gfc

മീന്‍‌മുള്ള്

മീന്‍‌മുള്ള് എന്നൊരു ഉപമയാണ്
പാത്തുമ്മക്കുട്ടിയെക്കുറിച്ച് കൃത്യമായുള്ളത്.
തീന്‍മേശയിലെ വെളുത്ത പിഞ്ഞാണത്തില്‍
മാംസമെല്ലാം അടര്‍ത്തിയെടുക്കപ്പെട്ട നിലയില്‍
വിശ്രമിക്കുന്ന മീന്‍‌മുള്ളിനെ ഞാന്‍ ദയവോടെ നോക്കുന്നത്
അവളെ ഈ പ്ലേറ്റില്‍,ഈ ഉപമയില്‍
വെളിപ്പെട്ടു കിട്ടുന്നതുകൊണ്ടാണ്.

അവള്‍ തന്നെയാണ് നിശ്ശബ്ദം,നിശ്‌ചേഷ്ടം
ഈ കിടക്കുന്നതെന്ന് തോന്നിത്തുടങ്ങിയപ്പോള്‍
അത്, ആ മീന്‍‌മുള്ള് എഴുന്നേറ്റു നിന്ന്
പറഞ്ഞു തുടങ്ങി:
കടലിന്റെ നീല നീരടരുകള്‍
വകഞ്ഞു വകഞ്ഞു കൂട്ടരോടൊപ്പം പോയത്,
ചലനമായിരുന്നു പേരെന്ന്,
കീഴടക്കാത്ത വേഗങ്ങള്‍ ഒന്നുമില്ലെന്ന്,
സ്രാവുകള്‍,ആമകള്‍,കടല്‍‌പ്പാമ്പുകള്‍
ഒക്കെയും കണ്ടിട്ടുണ്ടെന്ന്,
പവിഴപ്പുറ്റുകള്‍ വലം വെച്ചിട്ടുണ്ടെന്ന്...


പാത്തുമ്മക്കുട്ടി ഉറങ്ങുകയാണ്.
ഉറങ്ങുമ്പോള്‍ അവളുടെ കണ്‍പോളകള്‍
അടയുകയില്ല.
ആ കണ്ണുകള്‍ അവളുടെയോ
അതോ ഇപ്പോഴും ഊണ്‍‌മേശയില്‍
പ്രസംഗിക്കുന്ന മീന്‍‌മുള്ളിന്റെയോ
എന്നറിയാതെ ഞാന്‍ കുഴങ്ങി.

മീന്‍‌മുള്ളിനോട് ഒന്നും പറയാതെ
ഞാന്‍ വലിയ ഭാരത്തോടെ
അടയാത്ത ആ കണ്ണുകളിലേക്ക്
താണു പോയി...

24 അഭിപ്രായങ്ങൾ:

  1. ഹൃദയം കലക്കുന്ന എഴുത്ത്.വരികള്‍ ഇങ്ങനെ ദു:ഖം കൊണ്ടുവരാമോ!

    മറുപടിഇല്ലാതാക്കൂ
  2. ഒരു കനല്‍ പോലെ എരിയുന്ന കവിത

    മറുപടിഇല്ലാതാക്കൂ
  3. ചലനമായിരുന്നു പേരെന്ന് !!!

    മേതിലിന്റെ ഡിലൈല ഓര്‍ത്തു. പ്രത്യേകിച്ച് പാത്തുമ്മക്കുട്ടി ഉറങ്ങുകയാണ്, ഉറങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ അടയുകയില്ല.. എന്നിടത്ത്.

    മറുപടിഇല്ലാതാക്കൂ
  4. മീന്‍‌മുള്ളിനോട് ഒന്നും പറയാതെ
    ഞാന്‍ വലിയ ഭാരത്തോടെ
    അടയാത്ത ആ കണ്ണുകളിലേക്ക്
    താണു പോയി...

    mashe. classic work

    മറുപടിഇല്ലാതാക്കൂ
  5. അപ്പോള്‍ വെജിറ്റെറിയനാണെന്ന് നുണ പറഞ്ഞതാണല്ലേ!
    മുഴുവന്‍ മനസ്സിലാക്കിയിട്ട് കവിതയെ കുറിച്ച് അഭിപ്രായം പറയാം.

    മറുപടിഇല്ലാതാക്കൂ
  6. മീന്‍മുള്ള്‌
    ഇഷ്ടമായി..
    ചിന്തകളുടെ ഈ
    അനസ്യൂത പ്രവാഹത്തിന്‌ മുമ്പില്‍ നമിക്കുന്നു..

    എഴുത്ത്‌ തുടരുക
    അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  7. അല്ല ഞാന്‍ പാത്തുമ്മകുട്ടിയല്ല. എനിക്ക് ഓര്‍ത്തെടുക്കാന്‍ കൊള്ളാ‍വുന്ന ഒരു ഭൂതകാലമുണ്ടെന്ന്....

    മറുപടിഇല്ലാതാക്കൂ
  8. മീന്മുള്ളിന്റെ ആശയം ഇഷ്ടമായി...
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  9. ഒരു മീന്മുള്ള് ഉള്ളില്‍ കൊളുന്നതു പോലെ, ഉപമയാണെങ്കിലും:)

    മറുപടിഇല്ലാതാക്കൂ
  10. പെണ്ണെന്ന ഉപഭോഗവസ്തു അസ്സലായി കവിത

    മറുപടിഇല്ലാതാക്കൂ
  11. നന്നായി.
    അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  12. നല്ല കവിത..അടയാത്ത കണ്ണുകളും ഹൃദയത്തില്‍ എന്നേയ്ക്കും തറഞ്ഞിരിക്കാന്‍ മുള്ളും !

    മറുപടിഇല്ലാതാക്കൂ
  13. മീന്‍‌മുള്ളിനോട് ഒന്നും പറയാതെ
    ഞാന്‍ വലിയ ഭാരത്തോടെ
    കവിതയിലേക്ക്
    താണു പോയി...

    മറുപടിഇല്ലാതാക്കൂ
  14. :( എല്ലാ വാക്കുകളും കഴുത്തിന്‍ കുഴിയിലെ വായുവിലൊതുങ്ങി പോയി ഇതു വായിച്ചപ്പോള്‍!

    പ്രമോദ് പറഞ്ഞതു പോലെ കവിതയില്‍ ആഴ്ന്നു പോയി!

    മറുപടിഇല്ലാതാക്കൂ
  15. ശരിക്കും എത്ര വിഷ്ണുപ്രസാദ് ഉണ്ട് ? ഓരോ കവിതയും ഒരോ വിഷ്ണുവിനെ അടര്‍ത്തി മാറ്റി കാണിച്ചു തരുന്നുണ്ട്. ഒരു കണ്‍കെട്ട് വിദ്യ പോലെ. മീന്‍ മുള്ള് ആരെന്ന സംശയം മാത്രം ബാക്കി.

    മറുപടിഇല്ലാതാക്കൂ
  16. കൊള്ളാം വ്യക്തമായ കാഴ്ചപ്പാട്. തുടരുക..

    മറുപടിഇല്ലാതാക്കൂ
  17. ഈ കവിത എഴുതി ഒരാഴ്ച്ചയോളം നന്നായില്ലെന്നു കരുതി എടുത്തുവെച്ചു.സിമ്യും മയൂരയും ചില തിരുത്തലുകള്‍ വരുത്താന്‍ സഹായിച്ചു.രണ്ടാള്‍ക്കും നന്ദി.
    വല്യമ്മായീ,കളവല്ല,ഞാനിപ്പോഴും പച്ചക്കറിയനാ...
    പ്രശാന്ത്,ഡിലൈലയെ ഞാന്‍ വായിച്ചിട്ടില്ല,തരം കിട്ടുമ്പോള്‍ നോക്കാം.
    സീത,പുതിയ ആളെങ്കിലും കൃത്യമായി കവിത കണ്ടതില്‍ സന്തോഷം.
    ധ്വനി,എന്താ പറയുക..., സന്തോഷമെന്നോ,സങ്കടമെന്നോ,നന്ദിയെന്നോ...അറിയില്ല.
    അനീഷ്, പാത്തുമ്മക്കുട്ടി എന്റെ മൂന്ന് കുട്ടികളുടെ അമ്മയാണ് ,എന്റെ കൂട്ടുകാരിയാണ്.
    എഴുതപ്പെട്ടവ എന്നെ അപരിചിതഭാവത്തോടെ നോക്കുന്നുണ്ട് ,എഴുതാനിരിക്കുന്നവയും അപരിചിതമാണ്.
    പരിചയപ്പെടാനുള്ള ശ്രമം മാത്രമാണ്‌ തുടരുന്നത് .
    വേണുജീ,സനാതനന്‍ ,ചിത്രകാരന്‍ ,നവരുചിയന്‍ ,
    ഉപാസന,പ്രശാന്ത്,ജി.മനു,വല്യമ്മായി,ദ്രൌപദി,
    വാല്‍മീകി,ടീന,സീത,അലി,പ്രിയ,വെള്ളെഴുത്ത്,പ്രമോദ്,ധ്വനി,ആരോഒരാള്‍ ,വഴിപ്പോക്കന്‍,സഗീര്‍ ...സന്ദര്‍ശനത്തിനും കമന്റിനും ഏവര്‍ക്കും നന്ദി,സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  18. വിഷ്ണുപ്രസാദിനും കുടുംബത്തിനും ചിത്രകാരന്റെ ക്രിസ്തുമസ്സ് ,പുതുവര്‍ഷ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ