gfc

ഒന്ന് മറ്റൊന്നിനെ

എങ്ങോട്ടാണെന്നോ
ഇപ്പൊ വരാമെന്നോ
വൈദ്യുതി പറയാതെ പോയി
ആ രാത്രി..
കാറ്റും വെളിച്ചവും പോയ
വീട്ടില്‍ നിന്ന്
രണ്ടു കണ്ണുകളും രണ്ട് കാതുകളും
വരാന്തയിലേക്കിറങ്ങി.

ഇരുട്ട്.
ഇരുട്ടിനെ കീറിമുറിക്കാന്‍
ഒച്ചകള്‍ രാകുന്ന
ചീവീടുകള്‍ .

ദൂരെ ഒളിച്ചിരുന്ന
ശബ്ദങ്ങള്‍ ഒന്നൊന്നായി എഴുന്നേറ്റുവന്നു.
കിഴക്കു ഭാഗത്തെ ഡ്രൈവറുടെ വീട്ടിലെ
അടുക്കളയില്‍ നിന്ന്പിഞ്ഞാണങ്ങളുടെ ഒച്ചകള്‍ ,
പടിഞ്ഞാറെ വീട്ടില്‍ പണികഴിഞ്ഞിരിക്കുന്ന
പെണ്ണുങ്ങളുടെ കിസ,
പൊട്ടിച്ചിരികള്‍ ,
ഉറങ്ങാത്ത കുട്ടികളുമായി
അമ്മമാര്‍ നടത്തുന്ന കശപിശ,
താരാട്ട്,
നെടുവീര്‍പ്പുകള്‍ ,
അങ്ങേക്കുന്നില്‍ നിന്ന്
ഒരു പശുവിന്റെ അമറല്‍ ...
വരികയാണെല്ലാം,
ഇനി ഈ ചെവികള്‍
കിട്ടുകയില്ലെന്ന മട്ടില്‍ .

എവിടെയായിരുന്നു ഇതേ വരെ?
ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നല്ലോ
എന്ന് അവ.

വെളിച്ചം കാഴ്ച്ചകളെ
എങ്ങനെ മറയ്ക്കുന്നുവെന്ന്
ഒരു ശബ്ദം കുറേ ഒച്ചകളെ
എങ്ങനെ മറയ്ക്കുന്നുവെന്ന്,
ഒരു വീട് മറ്റു വീടുകളെ
എങ്ങനെ മായ്ക്കുന്നുവെന്ന്
ഇരുട്ട് പറഞ്ഞുകൊണ്ടിരുന്നു.

9 അഭിപ്രായങ്ങൾ:

  1. കണ്ടില്ലെന്ന് നടിക്കരുത്...

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണു മാഷേ...
    കവിത വായിച്ചു...
    ഇഷ്ടമായി..

    മറുപടിഇല്ലാതാക്കൂ
  3. ഒന്ന് തിളങ്ങുന്നത്‌ മറ്റേതിന്‍റ്റെ തിളക്കകുറവുകൊണ്ടല്ലമാഷെ , ആദ്യത്തേതിന്‍റ്റെ തിളക്കകൂടുതല്‍ കൊണ്ടാണ്‌. :)

    മറുപടിഇല്ലാതാക്കൂ
  4. ഇരുട്ട്.
    ഇരുട്ടിനെ കീറിമുറിക്കാന്‍
    ഒച്ചകള്‍ രാകുന്ന
    ചീവീടുകള്‍
    ..
    വിഷ്ണുമാഷെ, കവിത ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  5. വളരെ പ്രസക്തമായ കാഴ്ച്ചെയുടെ രാഷ്ട്രീയത്തെക്കുറിച്ചാണ്‌ കവി ചിന്തിക്കുന്നത്‌. കവിമനസ്സിനുമാത്രം അനുഭവവേദ്യമാകാറുള്ള ഇത്തരം അറിവുകളുടെ പങ്കുവക്കല്‍ ജനം കൊതിക്കുന്നതുകൊണ്ടാണല്ലോ കവി ബഹുമാനിക്കപ്പെടണമെന്ന് സമൂഹം ആഗ്രഹിക്കുന്നത്‌.
    ചിത്രകാരന്റെ സ്നേഹാശംസകള്‍
    ...ഓണാശംസകളും.

    മറുപടിഇല്ലാതാക്കൂ
  6. വെളിച്ചം കാഴ്ച്ചകളെ
    എങ്ങനെ മറയ്ക്കുന്നുവെന്ന്
    ഒരു ശബ്ദം കുറേ ഒച്ചകളെ
    എങ്ങനെ മറയ്ക്കുന്നുവെന്ന്,
    ഒരു വീട് മറ്റു വീടുകളെ
    എങ്ങനെ മായ്ക്കുന്നുവെന്ന്
    ഇരുട്ട് പറഞ്ഞുകൊണ്ടിരുന്നു......പറഞ്ഞു കൊണ്ടിരുന്നു .....

    മറുപടിഇല്ലാതാക്കൂ
  7. ഇരുട്ട് പറഞ്ഞുകൊണ്ടിരുന്നു.
    മാഷെ കവിത ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ