gfc

വീരചരിതം

കഴിഞ്ഞ ഡിസംബറിലാണെന്ന്
തോന്നുന്നു.
പുലര്‍ച്ചയ്ക്കുള്ള മൈസൂര്‍ ബസ്സില്‍
ടിപ്പുസുല്‍ത്താന്റെ പ്രേതം
സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങി.
കമ്പിളി പുതച്ച്
രാജകീയ വേഷത്തില്‍
പോവുന്നതു കണ്ട്
‘ഈ വെളുപ്പാന്‍ കാലത്ത് എവിടേക്കാ ..?’
എന്ന് ഒരു പോലീസുകാരന്‍ ചോദിച്ചു.
‘ആയുധപ്പുര ഒന്ന് പരിശോധിക്കണം..’
എന്ന മറുപടി പറഞ്ഞതു കേട്ട്
അഞ്ചു മണിക്കുള്ള ബസ് കാത്തു നിന്നിരുന്ന
ഒരു വേശ്യ ചിരിച്ചു വശം കെട്ടു.
സുല്‍ത്താന്‍ നേരെ
വിമല്‍ ജ്യോതി എന്ന
പെണ്‍ പാര്‍പ്പിടത്തിനടുത്തുള്ള
പഴയ വെടിക്കോപ്പുശാലയിലേക്ക്
നടന്നു.
ഗേറ്റ് ചാടിക്കടന്ന് ഒരാള്‍ കോട്ടയിലേക്ക്
പോവുന്നുണ്ടെന്ന്
സമീപത്തുള്ള പെണ്‍ഹോസ്റ്റലിലെ വാര്‍ഡന്‍
സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു.
ടിപ്പു ,താന്‍ പണ്ട് പിടിച്ചെടുത്ത
ജൈനക്ഷേത്രത്തിലെ തല പോയ പ്രതിമയോട്
‘ചന്നാഗിദിയാ ?’എന്ന്ചോദിച്ചു.
പ്രതിമ തലയില്ലാത്ത കഴുത്തുകുലുക്കി
‘സുഖം തന്നെ.’എന്ന് അറിയിച്ചു.
പുരാവസ്തു വകുപ്പ് മിനുക്കുപണി നടത്തിയ
ക്ഷേത്രത്തിലൂടെ പ്രേതം നടന്നുനടന്ന്
തെക്കുഭാ‍ഗത്തു പോയി ഇരിപ്പായി.
അവിടെ ആരോ ഒരു കൂട് നിരോധ് മറന്നുവെച്ചിരുന്നു.
‘ഇതെന്തു കുന്ത്രാണ്ടം?’എന്നു നോക്കി
അതെടുത്ത് കീശയിലിട്ട് ഗേറ്റു കടന്ന്
ഒരു ഓട്ടോറിക്ഷ പിടിച്ച് ‘കെ.എസ്.ആര്‍ .ടി.സി
സ്റ്റേഷനടുത്തുള്ള കൊല്ലിയിലേക്ക്
പോവട്ടെ’ എന്ന് കല്പിച്ചു.
പിറ്റേന്ന് ഒരു വാളും തലപ്പാവും
കാട്ടില്‍ക്കിടന്ന് കിട്ടിയതായി
ഫോറസ്റ്റ് അധികൃതര്‍
ഒരു പത്രപ്രസ്താവന ഇറക്കി..

(25-4-2000)

5 അഭിപ്രായങ്ങൾ:

  1. സുല്‍ത്താന്‍ ബത്തേരിയില്‍...

    മറുപടിഇല്ലാതാക്കൂ
  2. ദൈവമേ,ടിപ്പുവും ആ പരസ്യം കണ്ടിരുന്നോ?
    (സാറെ....മറക്കല്ലേ...!)

    മറുപടിഇല്ലാതാക്കൂ
  3. ഒരു വാളും തലപ്പാവും
    കാട്ടില്‍ക്കിടന്ന് കിട്ടിയതായി
    ഫോറസ്റ്റ് അധികൃതര്‍
    ഒരു പത്രപ്രസ്താവന ഇറക്കി
    മാഷേ .അതു വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലൊ.
    വാളും തലപ്പാവുമൊക്കെ നഷ്ടപ്പെട്ട ഒരു ശരീരം കാട്ടില്‍ കിടന്നു കിട്ടിയതായ വാര്‍ത്ത ആണു് വിശ്വസനീയം എന്നെനിക്കു തോന്നുന്നു. ചുമ്മാ...എന്തെങ്കിലും കമന്‍റായെഴുതിയതാ..

    മറുപടിഇല്ലാതാക്കൂ
  4. താങ്കളുടെ നല്ല കവിതകളെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന കണ്ണി,താങ്കളുടെ ദര്‍ശനത്തിന്റെ സത്ത, നിഷേധത്തിന്റേതായ ഒരുതരം കറുത്ത ചിരി,അത് ഈ കവിതയിലും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമാവുന്നുണ്ട്.താങ്കളുടെ ഏറ്റ്വും മികച്ച കൃതികളില്‍ പെടുത്താനാവില്ലെങ്കിലും കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ