gfc

ചിറകുകളുള്ള ബസ്

വിനോദയാത്രയ്ക്കു പോവുന്ന ബസ്
ഒരു സാധാരണ ബസ്സല്ല.

ജനലുകളിലൂടെ പുറത്തേക്ക്
വീശിക്കൊണ്ടിരിക്കുന്ന തളിര്‍ക്കയ്യുകള്‍
അതിന് ഇപ്പോള്‍ മുളച്ച ചിറകുകളാണെന്ന് തോന്നും.

കഠിന ദുഃഖങ്ങളുടെ വിരസവക്കത്തിരുന്ന്
പുകയൂതുന്ന മാമന്മാര്‍
ആ ബസ് കടന്നു പോയതോടെ
സന്തോഷത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട്
റ്റാറ്റ നല്‍കുന്ന മാമന്‍‌മാരായി.
ചെകിടടപ്പിക്കുന്ന എം.പീ ത്രീയില്‍
ഡാന്‍സ് ചെയ്യുന്ന ക്ലാസ് ടീച്ചര്‍
ആടുന്ന കുട്ടികളുടെ തിരയില്‍
പൊങ്ങിക്കൊണ്ടിരിക്കുന്ന മീനായി.
ആഹ്ലാദത്തിന്റെ അനേകം നെഞ്ചുകളുള്ള
ഒരു കിളിക്കുഞ്ഞിനെപ്പോലെ
താര്‍‌റോഡിനെ തൊടാതെ പറക്കുകയാണ് ബസ്.

വീതി കുറഞ്ഞ റോഡിലും എതിരെ പോകുന്ന വണ്ടികള്‍
അതിനോട് വഴക്കിടുകയില്ല.
ടാങ്കര്‍ ലോറികള്‍ എന്റെ പിന്നാലെ വാ എന്നു പറഞ്ഞ്
ബഹുദൂരം ഓടിക്കുകയില്ല.

ചെരുപ്പു നിര്‍‌മാണഫാക്ടറിയിലെ മാമന്‍‌മാര്‍
ചെരുപ്പിനെക്കുറിച്ച് പറഞ്ഞു പറഞ്ഞ് ഊണുമറന്നു.
കാപ്പാട് ബീച്ചിലെ സൂര്യന്‍ കുട്ടികള്‍ക്ക് ഉമ്മ കൊടുത്തു.
അറബിക്കടല്‍,തീരത്തേക്ക് എന്റെ മക്കളേ എന്ന് ഓടി വന്ന് കെട്ടിപ്പിടിച്ചു.
അക്വേറിയത്തിലെ മീനുകള്‍ ഭംഗികളുടെ വീമ്പു പറഞ്ഞു.
പ്ലാനറ്റോറിയത്തിന്റെ തണുപ്പിലേക്ക് നക്ഷത്രങ്ങള്‍ ഇറങ്ങിവന്ന് കഥ പറഞ്ഞു.

വിനോദയാത്രയ്ക്ക് പോയ ബസ്
രാത്രി പത്തരയോടേ എല്ലാകുട്ടികളേയും
അവരവരുടെ വീട്ടിലെത്തിച്ചു.
കുട്ടികളൊഴിഞ്ഞ,ചിറകില്ലാത്ത,
നാവില്ലാത്ത ബസ് ഇരുട്ടിലൂടെ
എവിടേക്കോ പോയി.
അതിന്റെ ഉണ്ടക്കണ്ണുകളില്‍
സങ്കടമുണ്ടായിരുന്നോ?
ഉറക്കത്തില്‍ അമ്മുക്കുട്ടി പറയുകയാണ്
അടുത്തവര്‍ഷം വരുമായിരിക്കും.

19 അഭിപ്രായങ്ങൾ:

  1. കുട്ടികളെഴുതും പോലെ എഴുതി നോക്കിയതൊന്നുമല്ല.എഴുതിവന്നപ്പോള്‍ അങ്ങനെയായി... :)

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചപ്പോള്‍ ഒരു ചിറകു മുളച്ച പോലെ.:)

    മറുപടിഇല്ലാതാക്കൂ
  3. ഒരു ചുന്ദരി മുന്തിരി കവിത. അപ്പോ ഇങ്ങനേയും എഴുതും ല്ലേ .... പെരുത്ത് ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  4. അസ്തമയ സൂര്യനില്‍ നിന്നു ചെമപ്പും,ഇരുട്ടിന്റെ നിബിഡതയില്‍ നിന്നു കറുപ്പും ഉള്ളം കൈയില്‍ കോരിയെടുത്തു പൂമ്പാറ്റ കുഞ്ഞുങ്ങള്‍ നൃത്തം ചെയ്തു.
    കാവല്‍ക്കാരന്‍ പുറത്തു തട്ടി സമയമായെന്നു പറഞ്ഞപ്പോള്‍ ഒരു തുള്ളിക്കടല്‍ കണ്ണില്‍ നിറച്ചു


    അന്നുരാത്രി വിഷ്ണു സുഖമായുറങ്ങി...ആണ്ടേക്കൊരുനാളെങ്കിലും..

    മറുപടിഇല്ലാതാക്കൂ
  5. ആടുന്ന കുട്ടികളുടെ തിരയില്‍
    പൊങ്ങിക്കൊണ്ടിരിക്കുന്ന മീനായി
    my buss stopped here,

    മറുപടിഇല്ലാതാക്കൂ
  6. ബാല്യത്തിന്‍ ചിറകുകള്‍...

    മറുപടിഇല്ലാതാക്കൂ
  7. വായിച്ചിട്ട് നേരമേറെയായെങ്കിലും എനിക്കീ ബസ്സില്‍ നിന്നും ഇറങ്ങാന്‍ പറ്റുന്നില്ലല്ലോ വിഷ്ണുവേട്ടാ..

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം. നല്ല വരികള്‍.
    പക്ഷേ, ആ അവസാനത്തെ രണ്ടു വരികള്‍???

    മറുപടിഇല്ലാതാക്കൂ
  9. ഉറക്കത്തില്‍ അമ്മുക്കുട്ടി പറയുകയാണ്
    അടുത്തവര്‍ഷം വരുമായിരിക്കും.
    (വിനോദയാത്ര കഴിഞ്ഞ് വന്നെത്തിയ അമ്മു സ്വപ്നത്തില്‍ പറയുകയാണ് അടുത്തവര്‍ഷവും ആ ബസ് വന്നേക്കുമെന്ന്..)
    -വാത്മീകിക്ക്


    ഇത് കണ്‍‌വെ ചെയ്യുന്നില്ലെങ്കില്‍ അവസാനവരികള്‍ മാറ്റിയെഴുതാം.മറ്റു വായനക്കാര്‍ അഭിപ്രായം പറയുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  10. ലളിതവും,സൂന്ദരവുമായ ചിറക്.
    അവസാനവരികള്‍ സംവദിക്കുന്നുണ്ടെന്നാണ് എനിക്ക് അനുഭവപ്പെട്ടത്.

    മറുപടിഇല്ലാതാക്കൂ
  11. മോഹിച്ച് കൊല്ലുന്നു ഈ ഭാഷാ പ്രതിഭയെ. ഇല്ല ഒരനക്കം പോലും മാറ്റാനില്ല. മാഷുടെ ക്ലാസ്സില്‍ ഒരു ദിവസം കുട്ടിയായി ഇരിക്കണം.

    മറുപടിഇല്ലാതാക്കൂ
  12. സംഭവിച്ചുകഴിഞ്ഞതില്‍ ഒരു മാറ്റം മുഴച്ചിരിക്കും.
    മാറ്റരുത്‌
    ഇതാണത്‌

    നന്മകള്‍

    മറുപടിഇല്ലാതാക്കൂ
  13. ആദ്യം വായിച്ചപ്പോഴേ കരച്ചില്‍ വന്നു. ഇപ്പോഴും വരുന്നു. ഇതെന്തു പാട്!

    വരിയെങ്ങാനും മാറ്റിയാല്‍ കൊല്ലും! :)

    മറുപടിഇല്ലാതാക്കൂ
  14. കഠിനദുഃഖങ്ങളുടെ വിരസ വക്ക് എന്ന് വിഷ്ണുമാഷ് എഴുതിക്കണ്ടപ്പോള്‍ വിസ്മയം...

    പിന്നെ പക്ഷേ എല്ലാം സ്വപ്നം പോലെ...

    ഇതു മാഷിന്റേതായി വന്നതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രചന :)

    മറുപടിഇല്ലാതാക്കൂ
  15. ഒന്നു കൂടി വായിച്ചു...ഗുപ്തന്റെ അഭിപ്രായം എനിക്കും....

    മറുപടിഇല്ലാതാക്കൂ
  16. ചിറകുകളുള്ളയീ ബസ് വായിച്ച് കഴിഞ്ഞും മനസില്‍ പറന്നുയരുന്നു...:)

    മറുപടിഇല്ലാതാക്കൂ
  17. ഏകനായി, മൂകനായി തിരിച്ചു പോകുന്ന ബസ്സ്. ഏകാന്തത ഒരു ബസ്സിന്റെ രൂപത്തിലും ആകാം അല്ലെ. ബസ്സിന്റെ ഉണ്ടക്കണ്ണുകളിലെ ദു:ഖം നമ്മുടെ ഉള്ളിലേക്കും വരുന്നുവല്ലോ. നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  18. വിവര്‍ത്തനം ചെയ്ത് ഗോപീകൃഷ്ണന്‍ കവിതക്കൊടിയിലിട്ടിരിക്കുന്ന ‘അങ്ങ് അത് ചെയ്യും’ എന്ന കവിതയും വിഷ്ണുവിന്റെ സ്ക്കൂളില്‍ വന്നുപോയ ശേഷമെഴുതി പി. പി. രാമചന്ദ്രന്‍ തിരമൊഴിയിലിട്ടിരിക്കുന്ന ‘വിശ്വസിക്കാം നിങ്ങള്‍ക്ക് മൈദയെ’ എന്ന കുറിപ്പും ഈ മനോഹരിയോട് ചേര്‍ത്ത് വായിക്കുക. അങ്ങ് അത് ചെയ്യുമിലെ ചെടികളെപ്പോലെ ഈ ബസ്സ് വീണ്ടും സാധാബസ്സാവും. രാമചന്ദ്രന്‍ എഴുതിയ പോലെ സാധാവേഷത്തില്‍ അതിനെ ആരും ശ്രദ്ധിക്കാനും പോണില്ല.

    മറുപടിഇല്ലാതാക്കൂ