gfc

ഒറ്റപ്പെടുന്നവരെക്കുറിച്ച് ഒരു ഉപന്യാസം

ഒറ്റപ്പെടുന്നവര്‍ എന്തൊരു ശല്യങ്ങളാണ്
ഒന്നുകില്‍ അവര്‍ മറ്റുള്ളവര്‍ക്ക് വിഷയങ്ങളാവും
അല്ലെങ്കില്‍ അവര്‍ ഓരോരോ വിഷയങ്ങള്‍
ഉണ്ടാക്കിക്കൊണ്ടിരിക്കും.
ഒരാള്‍ ഒറ്റയാവുമ്പോള്‍ അയാള്‍ അടങ്ങിയൊതുങ്ങി
ഒരുഭാഗത്തിരിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?
അയാള്‍ പതുക്കെ ലോകത്തിനു നേരെ തിരിഞ്ഞിരിക്കും.
പ്രതിപ്രവര്‍ത്തനങ്ങളുടെ നഖം നീട്ടിയോ
പല്ലുകള്‍ കൂര്‍പ്പിച്ചോ ഇരുന്നിടത്തിരുന്ന് ഈ ലോകത്തെ പിന്തുടരും.
 
തനിക്കു കിട്ടാത്ത ഒരുചിരിയോ സൌഹൃദമോ പോലും
അയാളെ അശാന്തനാക്കും
ഓടുന്നവരെ കുതികാല്‍ വെച്ച് വീഴ്ത്തും.
ഒന്നും അറിഞ്ഞില്ലെന്നു നടിക്കും
പിച്ചക്കാരനെപ്പോലെ വീട്ടുമുറ്റത്തു വന്നു നില്‍ക്കും
തന്റെ ഏകാന്തത നമ്മുടെ
കുഴപ്പമാണെന്നു ഓര്‍മ്മപ്പെടുത്താനാണ്
ഈ വരവ്.
കുറ്റബോധം കൊണ്ട് നമ്മള്‍ മുഷിഞ്ഞാല്‍
ആള്‍ ഉഷാറായി തിരിഞ്ഞു നടക്കും.

ഒറ്റപ്പെടുന്നവര്‍ എന്തൊരു ശല്യങ്ങളാണ്...
ചിലര്‍ കവിതകളെഴുതിക്കളയും.
ചിലര്‍ കുടുംബാംഗങ്ങളുടെ
അവിഹിതകഥകളുടെ
പ്രചാരകരാവും.
 
ചിലര്‍ മദ്യപാനത്തിന്റെ
വിവിധ നിലകള്‍ ലോകത്തിനു
കാണിച്ചു കൊടുക്കാന്‍ കരാറെടുക്കും.
 
ചിലര്‍ ചത്തു പണിയെടുക്കുന്നത്
ഒരു സമര മാര്‍ഗമാക്കും.
മുതലാളിമാരെ സന്തോഷിപ്പിച്ച് സന്തോഷിപ്പിച്ച്
അവര്‍ക്ക് ഹൃദയസ്തംഭനമുണ്ടാക്കും.
ചിലര്‍ ഭക്തിപ്രസ്ഥാനമാവും.
അമ്പലം ,പൂജാമുറി ,ദൈവങ്ങള്‍
ഈ മൂന്നിടങ്ങളിലേ വായ തൊറക്കൂ
കൂട്ടിമുട്ടിയാലും മിണ്ടില്ല.

ചിലര്‍ ഒരു കുറ്റവും ചെയ്യാത്ത നമ്മളെ
ആയുഷ്കാലം മുഴുവന്‍ കുറ്റവാളികളാക്കിക്കൊണ്ട്
ആത്മഹത്യ ചെയ്യും...
ഒറ്റപ്പെടുന്നവര്‍ ഭയങ്കര ശല്യങ്ങളാണ്

9 അഭിപ്രായങ്ങൾ:

  1. ചിലര്‍ കവിതകളെഴുതിക്കളയും...
    നല്ല കഥ...!

    മറുപടിഇല്ലാതാക്കൂ
  2. എഴുതിയത്, വളരെ ഇഷ്ടമായി. :)

    മറുപടിഇല്ലാതാക്കൂ
  3. യാഥാര്‍ത്ഥ്യങ്ങളിങ്ങനെ ഉച്ചത്തില്‍ പിറുപിറുക്കരുത്.
    ഒറ്റയ്ക്കിരുന്ന്.

    മറുപടിഇല്ലാതാക്കൂ
  4. അതെ,
    “ഒറ്റപ്പെടുന്നവര്‍ ഭയങ്കര ശല്യങ്ങളാണ്“
    സത്യം കൊണ്ട് മുറിപ്പെട്ട ശല്യങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  5. പക്ഷെ സംഘടിച്ചാല്‍ അവര്‍ കൂടുതല്‍ കുഴപ്പക്കാരാകും.
    :)

    മറുപടിഇല്ലാതാക്കൂ
  6. അതെ.
    ഒറ്റപ്പെടല്‍ എന്തൊ ഒന്നാണ്‌.
    ഒറ്റ്പ്പെടല്‍ പോലെ

    മറുപടിഇല്ലാതാക്കൂ
  7. ബ്ലോഗുകള്‍ ഒറ്റപ്പെടുന്നവരുടെ സങ്കേതങ്ങളാണ്.
    ഒറ്റയ്ക്കൊരിടത്ത് ഒരു തുരുത്തില്‍ ഇരുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ ബ്ലോഗുകള്‍ തിരിച്ച് വെയ്ക്കും :)

    മറുപടിഇല്ലാതാക്കൂ
  8. എന്തൊരു കവിതയാണിത് മാഷേ. മുന്നിൽ കണ്ടിരുന്നെങ്കിൽ ഞാനാ എഴുത്തുകൈയ്യൊന്ന് തൊട്ടു നോക്കിയിരുന്നേനേ. <3

    മറുപടിഇല്ലാതാക്കൂ