gfc

വാഴത്തോട്ടം നൃത്തം ചെയ്യുന്നു

റഷീദിന്റെ വാഴത്തോട്ടം നൃത്തം ചെയ്യുന്നു വശങ്ങളിലെ പത്തടിവഴികളെ
ഒന്നിച്ചെടുത്ത് തോളത്തിട്ട്
കാലുകൾ താളത്തിൽ ചവിട്ടി
പച്ചിലക്കൈകൾ ചലിപ്പിക്കുന്നു.
കാണുന്നു,നമ്മളിത്  കാണുന്നു
പരസ്പരം മിണ്ടാതെ
നമ്മുടെ വീടുകളിലെ മട്ടുപ്പാവുകളിലിരുന്ന് അത്ഭുതത്തെ വലിച്ചു വലിച്ചു കുടിക്കുന്നു.

റഷീദിന്റെ വാഴത്തോട്ടം നൃത്തം ചെയ്യുന്നു
കൊറ്റികളുടെ വെള്ളപ്പൂക്കൾ
അതിനിടയിൽ നിന്ന് നുരച്ചു പൊന്തുന്നു
വശങ്ങളിലേക്ക് വളഞ്ഞു മായുന്നു
പകലല്ല രാത്രിയല്ല മഴയല്ല വെയിലല്ല
സമയത്തിന്റെ ഒരു കുറ്റിയിലുമല്ല
വിട്ടു കളഞ്ഞ ഒരു വേളയല്ല
സമയത്തിന്റെ ഒരു കണക്കുപുസ്തകത്തിലും വരാതെ രക്ഷപ്പെട്ട  സമയം
മനുഷ്യർ മാത്രമായ നമ്മുടെ മുന്നിൽ വെളിപ്പെടുന്നു

അകത്തേക്കകത്തേക്ക് കുഴിച്ചുപോയാൽ
മരണത്തിനു കൊടുക്കാൻപോലും
തയ്യാറാകും മട്ടിൽ
ശ്വാസത്തെ അടക്കിപ്പിടിച്ചാൽ
കേൾക്കാവുന്ന ഗൂഢസംഗീതത്തിൽ
ചെയ്യുന്നു,
കിടത്തിയുറക്കിയ പച്ചവിരിപ്പോടെ
അരികിലെ കുളത്തെ എടുത്തു പൊക്കി
നൃത്തം ചെയ്യുന്നു.
റഷീദിന്റെ വാഴത്തോട്ടം നൃത്തം ചെയ്യുന്നു.

കുലച്ച തുമ്പിക്കൈകൾ വളച്ചു പിടിച്ച്
ക്രമത്തിലാടുന്നു,വട്ടത്തിൽ ചലിക്കുന്നു
മണൽ കലർന്ന വയൽമണ്ണ് മെതിക്കുന്നു
മെതിച്ച മണ്ണിൽ വിയർപ്പുറവ പൊട്ടുന്നു

ഇരുളോ വെളിച്ചമോ എന്ന് തിരിക്കാത്ത വേള
ഒരേ വാഴത്തോട്ടത്തിലേക്ക് നോക്കി നാമിരിക്കെ
അത്ഭുതം,അത് നൃത്തം ചെയ്യുന്നു!!
അതിലേക്ക് നോക്കി നോക്കി
നാം ഉറങ്ങിപ്പോകുന്നു
നമ്മുടെ മട്ടുപ്പാവുകളിൽ
നമ്മുടെ കസേരകളിൽ നമ്മളുറങ്ങുന്നു
പ്രപഞ്ചത്തിന്റെ മാന്ത്രികത നമ്മെ ഭയപ്പെടുത്താതിരിക്കാൻ
നമ്മളുറങ്ങുന്നു
ഉറക്കത്തിൽ രണ്ടുവെളുത്ത  കൊറ്റികളായ് പറന്നുവന്നു നോക്കുന്നു,
നൃത്തം ചെയ്യുന്ന വാഴത്തോട്ടത്തെ.

തവളക്കരച്ചിലുകളുടെ മഴയിൽ
അനക്കമില്ലായ്മ നടിച്ച് ഇരുട്ടിന്റെ മറപറ്റി
അത് മാന്ത്രികവിദ്യ പഠിക്കുന്നു.
നമ്മുടെ അശ്രദ്ധ അത് ശ്രദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ