gfc

മുതിരല്‍

ഏതുറക്കത്തിലും ഒരു കട്ടിലിന്റെ
അതിരുകളെ ലംഘിക്കും ഒരു കുട്ടി.
ഒരു മുറ്റത്തും ഒതുങ്ങുകയില്ല
അവന്റെ കാലുകള്‍.
ഒരു വീടിന്റെ ചുവരുകള്‍ക്കുള്ളില്‍
കെട്ടി നില്‍ക്കില്ല കരച്ചില്‍,ചിരി.
മേശപ്പുറത്തിരിക്കുന്ന ചില്ലുപാത്രത്തെ
താഴെ ചിതറിക്കിടക്കുന്ന ചില്ലു പാത്രമാക്കും.
അലമാരിയില്‍ ഒതുങ്ങിയിരിക്കുന്ന തുണികളും
പുസ്തകങ്ങളും അവന്റെ കയ്യാല്‍ സ്വതന്ത്രമാവും.
നിശ്ചിതമായവയെ മുഴുവന്‍
അനിശ്ചിതമാക്കുന്ന കെല്പാണ് ബാല്യം.

ഇപ്പോള്‍ വീതികുറഞ്ഞ ഒരു ബെഞ്ചു പോലും
കിടത്തിയോടത്ത് കിടക്കുമെന്ന് സാക്ഷ്യപത്രം തരും
ഒരാളെയും കേള്‍പ്പിക്കാതെ കരയും ചിരിക്കും
എല്ലാ അതിരുകളും നിശ്ചയം.
ആര്‍ക്കുവേണ്ടിയാണ് ഈ ഒതുക്കത്തിലേക്ക്
മുതിര്‍ന്നതെന്ന് ഒരു തവണയെങ്കിലും
ചോദിക്കാന്‍ മുതിരുമോ....?

6 അഭിപ്രായങ്ങൾ:

  1. "ആര്‍ക്കുവേണ്ടിയാണ് ഈ ഒതുക്കത്തിലേക്ക്
    മുതിര്‍ന്നതെന്ന് ..."
    ....ഇനി വരും ബാല്യങ്ങള്‍ക്കു വേണ്ടിയാകാം....

    മറുപടിഇല്ലാതാക്കൂ
  2. "ആര്‍ക്കുവേണ്ടിയാണ് ഈ ഒതുക്കത്തിലേക്ക് മുതിര്‍ന്നതെന്ന്"-

    തിരിച്ചറിവുകള്‍ പറഞ്ഞുതന്നത് അറിയാനൊത്തിരിയിനിയും ബാക്കിയുണ്ടെന്നാണ്. ആ ഒത്തിരിയുടെ വലുപ്പത്തില്‍ ഞാനിത്തിരി ചെറ്തായിപ്പോയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. മുതിരരുത് മാഷെ..ഒരിക്കലും...
    [മുതിരരുത്-തുനിയരുത്..]

    മറുപടിഇല്ലാതാക്കൂ
  4. മുന്‍പൂട്ടുള്ള യാത്രയില്‍ എല്ലാം ഒതുങ്ങിപ്പോകുന്നു...

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ