gfc

വറുഗീസ് പുണ്യാളന്‍

വറുഗീസേ, വറുഗീസേ
എല്ലാം പോയല്ലോ
ഒരു ദിനേശ് ബീഡി
പോലും വലിക്കാതെ..
കമ്പനി കൂടാന്‍ ഒരു തുള്ളി
കള്ളു പോലും കുടിക്കാതെ
ഒരു പെണ്ണിന്റെയും
പൊക്കിള്‍‍ക്കുഴിയിലേക്ക്
ഒളിഞ്ഞു നോക്കാതെ
മാന്യന്മാരിലെ മാന്യനായി
നീ ഒണ്ടാക്കിയ ജീവിതം
ഇന്നലെ പെയ്ത മഴയില്‍
ഒലിച്ചു പോയല്ലോ.

സത്സ്വഭാവികളുടെ സത്സ്വഭാവിയായ നിന്നെ
മറിയാമ്മയ്ക്ക് ഇഷ്ടമായി.
കല്യാണവും കഴിഞ്ഞു.
കാലക്രമത്തില്‍ മൂന്ന്
കൊച്ചുങ്ങളുടെ അച്ഛനുമായി.
രണ്ടു സുന്ദരികളും ഒരു സുന്ദരനും.

സുന്ദരനായ നിന്റെ മകന്‍ മത്തായി
പുകവലിച്ച് നിന്റെ മോന്തയ്ക്ക് വിട്ടും
കുടിച്ച് പെരുവഴിയില്‍ തുണിയില്ലാതെ കിടന്നും
നാട്ടിലുള്ള പെണ്‍പിള്ളേരെ പിഴപ്പിച്ചും
നീ നല്ലൊരു തന്തയായിരുന്നുവെന്ന്
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു.

എന്നിട്ട് നീ പഠിച്ചോ?
ഇല്ല.
എന്നിട്ടും നീ ബീഡി വലിച്ചില്ല.


അളിയന്‍ അമേരിക്കയില്‍നിന്നു വരുമ്പോള്‍
കൊണ്ടുവന്ന പ്രത്യേക തരം സിഗരറ്റ് പോലും
വലിച്ചു നോക്കാന്‍ നിനക്ക് തോന്നിയില്ല.
"കര്‍ത്താവേ നീ എന്നെ പ്രലോഭനങ്ങളില്‍ നിന്ന്
മാറ്റി നിര്‍ത്തേണമേ..." എന്ന് നീ
അപ്പോഴും പുലമ്പിക്കൊണ്ടിരുന്നു.
മറിയാമ്മയുടെ ചീര്‍പ്പിലേക്കല്ലാതെ
ഒരു പണിക്കാരിപ്പെണ്ണുങ്ങളുടേയും
ശരീരത്തിലേക്ക് നീ കമ്പിതഗാത്രനായ്
മൂര്‍ച്ഛിച്ച് വീണില്ല.

എന്നിട്ടെന്തായി..?
നിന്റെ മൂത്ത മകള്‍ ഫിലോമിന
ഒരു നായരുചെക്കനേം കൂട്ടി വീട്ടില്‍ വന്നു
അപ്പാ‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.
കണ്ണു നിറച്ച്, കടലുള്ളിലൊതുക്കി
നീ അനുഗ്രഹിച്ചു.

രണ്ടു മാസം കഴിഞ്ഞപ്പോ
അവള്‍ക്ക് മതിയായി പൊറുതി.
അവള്‍ വേറൊരുത്തനെ
സംഘടിപ്പിച്ച്
വീട്ടിലേക്ക് വന്നു.
അപ്പനായ നിന്റ ഹൃദയം ആരു കണ്ടു..?

എന്നിട്ട് നീ പഠിച്ചോ..?
ഇല്ല.
എന്നിട്ടും നീ കുടിച്ചില്ല.


പറമ്പിലെ തെങ്ങില്‍ നിന്ന് കള്ളുംകുടവുമായി
ഇറങ്ങുന്ന ഭാസ്കരന്‍
എത്ര നിര്‍ബന്ധിച്ചിട്ടും ഒരു തുള്ളി
പോലും തൊട്ടില്ല .
മറിയാമ്മയുടെ കള്ളപ്പത്തിലൂടെ മാത്രമേ
കള്ളിനെ താനറിയൂ എന്ന് അപ്പോഴും നീ ശഠിച്ചു.

ഒടുക്കം മൂന്നാമത്തവള്‍ കത്രീന...
സുന്ദരിയായ അവളെക്കാണാന്‍
ആരുടെയോ ഭാഗ്യം കൊണ്ട്
എം.ബി.എ.ക്കാരന്‍ ചെക്കന്‍ വന്നു.
ചെക്കനു പേര് പൌലോസ്.
പൌലോസിനു കത്രീനയെ പിടിച്ചു.
പിന്നെ ഒന്നും നോക്കിയില്ല
എല്ലാം എടിപിടീന്നായിരുന്നു.
മനസമ്മതം കഴിഞ്ഞു.
ഒരു മാസം കഴിഞ്ഞ് കല്യാണം.
കത്തടിച്ച് നാട്ടുകാരെ മുഴുവന്‍ വിളിച്ചു
ഒരു ദിവസം വെളുപ്പാങ്കാലത്ത്
കത്രീന തല്യ്ക്കും ഭാഗത്ത്
കത്തെഴുതിവെച്ച്
ഒരുത്തന്റെ കൂടെ ഓടിപ്പോയി.

അങ്ങനെ....
അങ്ങനെ വറുഗീസേ നിന്റെ മാനം
കപ്പലു കയറി.
നിന്റെ എല്ലാം പോയല്ലോ..
കുരുമുളകിന്റേയും കാപ്പിയുടേയും ചാക്കുകെട്ടുകള്‍
ആര്‍ക്കു വേണ്ടിയാണെടാ അടുക്കിവെച്ചിരിക്കുന്നത്?

വറുഗീസേ വറുഗീസേ
നിനക്കൊന്ന് നിലവിളിച്ചൂടറാ
നിനക്കൊരു ബീഡി കത്തിച്ചൂടറാ
നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ
നിനക്ക് ഏതെങ്കിലുമൊരുത്തീന്റെ
മുലയ്ക്ക് പിടിച്ചൂടറാ...

ഇനി ആരെക്കാട്ടാനാണെടാ
നീ പുണ്യവാളന്‍ ചമയുന്നത്
വറുഗീസേ നിന്റെ മറിയാമ
ഇപ്പോ എന്താ ചെയ്യണേന്ന്
ഒന്ന് നോക്കിയേ....

22 അഭിപ്രായങ്ങൾ:

  1. സമീപകാലത്ത് വായിച്ച ഏറ്റവും മികച്ച കവിത.

    വര്‍ത്തമാനമലയാളത്തിലെ കവികളില്‍ ഏറ്റവും പ്രധാനി എന്ന
    സ്ഥാനത്തിന് അടിവരയിടാന്‍ ഈ ഒറ്റക്കവിത മതി

    മറുപടിഇല്ലാതാക്കൂ
  2. വറുഗീസേ വറുഗീസേ
    നിനക്കൊന്ന് നിലവിളിച്ചൂടറാ
    നിനക്കൊരു ബീഡി കത്തിച്ചൂടറാ
    നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ

    kollunna konTa kavitha...

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണുമാഷേ...,
    സത്യം പറയട്ടേ....വിഷ്ണുമാഷില്‍ നിന്ന് ഇത്തരത്തില്‍ ഒരു കവിത പ്രതീക്ഷിച്ചിരിന്നു ഈ അടുത്ത ദിവസങ്ങളില്‍ പ്രത്യേക കാരണങ്ങളില്ലാതെ.

    എന്നിട്ടും.. ഇത് ഞെട്ടിച്ചു. ഇതൊരു ഒന്ന് ഒന്നര രണ്ട് കവിത തന്നെ.
    ശക്തമായ കവിത.
    കാലത്തിന്‍ റെ നേര് വിളിച്ചു പറയുന്ന കവിത. കൂടുതല്‍ പറയാനുണ്ട്. പിന്നെ ആവട്ടെ.
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    മറുപടിഇല്ലാതാക്കൂ
  4. പ്രതിഭാഷ തിരികെ തന്നതിനു നന്ദി.

    ആരുടെയും certificate ആവശ്യമില്ലാത്ത സത്യസന്ധമായ കവിത.
    ഒരു നിലവിളിയുടെ പ്രതിധ്വനി വല്ലാതെ നോവിക്കുന്നു മാഷെ.
    ഇതിനെ തന്നെയോ നാമൊക്കെ ജീവിതമെന്നു വിളിക്കുന്നത്‌?
    പക്ഷേ,
    നിലവിളിക്കരുത്‌
    ബീഡി കത്തിക്കരുത്‌
    കുപ്പി പൊട്ടിക്കരുത്‌
    ഒരുത്തീടെം എവിടെയും പിടിക്കരുത്‌

    വറുഗീസി-നെ ഒരിക്കലും തിരിഞ്ഞു കുത്താത്ത ഒരു മനസാക്ഷി സ്വന്തം.

    അതിനപ്പുറമെന്ത്‌?

    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  5. ഇതാണ് അത് !!

    പ്രതിഭാഷ തുറന്നത് പ്രമാണീച്ച് രണ്ടെണ്ണം പൊട്ടിച്ച് സന്തോഷം അറിയിക്കുന്നു. ഇനി പൂട്ടിയാല്‍ മാഷേ .... ആ

    സ്നേഹം :)

    മറുപടിഇല്ലാതാക്കൂ
  6. കവിത വായിച്ചതിനു ശേഷം തരിച്ചിരുന്നു പോയി. ഒന്നു കൂടി വായിച്ചു. ഇനിയും തരിപ്പിറങ്ങിയിട്ടില്ല. അതിനി എപ്പോഴാ ഇറങ്ങുക എന്നും അറിയില്ല. വായിച്ചതിനു ശേഷം ഈ കമന്റെഴുതുവാനാണ് ആദ്യമായി വിരലുകള്‍ ചലിച്ചത്. വര്‍ഗ്ഗീസിന്റെ ദു:ഖത്തെ എല്ലാവരുടേയൂം നൊമ്പരമാക്കി തീര്‍ത്തതിന് വിഷ്ണു മാഷിന് അഭിനന്ദനങ്ങള്‍. ‍ആരുടെ ഉള്ളില്‍ നിന്നാണിനി വര്‍ഗ്ഗീസ് മാഞ്ഞു പോവുക?

    മറുപടിഇല്ലാതാക്കൂ
  7. രണ്ടു മാസം കഴിഞ്ഞപ്പോ
    അവള്‍ക്ക് മതിയായി പൊറുതി.
    അവള്‍ വേറൊരുത്തനെ
    സംഘടിപ്പിച്ച്
    വീട്ടിലേക്ക് വന്നു.
    അപ്പനായ നിന്റ ഹൃദയം ആരു കണ്ടു..?

    മാഷെ.. ഇടക്കൊക്കെ ഇങ്ങനെ വരണം.

    മറുപടിഇല്ലാതാക്കൂ
  8. ബീഡിവലിക്കാത്ത,കള്ളുകുടിക്കാത്ത , പെണ്ണുപിടിക്കാത്ത പയ്യന്‍ അല്ലേ..
    അവിടെയും പെണ്ണിന്റെ ഒരു ഇടം നോക്കണേ..!

    പ്രതിഭാഷ തിരികെ തന്നതിന് ഒരു പോസ്റ്റ് നിറയെ നന്ദി:)

    മറുപടിഇല്ലാതാക്കൂ
  9. ഇതുപോലെ ഒരെണ്ണം എഴുതിവച്ചിട്ട് അതു പോസ്റ്റാതെ ബ്ലോഗും പൂട്ടി നടന്നു ഈ മനുഷ്യന്‍ :(


    നാടന്‍ പാട്ടിലെ വിവരണ സങ്കേതം മാഷ് മുന്‍പ് ഒന്നുരണ്ടുതവണ കവിതയില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. അപ്പോഴെല്ലാം കവിത ശക്തമായിരുന്നിട്ടും ഉണ്ട്. :) ഇത്തവണയും.

    മറുപടിഇല്ലാതാക്കൂ
  10. എന്നിട്ട് നീ പഠിച്ചോ..?
    ഇല്ല.
    എന്നിട്ടും നീ കുടിച്ചില്ല.

    കുടിച്ചാലും പഠിക്കില്ല, കാലത്തിന്റെ ഒരനിവാര്യതകൂടിയാണ് വര്‍ഗീന്സ്
    അങ്ങിനെയാണ് വര്‍ഗീസ് ആത്മഹത്യ ചെയ്ത് ....പുണ്യവാളനായത്

    എറ്റവും പുതിയ അനുഭവം

    മറുപടിഇല്ലാതാക്കൂ
  11. വറുഗീസിനെ എനിക്കു തൊടാനാവുന്നു.വല്ലാത്തൊരു മൌനത്തോടെ...
    കീറിപ്പറിഞ്ഞു പോകുന്നത്‌ അറിയാനാവുന്നു.വല്ലാത്തൊരു പേടിയോടെ....

    നന്നായി വിഷ്ണൂ...

    മറുപടിഇല്ലാതാക്കൂ
  12. വറുഗീസേ, വറുഗീസേ
    എന്നിട്ടെന്താണ്ട്രാ
    ബസ്സിലെ ചുരിദാര് പ്രലോഭനങ്ങളില്
    നിന്റ്റെ മനോരാജ്യങ്ങള്
    മുട്ടിയുരുമ്മിയിരുന്നത്?
    മുലക്കണ്ണുകളില്
    നിന്റെ പകല് സ്വപ്നങ്ങള്
    ബീഡി കുത്തിക്കെടുത്തിയിരുന്നത്?
    കോട മണക്കുന്ന വായ വായകളെ പ്രാപിച്ച്
    ആണത്തം വിളിച്ച് ഘോഷിച്ചത്?
    എന്നിട്ടെന്താണ്ട്രാ
    നീ ഇരുട്ടിലാരും കേക്കാതെ
    പച്ചത്തെറി പിറുപിറുത്തിരുന്നെ?
    എന്നാലും എഡാ
    വറുഗീസേ, വറുഗീസേ…

    മറുപടിഇല്ലാതാക്കൂ
  13. wa.. waa...

    xxxxx xxxxx
    നിനക്കൊന്ന് നിലവിളിച്ചൂടറാ
    നിനക്കൊരു ബീഡി കത്തിച്ചൂടറാ
    നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ


    എന്റ്മ്മോ.. വിറയല്‍ ഇപ്പോഴും മാറിയില്ല.

    മറുപടിഇല്ലാതാക്കൂ
  14. ഞാനായിരുന്നു എന്റെ അഭിപ്രായത്തില്‍ ഏറ്റവും വലിയ കവി. ദേ കിരീടം താഴെ വച്ചേക്കണ്. എന്താ, സമാധാനമായില്ലെ? ഫോണ്‍ നമ്പറ് താ മനുഷ്യാ, നാല് തെറി വിളിയ്ക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  15. കവിതയും കഥയും ഇഷ്ടമായി:)

    മറുപടിഇല്ലാതാക്കൂ
  16. വറുഗീസ് ഏറെ വായിക്കപ്പെട്ടതിന് വില്‍‌സനോടുള്ള സ്നേഹം മറച്ചുവെക്കുവാനാവില്ല.എഴുതി പോസ്റ്റ് ചെയ്യാതിരുന്ന ഈ സാധനം വില്‍‌സനും ദേവസേനയും നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ പോസ്റ്റു ചെയ്യുമായിരുന്നില്ല.രണ്ടു പേര്‍ക്കും നിറയെ സ്നേഹം...:)

    ജി.മനുവിന് പതിവുപോ‍ലെ ആദ്യമെത്തിയതിന്,
    ഇരിങ്ങലിന് കമന്റുമെന്നും വിമര്‍ശിക്കുമെന്നുള്ള ഭീഷണിക്കും,
    ഇതിന്റെ ബാക്കി കഥയെഴുതിയ സിമിക്ക്,
    വറുഗീസിനെ കഥയിലാക്കുന്ന മനുവിന്,
    തെറി വിളിക്കുമെന്ന് സ്നേഹം പ്രകടിപ്പിച്ച രാമിന്
    ഉമ്പാച്ചിക്ക്,ജ്യോതിചേച്ചിക്ക്,മോഹന്‍ പുത്തന്‍ ചിറയ്ക്ക്,കുട്ടന്‍ മേനോന്,വിശാഖിന്,കുട്ടനാടന്,നസീറിന്,സുനീഷിന്,മുക്കുവന്,വി.ആര്‍ ഹരി പ്രസാദിന്,അനീഷിന്,അനിലന്....
    ഈ കവിത ആദ്യം വായിച്ച് ചില നിര്‍ദ്ദേശങ്ങള്‍ വെച്ച
    പ്രമോദിന്,ലാപുടയ്ക്ക്....നന്ദി

    മറുപടിഇല്ലാതാക്കൂ
  17. വൈകിയാണു കണ്ടത്..
    ഇഷ്ടപ്പെട്ടു എന്നു പറയുന്നതില്‍ പ്രസക്തിയുണ്ടോ എന്നറിയില്ല. കവിതയെക്കുറിച്ച് കനത്തില്‍ പറയാനുമറിയില്ല.
    ഈ കമന്റ് പബ്ലിഷ് ചെയ്യാന്‍ തോന്നുന്നുണ്ടെങ്കില്‍ ചെയ്യ്. അല്ലെങ്കില്‍ ചുമ്മാ ഡിലീറ്റ്.

    മറുപടിഇല്ലാതാക്കൂ
  18. ഇന്നാണ്‌ വായിക്കുന്നത്‌. വളരെ ഇഷ്ടമായി..
    എന്നാലും എന്റെ വര്‍ഗീസേ

    മറുപടിഇല്ലാതാക്കൂ
  19. വായിച്ചു ... ആസ്വദിച്ച്‌ വായിച്ചു ... അത് പോരെ ..

    മറുപടിഇല്ലാതാക്കൂ
  20. വായിച്ചു ... ആസ്വദിച്ച്‌ വായിച്ചു ... അത് പോരെ ..

    മറുപടിഇല്ലാതാക്കൂ