gfc

അക്രമം

സമയം ക്രമിക്കുകയാണ്
ലോകം തച്ചുടച്ച് പണിയണം.
ഒമര്‍ഖയാം മുന്തിരിസത്ത് പോയി
മരണത്തിനപ്പുരത്തുള്ള
മാറ്റിപ്പണിയലിലാണ് മൂപ്പര്‍.
നക്ഷത്രങ്ങള്‍ കണ്ട് കണ്ട് മടുത്തു
ആകാശത്ത് കടലും
ഭൂമിയില്‍ മേഘങ്ങളുമായി
സ്ഥാനം മാറ്റണം.
കടല്‍ ജീവികള്‍ പുളയ്ക്കുന്ന
പ്രകാശമാനമയ ആകാശം വേണം.
മനുഷ്യര്‍ തലകുത്തി നടക്കണം.
മൃഗങ്ങള്‍ പറക്കണം.
പക്ഷികള്‍ കോണ്‍ക്രീറ്റ് വീടുകള്‍ വെച്ച്
വെളുപ്പാ‍ന്‍കാലത്ത്
ചയ വെച്ച് കുടിച്ച് പത്രം വായിക്കണം.
സമയം ക്രമിക്കുകയാണ്.
മരങ്ങള്‍ നടക്കുകയും മിണ്ടുകയും വേണം.
ഒരു ലോറിയില്‍
കുറെമനുഷ്യരെ ഒരു പോത്ത് വണ്ടിയോടിച്ച്
കൊണ്ടുപോയി അറവുശാലയില്‍ തള്ളണം.
പതിവു കാഴ്ച്ചകള്‍ മടുത്തു.
പര്‍വതങ്ങള്‍ക്ക് തിളങ്ങുന്ന
നിറങ്ങളുണ്ടാവണം
പൊന്നിന്റേയും വെള്ളിയുടേയും
മലകള്‍ മാത്രം മതി
ആണുങ്ങള്‍ പ്രസവിക്കുകയും
പെണ്ണുങ്ങള്‍ പീഡനം നടത്തുകയും ചെയ്യണം
വാമൊഴി പരിപൂര്‍ണമായും സംഗീതവല്‍ക്കരിക്കണം.
അക്ഷരങ്ങള്‍ക്ക് ത്രിമാനരൂപം ഉണ്ടാവുകയും
അവയ്ക്ക് തോന്നും പോലെ
പുസ്തകങ്ങളില്‍ തുള്ളി നടക്കാനും
തോന്നിയേടത്ത് ഇരിക്കാനും
സ്വാതന്ത്ര്യം വേണം
കെട്ടിടങ്ങളുടെ ചുമരുകള്‍
തന്നിഷ്ടം പോലെ വളയുകയും പുളയുകയും
ചിരിക്കുകയും ചെയ്യണം.
റോഡുകള്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍
ഒരിക്കലും കൊണ്ടു ചെന്നെത്തിക്കാതെ
ആളുകളെ ചുറ്റിക്കണം
നക്ഷത്രങ്ങള്‍ ക്രിക്കറ്റു ബോളുകളാവണം
സൂര്യനേയും ചന്ദ്രനേയും ഒരു പൊതുചടങ്ങില്‍ വെച്ച്
വീതിച്ചു തിന്നണം.

2 അഭിപ്രായങ്ങൾ:

  1. എന്താ ചെയ്യാ, ഇങ്ങനെയൊക്കെയാവും അല്ലേ അപ്പോള്‍ തോന്നുക...ആര്‍ക്കാ എപ്പഴാന്നൊന്നും പറയാന്‍ പറ്റില്യ. കിണ്ണത്തിന്റെ വക്കത്തെ കടുകുമണി പോലെ എന്നാ കാര്‍ന്നോന്മാരു പറയാറ്. ചിലപ്പോള്‍ അങ്ങടാവാം, ചിലപ്പോള്‍ ഇങ്ങടാവാം.

    മറുപടിഇല്ലാതാക്കൂ