gfc

കുന്ന്

പച്ചമരങ്ങളുടെ പുതയിട്ട്
ജീര്‍ണിക്കുന്ന ശവങ്ങളെ
വിദഗ്ദ്ധമായി ഉള്ളില്‍
മറച്ചുവെച്ച കുന്നേ...
ഇനിയെത്ര നാള്‍ ,
എത്രനാള്‍ വേണം
നിന്നെ തിന്നുതീര്‍ക്കാന്‍ ...?

പ്രതിഷേധങ്ങളുടെ കൊടിപിടിച്ച്
നാട്ടുമരങ്ങളുടെ ജാഥകള്‍
കയറിവരുന്നുണ്ട്
എല്ലാ ചരിവുകളില്‍ നിന്നും
നിന്റെ ഉച്ചിയിലേക്ക്.

ആകാശം വായ് മൂടിക്കെട്ടിയിരിക്കുന്നു.
വെയില്‍ ഒരു അന്ധഗായകനെപ്പോലെ
നിലവിളിക്കുന്നു.
ഒന്നുമറിയാത്ത പക്ഷികളും തുമ്പികളും
കുട്ടികളെപോലെ
ഇപ്പോഴും കളിച്ചിരിക്കുന്നു.

21 അഭിപ്രായങ്ങൾ:

 1. ഒരല്‍പ്പം ഭയത്തോടെ പുതിയ കവിത ഇവിടെ വെക്കുകയാണ്.ഭയത്തിന് ഹേതു ഇതാണ്:എന്നെ ഏതെങ്കിലും എഴുത്തുകാരന്റെ പ്രേതം പിടികൂടിയിട്ടുണ്ടോ എന്ന് എനിക്കുതന്നെ സംശയം.ഈ കവിത ഈ ജനുവരിയില്‍ തന്നെ എഴുതിയതാണ്.സംശയം കാരണം അനക്കാതെ വെച്ചതാണ്.ചില കവിതകള്‍ എഴുതിക്കഴിയുമ്പോള്‍ എനിക്ക് ഇതെന്റെ കവിതയാണോ , മറ്റാരുടെയോ വരികളല്ലേ എന്ന ഒരാശങ്ക കയറി വരാറുണ്ട്.വായിച്ച ഏതെങ്കിലും കവിത അബോധം പുറത്തേക്ക് കൊണ്ടുവന്നതാവാം.പക്ഷേ ജാഗ്രതയുള്ള വായനക്കാരന്റെ മുന്നില്‍ കള്ളനെന്ന വിളിപ്പേര് കേള്‍ക്കേണ്ടി വരുന്നതോര്‍ത്ത് ഞാന്‍ പല കവിതകളും പൂട്ടി വെച്ചു.

  ഈ കവിത ആശയപരമായി പി.പി. രാമചന്ദ്രന്റെ ‘കാറ്റേ കടലേ ’എന്ന കവിതയുമായി അല്‍പ്പം ബന്ധമുണ്ടെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തവുമാണ്.സംശയം തീര്‍ക്കാന്‍ ഞാന്‍ ഇന്നലെ പി.പി. ആറിന്റെ വീട്ടില്‍ പോയപ്പോള്‍ ആ കവിത വീണ്ടും വായിച്ചുനോക്കി.എന്തായാലും ആ കവിതയുടെ പ്രേതം ഇതിനെ പിടികൂടിയിട്ടില്ലെന്ന് മനസ്സിലായി.വായനക്കാരേ, നിങ്ങള്‍ക്ക് വിട്ടു തരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. വളര്‍ന്നു വരുന്ന തലമുറക്കുവേണ്ടിയുള്ള താങ്കളുടെ ഇന്നത്തെ പ്രധിഷേധത്തില്‍ ഞാനും പങ്കുചേരട്ടെ

  മറുപടിഇല്ലാതാക്കൂ
 3. വെയിലാറുമ്പോള്‍ പോയിരുന്ന്‌ പാതിരാവോളം മനോവിചാരങ്ങള്‍ ഇറക്കി വെക്കാറുള്ള അത്താണികള്‍ ഇടിച്ചുനിരത്തുന്നതിന്റെ വിഷമം ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനേ മനസ്സിലാവൂ.
  കുന്നുകളും പുഴകളും ഇല്ലാതാവട്ടെ,
  നമുക്ക് കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ ഇനിയും ഉയരുമല്ലോ? , എല്ലാവര്‍ക്കും കുളിമുറികളില്‍ കുളിക്കാമല്ലോ? നമ്മള്‍ കുപ്പിവെള്ളം ശീലിക്കുമല്ലോ?
  കുന്നിടിച്ചു നിരത്തുവാന്‍ വരുന്ന ബുള്‍ഡോസറിനോട് പറയുന്ന
  ഗോപീകൃഷ്ണന്റെ കവിത ഓര്‍മ്മ വരുന്നു.
  നന്നായി മാഷേ..

  മറുപടിഇല്ലാതാക്കൂ
 4. മാഷേ-ഒരു സത്യം പറയട്ടെ.എനിക്ക്‌ എന്തൊക്കെയോ മനസ്സിലായി വരുന്നു.'നാട്ടുമരങ്ങളുടെ ജാഥകള്‍ കയറി വരുന്നു' എന്നെഴുതിയത്‌ നല്ല ഒരു ഭാവന ആയി.പക്ഷേ എന്ത്‌ ജീര്‍ണതകള്‍ ആണു പച്ചപുതച്ച കുന്നുകള്‍ ഒളിപ്പിക്കുന്നത്‌.

  മറുപടിഇല്ലാതാക്കൂ
 5. വിഷ്ണൂ,

  ഇതൊക്കെ നമ്മള്‍ കുറച്ചാളുകളുടെ 'മൃദുലവികാര'മല്ലേ? കുന്നും പുഴയും.... പലതും ഇപ്പോല്‍ ദൃശ്യബോധമുള്ള സിനിമക്കാരുടെ കച്ചവട മനഃസ്ഥിതിയുള്ള 'നൊസ്താള്‍ജിയ' മാത്രം എന്നതാണ്‌ ശരി. പിന്നെ... അതിവേഗപാതയും ദേ വരണൊണ്ട്‌. ഒന്നൊഴിഞ്ഞു നിന്നോ! തടി കേടാക്കണ്ട.

  മറുപടിഇല്ലാതാക്കൂ
 6. സാന്‍ഡോസ്,
  ഞാന്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് ഒരു കുന്നുണ്ട്.
  അതു കാണുമ്പോഴൊക്കെ ഞാനതിനെ വല്ലാത്തൊരു സ്നേഹത്തോടെ നോക്കാറുണ്ട്.ദൂരെ വണ്ടിയിലിരുന്ന് നോക്കുമ്പോള്‍ ആ കുന്നിനിടയില്‍ ഒളിച്ചിരിക്കുന്ന വീടുകള്‍ നമുക്ക് കാണില്ല.പച്ചമരങ്ങള്‍ നിറഞ്ഞ നിശ്ശബ്ദമായ ഒരു ശവകുടീരത്തെ അതെന്റെ അബോധത്തില്‍ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

  മറുപടിഇല്ലാതാക്കൂ
 7. ഒന്നുമറിയാത്ത പക്ഷികളും തുമ്പികളും
  കുട്ടികളെപോലെ
  ഇപ്പോഴും കളിച്ചിരിക്കുന്നു.
  അവരെ നോക്കി പാവം മനുഷ്യരും എല്ലാമറിഞ്ഞു കൊണ്ടു് നോക്കി ഇരിക്കുന്നു.
  വിഷ്ണു പ്രസാദ്ജീ വയല്‍ക്കരയിലെ വീടും ആ കുന്നിന്‍ ചരുവിനടുത്തല്ലേ.

  മറുപടിഇല്ലാതാക്കൂ
 8. വേണുജീ, വയല്‍ക്കരയിലെ വീടിനടുത്ത് ഒരു പാട് കുന്നുകളുണ്ട്.എം.ടി യുടെ പ്രിയപ്പെട്ട നരിവാളന്‍ കുന്ന് ഇവിടെ അടുത്താണ്.‘കാറ്റേ കടലേ ’എന്ന കവിതയില്‍ പരാമര്‍ശിക്കുന്ന കുന്നുകളൊക്കെ ഇവിടെയുള്ളവയാണ്.

  മറുപടിഇല്ലാതാക്കൂ
 9. എഴുതുന്നവനും വായിക്കുന്നവനും ഒരേ തലത്തില്‍ നിന്നാലേ ആശയകൈമാറ്റം നടക്കൂ എന്നൊന്നും ഇല്ല അല്ലേ മാഷേ.ഇങ്ങനെ ആശയങ്ങള്‍ വിശദീകരിച്ചും കാര്യങ്ങള്‍ നടത്താം.ഇപ്പോള്‍ ആ വരികളും എനിക്ക്‌ ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 10. പ്രിയ വിസ്ണുപ്രസാദ്‌,
  മൊട്ടക്കുന്നുകള്‍ കണ്ട്‌ ബസ്സില്‍ യാത്ര ചെയ്യുംബോള്‍ ചിത്രകാരനും ഇത്തരം ചിന്തകള്‍ കൊണ്ട്‌ വേവലാതിപ്പെടാറുണ്ട്‌. അതിനാല്‍ വിഷ്ണുപസാദിന്റെ കുന്നിനെ ശരിയായി ഉള്‍ക്കൊള്ളാനായി.
  കുന്നുകളെ ആക്രമിച്ചു വിഴുങ്ങാന്‍ ആഗ്രഹിക്കുന്ന പച്ചപ്പെന്നോ,കുന്നുകളുടെ നാണം മറക്കാന്‍ ശ്രമിക്കുന്ന പച്ചപ്പെന്നൊ നമുക്കു സൗകര്യമ്പോലെ സങ്കല്‍പ്പിക്കാം. പിരമിഡിന്റെ രൂപസാദ്രിശ്യം കൂടി കവിയെ കുന്നിനോടൊപ്പം സ്വാധീനിക്കുന്നുണ്ടെന്നു പരഞ്ഞതു നന്നായി.
  കവിത നന്നായിരിക്കുന്നു. നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. സാന്‍ഡോസ്,
  ഓരോ വരിയുടെയും സാംഗത്യം ചോദിക്കുക,അതിന് എഴുത്തുകാരന്‍ ഓരോ വരിക്കും വിശദീകരണം നല്‍കുക...തുടങ്ങിയ കാര്യങ്ങള്‍ അപ്രായോഗികമാണ്.മാത്രമല്ല,എഴുത്തിന്റെ പരാജയം കൂടിയാണിത്.മറ്റൊന്ന് പലതവണ പറഞ്ഞതാണ്,പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഒരെഴുത്തിന് എഴുത്തുകാരന്‍ സ്വന്തം വ്യാഖ്യാനം മുന്നോട്ടുവെക്കുന്നത് ഇതര വായനകളെ ഇല്ലാതാക്കും.
  ആയതിനാല്‍,കവി ഒരു മാഷെപ്പോലെ കൂടെ നിന്ന് പറഞ്ഞുതരുന്നത് ശരിയോ?
  ഞാനെഴുതിയ ഈ കവിതകളില്‍ മനസ്സിലാക്കാന്‍ പറ്റാത്തതായി ഒന്നുമില്ല.

  മറുപടിഇല്ലാതാക്കൂ
 12. sunil krishnan1/14/2007 11:26 PM

  മംസി പറയുന്നത് പന്തുകായ്ക്കും കുന്നിനെപ്പറ്റിയാണോ? എങ്കില്‍ അതെഴുതിയത് മോഹനകൃഷ്ണന്‍ കാലടിയാണ്‌ എന്നു തോന്നുന്നു.(സമാഹാരം 'പാലൈസ്')
  ബാലഭാവനയുപയോഗിച്ച് അധിനിവേശത്തിനെതിരെയുള്ള വല്ലാത്ത വിലാപമാണത്.
  വിഷ്ണുവും തുള്ളിച്ചാടുന്ന ആട്ടിന്‍കുട്ടികളെപ്പോലെയുള്ള മലകളുടെ കഴുത്തറത്ത് പങ്കുവെയ്ക്കുന്നതിനെ പേടിച്ചുപോവുകയാണ്‌ ... നാളെയിതും എന്ന്‍..

  മറുപടിഇല്ലാതാക്കൂ
 13. വിഷ്ണു മാഷേ.. കവിത ഇഷ്ടപ്പെട്ടു. പിന്നെ എഴുതിയ കവിതകള്‍ പൂട്ടിവയ്ക്കരുതെന്ന് അപേക്ഷിയ്ക്കുന്നു. അവയെ നിറയെ കാറ്റും വെളിച്ചവുമുള്ള ബൂലോഗത്തേയ്ക്കു പറത്തിവിടൂ..

  മറുപടിഇല്ലാതാക്കൂ
 14. ശരിയാണു മാഷേ ആ പറഞ്ഞത്‌.ചില കവിതകള്‍ എനിക്ക്‌ പെട്ടെന്ന് മനസ്സിലാകും.ചിലതിന്റെയാണെങ്കിലോ ചില വരികളും.മനസ്സിലാകാത്ത വരികളില്‍ എന്റേതായ ഒരു വ്യാഖ്യാനത്തിനു ഞാന്‍ ഒരിക്കലും മുതിര്‍ന്നിട്ടില്ലാ.അതു കൊണ്ടാണു പല കവിത പോസ്റ്റുകളിലും എനിക്ക്‌ മനസ്സിലാകുന്നില്ലേ എന്ന് പറഞ്ഞ്‌ ഞാന്‍ കരഞ്ഞത്‌.[മാഷിന്റെ പോസ്റ്റില്‍ മാത്രമല്ലാ വേറെ പല പോസ്റ്റുകളിലും ഞാന്‍ ഇങ്ങനെ കിടന്ന് കരഞ്ഞിട്ടുണ്ട്‌..ഹ..ഹ]

  മറുപടിഇല്ലാതാക്കൂ
 15. വിഷ്ണൂ, പല കവിതകള്‍ക്കും സാമ്യം തോന്നുന്നത് നമ്മുടെ തെറ്റല്ല.നമ്മള്‍ ഒരു പാട് വായിക്കുകയും, പലതും ഓര്‍ക്കുകയും ചെയ്യുന്നുവെങ്കില്‍, നമ്മളില്‍ അറിയാതെ ചില വരികളും , ചിന്തകളും കൂട് കൂട്ടും.സമാനമായ ആശയങ്ങള്‍ ഉള്ള ഒരു വിഷയം നമ്മള്‍ എഴുതുകയാണെങ്കില്‍ അത് നമ്മുടെ കൃതിയിലും ഉണ്ടോ എന്ന് നമുക്ക് സംശയം തോന്നും.അതില്‍ വേവലാതിപ്പെടാനില്ല.

  ഈ കവിത നന്നായിട്ടുണ്ട്.ബിംബങ്ങള്‍ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 16. കുന്നുകളെ നോക്കി നെടുവീര്‍പ്പിടുന്നവരും ബസില്‍ യാത്ര ചെയ്യുന്നവരും കുറഞ്ഞുവരുന്ന ഇന്ന് ഈ കവിതയ്ക്ക്‌ പ്രസക്തിയുണ്ട്‌. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 17. Raghavan P K1/15/2007 6:51 PM

  വിഷ്ണു പ്രസാദ്ജി,
  കവിതയും കമന്റും കൂടിയായപ്പോള്‍ പരിസ്ഥിതിസംരക്ഷണം എല്ലാവറ്ക്കും താല്പര്യമുള്ള സംഗതിയണന്ന് മനസ്സിലാകുന്നു.കവിതയും കുന്നും മരങല്ലും മനുഷ്യരും എല്ലാരും ഇവിടെ ജയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 18. കവിത
  ഒരൊറ്റ വികാരവും
  ചുവടേയുള്ള കുറിപ്പുകള്‍
  ഒരുപാട്
  വിചാരങ്ങളും തന്നു,
  കവിയും
  ബൂലോഗ പൌരന്‍ മാരും
  കവിതയുടെ നല്ലകാലം
  വരുത്തുന്ന
  നാളെയെ കാത്ത്...

  മറുപടിഇല്ലാതാക്കൂ
 19. ശില്‍പഭദ്രതയും,ആശയസ്പഷ്ടതയും സംഗമിക്കുന്ന കുന്ന് വായനയുടെ പല തലങ്ങള്‍ തുറന്നിട്ടുതരുന്നു.നന്ദി..

  മറുപടിഇല്ലാതാക്കൂ
 20. വളരെ ഇഷ്ടപ്പെട്ടു ഈ കവിത.
  എന്റെ നാട്ടിലെ കുന്നുകളില്‍ നിന്നും ചരിവിറങ്ങി പലവഴിക്ക്‌ പോയ മരങ്ങളെ ഓര്‍ത്തു. മിക്കതും സുഗന്ധം പരത്തുന്ന തൈലമായും, സുഖം പകരുന്ന കിടക്കയായും, മേല്‍ക്കൂരകള്‍ക്ക്‌ കഴുക്കോലായും, കോണ്‍ക്രീറ്റ്‌ ഭാരംതാങ്ങിയായും പുകപ്പത്തിയുയര്‍ത്തി കനലായെരിഞ്ഞമര്‍ന്ന് ചാരമായും തീര്‍ന്നിരിക്കാം.

  അവസാനത്തെ ഖണ്ഡിക എന്നെ ആ കുന്നുകളിലൊന്നിലെത്തിച്ചു.

  നന്ദി മാഷേ.

  മറുപടിഇല്ലാതാക്കൂ
 21. why should we see these things in a very pessimistic attitude? can't u see the other side it which is also -essentially- green. everything changes whether u try for it or not. change doesn't mean 'only tears'. there will at least glimpse of smile.

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.