gfc

ടോപ് ആംഗിള്‍

രണ്ടാം നിലയിലെ സ്റ്റുഡിയോക്കാരന്‍
ഒന്നാം നിലയിലെ ബേക്കറിക്കാരനേക്കാള്‍
ബഹുമാന്യനാണെന്ന് സ്വയം കരുതിപ്പോന്നു.
അതിന് അയാള്‍ക്കൊരു കാരണവുമുണ്ട്.
രണ്ടാം നിലക്കാരന്റെ കാഴ്ച്ചകള്‍
രണ്ടാം നിലക്കാരന്റേതു മാത്രമാണ്
എന്നതു തന്നെ.
റോഡ് രണ്ടു കൂട്ടര്‍ക്കും മുന്‍പിലുള്ള
കാഴ്ച്ചകളുടെ ഒരു നദിയായിരുന്നു.
സ്റ്റുഡിയോക്കാരന്‍ എപ്പോഴും താഴേക്ക്
നോക്കിയിരുന്നു.
നിശ്ചല ദൃശ്യങ്ങളുടേ ഒരു പരമ്പര
ഓരോ നോട്ടത്തിലും അയാള്‍
കഴുകിയെടുക്കും.
എല്ലാ കാഴ്ച്ചകളും മേല്‍ക്കോണില്‍ ആയിരിക്കും.
കഷണ്ടിക്കാരുടെ കഷണ്ടി,
ബ്ലൌസിനുള്ളിലെ മാംസം,
വാഹനങ്ങളുടെ മുകള്‍ ഭാഗം,
വെയ്റ്റിങ് ഷെഡ്ഡിലെ പെണ്‍കുട്ടികള്‍
എതിര്‍ ഭാഗത്തുള്ള തുണിക്കട,
സ്വര്‍ണക്കട
എല്ലാറ്റിലേക്കും കടന്നു ചെല്ലും
മേല്‍ക്കോണിലുള്ള അയാളുടെ നോട്ടങ്ങള്‍.

തങ്ങളെ ഒരാള്‍ നോക്കുന്നുണ്ടെന്നറിയാതെ
താന്താങ്ങളുടെ ജീവിതങ്ങളില്‍ മുഴുകുന്നവരെ
ഇങ്ങനെ മേല്‍ക്കോണില്‍
നോക്കിക്കൊണ്ടിരിക്കുന്നതുകൊണ്ട്
സ്റ്റുഡിയോ ഉണ്ടാക്കുന്ന ധന നഷ്ടം
ഒരു നഷ്ടമായി അയാള്‍ കണക്കാക്കിയിരുന്നില്ല.