gfc

ദുരൂഹതയോട് ഇഷ്ടമുണ്ടോ ?

ഏകാന്തതയുടെ തോട്ടം
അതില്‍ സ്നേഹം എന്ന ഒറ്റപ്പൂ
ആ തോട്ടം എന്റേതല്ല
ആ സ്നേഹം എനിക്കുള്ളതുമല്ല

കയറിയതു പോലെ
ഞാന്‍ കുന്നിറങ്ങിക്കഴിഞ്ഞു.
പെണ്‍കുട്ടിയുടെ പ്രതിമ അതേ ഇരുപ്പു തന്നെ.
മണങ്ങള്‍ മാത്രം പിടിച്ചെടുത്തോടുന്ന ഓട്ടോറിക്ഷയില്‍
ഒരാള്‍ വലത്തോട്ടും
ഒരാള്‍ ഇടത്തോട്ടും
നോക്കിക്കൊണ്ടിരുന്നു.
ബീഡിയുടെ മണം
ഈര്‍ന്ന മരത്തിന്റെ മണം
ചേറിന്റെ മണം
മീന്‍ വറുക്കുന്ന മണം..
നമ്മുടെ മണം എന്തായിരുന്നു...

ഇവിടെ നിന്നാല്‍ മതി
ബസ് വരും,വീണ്ടും കാണാം.
നീട്ടിയ കയ്യില്‍ ബലമായി പിടിച്ചെങ്കിലും
ആ കൈ അനുജത്തിയുടേതു പോലെ
തളര്‍ന്നതായിരുന്നു.


വീട്ടിലെത്തും മുന്നേ ഫോണിലെത്തി
ഒരു കരച്ചില്‍ ,
എനിക്കറിഞ്ഞു കൂടാ
എന്തു ചെയ്യണമെന്ന്

6 അഭിപ്രായങ്ങൾ:

  1. ഇഷ്ടമായി..

    ഒരു തമാശകൂടി പറയട്ടെ.. ഈ കവിതയില്‍ ഇന്നു വായിച്ച കുറെ കവിതകളുടെ മണം:

    "കയറിയതുപോലെ ഞാന്‍ കുന്നിറങ്ങിക്കഴിഞ്ഞു"
    - പ്രണയപര്‍വ്വങ്ങള്‍, ദേവതീര്‍ത്ഥ


    "പെണ്‍കുട്ടിയുടെ പ്രതിമ"
    - ഹോര, സനാതനന്‍


    "ഈര്‍ന്ന മരത്തിന്റെ മണം"
    -ഈര്ച്ച എന്ന ഉപമയില്, ലാപുട


    ഇതു എന്‍റെ തോന്നലാണോ അതോ മനഃപ്പൂര്‍വ്വം തുണ്ടുകളിട്ടുതന്നതാണോ?

    മറുപടിഇല്ലാതാക്കൂ
  2. ഈര്‍ന്ന മരത്തിന്റെ മണം.ഈര്‍ച്ച ഇന്നലെ വന്നതുകൊണ്ടാവും എനിക്കും തോന്നി.പക്ഷേ മറ്റൊന്നും കവിതയില്‍ മണക്കുന്നതായി തോന്നിയില്ല.മാത്രവുമല്ല ചിതറിപ്പോയ ഒരു കണ്ണാടിച്ചിത്രത്തെ ഓര്‍മ്മിപ്പിക്കും വിധം തലങ്ങും വിലങ്ങും എറിഞ്ഞുകളഞ്ഞ കുറേ സൂചനകള്‍കൊണ്ട്
    “എനിക്കറിഞ്ഞു കൂടാ
    എന്തു ചെയ്യണമെന്ന്“

    എനിക്കറിഞ്ഞുകൂടാ എന്തു ചെയ്യണമെന്ന് എന്ന അവസ്ഥയെ സമര്‍ഥമായി ആവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു ഈ കവിത എന്നാണ് തോന്നിയത്.കവിയുടെ മാനസികാവസ്ഥ വായനക്കാരനിലേക്ക് ഊതിവിടാന്‍ കഴിയുന്നു എങ്കില്‍ കവിതയെക്കുറിച്ച് വിശേഷണങ്ങള്‍ ഒന്നും വേണ്ട.എനിക്കെന്തോ എന്റെ ജീവിതത്തിലെ ഒരുപാട് സന്ദിഗ്ദ്ധനിമിഷങ്ങള്‍ ഓര്‍മ്മവന്നു.

    (ഗുപ്തന്‍ പറഞ്ഞപോലെ സന്ദിഗ്ദ്ധാനന്ദന്‍ :-) )

    മറുപടിഇല്ലാതാക്കൂ
  3. ഈ കവിത ഇന്നലെ എഴുതി ഇന്നലെ പബ്ലിഷ് ചെയ്തതല്ല.എഴുതിയ അന്ന് തന്നെ ഈ കവിത ഞാനല്ലാതെ ഒരാള്‍ വായിക്കുകയുമുണ്ടായി.
    ഒരു മാറ്റവും വരുത്താതെയാണ് ഇന്നലെ ഇത് പബ്ലിഷ് ചെയ്തത്.
    ഇത്തരമൊരു വിശദീകരണത്തിന്റെ കാര്യമൊന്നുമില്ല.
    ആ കവിതകളും ഇതുമായി ബന്ധമൊന്നുമില്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.

    വേറൊന്ന് ഇത് എന്റെ അനുഭവമാണ്.എല്ലാം അതേ പടി.വിശദീകരിക്കാന്‍ നിര്‍വാഹമില്ല.

    മറുപടിഇല്ലാതാക്കൂ
  4. തൊട്ടറിയുന്നു ആ പെണ്‍കുട്ടിയുടെ പ്രതിമയെ, അനുജത്തിയുടേതുപോലെ തളര്‍ന്ന കൈയെ..

    കേട്ടറിയുന്നു വീട്ടിലെത്തും മുന്നേ ഫോണിലെത്തിയ കരച്ചിലിനെ..

    അനുഭവിച്ചറിയുന്നു തന്റേതല്ലാത്ത തോട്ടത്തില്‍നിന്നും കയറിയതു പോലെ തിരിച്ചിറങ്ങിവന്ന, എന്തുചെയ്യണമെന്നറിയാത്ത നിന്റെ മനസിനെ..

    ഇഷ്ടമുണ്ട്. ദുരൂഹതയോടല്ല, നോവിക്കുന്ന ഈ സുതാര്യതയോട്.

    മറുപടിഇല്ലാതാക്കൂ
  5. അയ്യോ, ആ കവിതകള്‍ വിഷ്ണു കോപി അടിച്ചെന്നൊന്നും ഞാന്‍ ഉദ്ദേശിച്ചില്ലേയ്.. തെറ്റിദ്ധരിക്കല്ലേ... കവിതയുടെ പിതൃത്വത്തെ ചോദ്യം ചെയ്യാന്‍ മാത്രം ക്രൂരനൊന്നുമല്ല ഞാന്‍..

    ഇന്നും ഇന്നലെയുമായി ഇറങ്ങിയ ചില കവിതകളിലെ ബിംബങ്ങള്‍ മനഃപ്പൂര്‍വ്വം വായനക്കാര്‍ക്കു കണ്ടുപിടിക്കാനായി ഇട്ടുതന്നതാണോ എന്നായിരുന്നു എന്‍റെ സംശയം.. അതല്ല എന്‍റെ വെറും തോന്നലാണെന്നു വിഷ്ണുവിന്‍റെ മറുപടിയില്‍ നിന്നു മനസ്സിലായി.. ഞാന്‍ ഒരു പാമരന്‍.. ഒരു വിഡ്ഢിച്ചോദ്യം ചോദിച്ചതാണെന്നു കരുതി ക്ഷമിക്കൂ..

    പിന്നെ കവിത ഇഷ്ടപ്പെട്ടുവെന്നു ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ..

    മറുപടിഇല്ലാതാക്കൂ
  6. ആദ്യം വായിച്ചപ്പോള്‍ തോന്നിയതു പോലെയൊരു ദുരൂഹത ഇപ്പോഴും ബാക്കി, ആ അവസ്ഥയെ “എനിക്കറിഞ്ഞു കൂടാ
    എന്തു ചെയ്യണമെന്ന്“ എന്ന വാക്കിലൂടെ വരച്ച് കാട്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ