gfc

രഹസ്യങ്ങള്‍

തുന്നല്‍ക്ലാസില്‍ നിന്ന് ഏഴു കിലോമീറ്ററുണ്ട്
വീടു പറ്റുവാന്‍ .
വീടെത്തുവോളം വിരലില്‍ തൂങ്ങുന്ന കുട്ടി
ഒരേ ചോദ്യങ്ങളില്‍ തൂങ്ങി:
തീണ്ടാരിയാവുന്നതെങ്ങനെ?
തീണ്ടാരിയായ ആളെ തൊട്ടാലെന്താ?
മറുപടി പറഞ്ഞതേയില്ല അമ്മ.
ദേഷ്യപ്പെട്ടതുമില്ല, തൊടരുതെന്നുമാത്രം പറഞ്ഞു.
ഒരമ്മയ്ക്ക് മകനോട് പറയാന്‍ പറ്റാത്ത
ആ രഹസ്യത്തെക്കുറിച്ചാലോചിച്ച്
ദേഷ്യവും സങ്കടവും വന്നത് നല്ല ഓര്‍മയാണ്.

പുറത്തായ അമ്മയെ തൊട്ട്
ഞാനും പുറത്താവുമായിരുന്നു.
അങ്ങനെ പുറത്താവുന്ന ഞാന്‍
അമ്മമ്മയെ,അച്ഛനെ,അനുജത്തിമാരെ
കോലായയെ,പൂജാമുറിയെ ഒക്കെ
കൂട്ടിത്തൊടുമെന്ന് പേടിപ്പിച്ചിരുന്നു.

പുറത്തായവളെ തൊട്ട് പുറത്താകുവാന്‍,
ഈ ലോകത്തെ മുഴുവനും
കൂട്ടി തൊട്ട് പുറത്താക്കുവാന്‍
ഇന്നിപ്പോള്‍ ഒരു കൌതുകവുമില്ല.
അമ്മയാണോ മകനാണോ
പുറത്തെന്ന് പിടിയുമില്ല.

6 അഭിപ്രായങ്ങൾ:

  1. പുതുതലമുറക്കറിയാത്ത ഒരോര്‍മ്മ പങ്കുവെച്ചത്‌ നന്നായി.

    മറുപടിഇല്ലാതാക്കൂ
  2. തൊട്ടൂടായ്‌മയെക്കുറിച്ചുള്ളീ കുറിപ്പ്‌ വായിച്ച്‌ പഴമയിലേക്ക്‌ വഴുതിവീണു. നന്ദി..............

    മറുപടിഇല്ലാതാക്കൂ
  3. എന്റെ തലമുറയ്ക്ക്‌ തിരെ പരിചയം ഇല്ലാത്ത ഓര്‍മകള്‍ ...
    അത് കൊണ്ടു അഭിപ്രായം പറയാനും ബുദ്ധിമുട്ട് .....

    മറുപടിഇല്ലാതാക്കൂ
  4. അതെ, പുറത്തായവരെ തൊട്ട് പുറത്താകുവാന്‍ ഇപ്പോള്‍ ആര്‍ക്കുമില്ല ധൈര്യം.
    എല്ലാവ്വരും അകത്താകുവാനുള്ള തിരക്കില്‍!

    മറുപടിഇല്ലാതാക്കൂ
  5. ഞാന്‍ പുറത്തായി പോകുമോ എന്നൊരു പിടച്ചില്‍ അല്ലെ ഈ കാലത്തില്‍് അതിജീവന തത്വശ്രസ്ത്രത്തിന്റെ മൂലാധാരം.

    മറുപടിഇല്ലാതാക്കൂ
  6. എന്റെ കൌതുകമിപ്പഴും മാറിയിട്ടുമില്ല.

    മറുപടിഇല്ലാതാക്കൂ