gfc

തൂക്കം

വഴിയോരക്കടമുന്നില്‍
വളഞ്ഞ് തൂങ്ങിയ വാഴക്കുലേ
എത്ര അണ്ണാക്കുകളിലേക്ക്
വിന്യസിക്കാനുള്ള പഴങ്ങളുമായാണ്
അടക്കിപ്പിടിച്ചുള്ള ഈ തൂക്കം!
ഒന്നൊന്നായ് ഉരിഞ്ഞു തീരുമ്പോള്‍
കുറച്ചുനേരമെങ്കിലും ഒറ്റപ്പഴവുമില്ലാതെ
കെട്ടിത്തൂങ്ങിക്കിടക്കുന്ന ഒരു നേരമുണ്ട്.
അന്നേരം നീ വിചാരിക്കുമോ?
പലവിധ അണ്ണാക്കുകളിലേക്ക്
ഇറങ്ങിപ്പോയ പഴങ്ങള്‍,
അരഞ്ഞരഞ്ഞ് തൊണ്ട വഴി ആമാശയത്തിലേക്ക്  പോയവ,
തിരികെ പഴങ്ങളായി നീണ്ടുരുണ്ട് രൂപപ്പെട്ട്
ഉരിഞ്ഞ തോലിലേക്ക് വീണ്ടും കയറിയിരുന്ന്
ഉരിയാപ്പഴങ്ങളായ് അതാത് പടലകളില്‍
അതാത് കണ്ണികളില്‍
വന്നു നില്‍ക്കേണമേ എന്ന്...
അപ്പോള്‍ നിന്നെപ്പെറ്റ വാഴ ഇങ്ങനെ വിചാരിക്കുമോ?
വെട്ടിപ്പോയ കുല വീണ്ടും വെട്ടാക്കുലയായ് വന്നുകൂടുമെന്ന്...
വെട്ടുകത്തിയാല്‍ കുലയും വാഴയും രണ്ടാക്കിയ
ആ മുറിവ് മാഞ്ഞു മാഞ്ഞ് ഇല്ലാതാകുമെന്ന്...

4 അഭിപ്രായങ്ങൾ:

  1. മാഷേ, കാഴ്ച ഇഷ്ടായി.
    പക്ഷേ, സ്റ്റൈല്‍?
    നമ്മളൊക്കെ നമ്മെത്തന്നെ ആവര്‍ത്തിക്കുന്നു.
    എഴുതാതിരിക്കുകയാ ഞാനിപ്പോള്‍,
    അതാവും നല്ലതെന്നു തോന്നീട്ട്.
    ഒരു അഭിപ്രായം രേഖപ്പെടുത്തിയേ പറ്റൂ എന്നതിനാലല്ല കേട്ടോ ഇത്.

    മറുപടിഇല്ലാതാക്കൂ
  2. ഉമ്പാച്ചീ ശരിയായ അഭിപ്രായമാണ് നീ പറഞ്ഞത്.എഴുതിക്കൊണ്ടേ എഴുത്തില്‍ മാറ്റമുണ്ടാക്കാന്‍ പറ്റൂ എന്ന തോന്നലില്‍ നിന്നാണ് ഞാന്‍ വീണ്ടും എഴുതിത്തുടങ്ങുന്നത്...ഒരു മാറ്റത്തിന് ഞാന്‍ ശ്രമിക്കാം..

    മറുപടിഇല്ലാതാക്കൂ
  3. മാറ്റങ്ങള്‍ ഉണ്ടാക്കുന്നതൊ അതൊ സ്വയം ഉണ്ടാവുന്നതൊ? മാഷ്‌ പറഞ്ഞതിനോട്‌ എനിക്കു കുറച്ച്‌ യൊജിപ്പുണ്ട്‌.എഴുതി കൊണ്ടേയിരിക്കുക.അതൊരുപക്ഷെ നമ്മെ വേറൊരു ദ്വീപിലേക്ക്‌ എത്തിച്ചേക്കും.എഡിസണ്‍ ബള്‍ബ്‌ കണ്ടുപിടിച്ചതു പോലെ.ഓരോ പഴ്ശ്രമങ്ങളും ഇതല്ല ഇതല്ല എന്ന്‌ തെളിയിച്ചു കൊണ്ടിരിക്കും.പക്ഷെ ഒരു സുപ്രഭാതത്തില്‍ അത്‌ നമുക്കുക്മേല്‍ പ്രകാശം ചൊരിയുക തന്നെ ചെയ്യും.മൌനവും നല്ല സ്വാധീനം ഉണ്ടാക്കിയ അനുഭവങ്ങള്‍ കുറവല്ല.പുതിയൊരു മാറ്റവുമായി നിങ്ങള്‍ തിരിച്ചെത്തുന്നത്‌ കാത്തിരിക്കുന്നു.ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  4. മൌനം അത്ര നല്ല മാറ്റമല്ല. പക്ഷേ ആവർത്തനം മാറ്റത്തിന്റെ പരീക്ഷണക്കുപ്പിയുമല്ല

    മറുപടിഇല്ലാതാക്കൂ