gfc

പട്ടം

ആകാശത്തെ മോഹിച്ച്
ഒരു പട്ടം ആവേശത്തോടെ
പറന്നു പൊങ്ങി.

നീലിമയാര്‍ന്ന നിന്റെ മാറിടത്തില്‍
ഉമ്മ വെക്കുമെന്ന വാശി.
കുരുന്നുകയ്യിലെ നൂലു പോലും
പൊട്ടിച്ചു കളഞ്ഞു പ്രണയോന്മത്തന്‍ .
കളങ്കപ്പെടുത്താന്‍ വരുന്നവനെക്കണ്ട്
ആകാശം പിന്നോട്ട് തെറിച്ചു കൊണ്ടിരുന്നു.

ഓടിയോടി കിതച്ചിട്ടും
തൊടുവാനായില്ല നീലിമ.

ഒടുവില്‍ കാലു കഴച്ച്
ഊര്‍ദ്ധ്വന്‍ വലിച്ച്
താഴോട്ടു പോരുകയായ്
സാഹസികന്‍ .
ആരാധികയായ ഒരു നാട്ടു മാവ്
അതിനെ താങ്ങിയെടുത്ത്
മിടിപ്പു നോക്കി.

ചുണ്ടത്തൊരു ചുംബനം
ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.
അടഞ്ഞിട്ടും അതിന്റെ കണ്ണുകള്‍
ആകാശത്തായിരുന്നു.
കുലീനയായ ആകാശം
ആ മരണത്തെയും
അപഹസിച്ചു.

15 അഭിപ്രായങ്ങൾ:

 1. lകാമുകന്‍ ഒരു കുറുക്കന്‍,
  ചത്താലും കാണും
  കാണാനൊരു കണ്ണ്,
  ബാക്കി വെച്ചിട്ടുണ്ടാവും
  കൊടുക്കാനെരുമ്മ,
  ഒരു തുള്ളി രകതം.

  വിഷ്ണു മാഷേ, പ്രണയം എത്ര ആവര്‍ത്തിച്ചാലും മടുക്കാത്തതെന്ത് കൊണ്ടാവും?

  മറുപടിഇല്ലാതാക്കൂ
 2. വിഷ്ണു,
  ഇത്‌ ഈയിടെ എഴുതിയതാണോ?

  ഇത്‌ വിഷ്ണുവെഴുതിയതായതു കൊണ്ട്‌ (ഒരു പക്ഷേ അതു കൊണ്ട്‌ മാത്രം) എനിക്ക്‌ അത്ഭുതം തോന്നിയില്ല. :)

  വളരെക്കാലം മുമ്പ്‌ "വ്യര്‍ത്ഥസംരംഭങ്ങളുടെ കാഴ്ചബംഗ്ലാവ്‌" എന്നൊരു (ലാറ്റിനമേരിക്കന്‍) കഥ വായിച്ചിട്ടുണ്ട്‌. കഥാകൃത്തിന്റെ പേരു മറന്നു പോയി. വേദനയോടെ താഴേക്ക്‌ വീഴുന്ന ഈ 'സുന്ദര'മായ പട്ടത്തെ നോക്കി നിന്നപ്പോള്‍ ആ കഥയോര്‍മ്മ വന്നു.

  മറുപടിഇല്ലാതാക്കൂ
 3. എല്ലാ മോഹങ്ങളും പറക്കുമെങ്കിലും ഏറെയും പെട്ടന്ന് താഴോട്ടു പോരുന്നവ.

  കവിത കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 4. ഹരീ,രചനാപരമായ സംതൃപ്തി തരാത്ത ഈ കവിത
  അടുത്ത ദിവസങ്ങളിലൊന്നില്‍ എഴുതിയതാണ്.അബ്ദൂ,പ്രണയം ഉദ്ദേശിച്ചായിരുന്നില്ല എഴുത്ത്.അങ്ങനെയും വായിക്കാമെന്ന് അബ്ദു പറഞ്ഞപ്പോള്‍ മനസ്സിലായി.സ്നേഹിതാ,അതു തന്നെ...

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2/07/2007 11:45 AM

  തോല്‍ വിയെക്കാളും നല്ലത് മരണമാണെന്ന് ചെ പറഞ്ഞത് വിപ്ലവത്തെക്കുറിച്ച് മാത്രമല്ല, പ്രണയത്തെക്കുറിച്ചുമായിരുന്നോ?

  മറുപടിഇല്ലാതാക്കൂ
 6. മരീചികയും മാരീചനുമായ ആകാശം.
  അടുക്കുന്തോറും അകലുന്ന എന്തിനെയും
  ആകാശത്തോടുപമിക്കാം അല്ലെ. നമ്മള്‍ പാവം പട്ടങ്ങള്‍!. ഓടിയോടി തളരുന്ന വേളകളില്‍ പലപ്പോഴും ഒരു നാട്ടുമാവുണ്ടായിരുന്നെങ്കില്‍ എന്നാശിക്കാറുണ്ട്.

  പ്രാന്തിയും കുളവും എനിക്കു ഇഷ്ടപ്പെടാത്ത കവിതയായിരുന്നെങ്കില്‍, വിഷ്ണൂ ഇത് വളരെ നന്നായിരിക്കുന്നു :)

  മറുപടിഇല്ലാതാക്കൂ
 7. വിഷ്ണുപ്രസാദ്‌,
  ചിത്രകാരന്‍ ഈ കവിത വല്ലാതെ ഇഷ്ടപ്പെട്ടു. ചുണ്ടത്‌ ഒരു ചുബനം ബാക്കി നിന്നത്‌ ദൃശ്യമായി ,.... ഒരു യാദാര്‍ത്ഥ്യമായി ... ആഗ്രഹമായി മനസ്സില്‍ ബാക്കി നില്‍ക്കുന്നു...
  താങ്കള്‍ പട്ടത്തിന്റെ കൂടെ അതിന്റെ ആഗ്രഹമായി സഞ്ചരിക്കുകയും, അനുവാചുകനെ പട്ടമായി പറത്തി നൊംബരപ്പെടുത്തുകയും ചെയ്യുന്നു.....

  ചിത്രകാരന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍ !!!!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
 8. ആ പട്ടത്തിന് നാളേയും പറക്കാന്‍ കഴിയട്ടെ

  മറുപടിഇല്ലാതാക്കൂ
 9. ഏതൊരു പട്ടത്തിന്‍റെയും വിധി. കവിത ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 10. ഒന്നു പറന്നു മാഷേ .. ഒരു പൊട്ടിയപട്ടമായി..
  താഴെ വീഴും എന്നറിയാം എന്നാലും നൂലുപൊട്ടിച്ചൊരാവേശപാച്ചിലുണ്ടല്ലോ താഴെ മരിച്ച് വീഴും വരെ, അതാണ് പട്ടത്തിന്റെ സ്വാതന്ത്ര്യനിമിഷങ്ങള്‍...
  എനിക്കൊരു തോന്ന്യാസപ്പട്ടമാകാന്‍ തോന്നുന്നു. ഒരു “നല്‍കാനാകാത്ത” ചുംബനം ബാക്കിനിര്‍ത്തിക്കൊണ്ട്, ഗതികചലങ്ങളെ കാറ്റില്‍ പറത്തി..കാറ്റിനോടൊത്തും, കാറ്റിനോടെതിര്‍ത്തും... ശരിക്കും ഒരു തോന്ന്യാസിപ്പട്ടം

  മറുപടിഇല്ലാതാക്കൂ
 11. ആകാശത്തോളം വലുതിനെ പ്രണയിക്കുന്നവര്‍ക്ക് എന്നും നല്ലൊരുത്തരമായി നിലകൊള്ളും വിഷ്ണുമാഷിന്റെ ഈ കവിത.
  പക്ഷെ താങ്ങാന്‍ ഇനിയൊരു നാട്ടുമാവു ബാക്കിയുണ്ടോ എന്നത് ഉത്തരമിനിയും കണ്ടെത്തേണ്ട ഒരു ചോദ്യവുമാണ്.

  മറുപടിഇല്ലാതാക്കൂ
 12. അജ്ഞാതന്‍2/08/2007 8:13 PM

  നല്ല കവിത

  മറുപടിഇല്ലാതാക്കൂ
 13. പലവട്ടം ഉയര്‍ന്നുപറന്ന കുഞ്ഞിരാമന്‍ നായരുടെ പട്ടം ‘കളിയച്ഛ’നും ‘പൂതപ്പാട്ട്’ഉം വഴി കവിതയുടെ ആ ആകാശം തൊട്ടു.ആശാനും,ഇടശ്ശേരിയും,വൈലൊപ്പിള്ളിയും,നമ്മുടെ കെ.ജി.എസ്സും ഒക്കെ പലതവണ ആ നീലിമയെ ചുംബിച്ചു.വിഷ്ണുവും തീര്‍ച്ചയായും പട്ടം പറത്താന്‍ അര്‍ഹനാണ്.കൂടുതല്‍ ഉയരങ്ങള്‍ ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.