gfc

നിശ്ശബ്ദത

കൊല നടന്ന മുറിയില്‍
ശവം, വായ പിളര്‍ന്ന്
വയറു വീര്‍ത്ത്‌
കണ്ണു തുറന്നു കിടന്നിരുന്നു.
തറയില്‍
നാലുപാടും ഭയന്നോടിയ രക്തം.
ഈച്ചകളുടെ
അന്തിമപരിചരണം.

ജനാലയ്ക്കല്‍ വന്ന് എത്തിനോക്കി
മൂക്കു പൊത്തി എല്ലാവരും
മുറ്റത്തേക്ക് മാറിനിന്ന്
സ്വകാര്യം പറഞ്ഞു.
പ്രഥമവിവരറിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന
പോലീസുകാര്‍
ശവത്തിനു ചുറ്റും
ഒരു ലക്ഷ്മണരേഖ വരച്ചു.

എല്ലാ മുറികളും തുറന്നു നോക്കി.
ആരുമുണ്ടായിരുന്നില്ല, ഒന്നും.

അടുക്കളയില്‍
മൂന്നു ദിവസം മുന്‍പ്‌ ബാക്കിയായ
ചോറും കറിയും
വായ തുറന്നിരിക്കുന്ന ഒരടുപ്പും
ഉണ്ടായിരുന്നു.
കിടപ്പുമുറിയില്‍
തൂക്കിയിട്ട ഷര്‍ട്ടുകള്‍
വായിച്ചു വച്ച പുസ്തകം
കുത്തിക്കെടുത്തിയ സിഗരറ്റ്‌
എല്ലാം അതേപടി കിടന്നിരുന്നു.

കൊല ചെയ്യപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന
അലമാരയിലെ കണ്ണാടി
അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു.
അതില്‍
പൊലീസുകാരന്റെ മുഖം തെളിഞ്ഞു.

പത്രം,റേഡിയോ,ടെലിവിഷന്‍ ‍,കമ്പ്യൂട്ടര്‍
അത്തരത്തിലൊന്നും അവിടെ കണ്ടില്ല.
ചുമരില്‍ ,
ഉപേക്ഷിച്ചു പോയ ബന്ധുക്കളുടെയും
അയാളുടെയും
കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങള്‍
ഒരേ പോസില്‍
നിശ്ചേഷ്ടരായി തൂങ്ങിക്കിടന്നു.
ഒഴിഞ്ഞ കസേരകള്‍
ഒഴിഞ്ഞുതന്നെ കിടന്നു.

മുറികള്‍ക്കുള്ളിലും
വീടിനുചുറ്റും
വെറുതേ പാഞ്ഞു നടന്ന
പൊലീസ്‌ നായ
നിരാശയോടെ കുരച്ചു.

അന്വേഷണത്തില്‍ നിന്ന്
ഒരു കാര്യം മനസ്സിലായി.
അയാള്‍ക്ക്‌
ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല.
അയല്‍പ്പക്കക്കാര്‍
ആ വീട്ടില്‍ വന്നിരുന്നില്ല.
ഒരു പിച്ചക്കാരനാണ് ശവം ആദ്യമായിക്കണ്ടത്.
അയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം
ശവം അടക്കം ചെയ്ത്‌ എല്ലാവരും തിരിച്ചു പോയി.
സാക്ഷികളും
തെളിവുകളുമില്ലാത്തതിനാല്‍
അന്വേഷണം
എന്നേക്കുമായി അവസാനിപ്പിച്ചു.

.............................

എല്ലാ മുറികളിലും പതിയിരുന്ന
ആര്‍ക്കും പിടി കൊടുക്കാതിരുന്ന
വിദഗ്ദ്ധനായ കൊലപാതകി,
പിന്നീട് ആ വീട്ടില്‍ തനിച്ചായി:
നിശ്ശബ്ദത.

40 അഭിപ്രായങ്ങൾ:

  1. പ്രതിഭാഷയിലെ നൂറാമത്തെ പോസ്റ്റ്.ഈ കവിത ഹരി(പരാജിതന്‍ )എഡിറ്റ് ചെയ്തതാണ്.അതില്‍ തൃപ്തി പോരാഞ്ഞ് ചില ഭാഗങ്ങള്‍ ഞാന്‍ വീണ്ടും മാറ്റി. കവിതയ്ക്ക് ആദ്യം നല്‍കിയിരുന്ന പേരും ഇതായിരുന്നില്ല.ഹരിക്ക് നന്ദിയോടെ...

    മറുപടിഇല്ലാതാക്കൂ
  2. അങ്ങിനെ 100 തികച്ചല്ലോ.. നന്നായി മാഷെ.. ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  3. മാഷ് നൂറടിച്ചല്ലെ.. കൊടുകൈ.. (ഞാന്‍ എന്നാണാവോ അടിക്കാ ;)..) ... അടുത്തത് പോരട്ടെ നൂറ്റൊന്ന്...

    എന്നാലും ബ്ളോഗിലും എഡിറ്റര്‍ മാരുണ്ടെന്നത് ..പുതിയ അറിവാ...

    മറുപടിഇല്ലാതാക്കൂ
  4. മാഷെ 100 ന്നാശംസകള്‍!

    കവിത നന്നായിരിക്കുന്നു.

    -സുല്‍

    മറുപടിഇല്ലാതാക്കൂ
  5. നൂറിന്റെ നുറുങ്ങ് നന്നായി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. വിഷ്ണൂ, എത്ര ശ്രമിച്ചിട്ടും ഇതിനെ ഒരു കവിതയായി കാണാനാകുന്നില്ല. ഒരു കൊലപാതകത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പോലെ തോന്നി. എങ്കിലും അവസാന വരികള്‍ പോസ്റ്റിനെ അര്‍ത്ഥഗര്‍ഭമാക്കി. നൂറ് രചനകള്‍ എഴുതാന്‍ ഇത്ര പെട്ടെന്ന് കഴിഞ്ഞതിന് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  7. ഈ തുടര്‍ച്ച തന്നെയാണ് ഏറെ സന്തോഷവാനാക്കുന്നത്. നിരന്തരമായ ഈ എഴുത്ത്, അതും ഇത് പോലെരു മാധ്യമത്തില്‍, ഒരുപാട് പേര്‍ക്ക് സാധിക്കാത്തതാണത്, എനിക്കടക്കം.

    ഹൃദ്യമായ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  8. നിശ്ശബ്ദനായ ആ കൊലപാതകി എവിടെയൊക്കെയോ പതിയിരിക്കുന്നു...
    പേടിപ്പിച്ചു കളഞ്ഞല്ലോ മാഷേ..... !

    മറുപടിഇല്ലാതാക്കൂ
  9. നിശ്ശബ്ദത അല്പസമയം മനസ്സ് ശൂന്യമാക്കി.

    നൂറാം പോസ്റ്റ് ആശംസകള്‍. :)

    മറുപടിഇല്ലാതാക്കൂ
  10. നൂറിലെത്തിയ വിഷ്ണുവിന്‌ ആശംസകള്‍. അടുത്ത നൂറും ഇതേ വേഗത്തില്‍ തികയട്ടെ. :)

    മറുപടിഇല്ലാതാക്കൂ
  11. നൂറ് തികച്ച വിഷ്ണുമാഷിന് അഭിവാദ്യങ്ങള്‍, ആശംസകള്‍,അനുമോദനങ്ങള്‍...
    നിശ്ശബ്ദത എന്ന കവിതയ്ക്ക് ഒരു നീണ്ട സല്യൂട്ട്....

    മറുപടിഇല്ലാതാക്കൂ
  12. നിശ്ശബ്ദത ..നന്നായിട്ടുണ്ട്‌...

    ..ചിലപ്പോള്‍ ഏകാന്തവാസത്തിന്‌ ആയുസ്സ്‌ കുറയ്ക്കാനുള്ള ശേഷിയുണ്ടായിരിയ്ക്കും,ല്ലേ....

    ..മാഷ്‌ടെ സെഞ്ച്വറിയ്ക്ക്‌ നമോവാകം...എല്ലാവിധ ആശംസകളും..

    മറുപടിഇല്ലാതാക്കൂ
  13. 100 കവിതകള്‍...അതും ഈ മാധ്യമത്തില്‍......വാഹ്‌...വാഹ്‌..ഉസ്താദ്‌...വാഹ്‌.....

    കണ്ണാടി അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു.....എന്ന വരികളില്‍ കവിതയുണ്ട്‌.....അപ്പോ ബാക്കിയുള്ളതില്‍ ഇല്ലേ....എന്ന് ചോദിച്ചാല്‍ ..പറയാന്‍ ഞാന്‍ ആളല്ലാ......

    മറുപടിഇല്ലാതാക്കൂ
  14. സാധാരണ ഇതുപോലത്തെ ഐറ്റംസിനു ഞാന്‍ വായിച്ചാല്‍ ഒന്നും പറയാറില്ല. പക്ഷെ ഇതിനു ഞാന്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ അതു തെറ്റാകും.

    വളരെ വളരെ വളരെ നല്ല ഒരു സൃഷ്ടിയാണു് ഇതു. ഇതില്‍ നല്ല ഒരു കഥയുണ്ട്. നല്ല ചില മുഹൂര്ത്തങ്ങളുണ്ട്. നല്ല വര്‍ണ്ണനകളുണ്ട. ഇത് വായിക്കാത്തവര്‍ വായിക്കണം. കൈപ്പള്ളിയുടെ ഈ മാസത്തെ ഏറ്റവും നല്ല സൃഷ്ടിയുടെ critics award വെച്ചോളു.

    മറുപടിഇല്ലാതാക്കൂ
  15. അഭിനന്ദനങ്ങള്‍.
    നിശ്ശബ്ദത,സംസാരിക്കുന്നതു കാണിച്ചു തന്ന കാവ്യ ഭാവനയ്ക്കും എന്‍റെ പ്രണാമം.‍:)

    മറുപടിഇല്ലാതാക്കൂ
  16. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  17. നാശം പിടിച്ച നിശ്ശബ്ദത അവിടെയുമുണ്ടല്ലോ... നമ്മളില്‍ പലരും ഇങ്ങനെ പലവട്ടം മരിച്ചു പോകുന്നവരാണു. ചങ്ങാതിമാരും അയല്‍ക്കാരും ഇല്ലാത്തവര്‍. സ്വന്തം പ്രതിരൂപം മാത്രം കാണുന്നവര്‍. കൊല ചെയ്യപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന അലമാരയിലെ കണ്ണാടി അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു, അല്ലേ മാഷേ!

    നൂറാവര്‍ത്തിക്കു നൂറഭിനന്ദനങ്ങള്‍!

    qu_er_ty

    മറുപടിഇല്ലാതാക്കൂ
  18. നൂറടിച്ച മാഷിന്‌ അഭിനന്ദനങ്ങള്‍, (പണ്ടൊരിക്കല്‍ എല്ലാം മതിയാക്കണമെന്നുള്ള ആഗ്രഹം, ഭീഷണി കണ്ടിരുന്നു) അതൊക്കെ മറികടന്ന് നൂറ്‌ വരെയെത്തിയല്ലോ?, ശിശുവിനൊക്കെ ഉറവവറ്റിയോയെന്നു വര്‍ണ്ണ്യത്തിലാശങ്ക,
    നിശ്ശബ്ദനായ കൊലയാളി ത്രില്ലടിപ്പിച്ചു, നന്നായി.

    മറുപടിഇല്ലാതാക്കൂ
  19. വിഷ്ണു,
    നൂറാമത്തെ പോസ്റ്റ് നന്നായി.അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  20. നൂറിന്നനുമോദനങ്ങള്‍!

    ചിന്തിപ്പിയ്ക്കുന്ന രചന.

    കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ ഞാനാളല്ല... എന്നാലും... എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ,കൂടപ്പിറപ്പിനെ കൊലപാതകിയാക്കണ്ടായിരുന്നു.

    അന്വേഷണം പുരോഗമിയ്ക്കട്ടെ! എഴുത്തും.

    മറുപടിഇല്ലാതാക്കൂ
  21. കവിതയേക്കാള്‍ അതിനകത്തെ കഥ എനിക്കിഷ്ടായി കഥ കവിതയായും കവിത കഥയായും തീരുന്നൊരു വല്ലാത്ത എഴുത്ത് നന്നായി
    നിശബ്ദത എല്ലാത്തിനും നിശബ്ദത
    മാഷിന്‍റെ നാട്ടിലെ തന്നെ ചേകന്നൂരിനെ കൊന്നിട്ട് ഒരു പൊടിപോലും അവശേഷിപ്പിക്കാതെ
    ഈപ്പോള്‍ അവിടേയും നിശബ്ദത

    മറുപടിഇല്ലാതാക്കൂ
  22. നിശ്ശബ്ദതയുടെ പേടിപ്പെടുത്തുന്ന നിഴലുള്ള വരികള്‍..നന്നായിട്ടുണ്ട്‌...നൂറു തികയുന്ന വിഷ്ണുവിനു ആശംസകള്‍..:-):)

    മറുപടിഇല്ലാതാക്കൂ
  23. ഇത് കവിത എന്നു പറഞ്ഞു തന്നെയാണ് ഞാനിവിടെ വെച്ചത്. പലരും അത് കഥയായി തന്നെ കണ്ടു.ശ്രീജിത്ത് അത് ഉറപ്പിക്കാന്‍ സ്വന്തമായൊ ഒരു പോസ്റ്റ് തന്നെ നാട്ടിയിരിക്കുന്നു. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.

    എന്റെ നൂറാമത്തെ പോസ്റ്റാണിത്.കഥയിലേക്ക് കടക്കാനുള്ള എന്റെ ശ്രമമായി ഇതിനെ കണ്ടാല്‍ മതി. കണ്ണൂരാന്‍,ഇട്ടിമാളു,സുല്‍,കുട്ടന്മേനോന്‍,
    ശ്രീജിത്ത്,അബ്ദു,സുകുമാരേട്ടന്‍,സു,ഹരി,ഗുപ്തന്‍,സാന്‍ഡോസ്,കൈപ്പള്ളി,ഇത്തിരിവെട്ടം,വേണു,കൈയൊപ്പ്,ശിശു,ദില്‍ബു,വിശാഖ്,ജ്യോതിര്‍മയി,വിചാരം,സാരംഗി,രേഷ്..ഏല്ലാവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  24. വിഷ്ണു മാഷേ, കവിത എനിക്കിഷ്ടപ്പെട്ടു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  25. നീട്ടിയേ കവിത എഴുതാവൂ ....
    എന്നാലേ നേരമില്ലാ നേരത്ത്, തപ്പിപ്പിടിച്ച് മാനേജറെ പേടിച്ച് ബ്ലോഗ് നോക്കുമ്പോള്‍
    വായിക്കാതിരീക്കാന്‍ പറ്റൂ....

    മറുപടിഇല്ലാതാക്കൂ
  26. തറയില്‍
    നാലുപാടും ഭയന്നോടിയ രക്തം.

    വായ തുറന്നിരിക്കുന്ന ഒരടുപ്പും
    ഉണ്ടായിരുന്നു.

    അലമാരയിലെ കണ്ണാടി
    അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു.
    അതില്‍....


    വിദഗ്ദ്ധനായ കൊലപാതകി,
    പിന്നീട് ആ വീട്ടില്‍ തനിച്ചായി:
    നിശ്ശബ്ദത.

    അതി ഗംഭീരം, വിഷ്ണൂ....

    മറുപടിഇല്ലാതാക്കൂ
  27. കവിത വായിച്ചു ചിത്രകാരന്‍ നിശബ്ദനായി !!
    വിഷ്ണു പ്രസാദ്‌ ഒരു ബ്ലൊഗ്‌ ജീവിയായിരിക്കുന്നു. നൂറിന്റെ ആനന്ദം അദ്ധേഹത്തിന്റെ പ്രമാണിത്വം കൂട്ടട്ടെ എന്ന് ആശംശിക്കുന്നു.
    മഹാനായ ഒരു എഡിറ്ററുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലും വിഷ്ണുപ്രസാദ്‌ ബൂലോകത്ത്‌ ചരിത്രത്തിനുടമയായിരിക്കുമെന്ന് വിശ്വസിക്കുന്നു.
    വിഷ്ണുപ്രസാദിന്റെ പ്രതിഭാഷക്കരനായ കവി മരിച്ചുകിടക്കുന്ന ഈ വീടില്‍ ചിത്രകാരന്‍ നിശബ്ദത ഭ്ഞ്ജിച്ചെങ്കില്‍ മാപ്പാക്കുക.

    മറുപടിഇല്ലാതാക്കൂ
  28. പ്രിയമാഷെ ,

    ബൂലോകത്ത് വിരലില്‍ എണ്ണാവുന്ന,

    പൊയ്മുഖങ്ങളും , മുഖമ്മൂടികളു മില്ലാത്തവരില്‍ ഒരാളായ താങ്കളുടെ 100ആമത്തെ പോസ്റ്റില്‍ ആദ്യത്തെ അഭിനന്ദനം നല്‍കാന്‍‍ കഴിഞ്ഞില്ലാല്ലോ എന്ന ഒരു ദുഖത്തോടെ പറയട്ടെ ,

    ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍‍.

    (ഓ.ടോ:ചെലവ് അങ്ങോട്ടൊ അതോ ഇങ്ങോട്ടോ?)

    മറുപടിഇല്ലാതാക്കൂ
  29. പ്രതിഭാഷമാഷേ... ഇവിടം പ്രഥമ സന്ദര്‍ശനമാണ്‌ ഞാന്‍..
    100- അടിച്ച്‌ ഇനിയും ഈ ക്രീസില്‍ തുടരുവാന്‍ സര്‍വേശ്വരന്‍ താങ്കളെ അനുഗ്രഹിക്കട്ടെ...

    വളരെ വ്യത്യസ്ഥത അനുഭവപ്പെടുന്നു മാഷിന്റെ എഴുത്തില്‍... ഇനിയും വരാം.. കാക്കതൊള്ളായിരം ബ്ലോഗുകളില്‍ നല്ലതെന്ന് മനസ്സിന്‌ തോന്നുന്നതില്‍ കയറിയിറങ്ങുവാന്‍പോലും നേരമില്ല എന്നതാണ്‌ പരമസത്യം. പല പോസ്‌റ്റുകളിലും ബ്ലോഗിലുമെല്ലാം എന്നിട്ടും (സധൈര്യം) പണിപോവുമെന്ന ആധിയില്‍ കള്ളനെപോലെ പമ്മികേറി പരതിപോവാനേ കഴിയുന്നുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  30. മാഷിന്റെ ഈ കവിത വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി, കവികളുടെ പ്രിയപ്പെട്ട നിശ്ശബ്ദ്തയെ എന്തിനാണു കൊലയാളിയാക്കിയതെന്ന്‌...

    പിന്നെ മരിച്ചയാള്‍ ഒരു എഴുത്തുകാരനായിരിക്കില്ല എന്ന സമാധാനിച്ചു.

    ശതം പെട്ടെന്നുതന്നെ സഹസ്രമാവട്ടെ !

    മറുപടിഇല്ലാതാക്കൂ
  31. മാഷേ,
    ഇങ്ങിനെ ഒരു വിയോജനക്കുറിപ്പെഴുതിയതില്‍ ക്ഷമിക്കുമല്ലോ...

    http://kashmu.blogspot.com/2007/03/blog-post_02.html

    മറുപടിഇല്ലാതാക്കൂ
  32. വിഷ്ണു, നൂറു തികച്ചതിന്റെ ആശംസകള്‍. ആ കണ്ണാടി കൊലപാതകിയുടെ ഒരു പീഡനോപകരണമായിരുന്നുവെന്ന് ആരും തിരിച്ചറിഞ്ഞില്ല, അല്ലേ?

    കഥയും കവിതയും തമ്മിലുള്ള വ്യത്യാസം വായനയില്‍ മാത്രമാണെന്ന് ബോര്‍ഹസ്‌ പറഞ്ഞിട്ടുണ്ടെന്ന് ഓര്‍മ്മ.

    മറുപടിഇല്ലാതാക്കൂ
  33. അജ്ഞാതന്‍3/04/2007 8:19 PM

    സെന്ച്വറി! ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  34. വളരെ നല്ല ആശയം. ആസ്വാദനം കഥകളാണെനിക്കിഷ്ടമെങ്കിലും ഇതു വളരെ ഇഷ്ടായി.നൂറാം പോസ്റ്റിന് ആശംസകള്‍!! :)
    qw_er_ty

    മറുപടിഇല്ലാതാക്കൂ
  35. “എല്ലാ മുറികളിലും പതിയിരുന്ന
    ആര്‍ക്കും പിടി കൊടുക്കാതിരുന്ന
    വിദഗ്ദ്ധനായ കൊലപാതകി,
    പിന്നീട് ആ വീട്ടില്‍ തനിച്ചായി:
    നിശ്ശബ്ദത.“

    പാവം നിശ്ശബ്ദത
    പണ്ടെ ഇഷ്ടമാണ്‍ അതിനെ

    ഇതിനെയും ഭയങ്കരമായി
    ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  36. എഴുതി നൂറ് അടിക്കുന്നതാണോ നൂറ് അടിച്ചിട്ട് എഴുതുന്നതാണോ എളുപ്പം?

    മറുപടിഇല്ലാതാക്കൂ