gfc

അഭയാര്‍ഥി

പ്രിയ കാമുകീ,നിന്റെ നിറനീര്‍ മിഴിയ്ക്കരികി-
ലൊരു വേള കൂടി ഞാനെത്തി...ഒരു വേള കൂടി.
കൊടിയോരു വേനലിലുമല്പവും വറ്റാതെ
നിലകൊള്ളുമൊരു വാപിയിങ്കല്‍ .
പറ്റെയും വറ്റിയ തൊണ്ടയോടവശനാ-
യെത്തി ഞാനൊരു കാട്ടു മൃഗമായ്.
ഒട്ടുമേ വൈകാതിറങ്ങിക്കുടിച്ചെന്റെ
ദാഹമൊടുക്കുവാനെത്തി.

ഇല്ല മര്യാദകള്‍ ,ഉള്ളതിപ്പോഴുമീയാര്‍ത്തി.
കാടിന്റെ മകനെന്തു മര്യാദകള്‍ ,
കാട്ടിലൊറ്റയ്ക്കു വാഴുവോനല്ലേ.
കാട്ടില്‍ പുളച്ചു മദിച്ചു ശീലിച്ചവന്‍ ,
തോന്നുന്നതൊക്കെയും ചെയ്തു കൂട്ടുന്നവന്‍ .

കട മുതല്‍ ജട വരെ കാടനാകുന്നു ഞാന്‍ .
പരിചരണരീതികള്‍ പരിചയിച്ചിട്ടില്ല,
മൃദുലപരിലാളനകള്‍ വശഗമായിട്ടില്ല.
പൂഴ്ത്തിവെക്കാറില്ല,
ഹൃദയഗതസന്ദേശമൊന്നും.

ജീവിതം,ജീവിതമൊരു നിബിഡകാന്താരം.ഞാനോ,
ഘനമൌനമധ്യത്തി,ലവിടെനിന്നുച്ചത്തില്‍
നിലവിളിക്കുന്നോരു കുട്ടി.
അഭയസങ്കേതവും അഭയമാര്‍ഗങ്ങളും
അജ്ഞേയമാണെനിക്കിന്നും.
എവിടെ നിന്നിവിടെ വന്നെത്തിയെന്നറിയില്ല.
പുറവഴികളൊന്നുമേ വെളിവിലില്ല.
അലമുറകളെല്ലാം തിരിച്ചു നല്‍കിക്കൊണ്ട്
പരിഹസിക്കുന്നെന്നെ ദിക്കുകള്‍ .
അനുതപിക്കില്ലീ മണ്ണുമാകാശവും
കാടു മിക്കാലവും.
അവരെത്ര നിസ്സംഗര്‍ ,
നിശ്ശബ്ദ സാക്ഷികള്‍ ‍,വിധി നടപ്പാക്കുവോര്‍
നെടിയ മൌനം കൊണ്ട് കൊല്ലാതെ കൊല്ലുവോര്‍ ,
കാവല്‍ നിക്കുന്നവര്‍ ,പീഡകര്‍ ...

തടവറയല്ലയോ ജീവിതം? കാലത്തിന്‍
വിജന വിശാല വിമൂകമാം തടവറയല്ലയോ ജീവിതം.
ഇതിനുള്ളിലെന്നെ പിടിച്ചടച്ചെങ്ങോട്ടു പോയീ ദൈവം.
അവനെന്തു രസമിതില്‍ ?ഇതിനെന്തു പാതകം ചെയ്തു ഞാന്‍ ?
ഇനിയെന്നു തടവറത്താക്കോലുമായവനെത്തും ?
പ്രിയ കാമുകീ,നിന്റെ നിറനീര്‍ മിഴിയ്ക്കരികി-
ലൊരു വേള കൂടി ഞാനെത്തി...ഒരു വേള കൂടി.
കൊടിയോരു വേനലിലുമല്പവും വറ്റാതെ
നിലകൊള്ളുമൊരു വാപിയിങ്കല്‍ .
പറ്റെയും വറ്റിയ തൊണ്ടയോടവശനാ-
യെത്തി ഞാനൊരു കാട്ടു മൃഗമായ്.

കരുണയുടെ ജലധാര കണ്ടെത്തിയില്ല ഞാന്‍
സുഖദമാം നിന്‍ മിഴിക്കുമ്പിളിലല്ലാതെ.
കനിവിന്‍ നുറുങ്ങൊന്നു മിന്നിപ്പറന്നില്ല,
പ്രിയദമാം നിന്നോര്‍മ്മയല്ലാതെയന്ധകാരത്തിലും.
ജീവിതക്കാന്താരമധ്യത്തിലെന്‍ ദാഹനീറ്റല്‍
കെടുത്തുവാനേകാവലംബവും നീയേ.
അന്ധതമസ്സിലും പൊട്ടിവിരിഞ്ഞെന്റെ പാത
തെളിയിക്കുമൊറ്റ നക്ഷത്രവും നീയേ.

മരുഭൂമിയില്‍ ഞാന്‍ പ്രയാണിയാവുമ്പോള്‍
ചുടുമണലിലെന്‍ കാലു പൊള്ളിപ്പിളരുമ്പോള്‍
വേദനകളെല്ലാം കടിച്ചമര്‍ത്തി ,
ചൂടിന്റെ തീമുള്ളുവള്ളിയും വേര്‍പെടുത്തി ,
ഒടുവില്‍ ഞാനെത്തും.......
ഒടുവില്‍ ഞാനെത്തും അഭയ വൃക്ഷമേ നിന്‍ ചുവട്ടില്‍ .

9 അഭിപ്രായങ്ങൾ:

  1. ഈണമുള്ള ഈ കവിത അനംഗാരിയേട്ടന് സമര്‍പ്പിക്കുന്നു.(എഴുതിയ കാലം:1993 സെപ്റ്റംബര്‍)

    മറുപടിഇല്ലാതാക്കൂ
  2. "---ഞാനോ,
    ഘനമൌനമധ്യത്തി,ലവിടെനിന്നുച്ചത്തില്‍
    നിലവിളിക്കുന്നോരു കുട്ടി.
    അഭയസങ്കേതവും അഭയമാര്‍ഗങ്ങളും
    അജ്ഞേയമാണെനിക്കിന്നും"

    ---
    അജ്ഞാതമല്ലാതെ അജ്ഞേയം എന്നു മനഃപൂര്‍വം ചേര്‍ത്തതാണോ? തീവ്രത കൂട്ടുവാന്‍ വേണ്ടി?
    നന്നായിട്ടുണ്ട്‌
    ഇതു എന്തു കൊണ്ട്‌ ആലപിച്ചു പോസ്റ്റ്‌ ചെയ്തു കൂടാ?

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണു മാഷേ..
    ഒരു ചെയ്ഞ്ച് ആര്‍ക്കാണിഷ്ടമല്ലാത്തത്.. !
    പക്ഷേ.. ഒരേയൊരു ചെയ്ഞ്ച് മതി.. ഇനി വേണ്ട.
    മര്യാദക്കു വന്ന വഴി തിരിച്ചു പൊയ്ക്കൊള്ളണം :)
    അങ്ങു ദൂരെ പുഴയെഴുതിയ കടവത്തേക്കു പോ..

    മറുപടിഇല്ലാതാക്കൂ
  4. അനംഗാരിക്കു പാടാന്‍ പറ്റിയ തരത്തില്‍ ഈണമുള്ള കവിത.
    നന്നായിരിക്കുന്നു. വിഷ്ണു.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍1/23/2007 10:25 PM

    നല്ല കവിത!

    (ഇത് സ്ഥിരം ശൈലിയില്‍് നിന്ന് വ്യത്യസ്തമാണല്ലൊ.)

    മറുപടിഇല്ലാതാക്കൂ
  6. വിരഹം ... (അതൊരു പരാജയമല്ലേ മനസ്സിന്‍റെ പരാജയം) ഏകാന്തത (സ്വയം സൃഷ്ടിക്കുന്നവയല്ലേ ഇതെല്ലാം) വിഹ്വലതകള്‍ നിറഞ്ഞ മനസ്സിന്‍റെ വ്യാകുലമായ ചിന്തകള്‍ കവിതാ ശകലങ്ങളായ് ഇവിടെ വിരിഞ്ഞ്രിക്കുന്നു
    രണ്ടാവര്‍ത്തി വായിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും മനസ്സീലായത് ഇനിയും വായിച്ചാല്‍ അര്‍ത്ഥങ്ങള്‍ മാറി മറിയും എന്‍റെ മനസ്സിലെ ചിന്തകള്‍ ഞാനിവിടെ കോറിയിട്ടു തെറ്റോ ശരിയോ ആ ....

    മറുപടിഇല്ലാതാക്കൂ
  7. കവിത വായിച്ച ഏവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  8. നമുക്കൊന്നു കൂടിയലോ വിഷ്നു.......
    എല്ലാ ബ്ലോഗന്മാരേയും ഒരുമിച്ചുകാണണമെന്നുണ്ട്...
    ഒന്നാലോചിക്കൂ

    മറുപടിഇല്ലാതാക്കൂ