gfc

കുളം+പ്രാന്തത്തി

പ്രാന്തത്തി ദിവസവും
വെളുപ്പാങ്കാലത്ത്
കുളിക്കാന്‍ വരും.
കുളം അവളുടെ
കാമുകനാണെന്നാ
വിചാരം.
അവള്‍ കുളത്തിനോട്
അംഗവിക്ഷേപങ്ങളോടെ
കഥ പറയും,
പരിഭവിക്കും,
ഉടുതുണിയഴിച്ചിട്ട്
മതിയാവോളം
കെട്ടിപ്പിടിക്കും.
കുളക്കരയിലിരുന്ന്
കുറേനേരം
മുടികോതും,
കരയും,
ചിരിക്കും.
ഒരു ചെറുചിരിയുമായി
കുളം നിശ്ശബ്ദനായി
കിടക്കും.
എല്ലാം കേട്ട്
ഒരു മീങ്കൊത്തി
ഇങ്ങനെ ചീത്ത
പറയും:
'നാണമില്ലാത്ത കുളമേ,
എത്ര പെണ്ണുങ്ങളുടെ
നഗ്നത കുടിച്ചാലും
മതിവരാത്തവനേ,
ഈ പ്രാന്തത്തിയെയെങ്കിലും
നിനക്കൊഴിവാക്കിക്കൂടേ...'എന്ന്.

എന്നിട്ടോ...?
ഒരുദിവസം...പ്രാന്തത്തിയെ,
നമ്മുടെ പുന്നാര പ്രാന്തത്തിയെ
അവളുടെ കാമുകനായ
കുളം കെട്ടിപ്പിടിച്ച് കെട്ടിപ്പിടിച്ച്
വിടാതെ
തിരിച്ചും മറിച്ചുമിട്ട്
ചുംബിച്ച് വശംകെടുത്തി.
ഒന്ന്...രണ്ട്...മൂന്ന്...
എന്നെണ്ണി
മൂന്നുവട്ടം മുക്കി.
അങ്ങനെയവള്‍ ...,
നമ്മുടെ പ്രാന്തത്തി
പിടഞ്ഞു പിടഞ്ഞ്
തന്റെ കാമുകനില്‍ വിലയിച്ചു...

...എന്നാവും നിങ്ങള്‍ ധരിക്കുന്ന
ക്ലൈമാക്സ്.
എന്നാല്‍ അങ്ങനെയല്ല ഉണ്ടായത്.
മൂപ്പത്ത്യാര്‍ ,
അതായത് നമ്മുടെ
പ്രാന്തത്തിയാണ്
ടിയാനെ തിരിച്ചും മറിച്ചുമിട്ട്
മേല്‍പ്പറഞ്ഞ നടപടി(അ)ക്രമങ്ങള്‍
കാണിച്ചത്.
അങ്ങനെ ശ്വാസം മുട്ടി
പിടഞ്ഞു പിടഞ്ഞ്
ആ കുളം പ്രാന്തത്തിയില്‍
ചത്തുപൊങ്ങി.
ആ കുളത്തിന്റെ ശവവും
കൊണ്ടാണ്
ഇപ്പോഴും
പ്രാന്തത്തീന്റെ
നടപ്പ്.
എല്ലാ കുളങ്ങള്‍ക്കും
ഇപ്പോള്‍
പ്രാന്തത്തിയെ
പേടിയാണ്.

12 അഭിപ്രായങ്ങൾ:

  1. പ്രാന്തത്തിക്കും ഓള്‍ടെ കാമുകനും ഒരു സ്മാരകം

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍12/14/2006 6:26 PM

    മാഷേ നന്നായിരിക്കുന്നു...വാചാലതയുടെ അയവിലൂടെ ഒളിച്ച് പാത്ത് വിടാതെ എന്നെ പിന്തുടര്‍ന്നു കവിതയുടെ രഹസ്യങ്ങള്‍...ഈ ക്രാഫ്റ്റ് എന്നെ നന്നായി ആകര്‍ഷിച്ചു..
    -ലാപുട

    മറുപടിഇല്ലാതാക്കൂ
  3. സംഭവം അസാരം രസിച്ചു വിഷ്ണു മാഷേ. എങ്കിലും ഈ ക്രാഫ്റ്റൊരു ഹോവര്‍ക്രാഫ്റ്റായില്ലേന്ന് സംശയം. ച്ചാല്‍ കരയിലുമല്ല വെള്ളത്തിലുമല്ല എന്ന നിലയില്‍. കഥ പോലെയുള്ള കവിത അഥവാ.. (ശ്ഛിം!) കവിഥാ..!

    മറുപടിഇല്ലാതാക്കൂ
  4. പെരിങ്ങോട്ടുകാര്‍ ആര് ഈ കവിത വായിച്ചാലും വിസ്മയിച്ചുപോകും - ചില സന്ദര്‍ഭങ്ങള്‍ ഞങ്ങളുടെ പള്ളിക്കുളത്തിന്റെയും അതിലെ മുങ്ങിക്കുളിക്കുവാന്‍ വരുന്നവരുടെയും തനി പരിച്ഛേദമാണു്.

    കവിതയുടെ രൂപത്തിനു ചില പോരായ്മകളുണ്ടു്. ഇടശ്ശേരിയുടെ പൂതപ്പാട്ടു പോലെ കുറച്ചു ആഖ്യാനവും ശിഷ്ടം കവിതയുമായും ചെയ്യാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഒരുപാട് നന്ദി മാഷേ..
    നല്ല വാക്കുകള്‍ക്ക്.
    എന്റെ കുറിപ്പുകള്‍ വായിക്കാന്‍ കാണിക്കുന്ന സന്‍മനസ്സിന്‌...
    വല്ലാത്ത ഏകാന്തത തോന്നുമ്പോള്‍ എന്തൊക്കെയോ
    കുത്തിക്കുറിക്കുന്നു. അത്ര മാത്രം.
    ഞാന്‍ മാഷുടെ അടുത്ത നാട്ടുകാരനാണ്‌.
    കുന്നം കുളത്തിനടുത്ത കൊച്ചന്നൂരാണ്‌ വീട് .
    ദൃശ്യമാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്നു.
    തൃശൂരില്‍..
    പിന്നെ പ്രാന്തത്തി നന്നായിരുന്നു.
    mumsy

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം എനിക്കിഷ്ടമായി,ഇവര്‍ തന്നെയാണോ നിളയേയും കൊന്നത്

    മറുപടിഇല്ലാതാക്കൂ
  7. ആദ്യ രണ്ട് ഭാഗങ്ങളും വളരെ നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടൂ..
    (യ്യോ ബാക്കി കൊള്ളൂലാന്നല്ലാ)
    ബാക്കി പകുതി അത്രയ്ക്ക് മനസ്സിലായില്ലാന്നാ പറഞ്ഞു വരുന്നത്.
    (ആ ദില്‍ബനു വരെ മനസ്സിലായ് :(

    മറുപടിഇല്ലാതാക്കൂ
  8. ലാപുടാ,നന്ദി.
    ദില്‍ബൂ,സംശയിക്കണ്ട ഹോവര്‍ക്രാഫ്റ്റന്നെ.എനിക്കും വല്ലാതെ ബോധിച്ചിട്ടില്ല.
    പെരിങ്ങോടാ,ആനക്കരേന്ന് പെരിങ്ങോട്ടേക്ക് എന്താ വണ്ടിക്കൂലി?ക്രാഫ്റ്റില്‍ പോരായ്മകളുണ്ട്.ചത്തതിനെ
    ജീവിപ്പിച്ചു കൊണ്ടു വരികയാണ്.
    മംസീ,എനിക്കൊരു മെയിലിട്.
    വല്യമ്മായീ,നിങ്ങളാണ് ഈകവിതയ്ക്ക് പുതിയൊരു ഡയമെന്‍ഷന്‍ ഉണ്ടാക്കി തന്നത്.നിങ്ങളില്‍ ഞാനിത് ഒട്ടും പ്രതീക്ഷിച്ചില്ല:)) ഭാരതപ്പുഴയെ ഈവിധം കുറേപ്രാന്തന്മാരും പ്രാന്തത്തികളും ചേര്‍ന്നാണ് കൊന്നത്.എല്ലാവരുടെ മനസ്സിലുമുണ്ട് അതിന്റെ ശവം..?സംശയമുണ്ടെങ്കില്‍ എം.ടി യോട് ചോദിക്ക്.
    പച്ചാളം,ഈ വഴിക്കാദ്യമാണല്ലേ.സാരമില്ല.ഒക്കെ നമുക്ക് ശരിയാക്കാം:)

    മറുപടിഇല്ലാതാക്കൂ
  9. കവിത/കഥ രസായി. വായിച്ചുപോകാന്‍ നല്ല സുഖം തോന്നി.

    ഓ.ടോ: പ്രാന്തത്തി എന്നുദ്ദേശിച്ചത് മണല്‍മാഫിയയെ ആണോ? ഇതിനുമുന്‍പുള്ള കമന്റ് കണ്ടപ്പോഴാ ഈ സംശയം തോന്നിയേ. “കുളം പ്രാന്തത്തിയില്‍
    ചത്തുപൊങ്ങി” എന്ന് വാചകം മറ്റൊരു രീതിയിലും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല :(

    മറുപടിഇല്ലാതാക്കൂ
  10. വിഷ്ണൂ, പലതിരക്കുകളില്‍ ഒടുവിലെ രണ്ടു കവിതകള്‍ വായിക്കാന്‍ വൈകി. മാപ്പ്‌.

    ഇതേ വിഷയത്തില്‍ ഞാന്‍ ഒരു കവിത രണ്ടാഴ്ച മുമ്പ്‌ പാതിയാക്കി ഉപേക്ഷിച്ചു. തൃപ്തിപോരാഞ്ഞു തന്നെ. അതിപ്പോള്‍ പുഴപോയ മണപ്പുറമാണ്‌.

    കുളവും പ്രാന്തത്തിയും ഇന്നത്തെ കേരളിയ പരിസരത്തിന്റെ ഒരു മനസികലോകമായി എനിക്ക്‌ തോന്നി. ശ്രീജിത്തിന്റെ സംശയം ശരിതന്നെ. ഞാന്‍ അങ്ങനെതന്നെയാണ്‌ ഇത്‌ വായിച്ചത്‌. നീളത്തിന്റെ പ്രശ്നമുണ്ടെങ്കിലും ചാരുത കൈമോശം വന്നില്ല. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  11. വിഷ്ണു, ഈ കവിത ഇപ്പോഴാണ്‌ വായിച്ചത്‌.

    ഇതിനെ ഒരു പ്രതീകാത്മക കവിതയായി കാണാന്‍, എന്തു കൊണ്ടോ, താല്‌പര്യം തോന്നുന്നില്ല. അത്‌ കവിതയോട്‌ ചെയ്യുന്ന അനീതിയാകില്ലേ എന്ന് ബലമായ സംശയം. "അതല്ലേ ഇത്‌!" എന്ന് പറഞ്ഞുവയ്ക്കുന്നിടത്ത്‌ സംവേദനം മരണമടയുന്നു. എന്തായാലും, പ്രതീകാത്മകതയുടെ അതിരുകളെ മെതിച്ചു കടന്നു പോകുന്ന ഒന്നാണ്‌ ഈ കവിതയെന്ന് ഞാന്‍ കരുതുന്നു.

    സത്യത്തില്‍, പ്രാന്തത്തിയുടെയും കുളത്തിന്റെയും നിയോഗങ്ങളുടെ തിരിമറിച്ചിലില്‍ വായനക്കാരന്‍ ജീവിതത്തിന്‌ നേരെ പിടിച്ചിരിക്കുന്ന ചതുരഫ്രെയിമിന്‌ നേര്‍ക്കുള്ള സൗമ്യവും എന്നാല്‍ ശക്തവുമായ എതിര്‍പ്പുണ്ട്‌. പ്രവചനാത്മകതയോടുള്ള ഒരു തരം വിയോജിപ്പ്‌. (എല്ലാ കലകളെയും പോലെ കവിതയും പ്രവചനാത്മകതയോട്‌ അസഹിഷ്ണുത കാട്ടുന്നത്‌ ജീവിതത്തിന്റെ ഉപരിതലക്കാഴ്ചകള്‍ക്കപ്പുറത്തേക്ക്‌ കടന്നു ചെല്ലാനുള്ള 'ജന്മവാസന' കൊണ്ടു തന്നെയാവണം.)

    ഇതു പോലെ പല തലങ്ങളിലും ഈ കവിത സംവേദിക്കുന്നുണ്ട്‌.

    ക്രാഫ്റ്റിനെപ്പറ്റി അല്‌പം: മറ്റു പലരും വാക്കുകളെ സൂക്ഷ്മമായി തിരഞ്ഞെടുത്ത്‌ ശ്രദ്ധാപൂര്‍വ്വം ഘടിപ്പിച്ചു വയ്ക്കുക വഴി 'ശരാശരിയെഴുത്തെ'ന്ന കെണിയില്‍ വീണു പോകുമ്പോള്‍, ഭാഷയെ ചെത്തിമിനുക്കുക എന്ന പ്രലോഭനത്തില്‍ വീഴാതെ, 'ആശ്ചര്യകരമായ അശ്രദ്ധ' എന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു തരം നിയന്ത്രണത്തോടെയാണ്‌ വിഷ്ണു എഴുതുന്നത്‌, പലപ്പോഴും. ആ 'നിയന്ത്രണം' ഈ 'പ്രാന്തത്തി'യുടെ സംവേദനത്തെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്‌.

    മറുപടിഇല്ലാതാക്കൂ
  12. പരാജിതാ,ഇതിലും മനോഹരമായി ഈ കവിതയെ ഒരാള്‍ക്കും വായിക്കാനാവില്ല.നിങ്ങളെപ്പോലെ ഒരു വായനക്കാരന്‍ ഈ കവിതയുടെ ഭാഗ്യം തന്നെയാണ്.കവിത വിവിധ അര്‍ഥങ്ങള്‍ ഉല്പാദിപ്പിക്കാനുള്ള ഒരു ഉപകരണം തന്നെയാണ്. സത്യമായും ഈ പുതിയ വിമകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു.പ്രവചനാത്മകതയെ തിരുത്തുന്ന പണി ഞാന്‍ മനഃപൂര്‍വം ചെയ്തതാണ്.വായനക്കാരന്റെ വഴിതെറ്റിക്കുക തന്നെയായിരുന്നു ഉദ്ദേശ്യം.പ്രാന്തത്തിയും കുളവും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ്.എന്റെ വാടകവീടിനുമുന്നില്‍ രണ്ടു കുളങ്ങളുണ്ട്.എഴുതിയതൊക്കെ സ്ഥിരം കാഴ്ച്ചകളാണ്,ആന്റിക്ലൈമാക്സ് ഒഴികെ.

    മറുപടിഇല്ലാതാക്കൂ