gfc

രാമനാഥന്റെ പ്രേതം

ഒരു വിശുദ്ധ രാത്രിയില്‍
വീട്ടില്‍ ഞാനൊറ്റ പുതച്ചുറങ്ങുന്നു
പുറത്തുനിന്നൊരാള്‍ ചുമച്ച്
വീടിന്റെ വാതില്‍ തുറന്നുകേറുന്നു.
കറുത്തു നീണ്ടൊരാള്‍,കഴുത്തറ്റം
നിശാവസ്ത്രം കണ്ണിലഗ്നി
കയ്യില്‍ കെട്ട മെഴുതിരി.
കട്ടിലിന്നോരം ചേര്‍ന്ന് നില്‍ക്കുന്നു.
അസ്ഥികള്‍ പോലുള്ള വിരലുകള്‍ നീട്ടിത്തൊടുന്നു.
നെഞ്ചില്‍ പതുങ്ങും വിരലിന്‍ തണുപ്പും
ഒരു ശാന്തമാം പുരുഷശബ്ദവും
ഉറക്കം കെടുത്തിയെന്നെയുമുണര്‍ത്തുന്നു.
വലിച്ചിട്ട കസേരയിലിരുന്നു കൊണ്ടാഗതന്‍
ഒരു ചിരി ചിരിക്കുന്നു.
എതിരെ ഞാനിരിക്കുന്നു.
‘ഞാന്‍ രാമനാഥന്റെ പ്രേതം’
ആഗതന്റെ ശബ്ദം തുടര്‍ന്നു:
‘ഈ മനോഹര രാത്രിയില്‍ നിന്നെ
ക്കാണുവാനായി വന്നു.
ഇവിടെ നീയിന്നൊറ്റയ്ക്കുറങ്ങയാണെന്നറിഞ്ഞു.
കുടിക്കുവാനൊരു കോപ്പ മദ്യമാവാം
നമുക്കിന്നു വെളുക്കുവോളമൊരുമിച്ചുകൂടാം.’
അത്രയും പറഞ്ഞ് പിന്നെയുമൊരു
വല്ലാത്ത ചിരിയില്‍ മുഴുകുന്നു രാമനാഥന്റെ പ്രേതം.
പൊടുന്നനെ കനലു പോലെ തുറിച്ചുനോക്കുന്നു.
നഖം നീണ്ട വിരലുകള്‍ കൊണ്ട്
മദ്യം നിറച്ച ഗ്ലാസ്സെടുക്കുന്നു.
ഒറ്റ വലിയില്‍ കാലിയാക്കുന്നു.
കസേരയില്‍ ചാരിയമരുന്നു.
നീണ്ട താടിയില്‍ മദ്യത്തുള്ളികള്‍ തിളങ്ങുന്നു.
ഇലക്ട്രിക് വെളിച്ചത്തില്‍ പാറ്റകള്‍ പറക്കുന്നു.
പല്ലികള്‍ കാത്തിരിക്കുന്നു.
പുറത്തിരുട്ടിന്റെ കോട്ടയില്‍
കടവതിലിന്റെ ചിറകടികള്‍
കാലനെക്കാണുന്ന നായ്ക്കളുടെ
നിര്‍ത്താത്ത മോങ്ങല്‍
മന്ത്രവാദം തുടരുന്ന മൂങ്ങകള്‍
‘ഇപ്പൊഴേ വരാനൊക്കൂ,
ഇതു വിജനമാം രാവാണല്ലോ’
അത്രയും പറഞ്ഞ് പിന്നെയും
തുറിച്ചു നോക്കുന്നു രാമനാഥന്റെ പ്രേതം.
വീണ്ടും നിറഞ്ഞഗ്ലാസ്സെടുക്കുന്നു
ഒറ്റ മോന്തലില്‍ ശൂന്യത നിറയ്ക്കുന്നു.
നനഞ്ഞ താടിയുഴിയുന്നു.
‘എനിക്ക് ഗതി കിട്ടിയില്ല ചങ്ങാതി.’
ഒരു നേര്‍ത്ത കരച്ചിലു പോലെ
മൊഴിയുന്നു പ്രേതം.
തെക്കിനിയിലിരുണ്ട മൂലയ്ക്ക്
കെട്ടിത്തൂങ്ങിയാടും ശവത്തെ
കണ്ടതാണല്ലോ നീയും...
ഒരു ബീഡിക്ക് തീ പിടിപ്പിച്ചു ഞാന്‍
ഓര്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍
വീണ്ടുമൊരു മൌനത്തിലാഴുന്നു പ്രേതം.
രക്തം പൊട്ടിയൊഴുകുന്നകാലും
ഈച്ചകളാര്‍ക്കും ശവത്തിന്റെ
കണ്ണുകളുമോര്‍ത്തു ഞാന്‍.
‘മരിച്ചിട്ടെന്തു നേടി?’അഗതിയുടെയാത്മഗതം
മനസ്സിന്റെ കുന്നുകളില്‍ പ്രതിധ്വനിക്കുന്നു.
‘മരിച്ചിട്ടെന്തു നേടി ,മലിനമാമെന്റെ
മനസ്സു പോലും തിരിച്ചെടുത്തില്ലദൈവം.’
അറിയാത്ത സ്നേഹത്തിന്‍ വേരുകള്‍
തിരഞ്ഞു കൊണ്ടലയുവാനാണ് വിധി.
ഒക്കെയും മടുക്കുന്നു ചങ്ങാതീ
രാത്രിഗന്ധികള്‍ പൂക്കുന്ന ശ്യാമയാമങ്ങളില്‍
പാട്ടു പാടി ഞാനലഞ്ഞുവേകാന്തനായ്.
പാതിരാവിന്റെ കല്പടവിലെന്റെ
ശോകരാഗം തളം കെട്ടി നിന്നു.
ഇരുളു മൂടുന്ന ഭൂമി മുഴുവനും
സ്വന്തമായ് മാറ്റി.
പക്ഷേ എവിടെയാണിപ്പൊഴും സ്നേഹം..?
മറവിയില്‍ പണ്ടേ മറവു ചെയ്തോരേ,
മറവിയുടെ ശവപ്പെട്ടി ഭേദിച്ച് രാത്രിയുടെ
നെഞ്ചത്തിരിക്കുന്നു ഞാന്‍.
ഇറ്റു സ്നേഹം നിഷേധിച്ച്
പാവമാമെന്റെ നരജന്മം നശിപ്പിച്ച
നിര്‍ദ്ദയ വൃന്ദ്ങ്ങളേ..
നിങ്ങളെയൊക്കെയും കൂടെ ഞാനെടുക്കും
ഒറ്റയ്ക്കലഞ്ഞു മടുത്തു ഞാന്‍.
സ്നേഹം നടിച്ചവര്‍, ബന്ധു മിത്രാദികള്‍
ഒക്കെയുമിനിവരും രാവുകളിലുറക്കം കെട്ട്
എന്റെയീ വാക്കുകള്‍ കേള്‍ക്കും.
മിഴിയുടെ നെരിപ്പോടില്‍ കനല്‍ത്തരി ചിതറുന്നു.
പൊടുന്നനെ സങ്കടത്തിന്റെ ചില്ലുപാളികള്‍ക്കപ്പുറം
ഒക്കെയും കെട്ടു പോവുന്നു.
രണ്ടു മഴത്തുള്ളികള്‍ മാത്രം കാത്തുനില്‍ക്കുന്നു.
‘ഞാന്‍ ..ഞാന്‍ ഗതികെട്ടൊരാത്മാവ്
ഈ രാത്രി നിന്നുറക്കം കെടുത്തിയോ ?
എന്റെ പ്രിയ സുഹൃത്തേ,
നിന്നെ ഞാന്‍ ശല്യപ്പെടുത്തിയോ..?’
വികാരഭരിതനായ് പ്രേതമെന്‍ തോളുകള്‍
കുലുക്കിയാരായുന്നു.
മൂകനായ് നില്‍ക്കുന്നൊരെന്നെ
നിറകണ്ണോടെ നോക്കി മൊഴിയുന്നു പ്രേതം.
‘ക്ഷമിക്ക്...,ക്ഷമിക്ക് ഞാന്‍ പോണു
നിനക്കു ഞാന്‍ ശല്യമായെങ്കില്‍.’
വീണ്ടും തുറന്നടയുന്നു വാതില്‍.
പുറത്തു നിന്നൊരു കൊടുങ്കാറ്റകന്നു പോകുന്നു.
ജനലഴികളിലൂടെ ഇരുട്ടില്‍ ഞാന്‍ പരതുന്നു.
ആരുമില്ലവിടെ,
ദൂരെ നിന്നൊരു പാട്ടു കേള്‍ക്കുന്നുവോ...
നിശാഗന്ധികള്‍ പൂത്ത ഗന്ധമെത്തുന്നുവോ...
തോളിലപ്പൊഴുമൊരു തണുപ്പ് തോന്നുന്നു
ഓര്‍മയില്‍ രണ്ട് നിറകണ്ണ് തെളിയുന്നു.
- 1995 ഫെബ്രുവരി

7 അഭിപ്രായങ്ങൾ:

  1. ഇതൊരു പഴയ കവിതയാണ്.വാചാലത,വ്യാകരണ ദോഷങ്ങള്‍ ഒക്കെക്കാണും.സര്‍വോപരി അക്ഷരതെറ്റുകള്‍ ഇപ്പോള്‍ അടിച്ചുകയറ്റിയപ്പോള്‍ ഉണ്ടായിട്ടുണ്ടാവും.സര്‍വാപരാധങ്ങളും പൊറുക്കണം.
    ഏവര്‍ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. ചങ്ങാതീ, താങ്കള്‍ക്ക് തീയേറ്ററുമായി എന്തെങ്കിലും ബന്ധമുണ്ടോ? കവിതയില്‍ ഒരു നാടകം ഒളിഞ്ഞിരിക്കുന്നതു പോലെ തോന്നി. വാചാലത ചിലപ്പോഴൊക്കെ നല്ല അസ്സലു രസമാണ്. രാമനാഥന്റെ പ്രേതം ഇനിയും വരികയാണേല്‍ എന്നേം കൂട്ടുക. പ്രേതങ്ങള്‍ക്കു വേണ്ടി ഞാന്‍ മദ്യപിക്കാറുണ്ട്. പിന്നെ മറ്റു കവിതകളും കണ്ടു. രസമാണ് വിഷ്ണുവിന്റെ കാഴ്ചകളെല്ലാം.

    മറുപടിഇല്ലാതാക്കൂ
  3. ഇത്ര നല്ല ഒരു രചനക്ക് ഇതു പോലൊരു സ്വയം തരം കുറക്കണ്ട ആവാശ്യമുന്ണ്ടോ? (അക്ഷരതെറ്റുകള്‍ ഇപ്പോള്‍ അടിച്ചുകയറ്റിയപ്പോള്‍ ഉണ്ടായിട്ടുണ്ടാവും.സര്‍വാപരാധങ്ങളും പൊറുക്കണം).
    പ്രേതവും ഭൂതവുമൊക്കെ പേടിക്കുന്ന ആളാണു ഞാന്‍.‘ആരുമില്ലവിടെ,
    ദൂരെ നിന്നൊരു പാട്ടു കേള്‍ക്കുന്നുവോ...’
    അപ്പോഴും എന്റെ സംശയം തീര്‍ന്നില്ല.
    ശൈലി വളരെ നാന്നായിട്ടുണ്ട്‌.ശുഭാശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  4. വിഷ്ണൂ..

    മരണത്തെ വെറുക്കാന്‍ പഠിപ്പിക്കുകയാണോ?വേണ്ട..

    കവിത നന്നായിരിക്കുന്നു,രാമനാഥന്റെ പ്രേതത്തെ കാണാനാവുന്നു..പക്ഷേ ഗതി കിട്ടാതെ,ഇഹത്തില്‍ കിട്ടാതെ പോയ ഒന്നിനെ തേടി അലയുകയാണെന്ന് മാത്രം പറയരുത്.

    -പാര്‍വതി.

    മറുപടിഇല്ലാതാക്കൂ
  5. എന്തുകൊണ്ട് ഞാനിതുവരെ ഈ ബ്ലോഗ് കണ്ടില്ല ?

    എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..

    പൊന്നപ്പാ നന്ദി..നിന്റെ കമന്റ് പിന്തുടര്‍ന്നാണ് ഞാനിവിടെത്തിയത്..

    മറുപടിഇല്ലാതാക്കൂ
  6. പൊന്നപ്പന്‍,ഇതു വായിച്ച് ഇങ്ങനെ ആദ്യം എഴുതിവച്ചതിന് നന്ദി.പിന്മൊഴികളില്‍ പ്രവേശനമില്ലെന്ന് എനിക്ക് ഇന്നൊരു മെയില്‍ കിട്ടി.

    രാഘവേട്ടാ ,ഇതൊരു 11വര്‍ഷം മുന്‍പെഴുതിയ കവിതയാണ്.ഈ ബ്ലോഗിലൂടെ അധികമാരും കടന്നുപോവാറില്ലെന്ന് തോന്നുന്നു.ഇന്നാണ് നാലു പേര്‍ വായിച്ച് കമന്റുന്നത്.
    പാര്‍വതീ ഒരു വയനാട്ടുകാരനായതുകൊണ്ടാണോ എന്നറിയില്ല ഞാന്‍ മരണത്തെ ഇഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്.എല്ലാവര്‍ക്കും നന്ദി..സ്നേഹം.

    മറുപടിഇല്ലാതാക്കൂ
  7. സുന്ദരമായ വരികള്‍..

    മരിച്ചിട്ടെന്തു നേടി ,മലിനമാമെന്റെ
    മനസ്സു പോലും തിരിച്ചെടുത്തില്ലദൈവം

    ഇത് ഒരുപാട് ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ