gfc

ദൈവ വിചാരം

എന്റേത്
ഒറ്റമുറിയില്‍ വാടകപ്പാര്‍പ്പ്.
ഒറ്റവാതിലില്‍ ലോകം ത്യജിക്കാം,
അതേ വാതിലില്‍ ലോകമൊന്നായ് കടക്കാം,
ഒറ്റയാവാം,ചെറ്റയാവാം.
ഒറ്റ ചെറ്റയായി വിരിഞ്ഞു ഞാന്‍.
പറ്റുബുക്കിലെ പാപക്കണക്കുകള്‍
ദൈവമേ നീ എഴുതിതള്ളണം.
ഞാനൊരു മൂന്നാം ലോകജീവിയല്ലിയോ.
കടം കൊടുപ്പുകാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും
ലോകമല്ലിയോ...
എന്റെ തെറ്റ് പൊറുക്കണം.
നൂല്‍പ്പാലത്തില്‍ നടത്തരുത്.
സര്‍ക്കസ് പഠിച്ചിട്ടില്ല.
വറചട്ടിയിലിടരുത്.
എന്റെ മാംസത്തിന് രുചിയുണ്ടാവില്ല.

ദൈവമേ നൂല്‍പ്പാലം കെട്ടാനുള്ള
കോണ്ട്രാക്റ്റ് എനിക്ക് തരണം.
നൂല്‍പ്പാലത്തിലൂടെയുള്ള നടത്തിപ്പിന്റെയും
വറചട്ടിയിലെ പിടച്ചിലിന്റെയും
തത്സമയ സംപ്രേഷണാവകാശം
എനിക്കു തന്നാല്‍
ഞാനൊരു ചാനലു തുടങ്ങും.
തമ്പുരാനേ...നിന്റെ കൃപ.

6 അഭിപ്രായങ്ങൾ:

  1. വിഷ്ണു മാഷിന്റെ കവിതകള്‍ കൊച്ചു കൊച്ചു വരികളില്‍ മെനഞ്ഞെടുത്ത അസ്സല്‍ സാറ്റയറുകളാണു്. വളരെ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഇന്നാണ് ഇവിടെ എത്തിയത്. നല്ല ആശയങ്ങള്‍.
    വാക്കുകള്‍ക്കും കൂടെ ഇത്തിരി മിനുക്കാവാം.
    മുന്നേ കുറെ എഴുതിയിരിക്കുന്നു എന്നൊരു മണം കിട്ടുന്നു എല്ലം വായിക്കുമ്പോള്‍.
    ഇനിയും എഴുതണം

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ട്ണ്ട് മാഷേ!

    മറുപടിഇല്ലാതാക്കൂ
  4. നേരത്തെ ഞാനുള്‍പ്പെടെ പലരും പോസ്റ്റ് ചെയ്ത കമന്റുകള്‍ മോഡറേറ്റ് ചെയ്യപ്പെടാനായി കാത്തികിടപ്പുണ്ടാകും. ബ്ലോഗര്‍ ഡാഷ്‌ബോര്‍ഡിലെ പോസ്റ്റിങ് സെക്ഷന്‍ നോക്കൂ.

    മറുപടിഇല്ലാതാക്കൂ
  5. സുഹൃത്തേ,
    അവിടെ കമന്റുകളൊന്നും കാണാന്‍ കഴിഞ്ഞില്ല.

    മറുപടിഇല്ലാതാക്കൂ
  6. ഹെയ് അപ്പോ അതൊക്കെ ബ്ലോഗറുടെ കാക്ക കൊത്തിയോ?

    സാരല്യാ. ഞാനും ഒരു കമന്റ് ഇട്ടിരുന്നു.

    നന്നാവുന്നുണ്ട് ആശയങ്ങള്‍.

    എഴുതി മിനുങ്ങട്ടെ ഈ ബ്ലോഗ്

    മറുപടിഇല്ലാതാക്കൂ