gfc

ഗോപുരം

ഒന്നും എണ്ണാന്‍ സമ്മതിക്കുകയില്ല ലോകം
ഒക്കത്തിനും ഒരു കണക്ക് വേണ്ടേ.
എണ്ണുന്നതെന്തിന് എന്നാവും.
ഭ്രാന്തിന് എത്ര വാതിലുകള്‍ ഉണ്ടെന്ന്
എണ്ണാമെന്ന് കരുതി ഓരോ വാതിലിനു നേരെയും
വിരല്‍ ചൂണ്ടി എണ്ണിത്തുടങ്ങി:
പ്രണയം,മരണം,പ്രസവം,മര്‍ദ്ദനം,ഭയം...
എത്ര ഗോപുര ദ്വാരങ്ങളാണ് ഈ പണ്ടാരത്തിന്.
ചിലതൊക്കെ മനോഹരങ്ങളായ വാതിലുകള്‍
ചിലതൊക്കെ വിചിത്രമായ ചിത്രപ്പണികള്‍ ചെയ്തത്.


ഒറ്റയ്ക്ക് കിട്ടിയതിനാലാവണം ഓരോ വാതിലും
പ്രത്യാശയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
പ്രസവം എന്ന വാതില്‍ മാത്രം അടഞ്ഞുകിടന്നു.
ഓരോ വാതില്‍ക്കലും എത്തുമ്പോള്‍
ഒന്ന് കയറി നോക്കിക്കൂടെടാ എന്ന്
ആരോ ഒരാള്‍ പറയുന്നുണ്ടായിരുന്നു.
പിന്നീട് കാണാന്‍ വെച്ചിരുന്ന ഒരു സ്വപ്നം
അപ്പോള്‍ തെളിഞ്ഞു വന്നു
ഞാനുണ്ട് ഏതോ വാതില്‍ തുറന്ന്
അകത്തു കയറുന്നു.
വാതിലുകള്‍ അങ്ങനെയാണല്ലോ,
അകത്തേക്കു കടക്കാം,പുറത്തേക്കിറങ്ങാം
പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍
ഒറ്റ വാതിലുമില്ല...
പ്രണയത്തിന്റെ,മരണത്തിന്റെ ,മര്‍ദ്ദനത്തിന്റെ,ഭയത്തിന്റെ...
ഒരു വാതിലെങ്കില്‍ ഒരു വാതില്‍
എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു

3 അഭിപ്രായങ്ങൾ:

  1. ഗോപുരം-വന്നു ചേരുന്നവരെ രക്ഷിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  2. ധൈര്യത്തിന്റേയും സ്ധൈര്യത്തിന്റേയും വാതില്‍ കാണണമല്ലോ പുറത്തേക്കിറങ്ങാന്‍,

    നല്ല കവിത സുഹൃത്തെ

    മറുപടിഇല്ലാതാക്കൂ
  3. തെക്കോട്ടുള്ളൊരു വാതില്‍ മാത്രം എപ്പോഴും തുറന്നിരിക്കും.ഇറങ്ങിപ്പോകാം.അല്ലെങ്കില്‍ പിന്നെ നാലാള് ചേര്‍ന്ന് താങ്ങി കൊണ്ട് കളഞ്ഞോളും.

    ചങ്ങാതി..,അല്ലാതൊരു വാതില്‍ തുറക്കുകയാണെങ്കില്‍ എന്നെയും അറിയിക്കണേ...

    മറുപടിഇല്ലാതാക്കൂ