gfc

കെട്ടിപ്പിടിത്തം

മണ്ണ് മരങ്ങളെ കെട്ടിപ്പിടിച്ചു,
മരങ്ങള്‍ മേഘങ്ങളെ കെട്ടിപ്പിടിച്ചു,
മേഘങ്ങള്‍ ആകാശത്തെ കെട്ടിപ്പിടിച്ചു,
ആകാശം സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചു,
സ്വപ്നങ്ങള്‍ നിന്നെ കെട്ടിപ്പിടിച്ചു,
നീ എന്നെ കെട്ടിപ്പിടിച്ചു.

പെട്ടെന്ന് ഒരു മിന്നല്‍ക്കുതിര
അമറിക്കൊണ്ട് കടന്നു പോയി.
മണ്ണ് മരങ്ങളെ വിട്ടു,
മരങ്ങള്‍ മേഘങ്ങളെ വിട്ടു,
മേഘങ്ങള്‍ ആകാശത്തെ വിട്ടു,
ആകാശം സ്വപ്നങ്ങളെ വിട്ടു,
സ്വപ്നങ്ങള്‍ നിന്നെ വിട്ടു,
നീ എന്നെ വിട്ടു.

ആരേയും കെട്ടിപ്പിടിക്കാഞ്ഞ ഞാന്‍
ഒന്നിനേയും വിട്ടതില്ല.
മണ്ണും മരങ്ങളും മേഘങ്ങളും
ആകാശവും സ്വപ്നങ്ങളും നീയും
ഒരു പുതുമഴയുടെ കള്ളക്കണ്ണീരില്‍ നനഞ്ഞു നിന്നു.
ഞാന്‍ എന്റെ രണ്ട് ജനാലകളും അടച്ച്
എന്നിലേക്ക് തിരിച്ചു നടന്നു.

13 അഭിപ്രായങ്ങൾ:

  1. സുന്ദരം! കളഞ്ഞു പോയ, ഏറെ വില പിടിപ്പുള്ള എന്തോ ഒന്നു പെട്ടെന്നു തിരികെ കിട്ടിയ പോലെ.

    (ടൈറ്റില്‍ ‘കെട്ടിപ്പിടുത്തം’ എന്നു വന്നാലാണോ ശരിയാവുക, വിഷ്ണു?)

    മറുപടിഇല്ലാതാക്കൂ
  2. കഴിഞ്ഞ കവിത വായിച്ച് പറഞ്ഞതു പോലെ വളരെ ശക്തമാണ് ഈയിടെയായി വിഷ്ണുമാഷിന്‍ റെ എല്ലാ ബിംബങ്ങളും. ഈ കവിതയും വേറിട്ട് നില്‍ക്കുന്നില്ല.
    ഒരേ ഒരു സംശയം മാത്രം. അവസാനത്തെ ആ രണ്ടുവരി ഈ കവിതയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവൊ?
    അത് വേദനിപ്പിച്ചു വല്ലാതെ.
    സ്നേഹത്തോടെ
    ഇരിങ്ങല്‍

    മറുപടിഇല്ലാതാക്കൂ
  3. മനോഹരം.സുന്ദരമായ ബിംബങ്ങള്‍.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  4. “ഞാന്‍ എന്റെ രണ്ടു ജനാലകളും അടച്ച്
    എന്നിലേയ്ക്ക് തിരിച്ചു നടന്നു”

    വിഷ്ണു...,അടയ്ക്കാന്‍ ജനാലകളോ നടക്കാന്‍ വഴിയോ ഇല്ലാത്ത വ്യര്‍ത്ഥതയുടെ തുറസ്സില്‍ വച്ച് ഞാന്‍ ഇതു വായിച്ചു..ഒന്നു കൂടി...

    മറുപടിഇല്ലാതാക്കൂ
  5. പിടിക്കുക എന്ന വാക്കില്‍ നിന്നല്ലേ പിടിത്തം എന്ന വാക്ക് രൂപപ്പെടുന്നത്.പിടുത്തം എന്നാണ് ഞാനും പറച്ചില്‍.പിടിത്തം എന്ന് എഴുതാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.ശരി അതാണെന്ന് തോന്നിയതുകൊണ്ട് അതിന്റെ കൂടെ നിന്നു:)
    വായിച്ചവര്‍ക്കെല്ലാം ഇഷ്ടമായി എന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്.

    ഹരി,രാജു,മനു,അനംഗാരി,വിശാഖ്...

    മറുപടിഇല്ലാതാക്കൂ
  6. കവിതകളെല്ലാം വായിക്കാറുണ്ട്. കമന്റ് കുറവാണെന്നു മാത്രം. പക്ഷേ ഇതിനൊരൂ കമന്റിടാതെ പോവാന്‍ മനസ്സു വരുന്നില്ല. നന്ദി....

    മറുപടിഇല്ലാതാക്കൂ
  7. ഇന്തക്കവിതയ്ക്കിക്കെട്ടിപ്പിടിത്തം..

    ധൃതരാഷ്ട്രാലിംഗനമല്ലേ..:)

    മറുപടിഇല്ലാതാക്കൂ
  8. കെട്ടിപ്പിടുത്തം രസമുണ്ട്‌ വിഷ്ണു.

    മറുപടിഇല്ലാതാക്കൂ
  9. http://www.kadikkad.net/aslesham.htm

    ഈ കവിത സംക്രമണത്തില്‍ ആശ്ലേഷം എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒരു മാസമായിട്ടും പ്രസിദ്ധീകരിച്ചു കാണാഞ്ഞതിനാലാണ് ഇതിവിടെ ഇട്ടത്. മാന്യവായനക്കാര്‍ ക്ഷമിക്കുക

    മറുപടിഇല്ലാതാക്കൂ
  10. ആ തിരിഞ്ഞു നടപ്പിലെത്തിയപ്പോ ഒരു സെല്ഫ്‌മാര്‍ക്കറ്റിംഗ്‌ നടത്താന്‍ തോന്നി. മാഷ്‌ ക്ഷമിക്കൂ.

    മഴയിലേക്ക്‌ ഒരു ജാലകം.

    മറുപടിഇല്ലാതാക്കൂ
  11. since u have not held anything so close (aareyum ketti pidikanja njan) how can u blame that everybody/thing left u simply like that? moreover, those who left u were forced to do so (പെട്ടെന്ന് ഒരു മിന്നല്‍ക്കുതിര
    അമറിക്കൊണ്ട് കടന്നു പോയി).

    മറുപടിഇല്ലാതാക്കൂ