gfc

ഉറക്കം/ലാപുടയെ കോപ്പിയടിക്കുമ്പോള്‍...

ക്ലാസെടുക്കുമ്പോള്‍
ഒരുറക്കം വന്നു പറഞ്ഞു:
‘പഠിപ്പിച്ചത് മതി
മേശപ്പുറത്ത് തലവെച്ച്
ഒന്നുറങ്ങാം.’
ബ്ലോഗ് വായിക്കുമ്പോള്‍
ഒരുറക്കം വന്നു പറഞ്ഞു:
‘നിര്‍ത്ത്,...ചവറു
വായിച്ചതുമതി...
ഒന്നു കണ്ണടച്ചേ...’
കൂട്ടുകാരനുമായി
സംസാരിച്ചിരിക്കുമ്പോള്‍
പെട്ടെന്ന്
ഒരുറക്കം വന്നു പറഞ്ഞു:
‘മടുക്കുന്നു, കിടക്കണം.’
കാമുകിയുടെ കണ്ണുകള്‍
മാടിവിളിച്ചപ്പോള്‍
ഒരുറക്കം വന്നു പറഞ്ഞു:
‘വെറുതെ...,
ജീവിതം പാഴാക്കണ്ട
ഉള്ള നേരം ഉറങ്ങാം.’
ഉണ്ണുമ്പോള്‍ ,
ഇണ ചേരുമ്പോള്‍ ,
എപ്പോഴും അതു കടന്നു വന്ന്
കോട്ടുവായുടെ ആമംവെച്ച്
കൊണ്ടുപോവുന്നു.
ദേ,ഇന്നാ‍ളാണ്
ഉറങ്ങുമ്പോള്‍
ഒരുറക്കം വന്നു പറഞ്ഞു:
‘ഹൌ...ഏതുനേരവും
ഇങ്ങനെ ഉറങ്ങിയലെങ്ങനെയാ...
ഒന്നുറങ്ങിക്കൂടേ...?’
ഉണരുമ്പോഴെല്ലാം
ഉറക്കത്തിന്റെ ഒരു
എക്സ്ടെന്‍ഷന്‍ ഓര്‍ഡറുമായി
ഒരുറക്കം വരും.
നടക്കുമ്പോള്‍ ,ഇരിക്കുമ്പോള്‍
ചിരിക്കുമ്പോള്‍,കരയുമ്പോള്‍
എപ്പോഴും ഒരുറക്കം കയറി വരുന്നു.
ഉറക്കങ്ങള്‍ക്കുവേണ്ടിയാണോ
ജീവിതമെന്നുവരെ ഞാന്‍
ചോദിക്കാന്‍ മറന്നു.
ഉറക്കങ്ങള്‍ അവയുടെ പ്രിയപ്പെട്ട
തീറ്റ വസ്തുവായി എന്നെ
തെരഞ്ഞെടുത്തതെന്തിനാണെന്ന്
ഞാനാലോചിക്കുമ്പോള്‍
ഒരുറക്കം വന്നു പറഞ്ഞു:
......................................

4 അഭിപ്രായങ്ങൾ:

  1. തലക്കെട്ടിലെ സൂചന:ലാപുടയുടെ ബോറടിയുടെ ദൈവം എന്ന കവിത.ലാപുടയുടെ കവിത വായിച്ച് കുറച്ചു കാലം കഴിഞ്ഞ് എനിക്ക് കവിതയില്‍ പറയും മട്ടില്‍ ഒരുറക്കം പിടികൂടിയിരുന്നു.കവിതയില്‍ ബോറടിയുടെ ദൈവം എന്ന കവിതയുടെ ആശയത്തിന്റെ സ്വാധീനം വ്യക്തമാണ്. ലാപുടയെ ഈ കവിത കാണിച്ചിരുന്നു.എന്റേതെന്ന അവകാശവാദമില്ല.അറിഞ്ഞുകൊണ്ട് ചെയ്ത അക്രമവുമല്ല.നിങ്ങള്‍ക്കു മുന്‍പിലും വെക്കുന്നു.പൊറുക്കണം.

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചു.
    മഷിന്റെ ഉറക്കം കെടുത്താന്‍ ഞാനാളല്ല.
    ഉറങ്ങിക്കോളൂ.
    ഇടക്ക് ഞങ്ങള്‍ക്ക് ഇതുപോലെരെണ്ണം തന്നാല്‍ മതി

    മറുപടിഇല്ലാതാക്കൂ
  3. ചില കവിതകള്‍ കാലങ്ങള്‍ക്കു ശേഷം മറ്റു ചില വായനക്കാരുടെ രചനകളിലൂടെ പുതുജ്ന്മം ആര്‍ജ്ജിക്കാറുണ്ട്.അവ പുനര്‍ജന്മങ്ങളല്ല.

    നമ്മുടെ കാലഘട്ടം എല്ലാ മേഘലകളിലും നേരിടുന്ന മാന്ദ്യതിന്റെ സൂചകങ്ങളാണ് മടുപ്പ്,ഉറക്കം തുടങ്ങിയവ.ഇവയെ സൃഷ്ടിപരമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ ഈ മാന്ദ്യത്തെ അതിജീവിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. വിഷ്ണുപ്രസാദ്‌,
    അശുഭ ചിന്തകളുടെ ഭയം മനസില്‍ കൂടുകൂട്ടിത്തുടങ്ങിയിട്ടുണ്ട്‌... പഴയ ദൈര്യത്തിന്റെ മൂര്‍ച്ച ഒന്നു ചതഞ്ഞ്‌ പിറകൊട്ടുനോക്കി ചിരിക്കുന്നു.
    ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ