gfc

കുഞ്ഞനന്തന്‍ നായരുടെ ചിരി

[അറുപിശുക്കനായ കുഞ്ഞനന്തന്‍ നായര്‍

കഷ്ടിച്ചു ചിരിച്ചു എന്ന് വരുത്തുകയേയുള്ളൂ എന്ന്
പഞ്ചായത്ത് ചരിത്രത്തില്‍ മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.]

കുഞ്ഞനന്തന്‍ നായരെ നിങ്ങളറിയും
രെജിസ്ട്രാറായിരുന്നു.
വിരമിച്ചതിനു ശേഷം വീട്ടുവരാന്തയില്‍
ചാരുകസേരയില്‍ കുംഭ തടവിയോ
വളി വിടാന്‍ പാകത്തില്‍
ഒന്ന് ചരിഞ്ഞിരുന്നോ
കുടുംബ മഹിമയും കുനിട്ടും പറഞ്ഞോ
ബോറടിക്കുമ്പോള്‍ കോമഡിഷോകള്‍ കണ്ടോ
മിക്കപ്പോഴുമുണ്ടാവും.


സിഗരട്ടിന്റെ സ്റ്റോക്കു തീരുമ്പോഴോ
അമ്മു ബേക്കറിയിലെ വാട്ടച്ചായ കുടിക്കാന്‍ മുട്ടുമ്പോഴോ
ആനനട നടന്ന് ഇടയ്ക്കൊന്ന് അങ്ങാടിയിലേക്കിറങ്ങും.

ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരു ദിവസം
കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു തുടങ്ങി.
കുഞ്ഞനന്തന്‍ നായരുടെ പതിവില്ലാത്ത ചിരി കണ്ട്
മൂപ്പരുടെ തൂങ്ങിക്കിടക്കുന്ന മുലകള്‍ ചിരിച്ചു.
അതുകണ്ട് മടക്കുമടക്കായികിടക്കുന്ന വയര്‍ ചിരിച്ചു.
നാട്ടുകാര്‍ ചിരിച്ചു.
വീട്ടുകാര്‍ ചിരിച്ചു.
കടിക്കാന്‍ വന്ന പട്ടി ചിരിച്ചു.
കുത്താന്‍ വന്ന പയ്യ് ചിരിച്ചു.
കുഞ്ഞനന്തന്‍ നായര്‍ പൊട്ടിപ്പൊട്ടി ച്ചിരിച്ചു.
ചിരിച്ചുചിരിച്ചുചിരിച്ച്
കുഞ്ഞനന്തന്‍ നായരുടെ ചിരീടെ കണ്ട്രോള് തെറ്റി.

അന്നുമുതല്‍ അവസരത്തിലും അനവസരത്തിലും
കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു.
ചിരിച്ചുചിരിച്ച് തലകുത്തി മറിഞ്ഞു.
ചിരിച്ചുതുടങ്ങിയാല്‍ നിറുത്താന്‍ പറ്റാതെ
പലപ്പോഴും കുഞ്ഞനന്തന്‍ നായര്‍ വലഞ്ഞു.

മരണവീട്ടില്‍ വെച്ചു ചിരിച്ചതിന്
നാട്ടുകാരുടെ വക കണക്കിന് കിട്ടി
മരുമകളോട് നിയന്ത്രണംവിട്ടു ചിരിച്ചതിന്
മകന്റെ വക കിട്ടി
അടിച്ചു തളിക്കാരിയോട് ചിരിച്ചതിന്
ഭാര്യപിണങ്ങി.

എതിര്‍പ്പുകളൊന്നും വകവെച്ചുകൊടുക്കാന്‍
കുഞ്ഞനന്തന്‍ നായരുടെ ചിരിക്ക് ആവുമായിരുന്നില്ല.
മാന്യന്മാരും സര്‍വാദരണീയരും
കുഞ്ഞനന്തന്‍ നായരെ കണ്ടാല്‍ ഒഴിഞ്ഞു മാറി.
പെണ്ണുങ്ങള്‍ കുഞ്ഞനന്തന്‍ നായരുടെ മുഖത്തു നോക്കാണ്ടായി.

ബുക്കും പേപ്പറുമെടുക്കെന്ന്
മാസാന്ത്യ വിരട്ടു വിരട്ടുന്ന സ്ഥലം എസ് ഐയെക്കണ്ട്
ചിരിച്ചു മറിഞ്ഞപ്പോഴാണ്
കുഞ്ഞനന്തന്‍ നായര്‍ക്ക് ലോക്കപ്പ് മര്‍ദ്ധനം തരമായത്.

ഓരോ ഇടിയിലും ചിരിക്കുന്ന നായരെ
പോലീസ് ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടാക്കി
താണു തൊഴുതു മടങ്ങി
എസ് ഐ യും സംഘവും.

ഒടുവില്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്
കുഞ്ഞനന്തന്‍ നായരെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിച്ചു.

മരുന്നു കഴിച്ച് കഴിച്ച് കുഞ്ഞനന്തന്‍ നായരുടെ ചിരി വറ്റി.
ആ വലിയ ചിരിയുടെ ഒരു ചെറിയ പരാഗം മാത്രം
കുഞ്ഞനന്തന്‍ നായരുടെ മുഖത്ത് ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും കോമഡിഷോകള്‍ കാണാന്‍
ഇപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് അനുവാദമില്ല.

10 അഭിപ്രായങ്ങൾ:

  1. കുഞ്ഞനന്തൻ നായരുടെ ചിരി മൂക്കന്റെ മൂക്കുപോലെ വളരട്ടെ!!

    (“ഒടുവില്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്
    കുഞ്ഞനന്തന്‍ നായരെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിച്ചു.

    മരുന്നു കഴിച്ച് കഴിച്ച് കുഞ്ഞനന്തന്‍ നായരുടെ ചിരി വറ്റി.
    ആ വലിയ ചിരിയുടെ ഒരു ചെറിയ പരാഗം മാത്രം
    കുഞ്ഞനന്തന്‍ നായരുടെ മുഖത്ത് ഇപ്പോഴും ബാക്കിയുണ്ട്.
    എങ്കിലും കോമഡിഷോകള്‍ കാണാന്‍
    ഇപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് അനുവാദമില്ല.“)
    ഈ ഭാഗം ഈയിടെ മാതൃഭൂമിയിൽ വായിച്ച കെ.ആർ.ടോണിയുടെ ഒരു ശരാശരി കവിതയെ ഓർമ്മിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. സനല്‍,നിങ്ങള്‍ ഉദ്ദേശിക്കുന്ന ശരാശരിക്കവിത ഞാന്‍ വായിച്ചിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണു മാഷേ,

    കുഞ്ഞനന്ദന്‍ നാ‍ാരുടെ ചിരി അസ്സലായി......
    നല്ല കവിത

    പല പല തിരക്കു കാരണം വളരെക്കാലത്തിനു ശേഷമാണ് ഇവിടെ.

    ഓ ടോ: ആയ കാലത്തുണ്ടാക്കിയ സമ്പാദ്യമെല്ലാം, മുലപ്പാല്‍ മണം മാറാത്ത ഒരു പയ്യന്റെ കൈയില്‍ ഇരട്ടിപ്പിക്കാന്‍ കൊടുത്ത് നഷ്ടപ്പെട്ട ദിവസമാണോ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട്, അറു പിശുക്കനായ
    കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു തുടങ്ങിയത് എന്നൊരു സംശയം :)

    മറുപടിഇല്ലാതാക്കൂ
  4. ഈ ചിരി അസാധ്യമായി ‘നല്ലതു തന്നെ’. ഈ നായരെ എനിക്ക്‌ പരിചയമുള്ളലതുപോലെ!

    മറുപടിഇല്ലാതാക്കൂ
  5. ആ പഴയ ചിരി വീണ്ടെടുക്കാന്‍ കഴിയുന്നുണ്ട്‌ മാഷെ കുറേശെ കുറേശെ

    മറുപടിഇല്ലാതാക്കൂ
  6. ‘എങ്കിലും കോമഡിഷോകള്‍ കാണാന്‍
    ഇപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് അനുവാദമില്ല‘

    അതു കഷ്ടായി

    മറുപടിഇല്ലാതാക്കൂ
  7. വിഷ്ണുമാഷേ ആ കവിത ഇനി വായിച്ചാലും മതി
    കൂഴൂരിന്റെ കവിതകൾ വന്ന ലക്കത്തിലാണെന്നാണ് തോന്നുന്നത്
    നോക്കട്ടെ അയച്ചുതരാം

    മറുപടിഇല്ലാതാക്കൂ
  8. Chirikkanenkilum Kazhiyunna Kunjanathan Nayarkku enteyum Pranamangal..!!! Best wishes.

    മറുപടിഇല്ലാതാക്കൂ
  9. ആ അവസാനത്തെ രണ്ട് വരി വെട്ടിക്കളഞ്ഞെങ്കില്‍ ഉഗ്രന്‍ കവിതയാവുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  10. ഈ കോമഡി ഷോ അത്ര പ്രശ്നക്കാരനാണോ.....ഒന്നും ചെയ്യാനില്ലാത്തവനെ ചിരിക്കാൻ പോലും സമ്മതിക്കാത്ത ഈ നശിച്ച മുതലാളിത്ത വ്യവസ്ഥ എന്നേലും പൊളിഞ്ഞു വീഴുവോ ന്റെ ഭഗവാൻ കാൾ മാക്സേ...
    (അവസാനം ഒരു ശില്പഭംഗമുണ്ടായോന്നൊരു തോന്നൽ)

    മറുപടിഇല്ലാതാക്കൂ