gfc

അതിഥി

കലഹത്തിന്റെ കൂടായിരുന്നു ഞങ്ങളുടെ വീട്.
ചെറുതും വലുതുമായ കലഹങ്ങള്‍,
കാരണത്തിലും അകാരണത്തിലും പൊട്ടുന്നവ.
ആരും ആരോടും എപ്പോഴും ഒരു കലഹത്തിലേക്ക്
വഴുതിവീഴാം...
അങ്ങനെയായിരുന്നു കാര്യങ്ങളുടെ
(അതോ വീടിന്റെയോ) കിടപ്പ്.
പരസ്പരം പോരാടുന്നവരുടെ വീട്
ഓരോ മുറിയിലും ചില ആയുധങ്ങള്‍ കരുതും.
ഉലക്ക,ചൂല്,ചിരവ...അടുക്കള നല്ലൊരു ആയുധപ്പുരയാണ്...
കേടായ റേഡിയോ,കസേര,കുട തുടങ്ങിയവ
സന്ദര്‍ഭത്തിനനുസരിച്ച് ആയുധങ്ങളാവും.
ആര്‍ക്കും പരിക്കുപറ്റാതെ നോക്കേണ്ടത്
അയല്‍‌വക്കക്കാരുടെ ചുമതലയാണ്.
അവര്‍ അത് കൃത്യമായി ചെയ്തു വന്നു.
പ്രതിഫലമായി ഇഞ്ചിയോ ചേനയോ തേങ്ങയോ
അവര്‍ മോഷ്ടിക്കുന്നത് ഞങ്ങള്‍ കണ്ണടച്ചു.

ഓരോ ദിവസവും ഓരോ ദിവസമായിരുന്നു.
ചിലപ്പോഴൊക്കെ ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു.
അപ്പോഴൊക്കെ നിശ്ശബ്ദത അപശബ്ദങ്ങളിലേക്കുള്ള
ഒരു വാതില്‍ച്ചതുരമായാണ് പ്രവര്‍ത്തിച്ചത്.

അങ്ങനെയുള്ള വീട്ടിലേക്കാണ്
ഒരു വൈകുന്നേരം, ഓട്ടോറിക്ഷയില്‍
ഒരു ടെലിവിഷന്‍ വന്നിറങ്ങുന്നത്.
സ്വീകരണമുറിയില്‍ ചെന്നിരുന്ന്
അത് 24 മണിക്കൂറും പ്രവര്‍ത്തിച്ചു.
പാട്ടായി,പരസ്യമായി,സിനിമയായി,സീരിയലായി...
ഞങ്ങളൊക്കെ അതിന്റെ മുന്നിലുമായി.
അവനവനെക്കുറിച്ചോ
മറ്റുള്ളവരെക്കുറിച്ചോ ആലോചിക്കാതായി.
ഒന്നിനെക്കുറിച്ചും
(എന്തിന്,റിമോട്ടിനെക്കുറിച്ചു പോലും)
കലഹിക്കുവാന്‍ സമയമില്ലാതായി.
സീരിയലില്‍ നിന്ന് സീരിയലിലേക്ക്
പൊങ്ങുതടികള്‍ പോലെ ഞങ്ങള്‍ ഒഴുകി.
എല്ലാ ദിവസവും ഒരേ ദിവസമായി.
ഒരു ഞായറാഴ്ച അതു പറഞ്ഞു:
‘ധര്‍മ സംസ്ഥാപനാര്‍ഥായാ
സംഭവാമി യുഗേ യുഗേ...’
സമാധാനത്തിന്റെ സംസ്ഥാപകനെ വണങ്ങി
ഒരു വേള പറയാതിരിക്കാനായില്ല:
‘അതിഥി ദേവോ ഭവ...’
കലഹങ്ങള്‍ കൊണ്ട് വെവ്വേറെ അടയാളപ്പെടുത്തിയ
ദിവസങ്ങള്‍ ഇനി തിരിച്ചു വരികയില്ല.
വിസ്മൃതിയുടെ ഈ ദയവ്
സമാധാനത്തെ പരിപാലിക്കുന്ന വിധം കണ്ട്
ഇടയ്ക്കിടെ ഒരു ഭയം ഇറങ്ങി വരുന്നുണ്ട്...
അടഞ്ഞുപോയ കലഹതാത്പര്യം
വേഷം മാറി വരുന്നതാവുമോ...?

2 അഭിപ്രായങ്ങൾ: