തുണിമില്ലുകളുടെ നഗരം പറഞ്ഞു:
‘എന്നെക്കുറിച്ചൊരു കവിതയെഴുതണം.’
മധുരബീഡ മുറുക്കി ഞാന്‍ പറഞ്ഞു:
‘എന്തിന്,എനിക്ക് നിന്നെ ഇഷ്ടമല്ലല്ലോ.
നിന്റെ ഓടകളുടെ രക്തപര്യയന വ്യവസ്ഥയും
കേബിളുകളുടെ നാഡീ വ്യവസ്ഥയും
എനിക്ക് സഹിക്കുന്നില്ല...’
ബള്‍ബുകളുടെ ആയിരം കണ്ണ് തുറന്ന് നഗരം പറഞ്ഞു:
‘നിന്റെ മിത്രങ്ങള്‍ക്ക് ഞാന്‍
പണിയും പണവും നല്‍കുന്നില്ലേ...?’
ഒരു പെഗ്ഗ് ഹണീബീ കൊണ്ട്
തൊണ്ട നനച്ച് ഞാന്‍ രോഷം കൊണ്ടു :
‘നീ അവരുടെ ജീവിതം തട്ടിപ്പറിച്ചു.
അവരിവിടെ മരിക്കുന്നു,ഞങ്ങള്‍
അവിടെ ജീവിക്കുന്നു...
നീ കൊടുക്കുന്നതൊക്കെ
നീ തന്നെ പിടുങ്ങുന്നു.
നിനക്ക് വായ മൂന്നാണെന്ന്
അവര്‍ കണ്ടുപിടിച്ചു:
നിന്റെ മധുശാലകള്‍,
നിന്റെ സിനിമാശാലകള്‍,
നിന്റെ പെണ്ണുങ്ങള്‍ .
ഈ മൂന്നു വായയിലും
എന്റെ ചങ്ങാതികളെ
നീ കുടുക്കി...
എന്നെങ്കിലും ചവച്ചുചവച്ച്
നീയവരെ തുപ്പും.
ഈ ഭൂമിമലയാളത്തില്‍
ആ ചണ്ടിപണ്ടാരങ്ങള്‍
പിന്നെന്തുചെയ്യുമോ...ആവോ...?’
അര്‍ബ്ബുദം പിടിച്ച വഴിയോരങ്ങള്‍
പറഞ്ഞു:‘അടങ്ങ് ഒരു ചായ കുടിക്കാം.’
‘ഈച്ചപ്പട കാവലുള്ള നിന്റെ ചായ
എനിക്കു വേണ്ട.’ ഞാന്‍ മുഷിഞ്ഞു.
‘മനുഷ്യത്തീട്ടം നിറഞ്ഞ നിന്റെ വഴികള്‍ കണ്ട്
എന്റെ മനം പിരട്ടി.
കൊതുകുകള്‍ കൊണ്ടൊരു പുതപ്പ് തന്ന്
നീയെന്റെ ഉറക്കം കെടുത്തി.
പൊടിയും ദുര്‍ഗന്ധവും പേറി
എന്റെ മൂക്കിന്റെ പാലം പൊട്ടി.
നീ തൂറാന്‍ ഇടം കൊടുത്തവര്‍ക്ക്
അമ്മയില്ല, മക്കളില്ല...
അവര്‍ ആരെയൊക്കെയോ പ്രാപിക്കുന്നു.
എത്രയോ കുഞ്ഞുങ്ങള്‍ അലസിപ്പോവുന്നു...
നിന്റെ മൂത്രപ്പുരയിലും
നിന്റെ പെണ്ണുങ്ങളിലും ഒരേ പോലെ
അവര്‍ കയറിയിറങ്ങുന്നു.
മനം പിരട്ടുമ്പോള്‍ അവര്‍
ബ്രാണ്ടിഷാപ്പിലേക്കോടുന്നു...
ഉല്‍കൃഷ്ടവികാരങ്ങള്‍ ഉണ്ടോ
എന്ന മെഡിക്കല്‍ ചെക്കപ്പിന്
തീയേറ്ററുകളിലേക്കോടുന്നു...
രാത്രിയും പകലുമില്ലാത്ത നിന്റെ
മക്കള്‍ ,പാവങ്ങള്‍ ....!’
‘കട കടാ...’എന്ന് മില്ലുകളുടെ
കടലായ നീ അപ്പോഴും മിടിച്ചുകൊണ്ടിരുന്നു.
ലോകത്തെ ഉടുപ്പിടുവിക്കാന്‍ നീ
നിന്റെ മക്കളുടെ അടിവസ്ത്രങ്ങള്‍
കീറുന്നതെന്തിന്?
എന്റെ സംശയത്തിനു നേരെ നീ
ആയിരം കുഴലുകളിലൂടെ
പുകയും വിഷവെള്ളവും തുപ്പി.
എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് സമര്‍പ്പിക്കുന്നു.
മറുപടിഇല്ലാതാക്കൂവിഷ്ണുവേട്ടാ,
മറുപടിഇല്ലാതാക്കൂവരികളുടെയും ആശയത്തിന്റേയും ഫ്ലോ എനിയ്ക്കിഷ്ടമായി. അവസാനിപ്പിച്ച രീതി ഒന്നും കൂടി നന്നാക്കാമായിരുന്നില്ലെ എന്നൊരും സംശയം അല്ലെങ്കില്‍ ഒരു പഞ്ച് ലൈനിനുള്ള ഗ്യാപ്പില്ലേ എന്ന് സംശയം.
മൊത്തത്തില്‍ ഇത് എനിയ്ക്ക് നന്നായി തോന്നി.
വിഷ്ണുപ്രസാദേ, തിരുപ്പൂര്‍ പോയിവന്ന പ്രതീതിയായി. ഇതു സത്യം തന്നെയോ ? ചിത്രകാരന്‍ തിരുപ്പൂരു പോയിട്ടില്ല. ആഖ്യാനം നന്നായി.
മറുപടിഇല്ലാതാക്കൂദില്ബൂ, പറഞ്ഞത് ശരിയാണ്.അവസാനം ശരിയായിട്ടില്ല.കുറച്ചുകാലം മുന്‍പ് എഴുതിയതാണ്. അവസാനഭാഗം ശരിയാക്കണമെന്ന് തോന്നുകയും ചെയ്തൂ,പക്ഷേ,ചെയ്തില്ല.ഉദാസീനത തന്നെ.ചിത്രകാരാ,എല്ലാം സത്യങ്ങള്‍ തന്നെ.
മറുപടിഇല്ലാതാക്കൂകവിത വായിച്ചപ്പോള്‍ത്തന്നെ വിഷമം തോന്നുന്നു. അപ്പോള്‍ അവിടെ പോയി നേരിട്ടു ഇതെല്ലാം കണ്ടാല്‍ ഹൃദയം പൊടിഞ്ഞു പോകും.. എന്തു തന്നെയായാലും കവിത നന്നായിട്ടുണ്ട് ട്ടോ വിഷ്ണു..
മറുപടിഇല്ലാതാക്കൂതാങ്കളുടെ വരികളിലൂടെ തിരുപ്പൂര്‍ എന്ന സ്ഥലം കണ്ടറിഞ്ഞു. :)
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവിഷ്ണു, തിരുപ്പൂരിലുള്ള ആരെയെങ്കിലും തപ്പിപ്പിടിച്ച് തനിക്കെതിരെ കേസ് കൊടുപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം. :-)
മറുപടിഇല്ലാതാക്കൂകവിത പതിവു പോലെ വിഷ്ണുപ്രസാദത്താല്‍ സമ്പന്നം.
ഓ.ടോ.: അപ്പോള്‍ തിരുപ്പൂരില്‍ ആവശ്യമില്ലാത്ത കാഴ്ചകളൊക്കെ നടന്നു കണ്ടു, അല്ലേ? ഇതെല്ലാം തേവൈയാ?
വിഷ്ണൂ, ഇത് താങ്കള്‍ പറഞ്ഞത് പോലെ തന്നെ “തമസ്കരിക്കപ്പെട്ടവന്റെ വാങ്മയ”മാകുന്നു. അഭിനന്ദനങള്‍.
മറുപടിഇല്ലാതാക്കൂവിഷ്ണു, എനിക്കിഷ്ടമായി.
മറുപടിഇല്ലാതാക്കൂഅപ്പൊ അദ്ദാണ് തിരുപ്പൂര്‍!!!
മറുപടിഇല്ലാതാക്കൂവിഷ്ണുജീ,
മറുപടിഇല്ലാതാക്കൂതിരുപ്പൂര് വായിച്ചറിഞ്ഞു.
ലോകത്തെ ഉടുപ്പിടുവിക്കാന്‍ നീ
നിന്റെ മക്കളുടെ അടിവസ്ത്രങ്ങള്‍
കീറുന്നതെന്തിന്?
ഈ വരികളെ കൂടുതല്‍ ഇഷ്ടപ്പെട്ടു.
വിമതാ ഇതു നമ്മുടെ ദുബായിയെ കുറിച്ചുള്ള കവിതയല്ലേ? ഇവിടെ അഴുക്കുള്ള ഓടകളുണ്ടാവില്ല, കൊതുകുകളെ പെറ്റുകൂട്ടുന്ന മാലിന്യക്കൂമ്പാരം കാണില്ല. ഓരോ നഗരവും വ്യത്യസ്തകോലങ്ങളില്‍ വരച്ചു തീര്‍ത്തിരിക്കുന്ന കുരുതിക്കളമാണു്. പക്ഷെ ചുവപ്പെഴുതാന്‍ എപ്പോഴും ഒരു നിറം...
മറുപടിഇല്ലാതാക്കൂവിഷ്ണുമാഷേ കവിത നന്നായിരിക്കുന്നു (വികാരം കവിതയെ ചില ദുര്‍ഘടങ്ങളില്‍ വീഴ്ത്തി ക്ലേശിപ്പിക്കുന്നുണ്ടെങ്കിലും)
കവിക്ക് കവിതയില്‍ തുടക്കത്തിലുള്ള ഏകാഗ്രത നഷ്ടപ്പെട്ടിരിക്കുന്നു. ആയതിനാല്‍
മറുപടിഇല്ലാതാക്കൂകവിത ‘ക്ലേശങ്ങളില്‍’ പെട്ട് ഉഴലുന്നു. വായനയില്‍ പഴമ മണക്കുന്നു.
എന്നിട്ടും കവിയുടെ ആത്മാര്‍ത്ഥതയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.
ആദ്യമായി കമന്‍ റിയതു തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു. കവി പറഞ്ഞതു പോലെ എഴുതി കഴിഞ്ഞാല്‍ പിന്നെ എടുത്തുമാറ്റുവാന്‍ വേദനയാണ്.
ആയതിനാല്‍
തിരുത്തിയില്ല.
വിഷ്ണുമാഷെ, കവിത നന്നായി.
മറുപടിഇല്ലാതാക്കൂ-സുല്‍
വിഷ്ണു എഴുതിയത്:
മറുപടിഇല്ലാതാക്കൂ“എന്റെ ചങ്ങാതികളെ
നീ കുടുക്കി...
എന്നെങ്കിലും ചവച്ചുചവച്ച്
നീയവരെ തുപ്പും.
ഈ ഭൂമിമലയാളത്തില്‍
ആ ചണ്ടിപണ്ടാരങ്ങള്‍
പിന്നെന്തുചെയ്യുമോ...ആവോ...?’”
പെരിങൊടരേ, താങ്കള്‍ പറഞ്ഞത് ശരി തന്നെ. ദുബൈയും അതേ നിറത്തിലെഴുതിയ മറ്റൊരു കോലം തന്നെ.
പെരിങ്ങോടാ, വിമതാ, നിങ്ങള്‍ പറഞ്ഞത് വാസ്തവം. എല്ലാ നഗരങ്ങള്‍ക്കും ഇത്തരം നിറങ്ങളുണ്ട്.
മറുപടിഇല്ലാതാക്കൂതിരുപ്പൂരിന്റെ കാര്യം പറയാം. മദ്യഷാപ്പിലും സിനിമാ തീയെറ്ററിലുമൊക്കെ പോകാന്‍ കഴിയുന്ന പുരുഷന്മാര്‍ താരതമ്യേന ഭാഗ്യവാന്മാര്‍. ഭര്‍ത്താവിനെയും കുഞ്ഞിനെയുമൊക്കെ പിരിഞ്ഞ് അവിടെപ്പോയി തുച്ഛശമ്പളത്തിന് കഠിനാദ്ധ്വാനം ചെയ്യുന്ന സ്ത്രീകളുമുണ്ട്.
വൈകാരികത മാറ്റിവച്ച് തിരുപ്പൂരിനെ നോക്കിയാല്‍ വിഷ്ണുവിന്റെ എഴുത്തിന്റെ നിറമല്‌പം കടുത്തുപോയെന്ന് പറയേണ്ടി വരും. പക്ഷേ കവിതയില്‍ 'തിരുപ്പൂരെ'ന്ന വാക്ക് ഒരു ടിപ്പിക്കല്‍ വ്യാവസായികനഗരത്തിന്റെ പ്രതീകമെന്ന നിലയ്ക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നതിനാല്‍ അതില്‍ തെറ്റില്ല താനും.
വിഷ്ണൂ, ഇത് ഞാന്‍ കണ്ടിട്ടുള്ള എല്ലാ നഗരങ്ങളുടെയും ഒരു പൊതു സ്വത്വമാണ്. തിരുപ്പൂര്‍ കാണ്ടിട്ടില്ലെങ്കിലും 'കവിതയിലൂടെ' അനുഭവിച്ചു. നഗരം വിഴുങ്ങുന്ന മനുഷ്യനെപ്പറ്റി നമുക്കൊക്കെ വിലപിക്കാമെന്നല്ലാതെ അത് ഒഴിവാക്കാനാവുകയില്ലല്ലോ? ഒടുക്കത്തില്‍, ഒന്നുകൂടി കെട്ടിമുറുക്കിയാല്‍ തിക്ഷ്ണതയെ പ്രാപിക്കമെന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂവിഷ്ണുമാഷെ,
മറുപടിഇല്ലാതാക്കൂതിരുപ്പൂരിനെക്കുറിച്ചുള്ള കവിത വായിച്ചു.
തിരുപ്പൂര്‍ എന്ന കവിതയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുള്ള അവകാശം ഞാന്‍ ഏറ്റെടുത്തുകൊള്ളട്ടെ. കാരണം ഇതുവരെ അഭിപ്രായം പറഞ്ഞ ബ്ലോഗറന്മാര്‍ ആരും തന്നെ തിരുപ്പൂരില്‍ പോയിട്ടുള്ളവരോ തിരുപ്പൂര്‍ കണ്ടിട്ടുള്ളവരോ അല്ല. എന്നാല്‍ തിരുപ്പൂരില്‍ മൂന്നുവര്‍ഷക്കാലം ജീവിതം അനുഭവിച്ചിട്ടുള്ളവനാണ് ഞാന്‍. എത്രയൊക്കെ കഷ്ടതകള്‍ നിറഞ്ഞതെങ്കിലും എന്നെ ജീവിതം പഠിപ്പിച്ചത് തിരുപ്പൂരാണ്. അതുകൊണ്ടുതന്നെ അതിന്റെ വരണ്ട കാറ്റിനോടും ഉപ്പുവെള്ളത്തിനോടും മില്ലുകളുടെ ബഹളത്തിനോടും എന്തോ ഒരു ഗൃഹാതുരത്വസ്നേഹമുണ്ട്. കവിതയില്‍ പറഞ്ഞിരിക്കുന്നതൊക്കെ അച്ചീട്ട് കാര്യങ്ങള്‍. ജമന്തിപ്പൂമണത്തെക്കുറിച്ചും കാളവണ്ടികളും സൈക്കിളുകളും ലക്‌സസ് കാറുകളും ഇണചേര്‍ന്നുപോകുന്ന പാതകളെക്കുറിച്ചും തിരുപൂരിനെ രണ്ടായി പകുത്തുപോകുന്ന റെയില്‍ വേ പാതയെക്കുറുച്ചും കൂടി പറയാമായിരുന്നു. നമ്മളെ അടിവസ്‌ത്രമിടുവിക്കുക മാത്രമല്ല മറ്റേതു ഇന്ത്യന്‍ നഗരം പോലെയും തിരുപ്പൂരും ധാരളാം മലയാളികളെ തീറ്റിപ്പോറ്റുന്നുണ്ട്, അങ്ങനെയാണ് രാജ് പറഞ്ഞതുപോലെ അത് ദുബയ്‌ക്ക് സമാനമാകുന്നത്. തിരുപ്പൂരിനും നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം തിരുപ്പൂര്‍ ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ച കവിയ്ക്കും മുന്നില്‍ വിനയപൂര്‍വ്വം.
മറുപടിഇല്ലാതാക്കൂവിഷ്ണു മാഷേ: കവിതയുടെ ഉള്ളടക്കം നന്നായി. പണക്കൊഴുപ്പും പുറംമോഡിയും കാണാതെ പച്ചയായ കാര്യങ്ങള്‍ എഴുതിയതിന്.. മറ്റു വ്യവസായ നഗരങ്ങളുടെ കാര്യവും ഇതില്‍നിന്നും വ്യത്യസ്തമല്ലല്ലോ.. തിരുപ്പൂരിനെ ഒരു മാതൃകയാക്കിയതാണോ...പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ കാണുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍..
മറുപടിഇല്ലാതാക്കൂകൃഷ് | krish
വായിച്ചിട്ട് മനസ്സിലായ ഒരു കവിത. പെരിങ്ങോടന്‍ പറഞ്ഞതുപോലെ ഏതൊരു വ്യാവസായിക നഗരത്തിന്റെയും സ്ഥിതി ഇതൊക്കെ തന്നെയെന്ന് തോന്നുന്നു-ചിലയിടങ്ങളില്‍ കവിതയില്‍ പറഞ്ഞിരിക്കുന്നതുപോലെ പച്ചയായി, ചിലയിടങ്ങളില്‍ അല്ലറ ചില്ലറ മുഖംമൂടികളോട് കൂടി.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.
പ്രിയപ്പെട്ട ബെന്യാമിന്‍ , തിരുപ്പൂരില്‍ ജീവിച്ച ഒരു മലയാളിയെന്ന് പരിചയപ്പെടുത്തിയതിനും എന്റെ ഈ പൊട്ടക്കവിത വായിച്ചതിനും നന്ദി.എന്റെ ഒരു പാട് കൂട്ടുകാര്‍ തിരുപ്പൂരില്‍ കുറേക്കാലം ജോലിചെയ്തിരുന്നു.ഇപ്പോഴും ചിലരുണ്ട്.അവരെ കാണുന്നതിന് ഞാന്‍ ഇടയ്ക്കിടെ തിരുപ്പൂരില്‍ പോവാറുണ്ടായിരുന്നു.ഒറ്റ ദിവസമൊക്കെ നീണ്ടു നില്‍ക്കുന്ന ചില ഹ്രസ്വ സന്ദര്‍ശനങ്ങള്‍ മാത്രമായിരുന്നു അവയിലധികവും.എന്റെ ചങ്ങാതിമാരുടെ ജീവിതങ്ങളിലൂടെയാണ് ഞാന്‍ തിരുപ്പൂരിനെ വായിച്ചത്.ഏറെയൊന്നും പറയാന്‍ ഇക്കാര്യത്തില്‍ താങ്കള്‍ക്കുള്ള അനുഭവസമ്പത്ത് എനിക്കുണ്ടായിരുന്നില്ല
മറുപടിഇല്ലാതാക്കൂqw_er_ty
ബെന്യാമിന്‍ ,
മറുപടിഇല്ലാതാക്കൂഇതില് കമന്‍റെഴുതിയ അധികമാളുകളും തിരൂരിനെ ഒരു പ്രതീകമായി കണ്ടു കൊണ്ടു തന്നെയാണു് എഴുതിയതു്. ഏതൊരു വ്യാവസായിക നഗരത്തിന്റെയും സ്ഥിതി ഇതൊക്കെയാണെന്നുള്ള തിരുച്ചറിവാണു് തിരൂരു കാണാത്തവര്ക്കും അനുഭവ രസം പകര്‍ന്നതു് എന്നു തോന്നുന്നു.
ബെന്യാമിന്‍, ഒരു ചെറിയ തിരുത്ത്. അഭിപ്രായം പറഞ്ഞ ബ്ലോഗര്‍മാരില്‍ ഒരാളായ ഞാന്‍ കോയമ്പത്തൂരിലാണ്. തിരുപ്പൂരിനെക്കുറിച്ച് അത്യാവശ്യം അറിയാം. അവിടെ നിന്ന് ഇന്ത്യാക്കാരന് വേണ്ടി അടിവസ്ത്രവും സായിപ്പിനിടാന്‍ ടീ ഷര്‍ട്ടുമൊക്കെ ഉണ്ടാക്കുന്ന ഒരു 'പെരിയ' കമ്പനിക്ക് വേണ്ടി പരസ്യം ചെയ്തിട്ടുമുണ്ട്. അതു കൊണ്ട് തന്നെ ബെന്യാമിന്റെ കമന്റ് ആസ്വദിച്ചു വായിച്ചു. അതിനോട് യോജിക്കുന്നു.
മറുപടിഇല്ലാതാക്കൂവിഷ്ണു ഒരു വശത്തെക്കുറിച്ച് മാത്രം കടും വര്‍ണ്ണത്തില്‍ എഴുതിയതാണെന്നറിയാം. ആ നഗരത്തെ അത്തരമൊരെഴുത്തിനുള്ള പശ്ചാത്തലമാക്കി മാത്രം എടുത്തതാണെന്നും. അതു കൊണ്ടാണ് മറുവശത്തെക്കുറുച്ച് ഒന്നും മിണ്ടാതിരുന്നത്.
എങ്കിലും തിരുപ്പൂരെന്നാല്‍ കവിതയില്‍ മാത്രം കാണുന്ന സംഗതികളാണെന്ന് ആരെങ്കിലുമൊക്കെ കരുതുമോയെന്ന് നേരിയ വ്യസനവും തോന്നിയെന്നത് സത്യം. ബെന്യാമിന്റെ കമന്റ് വന്നപ്പോള്‍ അതിനൊരാശ്വാസവുമായി.
വേണുജീ,ഒരു ചെറിയ തെറ്റുപറ്റിയിട്ടുണ്ട്.തിരൂരല്ല,തിരുപ്പൂരാണ്.പെട്ടെന്ന് ടൈപ്പുചെയ്തപ്പോള്‍ തെറ്റിയതാവും ല്ലേ...സാരമില്ല.
മറുപടിഇല്ലാതാക്കൂqw_er_ty
വിഷ്ണു,
മറുപടിഇല്ലാതാക്കൂഞാന് തിരുപൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. - 16 വര്‍ഷങ്ങള്‍ക്കു മുമ്പെ. എന്നു ആ നഗരം ഇങ്ങനെയായൊ?
എന്തായാലും, നല്ല കവിത. ഇഷ്ടപെട്ടു.
കവിത എന്നല്ല എന്റെ ഇതര രചനകളും നേരിട്ടിട്ടുള്ള ഒരാരോപണമാണ് വൈകാരികത അളവില്‍ കൂടി എന്നുള്ളത്.ഈ ആരോപണം സത്യം തന്നെയാവാം.പക്ഷേ,എനിക്ക് അതൊരിക്കലും ബോധ്യപ്പെടാറില്ല,ഇപ്പോഴും അങ്ങനെ തന്നെ.അതേസമയം ദില്‍ബു പറഞ്ഞത് എനിക്കും തോന്നിയകാര്യമാണ്.ഞാനതിനോട് 100% യോജിക്കുകയും ചെയ്തു.ഇതെന്റെ പരിമിതിയാവാം.രാജുവിന്റെ ആരോപണം കവിതയില്‍ പഴമ മണക്കുന്നുവെന്നാണ്.ഏഴെട്ടു വര്‍ഷം പഴക്കമുള്ളതാണ്.എന്നാളും ങ്ങളത് കണ്ടുപിടിച്ചല്ലോ...ഭീകരന്‍ തന്നെ.തിരുപ്പൂരിനെ ഒരു പ്രതീകമായിക്കാണാന്‍ എനിക്ക് വലിയ താത്പര്യമൊന്നുമില്ല.പെരിങ്ങോടനും ബെന്യാമിനും പരാജിതനും വക്കാരിയുമൊക്കെ പറഞ്ഞ്തുപോലെ ഏതു നഗരത്തേയും അതില്‍ കാണാന്‍ കഴിയുന്നത് ഒരേ സമയം കവിതയുടെ സാധ്യതയും പരിമിതിയുമായി പുറത്തു വരുന്നു.തിരുപ്പൂര്‍ എന്നെ സംബന്ധിച്ച് വ്യത്യസ്ഥമായ ഒരു നഗരം തന്നെയാണ്.സാധാരണക്കാരില്‍ സാധാരണക്കാരായ മലയാളികളുടെ അരാജകജീവിതത്തിന്റെ ഭയാനകമായ ജീര്‍ണതകളും ദൈന്യതകളും ഇപ്പോഴും പല കഥകളായി എന്നെ വേട്ടയാടുന്നുണ്ട്.കവിത വായിച്ച് അഭിപ്രായം സത്യസന്ധമായി കോറിയിട്ട എല്ലാ ബൂലോകര്‍ക്കും സ്നേഹവും നന്ദിയും.....
മറുപടിഇല്ലാതാക്കൂമാഷേ,
മറുപടിഇല്ലാതാക്കൂകവിതകളുടെ ഒരു വായനശാലതന്നെ ഇവിടെ തുറന്നിരിക്കുന്നു. ഞാന്‍ വല്ലാതെ വൈകി. പലതും വായിക്കാനിരിക്കുന്നതേയുള്ളൂ. വായിച്ചതില്‍ പലതും പച്ചയായ ഭാഷയുടെ ഊര്‍ജ്ജം കൊണ്ടും, ആശയങ്ങളുടെ മൂര്‍ച്ചകൊണ്ടും വേറിട്ടു നില്‍ക്കുന്നു.
തിരുപ്പൂര്‍ എന്ന കവിത ഇഷ്ടപ്പെട്ടു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
വിഷ്ണൂ, മറ്റു കവിതകളില്‍ നിന്ന് ഇത് വ്യത്യസ്ഥമായി നില്‍ക്കുന്നു.കാരണം ഇത് കവിതയായി കാണാന്‍ എനിക്ക് കഴിയാത്തതു കൊണ്ട് തന്നെ. തിരുപ്പൂരോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു നഗരത്തിന്റെയോ ഒരു കണ്ണാടി...ഞാന്‍ ഇതിനെ ഓര്‍മ്മകുറിപ്പൊന്നൊ അല്ലെങ്കില്‍ ചിത്രവധം ചെയ്യപ്പെട്ട തിരുപ്പൂരെന്നോ ഒക്കെ വിളിക്കട്ടെ.
മറുപടിഇല്ലാതാക്കൂഓ:ടോ:പാപി ഈണമിട്ട് വെച്ചിരിക്കുന്നു.ഒരു ഇ-മെയില്‍ അയക്കാമോ?
വിഷ്ണു, ഈ കവിതയില്‍ വൈകാരികതയുടെ അളവ് കൂടുതലുണ്ടെന്ന് ആരോപിച്ചയാള്‍ ഞാനാണോ? അങ്ങനെ തോന്നിയോ?
മറുപടിഇല്ലാതാക്കൂഹരീ,താങ്കള്‍ അങ്ങനെ ആരോപിച്ചുവെന്ന് പറഞ്ഞിട്ടില്ല.എവിടെയാണ് വൈകാരികത കൂടിയതെന്ന് കണ്ടെത്താനാവുന്നില്ലെന്ന എന്റ്റെ പരിമിതി പങ്കു വെക്കുകയാണ് ചെയ്തത്.
മറുപടിഇല്ലാതാക്കൂread it just now. it's a 10-year old poem. so, don't know if the realities are the same. if same: വേഗം തമിഴിലേയ്ക്ക് മൊഴിമാറ്റി തമിഴകത്ത് എത്തിയ്ക്കു. വിത്സന്റെ കനിമൊഴിയ്ക്ക്. റാഡിയ വഴിയെങ്കിൽ അങ്ങനെ. വഴി എന്തായാലും ലക്ഷ്യം എന്തായാലും കവിത ഇരമ്പി. വൈരമുത്തുവിനെത്തിക്കൂ. കരുണാനിധിക്ക് എത്തിക്കൂ. ചോ രാമസ്വാമിക്ക് എത്തിക്കൂ. സുബ്രഹ്മണ്യസാമിക്ക് എത്തിക്കൂ. ജയനാരായണൻ, ആറ്റൂർ, തിരുപ്പൂർ കളക്ടർ എന്നിവർക്ക് എത്തിക്കൂ. ടി ഡി രാമകൃഷ്ണൻ ഞാൻ ലിങ്കിടുന്നു. തമിഴ് ബ്ലോഗുകളിലേയ്ക്ക് പറത്തൂ. തമിഴ് മാസികളിൽ അച്ചടിപ്പിക്കൂ. പുരട്ച്ചി തലൈവിയ്ക്ക് എത്തിയ്ക്കൂ. സുജാതയ്ക്കും വാസന്തിക്കും മണിരത്നത്റ്റിനും സുഹാസിനിക്കും അവരുടേ മകനും മാരന്മാർക്കും എത്തിക്കൂ. കമലഹാസൻ, രജനി എന്നിവർക്കെത്തിക്കൂ. എന്റെ ബാല്യകാല ചങ്ങാതി ജോണി കെ. എ. വഴി എങ്കിൽ അങ്ങനെ. കവിത രാഷ്ടൃഈയം പറയുമ്പോൾ അതിനെക്കൊണ്ട് രാഷ്ടൃഈയം ചെയ്യിക്കൂ. ആദ്യത്തെ രണ്ടു വരിയിൽ കുഞ്ഞിരാമൻ നായർ എഴുന്നേറ്റു നിൽക്കുന്നതുപോലെ കണ്ട് സന്തോഷിച്ചു. പിന്നെയുള്ള വരികളിൽ കുഞ്ഞിരാമന്മാർക്കാർക്കും തൊടാൻ കിട്ടാത്ത ഒരേയൊരു വിഷ്ണു. ഇനി കവിത എഴുതുകില്ല എന്ന് തോന്നിപ്പിക്കുന്ന ഉശിരൻ രാഷ്ടൃഈയം. മനുഷ്യസ്നേഹം. കവിത ഒപ്പത്തിനൊപ്പം. ഫേസ്ബുക്കിൻ പുറത്ത് ബ്ലോഗിലും ഹരിതകത്തിലും ഇടൂ.
മറുപടിഇല്ലാതാക്കൂഅനുഭവിപ്പിക്കുന്ന കവിത...
മറുപടിഇല്ലാതാക്കൂ