gfc

ഉന്നങ്ങള്‍

ഉന്നം നോക്കി എറിയുമ്പോള്‍
എന്റെ കൈകളുടെ ഉള്ളിലൂടെ
വേറൊരു കൈ നീണ്ടു വരും.
എന്നിട്ട്, ഏറിനെ കൃത്യമായി
തെറ്റിച്ച് ഞാനൊന്നുമറിഞ്ഞില്ലേ
രാമനാരായണ എന്ന് ചൊല്ലും.

ചിരിക്കാന്‍ തുനിയുമ്പോള്‍
എന്റെ മുഖപേശികള്‍ക്കിടയിലൂടെ
അവന്റെ പേശികള്‍ കടന്നുവന്ന്
ചുണ്ടുകളെയും കണ്ണുകളെയും
കീഴ്പ്പെടുത്തി ചിരിയെ
കരച്ചിലാക്കിമാറ്റും.

കരയാന്‍ തുനിയുമ്പോള്‍
മറിച്ചാവും അവന്റെ ഏര്‍പ്പാട്.

'എന്നാല്‍പിന്നെ,
ചിരിക്കേണ്ടിവരുമ്പോള്‍
കരയാന്‍ ശ്രമിച്ചാല്‍ മതിയല്ലോ,
അപ്പോള്‍ അവനിടപെട്ട്
കരച്ചിലിനെ തിരുത്തി
ചിരിയാക്കുമല്ലോ...' എന്ന്
ഒരു അസാമാന്യ ബുദ്ധി
ചോദിച്ചു.
ഞാനങ്ങനെ ആലോചിക്കുമ്പോള്‍ ,
ആ ആലോചനയെ തെറ്റിക്കുന്ന
അവന്റെ ആലോചന
എന്റെ തലച്ചോറില്‍
നിന്ന് മുന്നോട്ട് തുറിച്ചു വരും.

അങ്ങനെ
ഈ തെരുവിന്റെ ഒത്ത നടുക്ക്
അനുചിതമായ പെരുമാറ്റങ്ങളുടെ
മൊത്തവില്‍പ്പനശാലയായി
ഞാനിങ്ങനെ അന്തം വിട്ട്
വായും പൊളിച്ചു നില്‍ക്കുകയാണ്.
എന്റെ കാലുകള്‍ക്കുള്ളിലൂടെ
അവന്‍ അവന്റെ കാലുകള്‍
പ്രവര്‍ത്തിപ്പിച്ച്
എന്റെ ഓരോ കാല്‍ വെപ്പും
തെറ്റിക്കുന്നു.
ഉന്നങ്ങളെ തെറ്റിക്കുന്നവന്റെ
ഉന്നമെന്തെന്ന്
ഉന്നയിക്കാന്‍ പോലും നിവൃത്തിയില്ല.
അപ്പോഴേക്കും
ആ ഉന്നയിക്കല്‍ തന്നെ
തെറ്റിച്ചിരിക്കും
മൂപ്പര്‍ .

എല്ലാ ഉന്നങ്ങളും ശരിയാണെങ്കില്‍
ഏറുകള്‍ക്കെന്ത് ചന്തം?
എങ്കിലും എല്ലാ ഉന്നങ്ങളും
പിഴയ്ക്കുന്നതിന്റെ ചന്തം
എനിക്ക് സ്വന്തം.

ഉന്നം തെറ്റിക്കുന്ന ഒരുവന്‍
ഇപ്പോഴും എന്റെ ഉള്ളില്‍ ഒളിച്ചിരിപ്പാണ്.
ഈ കവിതയുടെ ഉന്നവും
ഇതാ...തെറ്റിച്ചിരിക്കുന്നു.

23 അഭിപ്രായങ്ങൾ:

  1. എന്റെ ഏറ്റവും പുതിയ കവിത.ഇന്നെഴുതിയത്.

    മറുപടിഇല്ലാതാക്കൂ
  2. എങ്കിലും എല്ലാ ഉന്നങ്ങളും
    പിഴയ്ക്കുന്നതിന്റെ ചന്തം
    എനിക്ക് സ്വന്തം - നല്ല വരികള്‍.

    മറുപടിഇല്ലാതാക്കൂ
  3. ഹേയ് ഇല്ലാ ഈ എഴുത്തിന്റെ ഉന്നം തെറ്റിക്കാന്‍ അവനു പ്റ്റിയിട്ടില്ലാ വിഷ്ണു മാഷേ. കാളക്കണ്ണീല്‍ തന്നെ തറച്ചിട്ടുണ്ട്!

    മറുപടിഇല്ലാതാക്കൂ
  4. നല്ല വരികള്‍ വിഷ്ണു മാഷെ, രസകരമായിരിക്കുന്നു.

    ഒ.ടോ: ദേ എന്‍റെ ഏറിന്‍റെ ഉന്നവും തെറ്റി, അതു തെറ്റിച്ചത് കുറുമാനും :)

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍12/25/2006 4:09 PM

    വിഷ്ണു മാഷെ..
    എന്നോട് ക്ഷമിക്കുക.
    എനിക്ക് ദാ ഈ വരികള്‍ മാത്രമേ ഇഷ്ടപ്പെട്ടുള്ളു.

    “എല്ലാ ഉന്നങ്ങളും ശരിയാണെങ്കില്‍
    ഏറുകള്‍ക്കെന്ത് ചന്തം?
    എങ്കിലും എല്ലാ ഉന്നങ്ങളും
    പിഴയ്ക്കുന്നതിന്റെ ചന്തം
    എനിക്ക് സ്വന്തം.

    ഉന്നം തെറ്റിക്കുന്ന ഒരുവന്‍
    ഇപ്പോഴും എന്റെ ഉള്ളില്‍ ഒളിച്ചിരിപ്പാണ്”

    എങ്കിലും ഈ കവിതയില്‍ താങ്കളുടെ ഉന്നം തെറ്റി പ്പോയീന്ന് ഞാന്‍പറഞ്ഞാല്‍ പിണങ്ങുമോ? താങ്കളുടെ ചില നല്ല കവിതകള്‍ എനിക്ക് ഇഷ്ടമാണ്. അത്രയും ശക്തമായില്ല ഈ കവിത എന്ന് എനിക്ക് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ഇരിങ്ങല്‍ ,താങ്കള്‍ക്ക് തോന്നുന്നത് തന്നെ പറയൂ.അതിന് ഞാനെന്തിന് പിണങ്ങണം.എഴുത്തിനെ മെച്ചപ്പെടുത്താന്‍ അത് ഉതകിയെങ്കിലോ...?

    മറുപടിഇല്ലാതാക്കൂ
  7. എല്ലാ ഉന്നങ്ങളും ശരിയാണെങ്കില്‍
    ഏറുകള്‍ക്കെന്ത് ചന്തം?

    :) അതു കറക്റ്റ്.

    എങ്കിലും എല്ലാ ഉന്നങ്ങളും
    പിഴയ്ക്കുന്നതിന്റെ ചന്തം
    എനിക്ക് സ്വന്തം.

    ഫൌള്‍. അങ്ങിനെ പറയലില്ല!

    എല്ലാ ഉന്നങ്ങളും
    പിഴക്കാതിരിക്കുന്നതിന്റെ ചന്തം
    എനിക്ക് സ്വന്തം
    കാരണം
    കൊണ്ടയിടമാണെന്റെ ഉന്നം!

    പ്രിയ വിഷ്ണു പ്രസാദ്, കവിതകളെ പരിചയമായി വരുന്നേ ഉള്ളൂ. വളരെ ഇഷ്ടപ്പെട്ടു .

    മറുപടിഇല്ലാതാക്കൂ
  8. ഉന്നങ്ങളെ തെറ്റിക്കുന്നവന്റെ
    ഉന്നമെന്തെന്ന്
    ഉന്നയിക്കാന്‍ പോലും നിവൃത്തിയില്ല
    പലപ്പോഴും പറയാന്‍ ശ്രമിക്കുന്നതു് പറഞ്ഞു കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞതും പറയാനുദ്ധേശിച്ചിരുന്നതും തെറ്റി മാറിയതു കാണുമ്പോള്‍ ഉന്നം തെറ്റിക്കുന്നവനെ മറ്റൊരു കാഴ്ച്ചപ്പാടിലൂടെ ഞാനും കാണാന്‍ ശ്രമിക്കാറുണ്ടായിരുന്നു.
    ഉന്നം തെറ്റിക്കുന്ന ഒരുവന്‍
    ഇപ്പോഴും എന്റെ ഉള്ളില്‍ ഒളിച്ചിരിപ്പാണ് എന്നുള്ള ദര്‍ശനം എനിക്കാശ്വാസം നല്‍കുന്നു.ചിന്തോദ്ദീപകം വിഷ്ണുജീ.

    മറുപടിഇല്ലാതാക്കൂ
  9. വിഷ്ണു മാഷേ, കവിത ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  10. മനോഹരം എന്ന് മാത്രമേ എനിക്ക് പറയാനറിയൂ,

    സത്യമായിട്ടും ആ ഭാവനയോട്, വാക്കുകളൊട് എനിക്കസൂയ തോന്നുന്നു.

    അവസാനം പക്ഷെ വേണ്ടായിരുന്നു എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  11. എന്റേതായ നിലയില്‍ വായിച്ച് ആസ്വദിച്ചുയെന്ന് അറിയിക്കുന്നു.

    qw_er_ty

    മറുപടിഇല്ലാതാക്കൂ
  12. അവസാനത്തെ
    വരിയിലാണ്
    എറിഞ്ഞു കൊള്ളിച്ചത്.

    നല്ല കാണിയുണ്ട്
    ഇത്രമുതിര്‍ന്നിട്ടും എന്നതിലാ
    എന്‍റെ നോട്ടം

    മറുപടിഇല്ലാതാക്കൂ
  13. വായിച്ചു. ഒരുപാടിഷ്ടമായി.....

    മറുപടിഇല്ലാതാക്കൂ
  14. വിഷ്ണൂ, കവിത ഇഷ്ടമായി. അവസാനത്തെ രണ്ട് വരി ഒഴിവാക്കാമായിരുന്നില്ലേ?

    മറുപടിഇല്ലാതാക്കൂ
  15. എഴുത്തുകാരന്റെ ആശയത്തെ പ്രകാശിപ്പിക്കാന്‍ അവന്റെ വാക്കുകള്‍ക്ക് കഴിയാതെ വരുമ്പോള്‍ അവന്റെ ഉന്നം തെറ്റുന്നു.ഉന്നം തെറ്റുന്നത് എന്തു കൊണ്ടാണ്.ഏകാഗ്രതയില്ലായ്മ.പാകം വന്ന വാക്കുകളുടെ അപര്യാപ്തത.ആശയ ദാരിദ്രവും അതില്‍ കൂട്ടാം.അപ്പോള്‍ പിന്നെ എഴുത്തുകാരന്റെ പ്രസക്തി നഷ്ടപ്പെടുന്നു.
    എന്തായാലും വിഷ്ണുവിന് ഇടക്കൊന്ന് ഉന്നം തെറ്റി.പിന്നത്തെയേറില്‍ അത് കുറിക്ക് കൊണ്ട്.ആ‍ ഉന്നം വെച്ചുള്ള ഏറില്‍ ഞാനിതാ വീണു കിടക്കുന്നു.

    ഓ:ടോ:ഒരു കവിതയില്‍ അല്ലെങ്കില്‍ ഒരു പ്രസ്താവനയില്‍ ചിഹ്നങ്ങള്‍ക്കെന്താണ് പ്രസക്തി? പല പുതു കവിതകളും,കവികളും ചിഹ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു.അത് ഭാഷയുടെ പരാജയം ആണൊ?വിഷ്ണു ഒരു അദ്ധ്യാപകന്‍.ഞാനൊരു വിദ്യാര്‍ത്ഥി.ഉത്തരത്തിനായി കാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  16. ഇസ്തിരിയിടാത്ത ഷര്‍ട്ടും വടിവില്ലാത്ത അക്ഷരങ്ങളുമായി ഒരാള്‍ ബാല്യ കൌതുകങ്ങളും കുസൃതിയുമായി നടന്നു പോകുന്നെങ്കില്‍ ചിത്രകാരന്‍ അയാളെ മനസാ നമിക്കും. കാരണം മനുക്ഷ്യ മനസിന്റെ നിര്‍മല രൂപമാണത്‌. അവനില്‍ അനന്തമായ ബുദ്ധിയും, ബാലിശമായ ഒരു കോമാളിയുടെതെന്ന് ലോകം വിലയിരുത്തുന്ന ചാപല്യങ്ങളും ഒരുപോലെ മേളിച്ചിരിക്കുന്നു. മലയാളത്തില്‍ പി. കുഞ്ഞിരാമന്‍നായരുടെ ജീവിത വഴികള്‍ ശ്രദ്ധിച്ചവര്‍ക്ക്‌ അവനെ വേഗം മനസിലാകും. ഒരു നിര്‍മലമനസിനുടമയാകുക എന്നത്‌ സാധാരണക്കാരന്റെ ലോകത്തിലെ കുബേരനായ ബില്‍ഗേറ്റിനെ നിസ്സാരനാക്കുന്ന ബോധതലമാണ്‌. അയാള്‍ക്കുമുന്നില്‍ സബന്നന്‍ ഒരു ഗര്‍ത്തവും സാര്‍വലൌകികമായ സ്നേഹം പ്രപഞ്ചത്തിന്റെ കൊടുമുടിയുമാണ്‌. ഈ രണ്ടു ധ്രുവങ്ങള്‍ക്കിടയില്‍ ഒരു കവി അനുഭവിക്കുന്ന മാനസികമായ ചാഞ്ചല്യമാണ്‌ വിഷ്ണുപ്രസാദിന്റെ വിരുദ്ധ ഉന്നങ്ങളുടെ കാതല്‍ എന്ന് ചിത്രകാരന്‍ അനുമാനിക്കുന്നു. വിഷ്ണുപ്രസാദ്‌ തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ ?

    "ഉന്നങ്ങളെ തെറ്റിക്കുന്നവന്റെ
    ഉന്നമെന്തെന്ന്
    ഉന്നയിക്കാന്‍ പോലും നിവൃത്തിയില്ല"

    പ്രാസത്തിനുവേണ്ടി ചേര്‍ത്തിരിക്കുന്ന 'ഉന്നയിക്കാന്‍' എന്ന വാക്കിനേക്കാളും 'ഊഹിക്കാന്‍' എന്ന വാക്ക്‌ കൂടുതല്‍ യോജിക്കുമെന്നു തോന്നുന്നു.ചിത്രകാരന്റെ അക്രമം പൊറുക്കുക.

    മറുപടിഇല്ലാതാക്കൂ
  17. അനംഗാരി പറഞ്ഞിരിക്കുന്നത്‌ അക്ഷരങ്ങളുടെയും, വാക്കുകളുടെയും, ആശയങ്ങളുടെയും സങ്കേതിക പ്രശ്നങ്ങളെക്കുറിച്ചാണ്‌. അത്‌ കവിയുടെ ഹൃദയത്തിലേക്കുള്ള തീര്‍ത്ഥ്യാത്രയായി വളരട്ടെ... വഴി പ്രശ്നമാകില്ല.... !!

    മറുപടിഇല്ലാതാക്കൂ
  18. എല്ലാ ബൂലോകര്‍ക്കും നവവത്സരാശംസകള്‍ .കവിത വായിച്ച് അഭിപ്രായമെഴുതിയ എല്ലാ സ്നേഹിതര്‍ക്കും നന്ദി.അനംഗാരിയേട്ടാ, ഞാന്‍ ഒരു പൊട്ട മാഷാണ് .നന്നാവാന്‍ ശ്രമിക്കുന്നുണ്ട്.എനിക്ക് വ്യാകരണം പിടിയില്ല.ഭാഷയുംവേണ്ടത്ര വശമായിട്ടുണ്ടെന്ന് തോന്നിയിട്ടില്ല.എങ്കിലും എഴുതുകയാണ്...എന്തൊക്കെയോ...?
    ‘എഴുതല്ലേ...’ എന്നു മാത്രം പറയരുത്.
    വര്‍ഷങ്ങളുടെ നിശ്ശബ്ദദ്തയോട് ഞാനൊന്ന് പ്രതികാരം വീട്ടിക്കോട്ടെ.നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും മാത്രമേ എന്നെ മുന്നോട്ടു കൊണ്ടുപോവൂ.തെറ്റുകള്‍ ചൂണ്ടിക്കാണിക്കൂ.
    എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്
    തിരുത്താന്‍ ശ്രമിക്കാം.
    ഓ.ടോ:ഞാന്‍ ബി.എസ്.എന്‍.എല്ലിന്റെ കണക്ഷന്‍ നേടി.

    മറുപടിഇല്ലാതാക്കൂ
  19. വിഷ്ണുവേ..ഇത് ഇപ്പോഴാ കണ്ടത്.എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു.എന്റെ കമന്റ് പൂര്‍ണ്ണമായി മനസ്സിരുത്തി വായിക്കൂ.എന്റ് ഓ:ടോ:യും.എന്നിട്ട് എനിക്ക് ഒരു മറുപടി തരൂ.ഇതൊരു നല്ല ചര്‍ച്ചയാവണം.അതെ ഞാനിപ്പോഴും വിദ്യാര്‍ത്ഥി തന്നെ.

    ഓ:ടോ:ഒരു വരി കവിതയെഴുതിയാലും, നൂറ് വരി കവിതയെഴുതിയാലും, കവിതയില്‍ വാക്കുകളും, അര്‍ത്ഥങ്ങളും, ചിഹ്നങ്ങള്‍ ഇല്ലാത്തതു മൂലവും, തെറ്റായ വശത്ത് ചിഹ്നങ്ങള്‍ വരുന്നതു മൂലവും മാറിപ്പോകാറുണ്ട്.പല ബൂലോഗ കവികളും, ചിഹ്നങ്ങളെ തെറ്റായി രേഖപ്പെടുത്തുകയോ, ചിഹ്നങ്ങള്‍ രേഖപ്പെടുത്താതെയിരിക്കുകയോ ചെയ്യുന്നു എന്നാണ് ഞാന്‍ പറഞ്ഞത്.

    മറുപടിഇല്ലാതാക്കൂ
  20. കവിത വായിച്ചു.പല വരികളും നന്നാ‍യെങ്കിലും ഒന്നുകൂടെ മുറുക്കാമായിരുന്നു എന്നു തോന്നി

    മറുപടിഇല്ലാതാക്കൂ
  21. മാഷേ. ഉന്നം ശരിക്കും നന്നായിട്ടുണ്ട്‌. ഒരു പാടു കീറി മുറിച്ചുള്ള അപഗ്രഥനം ഒന്നും അതിനു ആവശ്യമില്ല. എന്താണോ അതു convey‌ ചെയ്യണം എന്നു മാഷുദ്ദ്യേശിച്ചതു അതു നടക്കുന്നുണ്ട്‌.ഈ ദ്വന്ദ്വം മിക്കപ്പോഴും നമ്മുടെയൊക്കെ മനസ്സില്‍ എന്നും ഉള്ളതാ.അതു നന്നായി എഴുതി ഫലിപ്പിക്കാന്‍ മാഷിനു കഴിഞ്ഞു. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ