gfc

ഞാന്‍ ഉറക്കത്തില്‍ കവിതയെഴുതുകയാണ്.

ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഉറക്കത്തെ ഉണര്‍ത്തിക്കിടത്തി
ഒരമ്മ ഇരുട്ടു വായിക്കുകയാണ്.
പൂമുഖത്തെ വെളിച്ചം പുതച്ച്
മുല്ലവള്ളികള്‍ മഞ്ഞത്തിരുന്ന്
കഥാപ്രസംഗം കേള്‍ക്കുകയാണ്.
(അവര്‍ക്കു മാത്രമേ കേള്‍ക്കൂ...)ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഒരുറക്കം ഭ്രമിച്ചു ഭ്രമിച്ച്
എന്റടുത്തേക്കു വരുന്നതും
പൂവിതളില്‍ വീണ്
ഇറ്റിച്ചാടുന്ന വെയിലുപോലെ
പരക്കുന്നതും
അതിലേക്ക് നോക്കി നോക്കി
എനിക്ക് തല ചുറ്റുന്നതും
തൈവാഴകളും തെങ്ങുകളും
നിശ്ശബ്ദരായി നിന്നതും
ഒരാകാശം ഒക്കെ എഴുതിയെടുക്കുന്നതും
ഒരു പുല്‍പ്പരപ്പ് അമ്മയായി കൈ നീട്ടുന്നതും...ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഭാര്യയും കുട്ടികളും
ഉറങ്ങിയിരിക്കുന്നു.
അവര്‍ അവരുടെ സ്വപ്നങ്ങളിലേക്ക്
ഇറങ്ങിക്കഴിഞ്ഞു.
ഞാന്‍ അവരുടെ സ്വപ്നങ്ങളിലേക്ക്
ഇറങ്ങി നടന്നു.
അപ്രതീക്ഷിതമായി
കടന്നു വന്നതുകൊണ്ടാവണം
അയ്യോ കണ്ണന്‍
എന്ന് അവളും
അച്ഛന്‍ എന്ന് കുട്ടികളും
അന്തം വിട്ടു.

അതൊരു പച്ചത്താഴ്വരയായിരുന്നു.
ആകാശത്ത് ചിലര്‍ പറക്കുന്നുണ്ടായിരുന്നു.
താഴ്വരയിലെ പൂക്കള്‍ നിറഞ്ഞ പച്ചപ്പില്‍
കുട്ടികള്‍ പൂമ്പാറ്റകളെ പോലെ
ഉല്ലസിക്കുന്നു.

ഞാന്‍ ബോധിസത്വനെപ്പോലെ മുന്നോട്ട് നടന്നു.
ഒരു വിളിയും കേട്ടില്ല.
ഒരാശ്ചര്യത്തിലും ചകിതനായില്ല.ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കൂട്ടുകാരന്‍ ബീഡി വലിക്കുന്നു.
ഞങ്ങള്‍ പാറപ്പുറത്തിരിക്കുന്നു.
കൊല്ലിയിലെ ഞാറ് പറിച്ചു നടാനായിരിക്കുന്നു.
പാലത്തിന്റെയും തോടിന്റേയും ഒരോര്‍മ
അരികിലുണ്ട്.
ഇലമുളച്ചികളും പാറമഷിയും
പെങ്ങന്മാരെപ്പോലെയായിരുന്നു..
ഞങ്ങള്‍ പടിഞ്ഞാട്ടേക്ക് നോക്കിയിരുന്നു.
തോട്ടുവക്കിലെ ഈറ്റകള്‍ ,കുന്ന്...

എഴുന്നേറ്റു നടന്നു.ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കത്തിക്കൊണ്ടിരിക്കുന്ന
ബള്‍ബിനു നേരെ
അംഗവിക്ഷേപങ്ങള്‍
നടത്തി...
വന്യമായ ദാഹങ്ങളോടെ
കൈകള്‍ വിടര്‍ത്തി...

കിലോമീറ്ററുകള്‍ക്കപ്പുറത്ത്
ഓടിക്കൊണ്ടിരിക്കുന്ന
വണ്ടിയുടെ സൈറന്‍..
ഉറക്കത്തില്‍ ചുമയ്ക്കുന്ന
കുട്ടികള്‍
ഇരുട്ടേ ഇരുട്ടേ എന്ന് ജപിക്കുന്ന ചീവീടുകള്‍ .
അടച്ച കണ്ണിലേക്ക്
ഇറങ്ങി വരുന്ന നിറങ്ങള്‍
ഗോട്ടി കളിക്കുന്ന കുട്ടികള്‍
ഒരു ഗോട്ടി കൃത്യമായി കുഴിയില്‍ വീഴുന്നു.
ഒരു റബര്‍ ഒക്കെ മായ്ക്കുന്നു.
ആണ്‍കുട്ടികള്‍ ഒപ്പന പഠിക്കുന്നു.
അതിലൊരുവനെ
ഒരു പെണ്‍കുട്ടി
സ്നേഹത്തോടെ
കണ്ണുകള്‍ കൊണ്ട്
ശാസിക്കുന്നു.ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കണ്ണീരുകൊണ്ട് നനഞ്ഞ ഒരു തലയിണ
നിനക്ക് സമ്മാനം തരുന്നതിനെക്കുറിച്ച്...

18 സാലഭംഞ്ജികമാരല്ല
എണ്ണമറ്റ കണ്ണുനീര്‍ത്തുള്ളികള്‍
നിന്റടുക്കല്‍ വരും.
ഓരോന്നും ഓരോ കഥ പറയും.
എല്ലാത്തിനേയും നീ ഉമ്മ വെച്ച് ഉറക്കി കിടത്തണം.
അവനെ ഞാന്‍ സ്നേഹിച്ചിരുന്നുവെന്ന്
വെറുതെയെങ്കിലും പറഞ്ഞേക്കണം.

9 അഭിപ്രായങ്ങൾ:

 1. സ്വപ്നാടനം തന്നെ.
  വിഷ്ണുജീ കവിത എനിക്കിഷ്ടമായി.

  കണ്ണീരുകൊണ്ട് നനഞ്ഞ ഒരു തലയിണ
  നിനക്ക് സമ്മാനം തരുന്നതിനെക്കുറിച്ച്...
  തുടങ്ങി പല വരികളും കൂടുതല്‍‍ ഇഷ്ടമായി.

  ഓ.ടോ.
  അയ്യോ കണ്ണന്‍(കള്ളന്‍)എന്നല്ലേ.

  മറുപടിഇല്ലാതാക്കൂ
 2. വിഷ്ണൂ:ഒന്നുകൂടി ആറ്റിക്കുറുക്കി എഴുതാമോ?ഒന്നുകൂടി മനോഹരമാകും എന്ന് മനസ്സ് പറയുന്നു.:)

  മറുപടിഇല്ലാതാക്കൂ
 3. എണ്ണമറ്റ കണ്ണുനീര്‍ത്തുള്ളികള്‍
  നിന്റടുക്കല്‍ വരും.
  ഓരോന്നും ഓരോ കഥ പറയും.
  എല്ലാത്തിനേയും നീ ഉമ്മ വെച്ച് ഉറക്കി കിടത്തണം.
  അവനെ ഞാന്‍ സ്നേഹിച്ചിരുന്നുവെന്ന്
  വെറുതെയെങ്കിലും പറഞ്ഞേക്കണം
  നല്ല വരികള്‍

  മറുപടിഇല്ലാതാക്കൂ
 4. കവിത കൊള്ളാം.
  ഉറക്കത്തിലല്ലെ കവിതയെഴുതാന്‍് പറ്റു...കണ്ണും കാതുമെല്ലാം ബഹളങ്ങളിലേയ്ക്ക് തുറന്നു വച്ച് ഉണറ്ന്നിരുന്ന് കവിതയെഴുതാന് പറ്റുമോ?
  ഓരോ കവിതയും കവിയുടെ സ്വപ്നാടനങ്ങളല്ലെ?
  :)
  [ഇത്രയും പരത്തിപ്പറയാതെ വരികള്‍് ഒന്നുകൂടി ഒതുക്കിപ്പറയുകയാണെങ്കില്‍് കൂടുതല്‍് നന്നാവില്ലെ എന്ന് എന്റെ എളിയ സംശയം!]

  മറുപടിഇല്ലാതാക്കൂ
 5. വിഷ്ണുമാഷേ..
  കവിതയിലെ താങ്കളുടെ ഏകാഗ്രത ഈ കവിതയില്‍ കാണുന്നില്ലെന്ന് പറയുമ്പോള്‍ വിഷമം തോന്നരുത്.

  നീളം കൂടിയതു കൊണ്ടായിരിക്കണം വായനക്കാരനും കവിതയ്ക്കും മുറുക്കം നഷ്ടപ്പെടുന്നു.
  സ്നേഹത്തോടെ
  ഇരിങ്ങല്‍

  മറുപടിഇല്ലാതാക്കൂ
 6. കവിത എനിക്കിഷ്ടമായി മാഷേ, വിഭ്രമത്തിന്റെ ഒരുപാട് ദൃശ്യങ്ങളെ കാണിച്ചമ്പരപ്പിച്ചു ഇത്.

  മറുപടിഇല്ലാതാക്കൂ
 7. വിഷ്ണുപ്രസാദ്‌ ഉറക്കത്തെയും സ്വപ്നങ്ങളെയും ഭംഗിയായി വായിക്കാന്‍ ശ്രമിച്ചിരിക്കുന്നു. സ്വപ്നങ്ങളുടെ താഴ്‌വാരത്തും, സമതളങ്ങളിലും, ഒഴുകിനടക്കുന്ന മനസ്സ്‌ കണ്ട കാഴ്ച്ചകളുടെ വിവരണം രസകരമായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 8. 18 സാലഭംഞ്ജികമാരല്ല
  എണ്ണമറ്റ കണ്ണുനീര്‍ത്തുള്ളികള്‍
  നിന്റടുക്കല്‍ വരും.
  ഓരോന്നും ഓരോ കഥ പറയും.
  എല്ലാത്തിനേയും നീ ഉമ്മ വെച്ച് ഉറക്കി കിടത്തണം.
  അവനെ ഞാന്‍ സ്നേഹിച്ചിരുന്നുവെന്ന്
  വെറുതെയെങ്കിലും പറഞ്ഞേക്കണം.

  മാഷേ നല്ല വരികള്‍. അല്ലെങ്കില്‍ ഈ വരികള്‍ മാത്രം മതി.

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.