gfc

കരുണാമയന്‍

കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.

കരുണാമയന്‍ ദിവസവും കടതുറക്കും
കൂളിങ്ഫിലിമൊട്ടിച്ച ചില്ലുമറകള്‍
തുടച്ചുമിനുക്കിവെക്കും.
വരുന്നവരോട് ഇരിക്കാന്‍ പറയും.
ചായ വേണമോ എന്ന് ചോദിക്കും.
അകത്തുപോകും.
ഉടുപ്പുമാറും.
കൂട്ടില്‍ നിന്നൊന്നിനെ പിടിക്കും.
കഴുത്തുമുറിക്കും
പൂട പറിക്കും.
കാലും കുടലും
വേര്‍പെടുത്തും.
ആവശ്യം നോക്കി
ചെറുതാക്കിയോ
വലുതാക്കിയോ
കഷ്ണംകഷ്ണമാക്കും.
കാരി ബാഗിലാക്കും.
നന്നായി കയ്യും മുഖവും
കഴുകും.
ഉടുപ്പു മാറും.
കാരി ബാഗ്
കാത്തിരിക്കുന്നവന്
കൈമാറുമ്പോള്‍
നല്ലൊരു ചിരി പിന്നെയും വരുത്തും.
പണം വാങ്ങി വലിപ്പിലിടും.
ബാക്കി വല്ലതുമുണ്ടെങ്കില്‍
കൊടുക്കും.

കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.

3 അഭിപ്രായങ്ങൾ:

  1. മൂല്യങ്ങളുടെ കാര്യത്തിലും , മറ്റെല്ലാത്തിലുമെന്ന പോലെ ,വന്നുപെട്ട പുത്തന്‍ നയമാണു മാഷേ..
    തികച്ചും പുരോഗമന പരം..!

    അകം ചെയ്യുന്നതെന്തായാലും
    പുറത്തെ ചിരി നന്നായാല്‍ മതി.

    മറുപടിഇല്ലാതാക്കൂ
  2. എന്തുകൊണ്ടാണ് ശരാശരി കവിതകള്‍ക്ക് തലങ്ങും വിലങ്ങും കമന്റുകള്‍വീഴുമ്പോള്‍ ശരാശരിയില്‍ നിന്നും ഉയര്‍ന്ന് ജീവിതത്തിന്റെ മുഖത്തേക്ക് ഒരു കൂര്‍ത്തകല്ലുപോലെ തെറിച്ചുനില്‍ക്കുന്ന പലകവിതകളും കമെന്റുകളില്ലാതെ തരിശുപുറങ്ങളാകുന്നത്!?

    മറുപടിഇല്ലാതാക്കൂ