാവാം. താളമില്ലെങ്കിലും അങ്ങനെയാവാം. താളനിബദ്ധമായ പദ്യങ്ങളിലെ 'കവിതയില്ലായ്മയും', താളമില്ലാത്ത വരികളിലൂടെ ആസ്വദിക്കപ്പെടുന്ന 'കാവ്യാനുഭവവും' സമീപനത്തിന്റേതാവുന്നില്ല. മറിച്ച്‌ കവിപ്രതിഭയുടെ തിരനോട്ടങ്ങള്‍ തന്നെയാണ്‌. ഞാന്‍ ഈ രണ്ടുരീതിയിലും എഴുതുന്നയാളാണ്‌. എന്റെ അനുഭവത്തില്‍, താളാത്മകമായി എഴുതുക താരതമ്യേന എളുപ്പവും ഗദ്യരൂപത്തിലെഴുതുന്നത്‌ ക്ലേശകരവുമാണ്‌. ഓരോ കവിതയും എന്നെ സംബന്ധിച്ച്‌ വിഷയത്തോടൊപ്പം അതിന്റെ രൂപത്തോടുകൂടിയാണ്‌ മനസ്സില്‍ വറാറുള്ളത്‌. ചില മാറ്റങ്ങല്‍ ചിലപ്പോള്‍ സംഭവിക്കാറുള്ളത്‌ 'വായനക്കാരനെ ഭയക്കുമ്പോള്‍' മാത്രമാണ്‌. ഇത്തരമൊരു ഭയം എല്ലാ എഴുത്തുകാര്‍ക്കും നല്ലതാണെന്ന അഭിമതമാണ്‌ എനിക്കുള്ളത്‌. ഇന്നത്തെ കവിതയെ വായിക്കുന്നവരില്‍ ഗദ്യത്തോട്‌ താല്‍പ്പര്യം കൂടുന്നത്‌ അവരുടെ ആസ്വാദനക്ഷമതയുടെ പോരായ്മയാണെന്ന്‌ വിലയിരുത്തുന്നത്‌ പൊട്ടത്തെറ്റാണ്‌. താളനിബദ്ധമായ കവിത ഓര്‍മയില്‍ തങ്ങുന്നത്‌ അതിന്റെ ഗാനാത്മകത കൊണ്ടാണെന്നതില്‍ തര്‍ക്കമുണ്ടുതാനും. എന്തായാലും, ഈ കാര്യങ്ങളൊന്നും വോട്ടിനിട്ട്‌ തീരുമാനിക്കേണ്ടുന്നതല്ല. എന്തെന്നാല്‍ കവിത പിറവികൊള്ളുന്നതും ചേക്കേറുന്നതും മനസ്സില്‍നിന്നാണല്ലോ. കവിത എങ്ങനേ വേണമെന്നത്‌ കവി പോലുമല്ല തീരുമാനിക്കുന്നത്‌. അപ്പോള്‍....? ഈ ചര്‍ച്ച വിശാലമായ ഒരു ലാവണ്യശാസ്ത്ര വിശകലനമായി മുന്നേറട്ടെ. വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലേക്ക്‌ താണുപോകയുമരുത്‌. വിഷ്ണുവിന്‌ പ്രത്യേക നന്ദി.

    മറുപടിഇല്ലാതാക്കൂ
  14. ലാപുടാ,ഇതാണ് ടോപിക്,ഇതു തന്നെയാണ്.
    അനംഗാരീ,‘എനിക്ക് ബോറടിക്കുന്നു ’എന്ന് ഒരു കഥയില്‍ എഴുതിക്കണ്ടാല്‍ താങ്കള്‍ എങ്ങനെയാവും പ്രതികരിക്കുക...?ഭാഷയോടുള്ള സ്നേഹമാണ് താങ്കളെ ഇത് പറയിപ്പിച്ചതെങ്കില്‍ ഞാന്‍ താ‍ങ്കളെ അഭിനന്ദിക്കുന്നു.പക്ഷേ കവിതയെ മാത്രം ശുദ്ധീകരിക്കുന്നതെന്തിന്?

    മറുപടിഇല്ലാതാക്കൂ
  15. കവിതക്കു വിത്തിട്ടു തടമിട്ടു വളമിട്ടു വിള കാത്ത വയലിനു കള കിട്ടി..
    കള നിന്ന വേലിക്കല്‍ കവിത പൂത്തു..

    അല്ലാ.. എന്നതാ ഈ കവിത..? മറിയോം പെരിങ്ങോടനുമൊക്കെ പറഞ്ഞ പോലെ ചൂടു കഞ്ഞിക്കൊപ്പം കിട്ടുന്ന ചക്കപ്പുഴുക്ക്.. അതന്നെ..

    മറുപടിഇല്ലാതാക്കൂ
  16. വിഷ്ണുവും, ശിവപ്രസാദും, ലാപുടയും എന്നെ തെറ്റിധരിച്ചു എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ എഴുതിയത് പൂര്‍ണ്ണമായി വായിക്കു. ഗദ്യകവിതകള്‍ക്ക് താളമുണ്ട് എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അത് എങ്ങിനെയാണെന്ന് സുനില്‍ വ്യക്തമാക്കുകയും ചെയ്തു.ഇവിടെ വ്യക്തി പരമായ് അധിക്ഷേപങ്ങളില്ല. ഈ കൃതി എന്നെ മാത്രം ലാക്കാക്കിയാണെന്ന് എനിക്ക് മനസ്സിലായത് കൊണ്ടും, പിന്നെ വിവരക്കേട് എന്ന് പദം പ്രയോഗിച്ചതു കൊണ്ടും തന്നെയാണ് ഞാന്‍ പ്രതികരിച്ചത്.ഞാ‍ന്‍ വ്യക്തമായി പറഞ്ഞത്, അന്യഭാഷാ പദങ്ങള്‍ക്ക് പകരം വെക്കാന്‍ തത്തുല്യമായ മലയാള പദങ്ങള്‍ ഇല്ലാതെ വരുമ്പോള്‍, അന്യഭാഷാ പദങ്ങള്‍ ആകാം എന്നാണ്.ലാപുടയുടെ കൃതിയില്‍ സങ്കുചിതനും, ശിവപ്രസാദും, മറ്റുള്ള എല്ലാവരുടേയും പ്രതികരണങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. പക്ഷെ, വിഷ്ണുവിന്റെ പ്രതികരണം എഴുതിയത് വായിച്ച് നോക്കു.ലാപുട എനിക്ക് മറുപടി നല്‍കിയിട്ടും ഉണ്ട്.ലാപുട എനിക്ക് മറുപടി നല്‍കിയില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല. ആകെ തെറ്റിധാരണ വന്നു എന്നത് കൊണ്ടാണ് വീണ്ടും എഴുതുന്നത്.കവിതയേയും, കഥയേയും രണ്ടായി തന്നെ കാണണം എന്നാണ് എന്റെ മതം.കഥയില്‍ കഥാപാത്രങ്ങളും, സന്ദര്‍ഭങ്ങളും, മാറി മാറി വരുമ്പോള്‍, അന്യ ഭാഷാ പദങ്ങള്‍ കടന്നു വരാം. പക്ഷെ അതും അമിത മായാല്‍ അരോചകം തന്നെയാണ്. ബൂലോഗത്തില്‍ പലരുടേയും കഥകളില്‍ ആംഗലേയത്തിന്റെ സ്വാധീനം കൂടുതലാണ്.ആംഗലേയ കഥകളിലോ, കവിതകളിലോ മറ്റു ഭാഷകള്‍ കടന്നു വരുന്നുണ്ടോ?. തമിഴ് ഭാഷ നോക്കു. അവര്‍ അന്യഭാഷാ പദങ്ങള്‍ ഒഴിവാക്കുന്നു. മലയാളത്തില്‍, അന്യഭാഷാ പദങ്ങള്‍ സ്വീകരിച്ച്, സ്വീകരിച്ച് മലയാളം മരിച്ച് കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. പഴയ കാല വര്‍ത്തമാന പത്രങ്ങളും, പുതിയ കാല വര്‍ത്തമാന പത്രങ്ങളും വാര്‍ത്തകള്‍ എഴുതിയിരുന്ന രീതിയില്‍ നിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്.
    വിഷ്ണൂ, അഭിപ്രായങ്ങള്‍ തുറന്ന് തന്നെ പറയണം.പക്ഷെ അത് മാന്യമായ ഭാഷയിലാവണം എന്നതാണ് എന്റെ രീതി.പറയുമ്പോള്‍ വികാരങ്ങള്‍ക്ക് ഞാന്‍ അടിമപെടാറില്ല. എന്നെ നയിക്കുന്നത് വിവേകമാണ്.
    ഞാന്‍ വിഷ്ണുവിനെ വേദനിപ്പിച്ചിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. പക്ഷെ വിഷ്ണു എന്നെ വേദനിപ്പിക്കുകയും ചെയ്തു.
    വ്യക്തി പരമായ അധിക്ഷേപങ്ങളില്‍ നിന്ന് ചര്‍ച്ച ആരോഗ്യകരമായി മുന്നോട്ട് പോകട്ടെ. ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്.
    ഒരിക്കല്‍ കൂടി ശക്തമായ വാദങ്ങളുമായി ഇത് തുടരൂ.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  17. അനംഗാരിയുടെ നിലപാടിനോട്‌ വിയോജിപ്പില്ല. ഭാഷയില്‍ മലയാളിത്തം നിലനിര്‍ത്തി എഴുതാന്‍ പരമാവധി ശ്രമിക്കുക തന്നെ വേണം. എന്നാല്‍ അതൊരു പിടിവാശി ആകരുതെന്നേ ഞാന്‍ ഉദ്ദ്യേശിച്ചുള്ളൂ. മാഷും തെറ്റിദ്ധരിച്ചോ?

    പിന്നെ... എന്റെ ഏയ്‌ലിയന്‍ സഹോദരനായ പൊന്നപ്പാ. കവിത 'കപ്പപ്പുഴുക്ക്‌' ആണെങ്കില്‍ എന്താണീ 'കഞ്ഞി'യെന്ന്‌ വ്യക്തമാക്കുമോ? അതറിഞ്ഞിട്ടുവേണം എനിക്കിത്തിരി കപ്പപുഴുങ്ങാന്‍!

    മറുപടിഇല്ലാതാക്കൂ
  18. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  19. ഇതായിരുന്നു ലാപുടയുടെ ബ്ലോഗില്‍ ഞാനിട്ട കമന്റ്:

    വിഷ്ണു പ്രസാദ് said...
    അനംഗാരീ, ബോറടിക്കെന്താണ് കുഴപ്പം.ജീവിതത്തിലുള്ളതൊക്കെ കവിതയിലും ആയിക്കൂടേ...നാമൊക്കെ സാധാരണ ബോറടിക്കുന്നുവെന്ന് പറയാറില്ലേ... കവിത മാത്രം ശുദ്ധമായിരിക്കണമെന്ന് എന്തിനാണ് ശഠിക്കുന്നത്.
    ഒ.ടോ.:ഇതാ പൊന്നപ്പന്‍ വീണ്ടും ഗോളടിച്ചിരിക്കുന്നു.സൂവിന്റെ കമന്റില്‍ ചിന്തിക്കാന്‍ വകയുണ്ട്.ബോറടിയാണ്
    സൃഷ്ടിയുടെ മാതാവ്, ആണോ...ആവുമായിരിക്കും.സ്രഷ്ടാക്കളേ...ഒന്നു പറഞ്ഞു തരൂ.
    9:04 AM


    ഇതാണ് അനംഗാരിയെ വേദനിപ്പിച്ച കമന്റ്.ഇതിനൊക്കെ വേദനിക്കാന്‍ നിന്നാല്‍ ഞാനെന്തു ചെയ്യും?എതായാലും വേദനിപ്പിച്ചുവെന്ന് പറഞ്ഞ സ്ഥിതിക്ക് ക്ഷമ ചോദിക്കുന്നു.ഈ പോസ്റ്റ് താങ്കളെ വ്യക്തിപരമായി സംബോധന ചെയ്യുന്നതല്ല.

    മറുപടിഇല്ലാതാക്കൂ
  20. വിഷ്ണൂ, ഈ അനാരോഗ്യകരമായ ചര്‍ച്ച നീട്ടിക്കൊണ്ട് പോകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. താങ്കളുടെ പ്രതികരണമല്ല മറിച്ച് താങ്കളുടെ കൃതിയാണ് വേദനിപ്പിച്ചു എന്ന് ഞാന്‍ പറഞ്ഞത്. ക്ഷമ ചോദിക്കാന്‍ മാത്രം അത്ര മഹാനൊന്നുമല്ല ഞാന്‍. ഒരു പാവം മനുഷ്യ ജീവി.എല്ലാ തല്ലുകൊള്ളി തരങ്ങളുമുള്ള ഒരു പച്ചയായ മനുഷ്യന്‍.എനിക്കും തെറ്റുപറ്റാം.പിന്നെ പ്രാ‍യവും, കാലവും, അനുഭവങ്ങളും എന്നെ പാകമാക്കി എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും മനുഷ്യനല്ലെ, വിവരക്കേടൊന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് വേദനിച്ചു. അത്ര തന്നെ. ആരോഗ്യകരമായ ചര്‍ച്ചകളാണ് എനിക്കിഷ്ടം.അത് കൊണ്ട് നല്ല കാമ്പുള്ള ചര്‍ച്ചകള്‍ ഉണ്ടാകട്ടെ. പുതിയ കവിതകളുടെ കണ്ണി കണ്ടു. വായിക്കാന്‍ നേരം കിട്ടിയില്ല.
    ഓ:ടോ: ചൊല്ലണമെന്ന് ആവശ്യപ്പെട്ട കവിത തീര്‍ച്ചയായും ചൊല്ലും. അല്‍പ്പം തിരക്കിലാണ്. എങ്കിലും അത് ചെയ്തിരിക്കും.

    മറുപടിഇല്ലാതാക്കൂ
  21. കവിതയെന്നും കഥയെന്നും കലാപമെന്നുമൊക്കെ നാമെല്ലാം പറയുന്ന എല്ലാ കലാപരിപാടികളും ഒരു തരം വിശദീകരണമാണു- ചിലപ്പോഴൊക്കെ സമൂഹത്തോടും മിക്കവാറും അവനവനോടും നടത്തുന്ന ഒരു തരം ഏറ്റു പറച്ചില്‍ .. ഞാനീ പറഞ്ഞത് ഒരു standard നിര്‍വചനമൊന്നുമല്ല.. ഇപ്പോ തോന്നിയ ഒരു തോന്നല്‍.. അവിടെ വായനക്കാരന്‍ അല്ലെങ്കില്‍ അനുവാചകന്‍ കടന്നു വരുന്നത് ആ സൃഷ്ടിയുടെ ഏതോ ഒരു ഭാവവുമായി അയാള്‍ക്ക് സമരസപ്പെടാന്‍ കഴിയുമ്പോള്‍ മാത്രമാണ്.. അര്‍ത്ഥങ്ങളുടെ വിനിമയമല്ല കവിത(മറ്റു കലാരൂപങ്ങളും).. ഭാവങ്ങളുടേതാണ്. കവി അര്‍ത്ഥങ്ങള്‍ അറിയുകയും സംവദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടാകാം പക്ഷേ അനുവാചകന്‍ അതുള്‍ക്കൊള്ളണമെന്നു വാശി പിടിക്കുന്നത് ബാലിശം. തിരിച്ചുമതെ.. ഇവിടെ ഭാവങ്ങളെ ഉള്‍ക്കൊള്ളുന്ന വെറും ഒരു tool മാത്രമാണു ഭാഷ.. അതിന്റെ പ്രാധാന്യത്തെ കുറച്ചു കാണുകയല്ല. പകരം അതിന്റെ extensibility യെ സൂചിപ്പിച്ചതാണ്. ഒരു കൂക്കിന്റെ നീളം മുതല്‍ ഒരു സര്‍വകലാശാലയിലെ പുസ്തകശേഖരം വരെ അതിനു വളരുകയും വളയുകയും ചെയ്യാം (അതിനുമപ്പുറത്തേക്കും). ഭാഷ ആംഗ്യങ്ങളിലൂടെയും അടയാളങ്ങളിലൂടെയും സംവദിക്കാം. തികച്ചും ആപേക്ഷികമായ അര്‍ത്ഥ വ്യതിയാനങ്ങള്‍ അതില്‍ വരാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചില കൂട്ടു സംരംഭങ്ങളിലൂടെ ഓരോരുത്തരും അവരവരുടെ ഭാഷ സൃഷ്ടിക്കുന്നു. വ്യക്തികള്‍ സമൂഹവുമായി ചേരുന്നതു പോലെ വ്യക്തി ഭാഷകള്‍ സമൂഹ ഭാഷയുമായും സംവദിക്കുന്നു. അപ്പോള്‍ ഭാഷകളെ വേര്‍തിരിക്കുന്നത് കടലുകളെ വിഭജിക്കുന്നതു പോലെ ദുഷ്കരമാകും. സ്വതന്ത്രമായ വിശാലതകള്‍ ഓരോ കടലിനും അവകാശപ്പെടാനാകുമെങ്കിലും ഉഷ്ണജല പ്രവാഹങ്ങളേയും ശീത ജല പ്രവാഹങ്ങളേയും കടലുകള്‍ക്കിടയില്‍ വിനോദ സഞ്ചാരം നടത്തുന്ന മീനുകളേയുമൊന്നും ഊരു വിലക്കാനാവില്ലല്ലോ..
    ഇതെന്തിനെങ്കിലുമുള്ള മറുപടിയായി എനിക്കു തോന്നുന്നില്ല.. എന്റെ വക ചില ചിന്തകള്‍ കൂടെ ചിതറിയിട്ടു എന്നേയുള്ളൂ..

    പിന്നെ ശിവപ്രസാദ് മാഷേ, കഞ്ഞിയെന്നത് നാടന്‍ കുത്തരി കൊണ്ടുണ്ടാക്കുന്ന സാദാ കഞ്ഞി തന്നെ.. കപ്പപ്പുഴുക്ക് കാണുമ്പോ എനിക്കു ചിലപ്പോഴൊക്കെ ബഷീറിനേയും അയ്യപ്പപ്പണിക്കരേം വിനയചന്ദ്രനേമൊക്കെ ഓര്‍മ വരും.. ഈയടുത്ത കാലത്ത് ചില ബ്ളോഗര്‍മാരേം. അതു കൊണ്ടെഴുതിയതാ.. സാധിക്കുമെങ്കില്‍ ഒരു കഞ്ഞി കുടി സമ്മേളനം നമുക്കെല്ലാം കൂടെ നടത്താം

    മറുപടിഇല്ലാതാക്കൂ