gfc

പച്ചരി,വെളിച്ചെണ്ണ

എട്ടരയ്ക്കുള്ള അവസാനത്തെ ട്രിപ്പിന്
പള്ളിപ്പടിയിലിറങ്ങി നടക്കുമ്പോള്‍
കാലുകള്‍ക്ക് തീരെ ബലമുണ്ടായിരുന്നില്ല.
വൈകിട്ടെന്താ പരിപാടി എന്ന്
ലാലേട്ടന്‍ ചോദിക്കാറുള്ളതുകൊണ്ട്
മുടക്കാറില്ല ,മിനുങ്ങല്‍.
ഇന്നേ വരെ വാളുവെച്ചിട്ടില്ല,
വഴിയില്‍ കിടന്നിട്ടില്ല.
വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം
എന്ന തത്വം കൃത്യമായി പാലിച്ചിരുന്നു.

സെല്‍ഫോണിന്റെ വെളിച്ചത്തില്‍
നടക്കുമ്പോള്‍ ഒരു മന്ദസ്മിതം കയറി വന്നു:
രാവിലത്തെ പോക്കിന് സ്കൂള്‍ കുട്ടിയുടെ
.......പിടിച്ചത്
വൈകിട്ടത്തെ വരവിന്
.......തോണ്ടിയത്
ശരീരങ്ങള്‍ക്കിടയിലൂടെ
മുന്നോട്ടും പിന്നോട്ടുമുള്ള തുഴച്ചില്‍
അത്രയൊക്കെയേ ഉള്ളൂ പരമാനന്ദം.

ഒരു മിനുട്ട് വൈകിയതിന്
പിന്നില്‍ വരുന്ന വണ്ടിക്കാരോട്
തല്ലുകൂടിയത്,
സ്റ്റോപ്പിലിറക്കാത്തതിന്റെ തെറി,
‘മുന്നോട്ടു പോവട്ടെ,
പിന്നോട്ടു പോവട്ടെ’
തുടങ്ങിയ ആഹ്വാനങ്ങള്‍ക്കിടയില്‍
യാത്രക്കാരുടെ ഇടം തിരിച്ചില്‍...
ഇങ്ങനെ സമ്മര്‍ദ്ധങ്ങളുടെ
ഒരു ബസ്സുമായാണ് നാലഞ്ചു
ജീവനക്കാര്‍ പറക്കുന്നത്.

രാവിലെ കൃത്യമായി കുറി തൊടണം
ഷേവു ചെയ്യണം,ഇല്ലെങ്കില്‍ ലൈനുകള്‍
അടുത്ത വണ്ടിക്ക് കാത്തു നില്‍ക്കും.
ആദ്യത്തെ ട്രിപ്പ് തുടങ്ങുമ്പോള്‍
ഭഗവതിക്കാവില്‍ ഒരു രൂപ
കാണിക്കയിട്ടേ പുറപ്പെടൂ...

ടിം...ടിം...
അതാ കിടക്ക്‍ണൂ
പച്ചരി, വെളിച്ചെണ്ണ.
ഇറങ്ങിപ്പോയ ജീവന്‍ നിലാവത്ത്
ഒന്നു കൂടി തിരിഞ്ഞു നോക്കി,
സമീപത്തു കിടക്കുന്ന ആ സാധനം.

അഭിപ്രായങ്ങളൊന്നുമില്ല: