gfc

കത്രികകളും അവളും

ഒന്നിനെ രണ്ടാക്കുന്ന
രണ്ടിനെ നാലാക്കുന്ന
നാലിനെ എട്ടാക്കുന്ന
എട്ടിനെ പതിനാറാക്കുന്ന
പതിനാറിനെ മുപ്പത്തിരണ്ടാക്കുന്ന
കത്രികയോട് പ്രതിഷേധിച്ചാണ്
അവള്‍ കല്യാണം വേണ്ടെന്ന് വെച്ചത്.
വെട്ടുവാനും ഇഷ്ടം പോലെ
തുന്നിക്കൂട്ടുവാനുമുള്ളതാണ്
തുണികളായ തുണികളൊക്കെയെന്ന്
എല്ലാ തുന്നല്‍ക്കാരും അവളോട്
ന്യായം പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെടാതിരിക്കാന്‍
ഒരു തുണിക്കുള്ള അവകാശം
ഒരു കോടതിയിലും തെളിയിക്കാനാവില്ല.
രണ്ട് കൂര്‍ത്ത കൊമ്പുമായി
നടന്നടുക്കുന്ന ഒരു കത്രിക
എപ്പോഴും അവളെ ഭയപ്പെടുത്തി.

പലതരത്തിലുള്ള കത്രികകള്‍
വന്നു നോക്കി,വായില്‍ വെള്ളമിറക്കി
വെറുതേ തിരിച്ചു പോയി.
കത്രികകള്‍ മുറിക്കാത്ത
എല്ലാ തുണികളും പാഴാണെന്ന്
അഖില ലോക കത്രിക സമ്മേളനം
ഒരു പ്രസ്താവന പുറത്തിറക്കി.

പലേ പഴന്തുണികളും
കത്രികകള്‍ക്ക് കീഴടങ്ങി.

ഒടുവില്‍ മൂത്തുമൂത്ത്
മൂപ്പ് തെറ്റിയകാലത്ത്
അവള്‍ എല്ലാ കത്രികകളേയും
ക്ഷണിച്ചു.
ആര്‍ത്തിപ്പണ്ടാരങ്ങളായ
എല്ലാ കത്രികകളുംകൂടി
അവളെ പലഭാഗങ്ങളില്‍ നിന്ന്
ഒരേ സമയം മുറിക്കാന്‍
ഒരുമ്പെട്ടു.

കുറേനേരം മിനക്കിട്ട ശേഷമാണ്
കത്രികകള്‍ക്ക് മനസ്സിലായത്:
മുറിയുന്നില്ല,ഇനി മുറിയുകയുമില്ല.
ചുറ്റിലും വിയര്‍ത്തു കുഴഞ്ഞു
കിടന്ന കത്രികകളെ നോക്കി
അവള്‍ പൊട്ടിച്ചിരിച്ചു.
എത്ര മുറിച്ചാലും മുറിയാ-
ത്തവളുടെ ചിരി...
തങ്ങളുടെ മൂര്‍ച്ചകളെക്കുറിച്ചുള്ള
ആത്മപുച്ഛവുമായി
ഓരോ കത്രികകയും തല താഴ്ത്തി
ആ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.

13 അഭിപ്രായങ്ങൾ:

  1. ഇനി സഹനശക്തിക്ക് മൂര്‍ച്ചകൂട്ടാം അല്ലേ

    മറുപടിഇല്ലാതാക്കൂ
  2. മണീ,‘മൂര്‍ച്ഛ’യുണ്ടാവുന്നില്ല അല്ലേ..

    മറുപടിഇല്ലാതാക്കൂ
  3. കവിത വായിച്ചു.ഒരല്‍പ്പം പ്രതിരൂപാത്മകമായിപ്പോയില്ലേ എന്നൊരു സംശയം..
    “കണ്ണീരോഴുകിപ്പോകാനുള്ള വിഷമല്ല ദുഖം” ഗംഭീരമായി
    റ്റിനുവിന്റെ ബ്ലോഗു പൂട്ടി എന്നു തോന്നുന്നു.ഞാനും അവിടെ ഒരു കമന്റ് കൊട്ടിയിരുന്നു.പിന്നെ നോക്കുമ്പോള്‍ അങ്ങനെ ഒരു ബ്ലോഗേയില്ല..പരാജിതനും പറഞ്ഞു അവന്‍ പൂട്ടിയെന്ന്...

    മറുപടിഇല്ലാതാക്കൂ
  4. കവിത ഇഷ്ടമായി മാഷേ..തീക്ഷ്ണമായ വരികള്‍..ജീവിതത്തിന്റെ മുറിപ്പാടുകള്‍...സ്നേഹത്തിന്റെ മുന്നിലല്ലാതെ ആരും കീഴടങ്ങുന്നില്ല...

    മറുപടിഇല്ലാതാക്കൂ
  5. ആദ്യമെല്ലാം കത്രികകളെ പേടിച്ച അവള്‍, പിന്നീട്‌ തന്നെ വെട്ടിമുറിക്കാന്‍ കഴിയാത്ത മൂര്‍ച്ചപോയ കത്രികകളെ നോക്കി "അട്ടഹസിച്ചു..?"

    മാഷേ തുണികള്‍ പാകത്തിനു വെട്ടി ഭംഗിയായി രൂപകല്‍പ്പന ചെയ്തു വസ്ത്രമാക്കിയാലല്ലെ അതിന്‌ ഒരു അര്‍ഥമുള്ളൂ.. അല്ലെങ്കില്‍ അതു വെറും പാഴ്‌തുണീയാവില്ലെ..

    മാഷെ എല്ലാം പ്രതീത്മകം.

    കൃഷ്‌ | krish

    മറുപടിഇല്ലാതാക്കൂ
  6. മാഷേ വായിച്ചിരുന്നു.
    കത്രികകളുടെ മൂര്‍ച്ച ക്കുറവോ. തുണികളുടെ കട്ടി കൂടുതലോ.?

    മറുപടിഇല്ലാതാക്കൂ
  7. ആദ്യമായാണീ ബ്ലോഗ് ല്‍.പെണ്‍‍ എഴുത്തു എന്നു പറയുന്നവരെ ഇനി കത്രിക വക്കണം.കവിത മനുഷ്യനു വേണ്ടിയാണെന്ന്നും ലിംഗഭേദമെന്യെ പക്ഷപാതമില്ലതെ അതു ചുരത്തുമ്പോള്‍ ആണു ഒരു കവി ഉണ്ടാകുന്നതു എന്നുമാണു‍ വിശ്വാസം.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  8. Thanks Vishnu..was not here..Are u from Vayanadu? did u attend a kaviyarangu organized by P Surendran and co in Malappuram??

    sorry am just asking..

    മറുപടിഇല്ലാതാക്കൂ
  9. കുറച്ചു തവണകൂടി ഞാന്‍ ശ്രമിക്കും

    പിന്നെ കൂടുതലൊന്നും ഞാനാലോചിക്കില്ല ,

    മാഷാണെ , ഞാന്‍ കക്കും , മാഷുടെ കവിത തന്നെ.

    മറുപടിഇല്ലാതാക്കൂ
  10. വിഷ്ണുപ്രസാദിന്റെ "കത്രികകളും അവളും"
    പ്രതീകാത്മകമായി.. കത്രിക പ്രയോഗത്തിലൂടെ സ്ത്രീപക്ഷ ചിന്തക്ക്‌ വെട്ടാതെ തയ്ച്ച ഒരു ഉടുപ്പുണ്ടാക്കിയിരിക്കുന്നു.
    സാമൂഹ്യ പ്രസക്തിയുള്ള ഈ കവിത ബൂലൊകവാസികളും,പുറം ലോകവാസികളുമായ സ്ത്രീപക്ഷ ചിന്തകര്‍ വായിക്കട്ടെ, ചര്‍ച്ച ചെയ്യട്ടെ എന്നാശിക്കുന്നു.
    നല്ലോരു ഉള്‍ക്കാഴ്ച്ച നല്‍കിയതിന്‌ നന്ദി വിഷ്ണുപ്രസാദ്‌.

    മറുപടിഇല്ലാതാക്കൂ
  11. വിഷ്ണുപ്രസാദിനേപ്പോലൊരു പ്രതിഭാശാലി എന്റെ ബ്ലോഗില്‍ വന്നൊരു ചെറു പുഞ്ചിരി സമ്മാനം തന്നതില്‍ ഇന്നത്തെ ദിനാരംഭം ധന്യം.

    ഞാനൊരു പുതിയ ബ്ലോഗ്ഗറാണു, വിഷ്ണുപ്രസാദിന്റെ പല കവിതകളും ഇനിയും വായിക്കാനുണ്ട്‌.

    മറുപടിഇല്ലാതാക്കൂ