gfc

നായക്കുട്ടിയും ചട്ടക്കാരും

ചട്ടക്കാരന്‍ :നായക്കുട്ടീ,നായക്കുട്ടീ
എന്തിനാണിങ്ങനെ തലകുത്തിമറിയുന്നത്?
തല താ‍ഴോട്ടും കാലുകള്‍ മുകളിലോട്ടുമാക്കി
ഇങ്ങനെ നില്‍ക്കുന്നത്
ചട്ടവിരുദ്ധമല്ലേ?

നായക്കുട്ടി :ചട്ടക്കാരാ,ചട്ടക്കാരാ
ചങ്ങലയിടുന്നതിനു മുന്‍പ്,
അതിനു മുന്‍പെങ്കിലും
ഈ സ്വാതന്ത്ര്യത്തെ ഞാനൊന്ന്
ആഘോഷിച്ചോട്ടെ.
ലോകത്തെ വിവിധ ആംഗിളുകളില്‍
നോക്കിക്കാണാന്‍
നായക്കുട്ടിയെ നീ അനുവദിക്കേണമേ

(അപ്പോള്‍ രമണന്‍ എന്ന ഗ്രാമീണ നാടകീയകാവ്യത്തില്‍ നിന്ന്
രണ്ടു വരികള്‍ പിന്നണിയിലിരുന്ന് ഒരു നവോത്ഥാനബുദ്ധി ഇങ്ങനെ പാടി
:
പാടില്ല,പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചേയ്തു കൂടാ
...’)

ചട്ടക്കാരന്‍ 1:വിവിധ ആംഗിളുകളില്‍ ലോകത്തെ
കാണുന്നത് നിന്റെ കാഴ്ച്ചയെ തകിടം മറിക്കും നായക്കുട്ടീ.
തകിടം മറിഞ്ഞ കാഴ്ച്ചകളുമായി തളയ്ക്കപ്പെടാന്‍
നിനക്ക് സമ്മതമാണോ.


ചട്ടക്കാരന്‍ 2:അങ്ങനെ ലോകത്തെക്കുറിച്ചുള്ള
കാഴ്ച്ചപ്പാടു മാറി നീയൊരു
കാഴ്ച്ചപ്പാടായ് മറും.

നായക്കുട്ടി:ഒരേ ആകാശത്തെ എട്ടു ദിക്കുകളില്‍ നിന്ന് നോക്കിക്കാണാത്ത പൊട്ടാ
നിനക്കെന്തിനാണ് ചങ്ങല.സ്വയം ഒരു ചങ്ങലയുണ്ടാക്കി,സ്വയം കഴുത്തിലണിഞ്ഞ്
സ്വയം കുറ്റിയില്‍ തളച്ച് ഉറക്കെയുറക്കെ കുരച്ചോളൂ...
ബൌ...വൌ...
എനിക്കും മാണം സ്വാതന്ത്ര്യം...


ചട്ടക്കാരന്‍ 1:ഒരു നായക്കുട്ടിക്ക് തിന്നുക,ഉറങ്ങുക,കുരയ്ക്കുക
തുടങ്ങിയ ഏതാനും കാര്യങ്ങളേ അനുവദനീയമായിട്ടുള്ളൂ.

ചട്ടക്കാരന്‍ 2:നിന്റെയീ തലകുത്തിനില്‍പ്പ്
വരും തലമുറകള്‍ പാഠപുസ്തകമാക്കി
പുറത്തിറക്കിയാല്‍
പിഴച്ചു പോവുന്നത്
ഒരു കുലമാണ്...കുലം.


ചട്ടക്കാരന്‍ 1:അതുകൊണ്ട് നായക്കുട്ടീ
നീ പിന്‍ തിരിയണം.
(ഇപ്രകാരം നായക്കുട്ടിയെ വീണ്ടും വീണ്ടും ഉത്ബോധിപ്പിച്ചുകൊണ്ടിരുന്ന
ചട്ടക്കാര്‍ക്ക് വിവിധ ആംഗിളുകളില്‍ തലകുത്തിനിന്ന് ഫോട്ടോകള്‍ എടുത്ത്
ഒരു ആല്‍ബമുണ്ടാക്കി നായക്കുട്ടി സമ്മാനമായി കൊടുക്കുന്നു.
പശ്ചാത്തല സംഗീതം. . ആല്‍ബ്ബം മറിച്ചു നോക്കി മറിച്ചു നോക്കി
വിറളി പിടിച്ച ചട്ടക്കാര്‍...)

ചട്ടക്കാരന്‍ 1&2:(കണ്ണുരുട്ടുന്നു... )
ചട്ടക്കാരന്‍ 1&2:(മീശ ചുരുട്ടുന്നു )
ചട്ടക്കാരന്‍ 1&2:(കത്തിയൂരുന്നു... )

(പ്രയോജനമില്ലെന്നു കണ്ട് ഒടുവില്‍ ...
ഒടുവില്‍ ... ഒടുവില്‍ ...
ചട്ടക്കാര്‍ തലകുത്തിമറിയുന്നു.)

ചട്ടക്കാരന്‍ 1&2:ഹൌ ...തലകുത്തി നിന്നപ്പോള്‍ കണ്ട ലോകം...
(ഒരു മിന്നായം പോലെ ചട്ടക്കാരെ ആ കാഴ്ച്ച പിടിച്ചു നിര്‍ത്തുന്നു.
വീണ്ടും വീണ്ടും തലകുത്തി നില്‍ക്കുന്നു.)

ചട്ടക്കാരന്‍ 1&2:ഈ ലോകം എത്ര വേഗമാണ് വ്യത്യാസപ്പെടുന്നത്...!
നായക്കുട്ടീ നീ നേരെയാണല്ലോ നില്‍ക്കുന്നത്....!

8 അഭിപ്രായങ്ങൾ:

  1. കൊള്ളാം വിഷ്ണുമാഷേ..
    നായക്കുട്ടി ചട്ടക്കാരെ പഠിപ്പിച്ച പാഠം രസകരമായി. ചിന്തിക്കപ്പെടേണ്ട വിഷയം തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. പാവം നായക്കുട്ടി
    തലകുത്തിനിന്ന ചട്ടക്കാരേയും കുത്താതെനിന്ന നായക്കുട്ടിയേയും..

    അവസാനം തലകുനിച്ചുപോയ എന്നേയും ...
    വിഷ്ണുമാഷേ..നിങ്ങളൊരു അപാര സാധനം തന്നെ..

    കുറേ നാളുകള്‍ക്കു ശേഷമുള്ള ഈ വായന നന്നായി..
    അപ്പം
    ലാത്സലാം

    മറുപടിഇല്ലാതാക്കൂ
  3. അല്ല എവിദുന്നു വന്നു ഈ ധുമ? അങ്ങനൊരു പേരേ ഞാന്‍ ബ്ലോഗിങ്ങിനു വച്ചിട്ടില്ലല്ലോ..

    തലതിരിഞ്ഞ വായനയില്‍ ഇങ്ങനേയുമോ..

    ഇതു ഞാന്‍ മ്പിയളികാ..ശ്ശെ..കാളിയംബിയാണേ..

    മോളിലെഴുതിയതും ഞാന്‍ തന്നെ...
    അപ്പം ഒന്നൂടേ

    ലാംസല്‍ലാ

    മറുപടിഇല്ലാതാക്കൂ
  4. വിഷ്ണു മാഷേ, ഞാനും തല കുനിച്ചു നില്‍ക്കുന്നു.:)

    മറുപടിഇല്ലാതാക്കൂ
  5. ചട്ടക്കാരുടെ അര്‍ഥ വ്യാപ്തിയിലേക്ക് ഇറാഖില്‍ കയറിയവരെ കൂടി കൊണ്ടുവന്നാലോ.
    അവിടെയുള്ള നായക്കുട്ടികളൊക്കെ ജോര്‍ദാനിലേക്കും സിറിയയിലേക്കും പോയി. അവിടങ്ങളിലിരുന്ന് ബ്ലോഗിലുടെയാണ് അവരുടെ പോരാട്ടം. അതെങ്കിലും ആവട്ടെ അല്ലേ, വിഷ്ണൂ.

    മറുപടിഇല്ലാതാക്കൂ
  6. പോപുലാരിറ്റി എന്ന ചങ്ങല കഴുത്തില്‍ വീണു കഴിഞ്ഞു, വിഷ്ണു. ഇനി താങ്കള്‍ ചില ചട്ടങ്ങളൊക്കെ പാലിക്കേണ്ടി വന്നേക്കും. :)

    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  7. ഒരേ ആകാശത്തെ എട്ടു ദിക്കുകളില്‍ നിന്ന് നോക്കിക്കാണാത്ത പൊട്ടാ
    നിനക്കെന്തിനാണ് ചങ്ങല.

    മറുപടിഇല്ലാതാക്കൂ