ഞാനിങ്ങനെ പോവുകയാണ്
വീട്ടിലേക്കാണ്.
വൈകുന്നേരമാണ്.
ഇടവഴിയാണ്.
ഇരുവശവും
കൂറ്റന്‍ മരങ്ങളാണ്.
ഞാന്‍ അതുങ്ങളെ
നോക്കുന്നതേയില്ല.
എന്റെ തല താണിട്ടാണ്.
മരങ്ങളില്‍ നിന്ന്
ചാടുന്നുണ്ട് വലിയ വലിയ
കറുത്തു തടിച്ച നിഴലുകള്‍.
എല്ലാറ്റിന്റേയും കയ്യില്‍
ഓരോ വാള്‍.
എന്നെ വെട്ടാനാണ്.
ഒരു വെട്ടും എനിക്ക് കൊണ്ടില്ല.
എല്ലാ നിഴലുകളും പിന്നിലേക്ക്
മറിഞ്ഞു വീണ് ചത്തുകിടന്നു.
വീടു വരെ ഇങ്ങനെ
കറുത്ത രാക്ഷസന്മാരുടെ
കണക്കിനുള്ള നിഴലുകള്‍
വാളുമായി എന്റെ മേളിലേക്ക്
ചാടിവീണു.
എന്നിട്ടും എനിക്കൊട്ടും വേദനിച്ചില്ല.
തുള്ളിച്ചോരയും ചിന്തിയില്ല.
ഞാനിപ്പോള്‍ വീട് പറ്റിയിരിക്കുന്നു.
എന്നാല്‍ ശരി,
ഒന്ന് ഉറങ്ങണം.
പിന്നെക്കാണാം.