ഒരു പുഞ്ചിരിയാണ് ആദ്യം കണ്ടത്,
ഒറ്റയ്ക്ക് നടക്കുമ്പോള്‍, ആരോടുമില്ലാതെ.
ഇപ്പോള്‍ ഒരു കോപ്പുമില്ല.
ടെലിവിഷന്‍ ഉച്ചത്തില്‍ ഓണ്‍ ചെയ്തുവെക്കും.
പാതിരാത്രിയിലും പൂട്ടുകയില്ല,ഉറക്കമില്ല.
ഇടയ്ക്കിടെ തട്ടിന്‍പുറത്തെ
ഇരുട്ടില്‍ ചെന്നു നില്‍ക്കും.
വീണുപോയ ബോധത്തിന്റെ
താക്കോല്‍ അന്വേഷിച്ച് നടക്കുകയാണ്
തള്ളതന്താദികള്‍...
മന്ത്രവാദികളും ഭിഷഗ്വരന്മാരും
എത്ര കാശു തിന്നിട്ടും തിരിച്ചു വന്നിട്ടില്ല സ്വൈരം.
കായബലമുള്ള അവന്റെ യൌവനത്തിലേക്ക്
കുപിതനായ ഭ്രാന്തിനെ കടത്തിവിട്ടത്
എന്താവിഷ്കരിക്കാനാണെന്ന്
എനിക്കിനിയും പിടികിട്ടിയിട്ടില്ല.
സൃഷ്ടിച്ചവന്‍ പോലും അവനെ
ശാസിക്കാന്‍ ഭയന്നു തുടങ്ങിയിരിക്കുന്നു.
രോഗം ആരേയും തിരിച്ചറിയുകയില്ല.
ഭ്രാന്ത് എന്ന തസ്തികയിലേക്ക്
തെരഞ്ഞെടുക്കപ്പെടുന്നതിന്റെ
മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന്
ഇനിയെങ്കിലും വെളിപ്പെടുത്തേണ്ടതുണ്ട്.
കംപ്ലീറ്റ് അഴിമതി തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ