gfc

വയല്‍ക്കരയിലെ വീട്

വയല്‍ക്കരയിലെ വീടിന്
കാറ്റും കിളികളും കൂട്ടുകാര്‍ ,
വെള്ളം നിറഞ്ഞ പാടം കണ്ണാടി,
തൊടിയിലെ കമുകിന്‍ തോട്ടത്തിന്റെ വക
സുഗന്ധ ലേപനം.
തണവു നിറഞ്ഞ മുറ്റത്ത്
ലോകത്തെ മുഴുവന്‍
സമാധാനം.
വയല്‍ക്കരയിലെ വീടിന്
ആശങ്കകളില്ല...ആനന്ദം മാത്രം.
അതിന്റെ വൈക്കോല്‍ മേല്‍ക്കൂര കണ്ട്
കരിമേഘങ്ങള്‍ അലിയുന്നു.
ചീവീടുകളും തവളകളും
ദൈവത്തിന്റെ ഫോണ്‍ വിളികള്‍ പോലെ
നിരന്തരം റിംങ് ചെയ്യുന്നു.
ആരെങ്കിലും ഒന്ന് എടുത്തെങ്കില്‍ ...
വയല്‍ക്കരയിലെ വീട്ടിലേക്ക്
അദ്ദേഹം വരുന്നുവെന്ന്
പറയാനാണെങ്കിലോ....
ആരോ വരുന്നുണ്ട്....
ദൂരെ വരമ്പത്തുകൂടി ശ്രദ്ധിച്ചു ശ്രദ്ധിച്ച്....

(28-8-2000)

12 അഭിപ്രായങ്ങൾ:

  1. വയല്‍ക്കരയിലെ വീട് ഒരു സൌഭഗ്യമാണ്.

    മറുപടിഇല്ലാതാക്കൂ
  2. അതിസുന്ദരം മാഷേ ഈ കവിത...
    ആര്‍ദ്രതയുടെയും ആഴത്തിന്റെയും അപരിചിതമായ തണുപ്പുകളിലിരുന്ന് വാക്കുകള്‍ ശ്വസിക്കുന്നപോലൊരു അനുഭവം...

    മറുപടിഇല്ലാതാക്കൂ
  3. മാഷേ,

    സുന്ദരമായ വീട്‌!
    ശാന്തമായ വരികള്‍!!

    മറുപടിഇല്ലാതാക്കൂ
  4. മാഷെ,
    സുന്ദരമായ ദൃശ്യം.

    -സുല്‍

    മറുപടിഇല്ലാതാക്കൂ
  5. സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'-യില്‍ വയല്‍ക്കരയിലൊരു വീടുണ്ട്‌. സെറ്റിട്ടതാണെങ്കിലും ആ സിനിമകണ്ടപ്പോള്‍ രാത്രിയില്‍ മഴക്കാലത്ത്‌ ആ വീട്ടിനുള്ളില്‍ കിടന്നുറങ്ങുന്നത്‌ വെറുതെ സങ്കല്‍പ്പിച്ചുനോക്കി.

    (ചീവീടുകളുടെയും തവളകളുടെയും ശബ്ദത്തെ ദൈവത്തിന്റെ ഓര്‍ക്കസ്ട്ര എന്നുവിളിക്കാനാണെനിക്കിഷ്ടം)

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ വിഷ്ണു ,
    അഭിനന്ദനങ്ങള്‍ ഏതു വാക്കുകളിലൂടെ അറിയിക്കും എന്നറിയില്ല.

    “ചീവീടുകളും തവളകളും
    ദൈവത്തിന്റെ ഫോണ്‍ വിളികള്‍ പോലെ
    നിരന്തരം റിംങ് ചെയ്യുന്നു.
    ആരെങ്കിലും ഒന്ന് എടുത്തെങ്കില്‍ ...“

    ‘തുളസിയുടെ ഭൂതകലക്കുളിരിലെ ‘
    ചിത്രങ്ങളേപ്പോലെ ,താങ്കളുടെ വാങ്മയചിത്രവും എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
    ഒരുപാടൊരുപാട് നന്ദി...

    വയലും,വൈക്കോല്‍ത്തുറുവും,പുല്ല് മേഞ്ഞ വീടും ,തോട്ടിലെ തെളിനീരൊഴുക്കും അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറ ഒരു സ്വപ്നചിത്രവര്‍ണ്ണനയായെങ്കിലും മനസ്സിന്റെ കോണിലിതു സൂക്ഷിക്കാതിരിക്കില്ല.

    മറുപടിഇല്ലാതാക്കൂ
  7. വിഷ്ണുജീ,

    പച്ചപ്പ് വിരിച്ച വയല്‍ വരമ്പത്തൂടെ പുലര്‍കാല മഞ്ഞില്‍ നടന്നുവരുന്ന ഒരു സുഖം.ശിവപ്രസാദ് മാഷിന്റെ കൈതപ്പൂവിനു ശേഷം ആ ഒരു കുളിര്‍മ തന്ന രചന. നന്ദി.

    സുഗത കുമാരിയുടെ ഒരു കവിതയില്‍ “"അണ്ടി” എന്ന ഒരു പദപ്രയോഗം വന്നത് (കവി ഉദ്ദേശിച്ചത് മാങ്ങയണ്ടി ആയിരുന്നു)പ്രൊ.എം. കൃഷ്ണന്‍ നായര്‍ എടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. കാല്പനികമായ വരികള്‍ക്കിടയില്‍ അണ്ടി എന്ന വാക്ക് അലോസരമുണ്ടാക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഏതാണ്ട് അതുപോലെ “നിരന്തരം റിംഗ് ചെയ്യുന്നു” എന്ന ആ പ്രയോഗം ഒരിത്തിരി കവിതയോട് ഇണങ്ങാതെ നില്‍ക്കുന്നില്ലേ എന്ന എന്റെ ഒരു തോന്നല്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  8. വിഷ്ണു മാഷെ.. കുറ്റി ഇപ്പുറവും ആന അക്കരയും തന്നെ അല്ലെ.. ഇടയില്‍ എവിടെയോ വയല്‍ക്കരയും .. പരിചിതമെങ്കിലും വായിച്ചപ്പോള്‍ കൂടുതല്‍ സുന്ദരം ...

    മറുപടിഇല്ലാതാക്കൂ
  9. വിഷ്ണുജി, അസ്സലായിരിക്കുന്നു. ഗ്രാമ്യ സൌന്ദര്യത്തിന്റെ വശ്യമായ ഭാഷയില്‍ വരച്ചിട്ട വാഗ്മയചിത്രത്തിലേക്ക്‌ ഒരു വീട്ടുകാരനായി ദൈവം വയല്‍ വരംബിലൂടെ നടന്നു വരുന്നു.... അതിരുകളില്ലാത്ത മനസിന്റെ വയല്‍ വരംബുപോലും സ്വര്‍ഗതുല്ല്യം.

    മറുപടിഇല്ലാതാക്കൂ
  10. കണ്ണൂരാന്‍ ,ലാപുട,അത്തിക്കുര്‍ശ്ശി,സുല്‍ ,പടിപ്പുര,പൊതുവാളന്‍ , നവന്‍ , ഫൈസല്‍ ,ഇട്ടിമാളു,ചിത്രകാരന്‍ എല്ലാ വായനക്കര്‍ക്കും നന്ദി.ഫൈസല്‍ ,ചില അലോസരങ്ങള്‍ ഞാന്‍ എപ്പോഴും കൂടെക്കരുതുന്നു :)ഇട്ടിമാളൂ,ഇത് കൂറ്റനാട് വെച്ച് എഴുതിയതാണ്. അന്നവിടെയായിരുന്നു താമസം.പക്ഷേ ഇപ്പോള്‍ ഞാന്‍ ഒരു വയല്‍ക്കരയിലെ വീട്ടില്‍ തന്നെയാണ് താമസം.കവിതയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇവിടെയുണ്ട്;ചീവീടുകളും തവളകളും ഒഴിച്ച്.

    മറുപടിഇല്ലാതാക്കൂ
  11. വയല്‍ക്കരയിലെ വീടു് അതിമനോഹരമായി ആസ്വദിച്ചു. കമന്‍റുകള്‍ പോകാത്തതിനാല്‍, വായിച്ചാലുടന്‍, കമന്‍റെഴുതുന്നതു് സൂക്ഷിച്ചു വയ്ക്കാനെ കുറച്ചു ദിവസമായി സാധിക്കുന്നുള്ളു. ഇപ്പോള്‍ കുറെ ശരിയായി. ആ വീടിനടുത്തൊരു തോടും ഞാന്‍ സ്വപ്നം കാണാറുണ്ടു് .അനുമോദനനങ്ങള്‍.‍

    മറുപടിഇല്ലാതാക്കൂ
  12. വയല്‍ക്കരയിലാണ് ഞാന്‍ വീട് വയ്ക്കുക

    മറുപടിഇല്ലാതാക്കൂ