കൊല്ലിയിലേക്ക് ചരിച്ചു വെച്ചതു പോലെ കാപ്പിത്തോട്ടം.
കാപ്പിത്തോട്ടത്തിന്റെ വടക്കേ അതിരില്‍ പൊന്ത.
ചെമ്പുറവുകളുള്ള ആത്തിക്കണ്ടങ്ങളുടെ വരമ്പിലൂടെ
വള്ളിട്രൌസറിട്ട ചെക്കന്‍ വടക്കോട്ട് നടക്കുന്നു.
പൊടുന്നനെ പൊന്തയില്‍ നിന്ന് കൊല്ലിയിലേക്ക് ഒരേറ്.
നടുങ്ങിപ്പോയി ,ശത്രുക്കളില്ലാത്ത ബാല്യം.
വരമ്പത്തു നിന്ന് പൊന്തയിലേക്ക്
അന്തം വിട്ട് നോക്കി നിന്നു കുറച്ചു നേരം.
പൊന്തയ്ക്ക് ഒരനക്കവുമില്ല,ഇരുട്ടാണതില്‍.
തോന്നിയതാവുമെന്ന് കരുതി നടന്നപ്പോള്‍
വീണ്ടും ഒരേറ് വന്നു.
തലയ്ക്കു കൊള്ളാതെ താഴേക്കു വീണ
കല്ലില്‍ നിന്ന് പൊന്തയിലേക്ക് പകച്ചു നോക്കി.
കമ്യൂണിസ്റ്റ് പച്ചകള്‍ കാട്ടി പൊന്ത അപ്പോഴും
കൈമലര്‍ത്തി.
കയറി നോക്കിയില്ല,ഓടിപ്പോയതുമില്ല.
പിന്നെയും പലതവണ അക്കരെയുള്ള
വീട്ടിലേക്ക് കൊല്ലികടന്ന് പോകുമ്പോള്‍
ചീറി വന്നിട്ടുണ്ട് ഏറുകള്‍.
അരക്ഷിതമായ ഒരു ലോകത്തിന്റെ നിഗൂഢതകള്‍
അങ്ങനെ തന്നെയിരിക്കട്ടെ എന്നു കരുതിയിട്ടാവാം
കയറിച്ചെന്നില്ലൊരിക്കലും
ആ പൊന്തയുടെ മാനം കെടുത്താന്‍.
ആരായിരിക്കും,എന്തിനായിരിക്കും
ആറുവയസ്സുള്ള ഒരു കുട്ടിക്കു നേരെ
എറിഞ്ഞതെന്ന അത്ഭുതം
അതുകൊണ്ടാവണം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.
ആ പൊന്ത ഇന്നുമുണ്ടാവും കൊല്ലിയും.
എറിഞ്ഞവന്‍ എവിടെയാവും?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ