gfc

വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള കവിത


പറിച്ചെറിഞ്ഞ മുല പോലൊരു കുന്ന് .
അതിന്റെ വര്‍ത്തുളതയെ നൂറ്റാണ്ടുകളായി
തഴുകിക്കൊണ്ടിരിക്കുന്ന തോട്ടുവെള്ളത്തിന്റെ വിരലുകള്‍ .
അതിന്റെ മുലഞെട്ടിലാണ് കുട്ടേട്ടന്റെ വീട് .
അവിടെയിരുന്ന് ഞാനും കുട്ടേട്ടനും പ്ലംബറാശാനും
ഒന്നാമത്തെ പെഗ്ഗൊഴിക്കുമ്പോള്‍ മഴ തുടങ്ങുന്നു.

ജനല്‍ച്ചതുരം കാട്ടുന്നു താഴ്‌വരയില്‍
തീപ്പെട്ടികള്‍ വെച്ചപോലെ എന്ന പഴയ ഉപമയില്‍
മരങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന വീടുകള്‍ .
കുന്ന് അഴിച്ചിട്ട കള്ളിക്കുപ്പായമെന്ന് വയലുകള്‍ കീഴെ.
അതില്‍ കണ്ടം പൂട്ടുന്ന ട്രാക്ടറിന് കാവല്‍ നില്‍ക്കുന്ന കൊറ്റികള്‍ .

കുട്ടേട്ടന്‍ ഓര്‍മിച്ചു:
തൊഴിലാളിയെ വെട്ടിക്കൂട്ടി ആത്തിക്കണ്ടത്തില്‍ താഴ്ത്തിയ മഠത്തില്‍മത്തായി,
ആ മത്തായിയെ പറഞ്ഞുറപ്പിച്ചുകൊന്ന നക്സലൈറ്റുകള്‍
ആ നക്സലൈറ്റുകളെ വേട്ടയാടിയ പോലീസ്
കേണിച്ചിറയിലെ തോട്ടങ്ങളിലൂടെ ഓടിക്കൊണ്ടിരുന്നു
തലയില്ലാത്ത അയാളുടെ കാലുകള്‍

വാഴകള്‍ തണുത്തുവിറച്ചു
കിളികള്‍ മഴയെ ചീത്തവിളിച്ചുപറന്നു
ആകാശം കറുത്തുവന്നു

മൂന്നാമത്തെ പെഗ്ഗില്‍ കൃഷ്ണന്‍ കുട്ടി നായരെ അനുസ്മരിപ്പിക്കുന്ന
പ്ലംബറാശാന്‍ വ്യാജമായി ചീറി :ങാ ! എന്നോട് കളിക്കണ്ട
എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.
ട്രാക്ടറുകളല്ല തൊപ്പിക്കുട ചൂടിയ മനുഷ്യരാണ്
എരുതുകളെ കെട്ടിയ നുകത്തണ്ടില്‍ ചവിട്ടി നിന്ന് പായുന്നതെന്ന്
തന്നോടുതന്നെ പറഞ്ഞു .

മഴവെള്ളം കടലാക്കിയ പാടത്തുനിന്ന്
വെള്ളം മുകളിലേക്കുമുകളിലേക്ക് കയറിക്കയറിവന്നു.
താഴ്വരയിലെ ആദ്യത്തെ അടുക്ക് വീടുകളെ അത് മൂടി.
പെട്ടിപ്രമാണങ്ങളും സമ്പാദ്യങ്ങളുമെടുത്ത് വളര്‍ത്തുമൃഗങ്ങളെ തെളിച്ച്
ആളുകള്‍ കുന്നിന്‍‌മുകളിലേക്ക് കയറുന്നു .
വെള്ളം കയറാത്ത ബന്ധുവീടുകള്‍ തിരഞ്ഞ്
കുട്ടികളെയെടുത്ത സ്ത്രീകള്‍ ഇടുക്കുവഴികളിലൂടെ കുന്നുകയറുന്നു.
കുന്നിന്‍പുറത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ ചുടലയില്‍ നിന്ന്
മഴവെള്ളച്ചാലുകളുടെ തീനാളങ്ങള്‍ താഴ്വരകളിലേക്ക് ഒഴുകുന്നു.

ആശാന്‍ ഓര്‍ത്തു:പൈപ്പുകള്‍ കൂട്ടിപ്പിടിക്കുന്ന മണിമാളികകള്‍
വെള്ളവും വിസര്‍ജ്യവും ഓടിക്കൊണ്ടിരിക്കുന്ന ചുമരുകള്‍
വിസര്‍ജ്യങ്ങള്‍ കെട്ടിക്കിടക്കുന്ന ക്ലോസറ്റുകള്‍
ഒരു പെഗ്ഗ് വലിച്ച് ആ ഓര്‍മ തുപ്പിക്കളഞ്ഞു ആശാന്‍ .

നീര്‍ക്കോലിപ്പരുവത്തിലുള്ള മഴവള്ളികള്‍
പെരുമ്പാമ്പുകളായി വായ പിളര്‍ന്ന്
ഭൂമിയിലേക്ക് വീണുകൊണ്ടിരുന്നു

കുട്ടേട്ടന്‍ കുട്ടന്മാഷെ ഓര്‍ത്തു:ദയാകരേട്ടന്റെ ടോര്‍ച്ച് വെട്ടത്തില്‍
പാതിരാത്രിയില്‍ വൈക്കോല്‍‌കളത്തില്‍
പാട്ടുകാരിട്ടീച്ചറെ കെട്ടിപ്പിടിച്ചുറങ്ങുന്നു കുട്ടന്മാഷ്.പാറമുനമ്പേല്‍ മേരിയുടെ കൊച്ച്
പതിനൊന്ന് വയസ്സില്‍ മരിക്കുന്നു.
കുട്ടന്മാഷ് നാടകവും വിപ്ലവവുമായി ചുരമിറങ്ങുന്നു.
അയാളുടെ വിപ്ലവലേഖനങ്ങള്‍ ചുരം കയറിക്കൊണ്ടിരുന്നു
കുട്ടേട്ടന്‍ വായിച്ചുകൊണ്ടിരുന്നു.

മഴവെള്ളം കുതിച്ചുകയറി.
രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിര വീടുകള്‍
വെള്ളത്തിനടിയിലായി.
ലൈംഗികത്തൊഴിലാളി പ്രമീളയും അവളുടെ രണ്ട് കസ്റ്റമേഴ്സും
കഴുത്തോളം വെള്ളത്തില്‍ വീട്ടില്‍ നിന്ന് പുറത്തേക്കൊഴുകിപ്പോന്നു.
വാറ്റുകാരന്‍ ചെട്ട്യാര്‍ വാറ്റുകലത്തോടെ ഒഴുകിനടക്കുന്നു.
കള്ളന്‍‌കുമാരന്‍ പകുതിയും മുങ്ങിയ ഒരു മരത്തിന്റെ കൊമ്പില്‍
പേടിച്ചുവിറച്ചിരിക്കുന്നു.

അരക്കുപ്പിയേ തീര്‍ന്നുള്ളൂ.
അടുത്തപെഗ്ഗില്‍ നിന്ന് കാറ്റുകള്‍ ഇറങ്ങിവന്നു.
മരങ്ങളെ കടപുഴക്കി.
മേഘങ്ങളെ തച്ചുടച്ച് വലിയവലിയ കുളങ്ങളെ ഭൂമിയിലേക്ക് മറിച്ചിട്ടു.
മുത്തങ്ങസമരത്തിനു ശേഷം ഒളിവില്‍പ്പോയ ജാനുവിനെ
നമ്പിക്കൊല്ലിയില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചുകൊടുത്തു.
അടികൊണ്ട് വീര്‍ത്ത കവിളുമായി
അവര്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്നു.
ഞങ്ങളുടെ ബൈക്ക് പുതിയൊരു കുപ്പിയുമായി
നമ്പ്യാര്‍കുന്ന് പോയി തിരിച്ചുവരുന്നു
ബൈക്കില്‍ മൂന്നാമതിരിക്കുന്ന ആശാന്‍
ചിറകുവെച്ച് പറക്കുന്നു.
അയാള്‍ ഒരു തുമ്പിയാണ്.
മുലഞെട്ടൊഴികെ മുല മുഴുവന്‍ വെള്ളത്തില്‍ മൂടി.
ഇരുട്ടും വെള്ളവും കൂടി ഭൂമിയെ ഇപ്പോള്‍ വിഴുങ്ങും.
ഒലിച്ചുപോവുന്നവരുടെ ഒച്ചകള്‍
ഒഴുകിപ്പോവുന്ന വാഹനങ്ങള്‍
ഒഴുകിപ്പോവുന്ന വളര്‍ത്തുമൃഗങ്ങള്‍
മുകള്‍പ്പരപ്പിലെ ചുടലയില്‍ നിന്ന്
മണ്ണടിഞ്ഞ ഗോത്രജനത എഴുന്നേല്‍ക്കുന്നു
മഴയെ നോക്കി അവര്‍ പാടുന്നു
തുടിയുടെയും ചീനിയുടെയും താളത്തില്‍
മേഘങ്ങള്‍ തലയിലെടുത്ത് അവര്‍ നൃത്തം ചെയ്യുന്നു.
ഞങ്ങള്‍ അവസാനത്തെ പെഗ്ഗൊഴിച്ച്
ഇരുട്ടിലേക്ക് നോക്കിയിരിക്കുന്നു
ജനല്‍പ്പാളികളില്ലാത്ത,
വാതിലുകളില്ലാത്ത വീട്ടിലേക്ക്
മഴവെള്ളം കുതിച്ചുകയറിവരുന്നു.

അനേകം ശവങ്ങളോടെ
വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഈ കവിത
നിങ്ങളുടെ അടുത്തേക്ക് ഒഴുകിയെത്തുന്നു.
നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന
വരികളുടെ അക്ഷരങ്ങള്‍ വലിയകല്ലുകളായി
ഇടിഞ്ഞ് വീഴുന്നു
അക്ഷരങ്ങള്‍ക്കിടയിലെ മണ്ണ് കലങ്ങിച്ചേര്‍ന്ന വെള്ളം
നിങ്ങളെയുമെടുത്ത് ഒഴുകുന്നു
വായിച്ചുകൊണ്ടിരിക്കുന്നവരില്‍ നിന്നെല്ലാം
അനേകം കൈവഴികളായി ഒഴുകി വന്ന്’
തെരുവുകളെയും പാതകളെയും മുക്കി
ജലം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.
നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ കവിത
ഞാന്‍ ഇപ്പോള്‍ എഴുതാന്‍ തുടങ്ങുന്നു....
3 അഭിപ്രായങ്ങൾ:

 1. കേണിച്ചിറ മത്തായി!!

  ഈ ചരിത്രങ്ങളൊക്കെ നാം പാടേണ്ടതാണ്.

  മറുപടിഇല്ലാതാക്കൂ
 2. ഒത്തിരി ഇഷ്ടപ്പെട്ടു വളരെ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. ഒത്തിരി ഇഷ്ടപ്പെട്ടു വളരെ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.