gfc

കൊണ്ടുപോവാത്തവ

ശരിയാണ് മക്കളേ,
താമസം മാറുമ്പോള്‍ നമ്മളീ വീടിനെ
കൊണ്ടു പോവുകയില്ല.
നിങ്ങളോടിക്കളിച്ച ദിവസങ്ങള്‍
ഈ മുറ്റത്തു തന്നെ വാശിപിടിച്ചു നില്‍ക്കും.
അച്ഛനുമമ്മയും കെട്ടിപ്പിടിച്ചുകിടന്ന പഴയ ഉറക്കങ്ങള്‍
മുറി വിട്ടിറങ്ങില്ല.
സ്കൂള്‍ വിട്ടുവരുന്ന നിങ്ങളെ,
റേഷന്‍ വാങ്ങിവരുന്ന നിങ്ങടെ അമ്മയെ
ഞാന്‍ നോക്കി നിന്ന നോട്ടം
ആ ജനാലയില്‍ തന്നെയുണ്ട്;
എന്നെ നോക്കിക്കൊണ്ട്.
ഉമ്മറത്തിണ്ണയിലെ നമ്മുടെ ഇരിപ്പുകള്‍
ഓരോരോ തൂണുകള്‍ ചാരി
പരസ്പരം നോക്കി
അവിടെത്തന്നെ ഇരിപ്പാണ്.
പുതിയ വീട്ടിലേക്കു പോയവരെ തിരഞ്ഞ്
ഒരു പഴയവീടും ഓട്ടോറിക്ഷ വിളിച്ച്
ഏതെങ്കിലുമൊരുനാള്‍ ചെല്ലുകയില്ല.
അതുകൊണ്ട്,
അവസാനമായി ഒന്ന് നോക്കിക്കോളൂ.
വീട്ടുസാധനങ്ങളടുക്കിയ നമ്മുടെ ലോറി
പുറപ്പെടുകയാണ്.
നിങ്ങള്‍ സന്തോഷത്തിലല്ലേ...

8 അഭിപ്രായങ്ങൾ:

  1. ആദ്യത്തെ വരി ചെയ്ത ചതിയാണോ,അതോ പിന്നീടുള്ള വരികൾ ചെയ്ത പണിയാണോ കവിത രണ്ടായൊടിഞ്ഞ് നിൽക്കുന്നപോലെ തോന്നി..
    എങ്കിലും നിസാരതകളിൽ നിന്ന് സാരാംശങ്ങൾകണ്ടെടുക്കുന്ന കവിയെ വീണ്ടും കണ്ടതിൽ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  2. കവിത ഇഷ്ടപ്പെട്ടു. അവസാ‍നം പെട്ടെന്നായതുപോലെ..

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിനെ ഒരു വട്ടത്തില്‍ കുറ്റിയടിച്ചിട്ട വരികള്‍...
    ആശംസകള്‍ മാഷേ...

    മറുപടിഇല്ലാതാക്കൂ
  4. വരികള്‍ ക്കിടയില്‍ എവിടെയോ കവിത നഷ്ടമാകുന്നത് പോലെ.

    മറുപടിഇല്ലാതാക്കൂ
  5. ഇതില്‍ ഞാനുണ്ട്‌ എന്റെ ജീവിതമുണ്ട്‌

    മറുപടിഇല്ലാതാക്കൂ
  6. പുതിയ വീട്ടിലേക്കു പോയവരെ തിരഞ്ഞ്
    ഒരു പഴയവീടും ഓട്ടോറിക്ഷ വിളിച്ച്
    ഏതെങ്കിലുമൊരുനാള്‍ ചെല്ലുകയില്ല.
    കവിഹൃദയം.
    ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ