gfc

രണ്ടു ബിന്ദുക്കള്‍ തമ്മില്‍

സര്‍,
രണ്ടു ബിന്ദുക്കള്‍ തമ്മില്‍
എപ്പോഴും തുല്യ അകലം ആയിരിക്കുമെന്ന്
താങ്കള്‍ പറഞ്ഞത് തെറ്റാണ്.
xഎന്ന ബിന്ദുവില്‍ നിന്ന്
y എന്ന ബിന്ദുവിലേക്കും
yഎന്ന ബിന്ദുവില്‍ നിന്ന്
xഎന്നബിന്ദുവിലേക്കും
ഒരേ ദൂരമാണ് എന്നാണല്ലോ
താങ്കള്‍ പറഞ്ഞത്.
ഇന്നലെ ഞാന്‍ അളന്നു നോക്കിയിരുന്നു സര്‍.
ഞാന്‍ എന്ന ബിന്ദു വില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കും
നീ എന്ന ബിന്ദുവില്‍ നിന്ന് ഞാന്‍ എന്ന ബിന്ദുവിലേക്കുമുള്ള
ദൂരം എങ്ങനെ അളന്നിട്ടും തുല്യമാകുന്നില്ല സര്‍.
ഞാന്‍ എന്ന ബിന്ദുവില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കുള്ള
ദൂരം എപ്പോഴും കുറവാണ് സര്‍.
----------------------------------------------------------------------
അനുബന്ധം:മുകളില്‍ പറഞ്ഞ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍
രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള ദൂരം നിര്‍ണയിക്കുന്നതില്‍ അളക്കുന്ന
ആളെക്കൂടി ഒരു ഘടകമായി പരിഗണിക്കുന്നതിന് ലോക അളവുനിര്‍ണയ
ഗണിതജ്ഞ സമ്മേളനം തീരുമാനിച്ചു.
-----------------------------------------------------------------------

സമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട ഒരു ചോദ്യം:
രണ്ടു തവണയും അളക്കാനുപയോഗിച്ച മാനകം
ഒന്നായിരുന്നോ?