gfc

പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി

 

🌥️


പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,

നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക്കുന്ന മേഘങ്ങളുടെ പഞ്ഞിമിഠായികൾ

വല്ലാതെ ബോറടിക്കുമ്പോൾ അവ ചവച്ചുതിന്നുന്നുമുണ്ട്.


പർവ്വതങ്ങളുടെ ഭാഷയുടെ വേഗമല്ല 

എൻറെ ഭാഷയുടെ വേഗം. 

അവ ഒരു വാക്ക് പറഞ്ഞ് അടുത്ത വാക്കിന് വർഷങ്ങളുടെ ഇടവേള എടുക്കുന്നു. 

ഒരു നൂറ്റാണ്ട് കൊണ്ട് അവ ഒരു വാക്യം പൂർത്തീകരിക്കുന്നു.

എനിക്ക് അത്രയും സമയമില്ല,

അതിനാൽ ഞാൻ വേഗത്തിൽ സംസാരിക്കുന്നു.


പർവതങ്ങൾ ചലിക്കുന്നുണ്ട്.

അവ കയ്യോ കാലോ  

ഒന്ന് അനക്കാൻ നൂറ്റാണ്ടുകൾ എടുക്കുന്നു.

അനന്തമായ കാലത്തിൻറെ ദീർഘജീവിതമുള്ളതിൻ്റെ ആർഭാടം അവർക്കാവാം. എനിക്ക് അങ്ങനെ വയ്യല്ലോ. 

അതുകൊണ്ടാണ് ഞാൻ ഇങ്ങനെ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നത്. ചെറുതുകളുടെ ഈ ഭൂമിയിൽ 

വലിപ്പം കൊണ്ടുതന്നെ

അവ അടയാളപ്പെട്ടു കഴിഞ്ഞു. അംഗീകാരത്തിനുള്ള വെമ്പലോ 

സർഗ്ഗ പ്രക്രിയ കൊണ്ട് പ്രപഞ്ചത്തെ പെട്ടെന്ന് ഞെട്ടിക്കാനുള്ള വാഞ്ഛയോ അവർക്കില്ല. 

ചെറുതുകളിൽ ചെറുതായ ഞാൻ അങ്ങനെയല്ല.

എൻറെ നിസ്സാരതയെ എനിക്ക് അതിശയിച്ചേ പറ്റൂ. 

ദീർഘജീവിതങ്ങളുള്ള പർവ്വതങ്ങളുടെ മുതുകിൽ എനിക്ക് രണ്ടു വരി കുറിച്ചിട്ടേ തീരൂ


വരും കാലങ്ങളുടെ മാന്ത്രിക വാതിലുകൾ തുറന്ന്

ഒരിക്കൽ ഒരാൾ മല കയറി വന്ന് ആ വരികൾ വായിച്ചെങ്കിലോ?


പൊടിയിൽ നിന്നു ഞാൻ പിന്നെയും  മനുഷ്യനായ്

കൂടിച്ചേർന്ന് എഴുന്നേറ്റു നിൽക്കും.

മലകൾ അവയുടെ കൈകളിൽ എന്നെ എടുത്തു നോക്കും. 

നൂറ്റാണ്ടുകൾ പഴക്കമുള്ള അവയുടെ

കാഴ്ച്ച കുറഞ്ഞ കണ്ണുകളിൽ ഒരു പരിചയ ഭാവം വിടരും ;

അവയുടെ ചുളിഞ്ഞ മുഖപേശികളിൽ ഒരു പുഞ്ചിരിയും.

ക്രൂരതയെ കവിതയിൽ പാർപ്പിക്കുന്ന വിധം

 


എന്നെക്കണ്ടതും ഭയന്നോടുന്നു

ടോയ്ലറ്റിൽ പല വഴി ചിലന്തിത്തള്ള.

ചിലന്തികളെ എനിക്കും ഭയമാണ്.

എങ്കിലും കുറേക്കാലമായി 

സംസ്കരിക്കപ്പെട്ട മനുഷ്യൻ എന്ന നിലയിൽ ഞാനവയെ സൂത്രത്തിൽ വല്ല കോരിയിലോ പാത്രത്തിലോ ആക്കി വീടിനു പുറത്ത് കളയുകയാണ് പതിവ്.

ഇന്ന് റോബർട്ട് ഫ്രോസ്റ്റിൻ്റെ

ഒരു അഭിമുഖത്തിൽ

പ്രകൃതി ക്രൂരതയാണെന്ന് 

അദ്ദേഹം പറഞ്ഞതു കേട്ടു.

ആ എട്ടുകാലി ഫ്ലഷ് ടാങ്കിൻ്റെ പുറകിൽ പേടിച്ചൊളിച്ചു.

ഒളിച്ചതോ കമ്മോടിലിരിക്കുമ്പോൾ

എൻ്റെ പുറത്തേക്കു ചാടാൻ

പതുങ്ങിയിരിക്കുന്നതോ ?

ലോകം നമ്മെ ആക്രമിക്കും മുൻപ്

നാം ലോകത്തെ ആക്രമിക്കേണ്ടതുണ്ട്.

എൻ്റെയുള്ളിൽ ക്രൂരത നിറഞ്ഞു.

ഫ്ലഷ് ടാങ്ക് ഞാൻ ചുമരിനോട് ചേർത്തമർത്തി.

അത് ചതഞ്ഞു ചത്തു.

ഹിംസയുടെ ആനന്ദം ഞാനറിഞ്ഞു.

സമാധാനത്തോടെ 

ഞാൻ കമ്മോടിൽ ഇരുന്നു.

അതോ കുറ്റബോധത്തോടെയോ ?

ആ തള്ളച്ചിലന്തിയുടെ 

മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായമുള്ള ഒരു കുട്ടിച്ചിലന്തി 

പരക്കം പായുന്നതു കണ്ടു.

അതിനെ ഞാൻ വെറുതെ വിട്ടു.

തള്ളതന്താരെ അതിക്രൂരമായി കൊന്നാലും 

കുട്ടികളെ വെറുതെ വിടുന്ന

ചില പട്ടാളക്കാരുടെ ധാർമ്മികതയാണോ എന്നിൽ അവശേഷിച്ചിരുന്നത്?


വൈകിട്ട് വീണ്ടും ടോയ്ലറ്റിൽ

വന്നപ്പോൾ കമ്മോടിലെ വെള്ളത്തിൽ ആ കുഞ്ഞു ചിലന്തി.

അതെന്നെക്കണ്ട് പകച്ച് 

മുകളിലേക്ക് കയറിപ്പോകാൻ 

ആഞ്ഞു ശ്രമിക്കുകയും

കഴിയാതെ താഴേക്ക് വീഴുകയും ചെയ്യുന്നു.

എനിക്കതിനോട് പാവം തോന്നി.

അതിനു കയറിപ്പോരാൻ

ഞാൻ കമ്മോടിനകത്തേക്ക് ടോയ്ലറ്റ് ബ്രഷ് വെച്ചു കൊടുത്തു.

അത് അതിലൂടെ കയറി.

ഞാനതിനെ ടോയ്ലറ്റ് ജനൽ വഴി വീടിനു പുറത്തേക്ക് കളഞ്ഞു.

രാവിലത്തെ ക്രൂരത എനിക്കിപ്പോഴില്ല.

ആ ക്രൂരതയെ സംബന്ധിച്ച് എനിക്കിപ്പോൾ കുറ്റബോധം പോലുമുണ്ട്.

ഇപ്പോൾ

അതു സംബന്ധിച്ച് കവിത പോലും എഴുതിയിരിക്കുന്നു.

എങ്കിലും ആ ക്രൂരത

ഒരു ചാവാത്ത ചിലന്തിയായി

എൻ്റെയുള്ളിൽ പാർക്കുന്നു.


ഛെ! ചതച്ചു കൊന്നിട്ടും,

ഒരു തെറ്റും ചെയ്യാത്ത

ചിലന്തിയെ

ക്രൂരതയുടെ രൂപകമാക്കി ഞാൻ പിന്നെയും 

ചതച്ചു കൊണ്ടിരിക്കുന്നു.

അവസാനത്തെ കാമുകിയും ഉപേക്ഷിച്ച ശേഷം

 അവസാനത്തെ കാമുകിയും 

ഉപേക്ഷിച്ച ശേഷം

ആകാശം കാണാതായിരിക്കുന്നു.

കിളികളെ

കേൾക്കാതായിരിക്കുന്നു.

വാസന സോപ്പിൻ്റെ മണമോ

ചേനപ്പൂവുപ്പേരിയുടെ രുചിയോ

അറിയാതായിരിക്കുന്നു.


അവസാനത്തെ കാമുകിയും ഉപേക്ഷിച്ച ശേഷം

എനിക്ക് പെട്ടെന്ന് വയസ്സായി

എൻറെ മുടികൾ അതിവേഗം കൊഴിഞ്ഞു

അവശേഷിക്കുന്നവ നരച്ചു

എൻറെ പല്ലുകൾ ഇളകി 

എൻറെ തൊലി ചുളിഞ്ഞു

ഒളിച്ചിരുന്ന രോഗങ്ങൾ

ഓരോന്നോരോന്നായി പുറത്തുവന്നു 


ഉറങ്ങിക്കിടക്കുമ്പോൾ 

മരണം ജനലരികിൽ വന്ന് 

പുറത്തു നിന്ന് 

പാളി നോക്കിപ്പോയി


ഒരു സ്വപ്നവും ഞാനിപ്പോൾ കാണുന്നില്ല

ശുദ്ധമായ ഉറക്കത്തിൻ്റെ 

സ്വർണഖനികളാണെൻ്റെ

രാത്രികൾ

ഒരാശയും എൻ്റെ കണ്ണുകളിലില്ല

കണ്ണുകൾ മടുത്തു മതിയാക്കി

കണ്ണടകളെ പണിയേൽപ്പിച്ചു

കാതുകൾ 

ശബ്ദങ്ങളിൽ നിന്ന് തിരിഞ്ഞ്

എന്ത് ഏത്

എന്നെല്ലാം പരുങ്ങി.




അവസാനത്തെ കാമുകി

ഉപേക്ഷിച്ച ശേഷം

കലണ്ടറിൽ നിന്ന് ദിവസങ്ങൾ കൊഴിയാതായി.

ക്ലോക്കു സൂചികൾ വയ്യ വയ്യയെന്ന് അറച്ചിരിപ്പായി.

ലോകം പുതിയതായി 

ഒരു വാർത്തയും 

പ്രക്ഷേപണം ചെയ്യുന്നില്ല

പഴയ പത്രം തന്നെ 

പഴയ വാർത്തകൾ തന്നെ

മുറ്റത്ത് വീണ്ടും വീണ്ടും വന്നു വീണു.

ആരും കാളിങ് ബെൽ അമർത്താത്തതുകൊണ്ട്

ഞാൻ കിടക്കയിൽ താണു താണു പോയി.

കിടക്ക വലിയൊരു ഹിമാനിയാണ്.


അവസാനത്തെ കാമുകി

ഉപേക്ഷിച്ചതിനു ശേഷം

ഞാൻ എന്നെത്തന്നെ

ഉപേക്ഷിച്ചിരിക്കുന്നു.

മറവു ചെയ്യാത്ത

എല്ലാ ശവങ്ങളും

ഭൂമിയിലേക്ക് സ്വയം

താഴ്ന്നുപോകുന്നതുപോലെ

ഞാനെന്നെ മറവു ചെയ്തു കൊണ്ടിരിക്കുന്നു

ഒട്ടും വികാരമില്ലാതെ.


അവസാനത്തെ കാമുകി എന്നത്

അവസാനത്തെ ഋതുവോ

അവസാനത്തെ മാസമോ

അവസാനത്തെ ദിവസമോ

അവസാനത്തെ മണിക്കൂറോ അല്ല.

അത് ചിലരുടെയെങ്കിലും ജീവിതത്തിലെ ജീവൻ്റെ

അവസാനത്തെ നിമിഷമാണ്.













പോഴ്സെലിൻ പ്ലേറ്റുകളുടെ പാത

 

🌀

അമ്മച്ചി ചാരവും ചകിരിയും ഇട്ട് പോഴ്സെലിൻ പ്ലേറ്റുകൾ കഴുകുകയാണ്

അമ്മച്ചിയുടെ മുന്നിൽ കനം തൂങ്ങി നിൽക്കുന്ന പേരയിൽ ഒരു കാക്ക അമ്മച്ചിയെ നോക്കിയിരിക്കുന്നു 

സ്കൂളിൽ പോകും പെൺകുട്ടിയുടെ ഉത്സാഹത്തോടെ കിണറ്റു വക്കിൽ 

ഒരു മുരിങ്ങമരം നിൽക്കുന്നു കഴുകിവെച്ച  പോഴ്സെലിൻ പ്ലേറ്റുകൾ മുകളിലേക്ക് ഉയർന്ന് 45 ഡിഗ്രി ചരിവിൽ ആകാശത്തേക്ക് ഒരു പാതയുണ്ടാക്കുന്നു 

അമ്മച്ചി ഓരോരോ വെളുത്ത പിഞ്ഞാണങ്ങളിൽ ചവിട്ടി ആകാശത്തേക്ക് നടക്കുന്നു ഉയരത്തിലുയരത്തിൽ എത്തിയപ്പോൾ 

അവിടെ മേഘങ്ങൾക്കിടയിൽ നിന്ന് 

ചവിട്ടി ചവിട്ടി ഇറങ്ങിവരുന്നു, ചിരിച്ചുകൊണ്ടപ്പച്ചൻ. രണ്ടുപേരും ചിരിച്ചുകൊണ്ടു ഭൂമിയിലേക്ക് നോക്കി :

താഴെ ഒന്നുമറിയാത്ത അമ്മച്ചി

പ്ലേറ്റുകൾ കഴുകിക്കൊണ്ടിരിക്കുന്നു. അമ്മച്ചിയുടെ വലത്തെ കയ്യിനടുത്തു നിന്ന് 

പോഴ്സെലിൻ പ്ലേറ്റുകളുടെ ഒരു പാത പുറപ്പെട്ടിരിക്കുന്നു

ലൂയീസ് പീറ്റർ മരിച്ചിട്ടില്ല




ലൂയീസ് പീറ്റർ മരിച്ചിട്ടില്ല.

കോഴിക്കോടു ബീച്ചിൽ 

മുഷിഞ്ഞ മുണ്ടും സഞ്ചിയുമായി അയാളെ കണ്ടവരുണ്ട്.

സന്ധ്യാസമയത്ത് ടൗൺ ഹാളിനരികിലുള്ള പെട്ടിക്കടയിൽ നിന്ന് 

അയാൾ ചായ വാങ്ങിക്കുടിച്ച് 

ക്രൗൺ തീയേറ്ററിനു മുന്നിലൂടെ

എങ്ങോട്ടോ പോയതായി ദൃക്സാക്ഷികൾ പറയുന്നുണ്ട്.

തൃശ്ശൂർ സാഹിത്യഅക്കാദമി മുറ്റത്ത് ഈ അടുത്ത ദിവസവും

അയാൾ തന്നോട് വഴക്കിട്ടു പോയതായി ഒരു സഹൃദയൻ

കഴിഞ്ഞ ദിവസമാണ് എന്നോട് 

ഫോൺ വിളിച്ചു പറഞ്ഞത്.


തിരുവനന്തപുരത്ത് 

പാപ്പാത്തിയുടെ റൂമിൽ ചെന്ന്

കള്ളുകുടിക്കാൻ കാശ് ചോദിച്ചെന്നും

ശല്യം പോകട്ടേന്ന് കരുതി

ഉള്ള കാശ് പെറുക്കി കൊടുത്തെന്നും

സന്ദീപ് കഴിഞ്ഞയാഴ്ച്ചയാണ് പറഞ്ഞത്.


അല്ലെങ്കിലും അയാളെങ്ങനെ 

മരിക്കാനാണ്?

ഈ തെരുവുകളെയും മനുഷ്യരെയും വിട്ട് അയാളെങ്ങോട്ടു പോവാനാണ്

പാപ്പ എന്നു വിളിക്കുന്ന

കുട്ടികളെ സങ്കടപ്പെടുത്തി

അയാൾക്ക് എത്ര കാലം മറഞ്ഞിരിക്കാനാവും ?


IFFK യും കവിതാ കാർണിവലും കോഴിക്കോട് കടപ്പുറത്തെ സാഹിത്യോൽ സവവും ഉപേക്ഷിച്ചു പോകാൻ മാത്രം

അയാൾക്കെന്താണ് പറ്റിയത്?


ലൂയീസ് , നിങ്ങളെവിടെയാണ്?

മരച്ചുവട്ടിലിരുന്ന് കവിത ചൊല്ലുവാൻ

എത്ര നേരമായി ഈ കുട്ടികൾ കാത്തിരിക്കുന്നു.

നാട്ടുകാരോട് പണമിരന്നു വാങ്ങി

നിങ്ങളെനിക്കു വാങ്ങിത്തന്ന മദ്യത്തിൻ്റെ കടം എനിക്കു തീർക്കേണ്ടതുണ്ട്.

സഞ്ചരിക്കുന്ന കവിതേ

നിങ്ങളെവിടെയാണ്?

ഏത് ഷാപ്പിലാണ്  നിങ്ങളിപ്പോൾ കവിത ചൊല്ലിക്കൊണ്ടിരിക്കുന്നത്?

കുറച്ചു ദിവസം വയനാട്ടിൽ

എൻ്റെ വീട്ടിൽ താമസിക്കണമെന്ന്

നിങ്ങൾ ഒരിക്കൽ ആവശ്യപ്പെട്ടിരുന്നല്ലോ.

സത്യമായും ഞാനന്ന് തന്ത്രപൂർവം ഒഴിവാക്കിയത്

നിങ്ങൾ ക്ഷമിച്ചേക്കും.

എന്നെക്കൊണ്ടു തന്നെ

നാട്ടുകാരും വീട്ടുകാരും 

ഗതികെട്ടിരിക്കുകയാണെന്ന്

നിങ്ങൾക്കറിയില്ലല്ലോ

എങ്കിലും എൻ്റെ ലൂയീസേ

നിങ്ങളിങ്ങനെ 

മഹാ മൗനത്തിലേക്ക്  കൂപ്പുകുത്താമോ?


മറ്റേതോ നഗരത്തിലൂടെ

മറ്റേതോ മനുഷ്യർക്കിടയിലൂടെ

ലൂയീസ് , നിങ്ങളിപ്പോഴും

അലയുകയല്ലേ...?

നാളെ രാവിലെ എൻ്റെ വാതിൽ

മുട്ടി വിളിച്ചുണർത്തുന്നത്

നിങ്ങളാവില്ലെന്ന്

ഞാനെങ്ങനെ ഉറപ്പിക്കും?


പലരും നിങ്ങൾ മരിച്ചതായി പറയുന്നു.

ഞാൻ നിങ്ങളുടെ മൃതശരീരം 

കണ്ടിട്ടില്ല.

അകം മുഴുവൻ കവിത നിറഞ്ഞിരിക്കെ

നിങ്ങൾക്കെങ്ങനെയാണ് ഒരു മൃതശരീരമാവാൻ കഴിയുക?

ലൂയീസ്

ഏറ്റവുമൊടുക്കം ഒരു നാൾ

കവി അലവിക്കുട്ടി

എന്നെ വിളിച്ചു പറഞ്ഞു:

ലൂയിസിനൊരു വീടു വേണം.

സത്യമാണ്,

ഞാൻ ചോദിച്ചിരുന്നു :

ലൂയീസിനെന്തിനാണ് വീട്?

ലൂയീസ് കൂട്ടിലിരിക്കാത്ത പക്ഷിയാണ് .

നാടു മുഴുവൻ അലയുന്നവന്

നാടെല്ലാം കൂട്.


പക്ഷേ, നീയിപ്പോൾ മിണ്ടുന്നില്ല.

നിൻ്റെ കനമുള്ള ആ ശബ്ദത്തിൽ

ഒരു കവിത കേൾക്കാൻ 

കൊതിയാകുന്നെടോ...

പക്ഷേ, മനുഷ്യൻ

 പക്ഷേ,

മനുഷ്യൻ

മനുഷ്യരെ ഉപേക്ഷിച്ചു കൊണ്ടേയിരിക്കും

പക്ഷേ, 

മനുഷ്യൻ

പുതിയ മനുഷ്യരിലേക്ക് തിരിഞ്ഞു കൊണ്ടേയിരിക്കും.

പക്ഷേ, 

മനുഷ്യൻ എല്ലാവരിൽ നിന്നും ഒറ്റപ്പെടും

ജീവിതം മുഴുവൻ കരഞ്ഞു കൊണ്ടേയിരിക്കും.

എല്ലാ സൗഹൃദങ്ങളും ബന്ധങ്ങളും

നാളേക്കുള്ള വ്രണങ്ങൾ മാത്രമാണ്.

മനുഷ്യൻ

സ്വന്തം കണ്ണീരിൽ തഴച്ചുവളരുന്നു

സ്വന്തം കണ്ണീരിൽ

തകർന്നടിയുന്നു

പക്ഷേ,

മനുഷ്യന് മറ്റെന്തു വഴിയാണുള്ളത്?


അറ്റുപോയവരെക്കുറിച്ച്

അവൻ കരയും

പക്ഷേ കൂട്ടിച്ചേർക്കുകയില്ല

അനിവാര്യതകളെക്കുറിച്ച്

അവനേക്കാൾ

ആർക്കും ബോധ്യമില്ല

മനുഷ്യൻ ഒരു ഭാഷാക്കുഴപ്പമാണ്.

ഭാഷയാണ് എല്ലാ ദുഃഖങ്ങൾക്കും നിദാനം.



പ്രേമത്തായ്


❤️


അമ്മ തന്റെ കുഞ്ഞിനെ തിരിച്ചെടുക്കാനെന്നപോലെ എൻ്റെ പ്രേമം തിരിച്ചുവന്നു.

കൈകളിൽ കോരിയെടുത്ത്

നെറ്റത്തും കവിളത്തും തുരുതുരാ ചുംബിച്ച് അർത്ഥമില്ലാത്ത ശബ്ദങ്ങൾ പുറപ്പെടുവിച്ച് സന്തോഷിപ്പിച്ചു.


ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരു മറുഭാഷയിൽ 

അമ്മമാർ കുഞ്ഞുങ്ങളോട് സംസാരിക്കുന്നു. കുഞ്ഞുങ്ങളുണ്ടാവുമ്പോൾ

മുലപ്പാലുണ്ടാവും പോലെ

ഉണ്ടായി വരുന്നതാവണം ഈ ഭാഷ.

ആ ഭാഷയിൽ അമ്മ പറയുന്നതെല്ലാം 

കുഞ്ഞിന് മനസ്സിലാകുന്നുണ്ട് ; കുഞ്ഞു പറയുന്നതെല്ലാം അമ്മയ്ക്കും.


വിറകെടുക്കാൻ പോയാലും

വെള്ളം കോരാൻ പോയാലും

അമ്മയ്ക്ക് സമാധാനമില്ല.

അമ്മയുടെ മനസ്സിൽ നിറയെ

തൊട്ടിലിൽ കിടന്ന് കൈകാലിട്ടടിക്കുന്ന,

വായുവിൽ നമ്മൾ നോക്കിയാൽ കാണാത്ത എന്തിനോടോ ചിരിക്കുന്ന ഉണ്ണിയാണ്.


പ്രേമവും അങ്ങനെയാണ്.

ഇട്ടു പോവനാവില്ല , അതിൻ്റെ കുഞ്ഞിനെ.

വിറകെടുക്കാനോ 

വെള്ളം കോരാനോ പോയി ഒരല്പം സമയം തെറ്റിയാലും,

അത് തിരിച്ചു വരും;

എനിക്ക് ഉറപ്പായി.

എത്ര ദൂരെ പോയാലും

എത്രതന്നെ നിശബ്ദമായി ഇരുന്നാലും

എപ്പോഴും പ്രേമം അതിൻ്റെ കുഞ്ഞിനെ

കേട്ടുകൊണ്ടിരിക്കുന്നുണ്ട്.


കൈകാലിട്ടടിച്ചോളൂ,

ശൂന്യതയിലേക്ക് നോക്കി ചിരിച്ചോളൂ,

അർത്ഥമില്ലാത്ത ശബ്ദങ്ങൾ പുറപ്പെടുവിച്ചോളൂ.

ഒരു ആശങ്കയും വേണ്ട.

അത് തിരിച്ചു വരും.

അൻ്റാർട്ടിക്ക


🌿


പൗർണമി നിലാവും മഞ്ഞും അഴിഞ്ഞാടുന്ന ഡിസംബർ രാത്രീ ,

എനിക്കെന്റെ ഉറക്കത്തെ തിരിച്ചു തരൂ.


നിലാവിന്റെയോ മഞ്ഞിന്റെയോ ഇഴഞ്ഞു വരുന്ന കൈകളെ എന്റെ ജനൽച്ചിലിന് തടയാനാവുന്നില്ല.

വേദനകളെയോ ദുരന്ത സൂചനകളെയോ തടയാൻ എന്റെ ജനൽച്ചില്ലിന് കഴിയുന്നില്ല.


കുഞ്ഞുങ്ങളുടെ രക്തം

പാനം ചെയ്ത പിശാചിനികൾ

തിരിച്ചുപോകും വഴി 

എൻ്റെ ജനൽ ചില്ലിൽ ചുണ്ടുകൾ ചേർത്തുവച്ച് നിഗൂഢമായി ചിരിക്കുന്നു.

മരണത്തിലേക്കുള്ള കയറേണി പണിയുന്ന എട്ടുകാലികളെ 

കട്ടിമഞ്ഞ് മറച്ചു വെച്ചിരിക്കുന്നു.

എൻ്റെ ജനലിന്റെ ചില്ലിന് ഒന്നിനെയും തടുക്കാൻ ശക്തിയില്ലാത്തതായി തീർന്നിരിക്കുന്നു.


എൻ്റെ ഉറക്കം,

അമ്മയുടെ കയ്യിൽ നിന്ന് 

പുലി പിടിച്ചു കൊണ്ടുപോയ 

ഒരു കുഞ്ഞിനെപ്പോലെ കാട്ടിലെവിടെയോ 

പാതി തിന്ന നിലയിൽ മരിച്ചുകിടക്കുന്നു.


മഞ്ഞ് വലിച്ചു കുടിച്ച് 

ജീവരക്തം വറ്റിച്ച മരക്കൊമ്പുകൾ

എൻ്റെ ജനൽച്ചില്ല് കടന്ന് അകത്തേക്ക് വരുന്നു


അഗാധവും അജ്ഞാതവുമായ 

വെളുത്ത ചുഴികളിൽ നിന്ന്

പുറപ്പെട്ടുവരുന്ന 

ഭീമൻ രാപ്പക്ഷികളുടെ ഒരു പ്രവാഹം

എൻ്റെ ജനൽച്ചില്ലുകളെ ദേദിച്ച്

ഈ മുറിയിൽ നിറയുന്നു.


ഒരു ഹിമഭൂമി പോലെ ഞാൻ കിടക്കുന്നു.

പെൻഗ്വിനുകൾ എനിക്കു മുകളിലൂടെ നടന്നു പോകുന്നു.


വലിയ ഐസ്ബർഗുകൾ

ഒഴുകി നടക്കുന്ന എൻ്റെ കിടപ്പുമുറിയുടെ

ഏതോ മൂലയിൽ 

അടുത്തു കൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് 

ഒരു ചെറുപ്പക്കാരൻ

എന്നെ നോക്കി

അൻ്റാർട്ടിക്കാ

അൻ്റാർട്ടിക്കാ

എന്ന് വിളിച്ചു കൂവുന്നു.


ഉറക്കമറ്റതെങ്കിലും 

മരവിച്ച എൻ്റെ ശരീരത്ത്

എണ്ണമറ്റ രാജ്യങ്ങളുടെ കൊടികൾ കുത്തിയിരിക്കുന്നു.

ചേർത്തുപിടിക്കൽ

 


🌿


ആരോടെങ്കിലും ഇത് പറയാനാവുമോ?

എല്ലായിടവും  ഞാൻ തിരഞ്ഞു.

കടലുപോലെ

തിരയടിക്കുന്നുണ്ട്

തീവണ്ടിനിലയം


അതാ ഒരു മനുഷ്യൻ.

മാന്യതയുണ്ട്,

സ്നേഹഭാവങ്ങളുണ്ട്,

പ്രായം നൽകുന്ന അധികാരമുണ്ട്.

ഇതു തന്നെയാവണമയാൾ .

അയാളെ സമീപിച്ച് ഞാൻ പറഞ്ഞു:


സർ,

എന്താണെന്നറിയില്ല 

എന്നെ ഒരു ഭയം പിടികൂടിയിരിക്കുന്നു 

ഞാൻ ഇതുവരെ തീവണ്ടിയിൽ കയറിയിട്ടില്ല

വയനാട്ടിൽ നിന്ന് വരുന്നു

താങ്കൾ എന്നെ 

ഒരു അച്ഛനെപ്പോലെ 

ഒന്ന് ചേർത്തുപിടിക്കാമോ?


കണ്ടാൽ ഒരു കുഴപ്പവും ഇല്ലല്ലോ,

തനിക്ക് ഭ്രാന്താണോ എന്ന് 

ആ വൃദ്ധൻ .


ഭ്രാന്താണോ എന്നറിയില്ല, ഇതുവരെയുണ്ടായിരുന്നില്ല. ഓരോ തീവണ്ടി വരുമ്പോഴും ഭയമാകുന്നു.

ഭ്രാന്തുണ്ടെങ്കിൽത്തന്നെ 

ഒരു മനുഷ്യനെ ഉപേക്ഷിക്കാമോ സർ?

എന്നെ ഒന്ന് ആശ്വസിപ്പിച്ചു

കൂടെ നിർത്താമോ ?

ഞാൻ പിന്നെയും ചോദിച്ചു.

രാവിലെത്തന്നെ ഓരോരോ മാരണങ്ങൾ എന്ന് 

അയാൾ തിരിഞ്ഞു നടന്നു, തന്റെ മകനെന്ന് തോന്നുന്ന ഒരാളുടെ അടുത്തേക്ക്.


അധികാരരൂപമില്ലാത്ത മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധ്യതയുള്ള 

വിദ്യാഭ്യാസം ഉറപ്പായുമുള്ള

ഒരു ചെറുപ്പക്കാരനോട് 

ഞാൻ ആവശ്യം ആവർത്തിച്ചു


മോനേ, തീവണ്ടിയിൽ കയറാനും പോകാനും വല്ലാത്ത പേടിയാണ്. കുഴപ്പമില്ലായെന്നൊന്നു പറഞ്ഞ് 

എന്നെ കൂടെ നിർത്താമോ ? 


ആ ചെറുപ്പക്കാരൻ 

അത് കേട്ടതും 

മൊബൈൽ എടുത്ത് തോണ്ടിക്കൊണ്ടിരുന്നു.

പിന്നെയും യാചിച്ചപ്പോൾ 

ഒരു കോൾ വന്നെന്ന മട്ടിൽ 

മൊബൈൽ ചെവിയോട് ചേർത്ത് 

എന്തോ പറഞ്ഞുകൊണ്ട് നടന്നു പോയി.

ലോകത്തിന് എന്തൊരു തിരക്കാണ് !


പ്ലാറ്റ്ഫോമിലൂടെ ഞാൻ അലഞ്ഞു.

തീവണ്ടി വരാറായി.

വീണ്ടും വീണ്ടുമുള്ള അനൗൺസ്മെൻറുകൾ.

പേടി കൂടിക്കൊണ്ടിരുന്നു

ഞാൻ പലരെയും സമീപിച്ചു.

എല്ലാവരും എന്നെ കൈയൊഴിഞ്ഞു.

ഒരു സ്ത്രീ 

പോലീസിനെ വിളിക്കണോ എന്ന് ചോദിച്ച് 

എന്നെ ഭീഷണിപ്പെടുത്തി.


ഒടുവിൽ 

അച്ഛൻ്റെ പ്രായമുള്ള ഒരു മനുഷ്യനോട് 

ഞാൻ കുശലം ചോദിച്ചു.

എവിടേക്കാണ് ?

വണ്ടി വരാറായോ ?എന്നെല്ലാം. ഞാൻ എന്നെക്കുറിച്ച് പറഞ്ഞു തുടങ്ങി.

തഞ്ചത്തിൽ കാര്യവും പറഞ്ഞു.

എന്നെ ഒന്ന് സഹായിക്കാമോ? ട്രെയിനിൽ ആദ്യമായി കയറുകയാണ്.

വല്ലാത്ത പേടി...


ആ മനുഷ്യൻ എന്നെ ചേർത്തു പിടിച്ചു.

മോൻ എന്തിനാ പേടിക്കുന്നത്? 

തൃശ്ശൂര് വരെ ഞാനുണ്ട്. എനിക്ക് കരച്ചില് വന്നു.


ഞങ്ങൾ 

ഒരുമിച്ച് ഒരു ചായ കുടിച്ചു.

വണ്ടി വന്നു.

തിരക്കിലും 

അദ്ദേഹം എന്റെ കൈപിടിച്ച് സ്വന്തം മകനെയെന്നപോലെ വണ്ടിയിൽ കയറാൻ സഹായിച്ചു.

ജനറൽ കമ്പാർട്ട്മെൻ്റിൽ 

സീറ്റ് കണ്ടുപിടിച്ചു തന്നു.

എൻറെ അരികിലിരുന്നു.

എൻറെ കൈകൾ 

ചേർത്ത് പിടിച്ച് തലോടി.

ഓരോരോ വിശേഷങ്ങൾ ചോദിച്ചു.

വയനാട്ടിലെ മഞ്ഞിനെ കുറിച്ച് മഴയെക്കുറിച്ച്

ഇഞ്ചിയെക്കുറിച്ച്

കാപ്പിയെ കുറിച്ച് കുരുമുളകിനെ കുറിച്ച്

അറിയാവുന്നതെല്ലാം പരസ്പരം പറഞ്ഞു.

ഒരിക്കൽക്കൂടി വയനാട്ടിലേക്ക് വരണമെന്നും 

വരുമ്പോൾ വീട്ടിലേക്ക് വരാമെന്നും പറഞ്ഞു.

വൈകിക്കഴിച്ച വിവാഹത്തെക്കുറിച്ചും വൈകിയുണ്ടായ കുഞ്ഞുങ്ങളെ കുറിച്ചും അയാൾ പറഞ്ഞു.

മക്കൾ ഉണ്ടാക്കുന്ന സന്തോഷത്തെക്കുറിച്ച്

അയാൾ പറഞ്ഞപ്പോഴെല്ലാം അയാളുടെ കണ്ണുനിറഞ്ഞു.

എൻ്റെ പേടി മാറി.

ഞാൻ ചിരിച്ചു.

ഞാനും അദ്ദേഹവും എന്തെല്ലാമോ പറഞ്ഞു വീണ്ടും വീണ്ടും ചിരിച്ചു.

ഞങ്ങൾ ചിരിച്ചുവല്ലോ എന്ന് ഞാൻ ഓർത്തപ്പോൾ ജനലിലൂടെ ഞാൻ കണ്ട പാടങ്ങൾ എന്നെ നോക്കി ചിരിച്ചു. 

വീടുകൾ എന്നെ നോക്കി ചിരിച്ചു.  

കുന്നുകളും ആകാശവും പുഴയും എന്നെ നോക്കി ചിരിച്ചു.

റെയിലോരത്തുള്ള വീട്ടിൽ

കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ ചിരിച്ച് കൈവീശി.

സ്നേഹമാണ് ,

സന്തോഷമാണ് 

എവിടെയും.


ഹാ ലോകമേ !

എത്ര മനോഹരമാണിത്.

ഇരുട്ടിൽ കൂടെ വരുന്നുണ്ട്

കൂടെയുണ്ട് കൂടെയുണ്ട്

എന്നു പറഞ്ഞ്

നക്ഷത്രങ്ങൾ.

എല്ലാ വീടുകളിൽ നിന്നും

ഒരു വിളക്ക്

പുറത്തേക്ക് വെളിച്ചമെറിയുന്നുണ്ട്.

ഇരുട്ടിലും ഒഴുകുന്നുണ്ട്

പുഴകൾ നിശ്ശബ്ദമായി


എനിക്ക് ഉറക്കം വന്നു 

ഞാൻ ആ മനുഷ്യൻ്റെ 

മടിയിൽ തലചായ്ച്ച് ഉറങ്ങി.

അദ്ദേഹം എന്തോ ഓർത്ത്

എൻ്റെ മുടിയിൽ വിരലോടിച്ചു കൊണ്ടിരുന്നു.


ഞാനുറങ്ങി,

ഒരു നാളും

ഉറങ്ങാത്തത്ര സമാധാനത്തോടെ.

മരങ്ങൾ മുകളിലേക്ക് വളരുന്നത് എന്തിനാണ്?

 

🌿


മരങ്ങൾ മുകളിലേക്ക് വളരുന്നത് 

എന്തിനാണെന്ന് 

ഞാൻ പക്ഷികളോട് ചോദിച്ചു. 

ഭൂമിയെ കുറേക്കൂടി വ്യക്തമായി കാണാനാണ് അവ മുകളിലേക്ക് വളരുന്നതെന്ന് 

പക്ഷികൾ എന്നോട് പറഞ്ഞു.


മരങ്ങൾ ഉയരങ്ങളിലേക്ക് വളരുന്നത് എന്തിനാണെന്ന് ഞാൻ ഒരു പുരോഹിതനോട് ചോദിച്ചു.

ദൈവങ്ങൾ ആകാശത്താണെന്ന് 

അവർ നമ്മെപ്പോലെ വിശ്വസിക്കുന്നുണ്ടെന്നും

ദൈവങ്ങളെ അന്വേഷിച്ചു മുകളിലേക്ക് വളരുകയാണെന്നും 

അയാൾ എന്നോട് പറഞ്ഞു.


നക്ഷത്രങ്ങളെ പൂക്കളാക്കി മാറ്റാനുള്ള വിദ്യ 

അവയ്ക്ക് അറിയാമെന്നും നക്ഷത്രങ്ങളിലേക്ക് കയ്യെത്തിക്കാനാണ് 

അവ വളരുന്നതെന്നും 

രാത്രി എന്നോട് പറഞ്ഞു 


പോയ കാലങ്ങളിലേക്കും വരാനുള്ള കാലങ്ങളിലേക്കും എത്തിനോക്കുവാനുള്ള ഔത്സുക്യം കൊണ്ടാണ് 

അവ ഉയരങ്ങളിലേക്ക് വളരുന്നതെന്ന് 

കാറ്റുകൾ എന്നോട് പറഞ്ഞു 


മേഘങ്ങളോട് ജലം ചോദിക്കാനാണ് 

അവ മുകളിലേക്ക് വളരുന്നതെന്ന് 

മണ്ണ് എന്നോട് പറഞ്ഞു 


ലോകത്തെ ചെറുതാക്കിക്കാണാനാണ് അവ മുകളിലേക്ക് വളരുന്നതെന്ന്  പുൽച്ചെടികൾ എന്നോട് പരിഭവം പറഞ്ഞു


നശിക്കും വരെ മുകളിലേക്ക് വളരുകയല്ലാതെ 

മറ്റു മാർഗ്ഗമില്ലാത്തതുകൊണ്ടാണ് മുകളിലേക്ക് വളരുന്നതെന്ന്

മരങ്ങൾ മാത്രം 

എന്നോട് പറഞ്ഞു

സംഭവങ്ങളുടെ തുടക്കങ്ങളെ ക്കുറിച്ചുള്ള യാഥാർത്ഥ്യം മറ്റൊന്നാണ്

 

🌿


ഈ നിമിഷം എനിക്ക് ഓർമ്മ വരുന്നു :

കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചു തുടങ്ങിയതായി

നാം വിശ്വസിക്കുന്നതിനേക്കാൾ വളരെ മുൻപു തന്നെ

സംഭവിച്ചു തുടങ്ങുന്നുണ്ട്. ഞാനും നീയും പരസ്പരം

ആദ്യമായി കണ്ടുവെന്ന്

നമ്മൾ വിശ്വസിക്കുന്ന 

ആ നിമിഷത്തിനു മുൻപ്,

ഒരു പക്ഷേ,മാസങ്ങൾക്കോ വർഷങ്ങൾക്കോ മുൻപ്

ഞാൻ നിന്നെയും 

നീ എന്നെയും കണ്ടുതുടങ്ങിയിട്ടുണ്ട്.

ആദ്യമായി പരസ്പരം സംസാരിച്ചുവെന്ന് 

നാം വിശ്വസിക്കുന്നതിനേക്കാൾ മുൻപ് 

നാം സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.

അല്ലെങ്കിൽ ഓർത്തു നോക്കൂ,

നാം തമ്മിൽ ഒരു അപരിചിതത്വവും

ഇല്ലാതിരുന്നത് എന്തുകൊണ്ട്? മറ്റൊരു തരത്തിലും 

ഇതിനെ വ്യാഖ്യാനിക്കാനാവില്ല.


നമ്മുടെ കൂടിക്കാഴ്ചയും വർത്തമാനവും മാത്രമല്ല,

എല്ലാം നാം വിശ്വസിച്ചിരിക്കുന്നതിനേക്കാൾ 

ഒരല്പം മുമ്പ് തുടങ്ങിയിട്ടുണ്ട്.

നാം പരസ്പരം പ്രേമിച്ചു തുടങ്ങിയതിനേക്കാൾ മുൻപ്

നമ്മൾ പ്രേമിച്ചു തുടങ്ങിയിട്ടുണ്ട്.

പറയാൻ തുടങ്ങുന്നതിനു മുൻപേ 

നമ്മൾ പറഞ്ഞു തുടങ്ങുന്നുണ്ട് .

ഒരു കവിത എഴുതാൻ തുടങ്ങുന്നതിനേക്കാൾ മുൻപ് നമ്മൾ കവിത എഴുതിത്തുടങ്ങുന്നുണ്ട്.

ഒരാളെ ഉപേക്ഷിക്കുന്നതിന് മുൻപേ 

നമ്മൾ ഉപേക്ഷിച്ചു തുടങ്ങുന്നുണ്ട്.

ഉറങ്ങുന്നതിനു മുൻപേ ഉറങ്ങിത്തുടങ്ങുന്നുണ്ട്.


ജനിക്കുന്നതിനു മുൻപേ നമ്മൾ ജനിച്ചു തുടങ്ങുന്നതുപോലെ,

മരിക്കുന്നതിനും വളരെ മുൻപ് നമ്മളെല്ലാം മരിച്ചു തുടങ്ങും മട്ടിൽ ...

എല്ലാം വളരെ മുൻപേ തുടങ്ങിയിട്ടുണ്ട്.

നശിച്ചുപോയ ഒരു നക്ഷത്രത്തിൻ്റെ വെളിച്ചം ഭൂമിയിൽ വൈകിയെത്തുന്നതുപോലെ

എല്ലാ തുടക്കങ്ങളും 

ഒരല്പം കൂടി വൈകിയ സമയബിന്ദുവിൽ 

നാം കണ്ടെത്തുന്നു.

നമ്മൾ ഒരുമിച്ചു വായിച്ച നോവലിലെ മുന്നൂറ്റി ഇരുപത്തൊൻപതാം പേജ്

 

🌿


മരിച്ചുകിടക്കുന്നത് കണ്ടിട്ടും

വരാത്ത കണ്ണീരും സങ്കടവും

പതിനാറും കഴിഞ്ഞ്

ഏതോ ഒരു ദിവസം 

ഇപ്പോൾ കൂടെയില്ലല്ലോ എന്ന് ഓർക്കുമ്പോൾ പൊട്ടിയൊഴുകുന്നതു പോലെയാണിത്.


പ്രണയത്തിൽ നിന്ന് 

പെട്ടെന്ന് ഒരു ദിവസം, നീ തെറ്റിത്തെറിച്ചു പോയപ്പോൾ എനിക്കൊന്നും തോന്നിയില്ല.

നീ എവിടെയും പോവില്ലെന്ന് ഞാൻ വിശ്വസിച്ചിരിക്കാം. എവിടെയായാലും തിരിച്ചെത്തുമെന്ന് ഉറപ്പിച്ചിരിക്കാം. ഉറപ്പുള്ളതുകൊണ്ടാവാം

ഞാൻ നിന്നെ പിന്നെ അന്വേഷിച്ചതേയില്ല.

പക്ഷേ,മാസങ്ങൾ കഴിഞ്ഞിട്ടും 

നീ തിരിച്ചുവന്നില്ല.

ഒരിക്കൽ പോലും തിരിച്ചു വിളിച്ചില്ല. 

വാശിപ്പുറത്ത് ഞാൻ കളഞ്ഞ

നിൻറെ മൊബൈൽ നമ്പർ

എനിക്കിനി തിരിച്ചുകിട്ടുകയുമില്ല.


ഒരു ഡിസംബറിലാണ് 

ഞാൻ നിന്നെ പ്രേമിച്ചു തുടങ്ങിയത്.

മറ്റൊരു ഡിസംബർ വരേണ്ടിവന്നു 

എനിക്ക് നിന്നെ ഓർക്കാൻ. പ്രഭാതങ്ങളിലെ മഞ്ഞ്

എൻ്റെ തലച്ചോറിനെ 

എന്താണ് ചെയ്യുന്നതെന്ന്

എനിക്കറിയില്ല.

ഈ തണുപ്പ് 

നിൻ്റെ പ്രേമത്തെ ഓർമിപ്പിക്കുന്നു. 

നീ ഇനി ഒരിക്കലും പഴയതുപോലെ എന്നെ പ്രേമിക്കില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. 

ഒന്ന് വിളിക്കുക പോലും ഉണ്ടാവില്ല.

മണൽപ്പുറത്ത് ഒരു മണൽത്തരി പോലെ

തിരികെ കണ്ടെടുക്കാൻ കഴിയാത്ത വിധം 

എൻ്റെ കൈകളിൽ നിന്ന് ഉതിർന്നുവീണു.

ഈ ലോകത്തെവിടെയോ നീ മറഞ്ഞിരിക്കുന്നു.

ഞാൻ വീണ്ടും ഒറ്റയ്ക്കായി എന്ന് ഉറപ്പു വന്നപ്പോൾ

എനിക്ക് കണ്ണീർ വന്നു

നിന്നെക്കുറിച്ചോർത്ത്,

നിൻ്റെ പ്രേമമോർത്ത്,

അല്ല -നമ്മുടെ പ്രേമമോർത്ത് എനിക്ക് സങ്കടം വന്നു. 

സത്യത്തിൽ എനിക്ക് എന്നെക്കുറിച്ച് മാത്രമാണ് സങ്കടമെന്ന് ഞാൻ തിരിച്ചറിഞ്ഞു.


ആരാലെങ്കിലും പ്രണയിക്കപ്പെടുന്നു എന്ന ആശ്വാസം ലഭിക്കുന്നതിന് മറ്റൊരാൾ സ്നേഹിക്കുന്നുണ്ടെന്ന് 

നാം നമ്മുടെ മനസ്സിനെ

പറഞ്ഞു പറ്റിച്ചു.

അതെ നമ്മൾ പ്രണയിക്കുകയായിരുന്നു; ഞാൻ എന്നെയും 

നീ നിന്നെയും.

ന്യൂട്ടനേയും ആപ്പിളിനേയും ഒരു കവിതയിൽ തിരിച്ചിടുമ്പോൾ


🍎


എല്ലാ വീഴ്ച്ചകളും വീഴ്ച്ചകളല്ല,

ചിലത് ചരിത്രത്തെ കുതിപ്പിക്കുന്ന ഒരു പ്രവൃത്തി, 

കൂടുതൽ മികച്ച ലോകത്തേക്കുള്ള ഒരു സ്വിച്ചമർത്തൽ.


പ്രിയപ്പെട്ട ന്യൂട്ടൻ ,

നിങ്ങൾ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നോ ഇല്ലയോ എന്നത് ഒരു വിവാദ വിഷയമാണ്.


ആപ്പിൾ വീണത് നിങ്ങൾ കണ്ടിട്ടേ ഉള്ളൂ എന്ന് പലരും പറയുന്നു.

ഞാനത് വിശ്വസിക്കുന്നില്ല.

ആപ്പിൾ നിങ്ങളുടെ തലയ്ക്ക് തന്നെയാണ് വീണത്.


നിങ്ങൾ എന്തിനാണ് ആപ്പിൾ മരത്തിന്റെ ചുവട്ടിൽ പോയി  ഇരുന്നത്?

സിദ്ധാർത്ഥൻ ബോധി വൃക്ഷച്ചുവട്ടിൽ ഇരുന്നതുപോലെ ഇരുന്നതാണോ?

സിദ്ധാർത്ഥന് ഉപേക്ഷിക്കാൻ ഒരു ഭാര്യയുണ്ടായിരുന്നു.

നിങ്ങൾക്ക് ഉപേക്ഷിക്കാനോ വഴക്കിടാനോ 

ഒരു ഭാര്യ പോലും ഉണ്ടായിരുന്നില്ലല്ലോ?

അല്ലെങ്കിലും വഴക്കിടുന്നവർക്ക് ലോകത്ത് പുതിയതൊന്നും കണ്ടെത്താനാവില്ല.


ന്യൂട്ടൻ , 

താങ്കൾ എന്നെങ്കിലും വരുമെന്ന് വിചാരിച്ച് 

ആപ്പിൾ മരം ഏതെങ്കിലും കർഷകൻ നട്ടതാണോ?

നിങ്ങൾ വരുന്നത് കണക്കാക്കി ഉരുവപ്പെടുകയും പാകപ്പെടുകയും ചെയ്തതാണോ 

ആ ആപ്പിൾ ?

കൃത്യം നടക്കുമ്പോൾ 

കൃത്യം ആപ്പിളിന് ചുവട്ടിൽ തന്നെ നിങ്ങളെ ഇരുത്തിയത് ആരാണ് ?

യാദൃച്ഛികത,യാദൃച്ഛികത,യാദൃച്ഛികത എന്ന വിധിയിൽ  വിശ്വാസികളുടെ കോടതി പിരിഞ്ഞു പോകട്ടെ.

(പോകുമോ?)


ന്യൂട്ടൻ ,

നിങ്ങൾ ആപ്പിൾ മരച്ചുവിട്ടിൽ ഇരിക്കുന്നു.

ആപ്പിൾ ഞെട്ടറ്റു വീഴുന്നു. അതിൻറെ വീഴ്ച നൂറ്റാണ്ടുകളുടെ മന്ദതയും

സ്ഫോടനാത്മകതയും ആവഹിക്കുന്നു.

സാധാരണ ഒരു ആപ്പിൾ വീഴുന്നത് പോലെയല്ല അത്. 

ആ ആപ്പിൾ നിങ്ങളുടെ തലയിൽ വീഴുന്നതിനിടയിൽ ലോകത്തിൻറെ തലവിധി മാറുന്നു.

ലോകം അട്ടിമറിയുന്നു

പ്രപഞ്ചം ഉടച്ചുവാർക്കാനുള്ള സിഗ്നൽ  ലഭിക്കുന്നു.


*വിമാനങ്ങൾ ആകാശത്തേക്ക് കുതിക്കുന്നു. 

റോക്കറ്റുകൾ ബഹിരാകാശത്തേക്ക് കുതിക്കുന്നു 

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നു 

കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിക്കു മുകളിൽ ഇരിപ്പുറപ്പിക്കുന്നു ടെലിവിഷനും ഇന്റർനെറ്റും സ്മാർട്ട്ഫോണും സാധ്യമാകുന്നു 

സോഷ്യൽ മീഡിയയിൽ മനുഷ്യരായ മനുഷ്യരുടെ കടൽ ഉണ്ടാകുന്നു 

ഇലോൺ മസ്ക് ഒരു ഏലിയൻ ആണെന്ന റീൽ

നമ്മൾ സ്ക്രോൾ ചെയ്തു പോകുന്നു 


(പ്രിയപ്പെട്ട ന്യൂട്ടൻ

ആ ആപ്പിൾ താങ്കളുടെ തലയിൽ വീണില്ലായിരുന്നെങ്കിൽ

ഭൂഗുരുത്വ നിയമങ്ങൾ

ഉണ്ടാകുമോ?

അത് ഉണ്ടായിരുന്നില്ലെങ്കിൽ 

ഇതെല്ലാം സംഭവ്യമോ? )


1687 ലെ ആ ആപ്പിൾ മരം നശിച്ചു.

പക്ഷേ,

ആ ആപ്പിളിൻ്റെ വീഴ്ച്ച ലോകത്തിനുണ്ടാക്കിയ കുതിപ്പ് അവസാനിച്ചിട്ടില്ല.

എല്ലാ വീഴ്ച്ചകളും വീഴ്ച്ചകളല്ല.

ചിലത് അതിസുന്ദരമായ ലോകത്തേക്കുള്ള ഒരു തുറവി .


ന്യൂട്ടൻ,

ഞാൻ നിങ്ങളെ വിലകുറച്ചു കാണുകയല്ല.

നിങ്ങളോട് നന്ദിയുണ്ട്.

പക്ഷേ, ആ ആപ്പിൾ ലോകത്തിൻ്റെ ചരിത്രത്തോട് ചെയ്തത് ഞാൻ എങ്ങനെ മറക്കും?


നിങ്ങളെ ആ ആപ്പിൾ ചെയ്തതെന്താണെന്ന് 

ഞങ്ങൾക്കറിയാം.


പറയൂ നിങ്ങൾ ആ ആപ്പിൾ എന്തു ചെയ്തു?


♦️


ആദം ഓർമ്മിക്കുന്നു:

ആപ്പിൾ എപ്പോഴും

ഒരു പ്രശ്നമായിരുന്നുവെന്ന് .

♦️

-------------------------------------


* വിശാലമായ കാലത്തെ പരിഗണിക്കുമ്പോൾ നൂറ്റാണ്ടുകൾക്ക് കുമിളകളുടെ ജീവിത ദൈർഘ്യമേയുള്ളൂ

അല്ലേ , ന്യൂട്ടൻ?

വേണം, ഒരു ടോക്സിക് കാമുകിയെ


നിമിഷന്തോറും 

പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന ഒരുവളെ 

എനിക്ക് പ്രേമിക്കണം.


നട്ടപ്പാതിരയെന്നോ പുലർച്ചെയെന്നോ

പട്ടടയിലെന്നോ നടുക്കടലിലെന്നോ നോക്കാതെ സന്ദേശങ്ങളയച്ചും  വിളിച്ചും

നിരന്തരം സ്വൈരം നഷ്ടപ്പെടുത്തുന്ന ഒരുവളെ

എനിക്ക് പ്രേമിക്കണം.


എന്നെ ഇഷ്ടമാണോ?

എന്നെ എത്രത്തോളം ഇഷ്ടമാണ്?

എന്നേക്കാൾ ഇഷ്ടം മറ്റവളോടാണോ?

എന്നിങ്ങനെ പ്രേമത്തിൻ്റെ

തൂക്കവും അളവും എടുത്ത്,

ഈ പ്രേമത്തിൻ്റെ നിജസ്ഥിതി

ഇടയ്ക്കിടെ ഉരച്ചുനോക്കുന്ന

ഒരുവളെ എനിക്ക് പ്രേമിക്കണം.


എന്നെങ്കിലും കണ്ടുമുട്ടുകയാണെങ്കിൽ

എന്നെ പ്രേമത്താൽ കടിച്ചുമുറിച്ച്

ആശുപത്രിയിലാക്കുന്ന ഒരുവളെ

എനിക്ക് പ്രേമിക്കണം.


ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി

ഫോൺ സ്വിച്ച് ഓഫ് ചെയ്ത്

എന്തായിട്ടുണ്ടാവുമെന്ന

കൊടും സമ്മർദ്ദത്തിലേക്ക്

തള്ളിയിട്ട്, ഒളിച്ചിരുന്ന്

പുഞ്ചിരിക്കുന്ന ഒരുവളെ

എനിക്ക് പ്രേമിക്കണം.


രണ്ടു ദിവസം മിണ്ടാതിരുന്നാൽ

മൂന്നാം നാൾ വീട്ടിലെത്തി

വീട് തവിടുപൊടിയാക്കി

കാമുകനെ മലർത്തിയിട്ട്

നെഞ്ചത്ത് കയറിയിരുന്ന്

ഇടിക്കുന്ന ഒരുവളെ

എനിക്ക് പ്രേമിക്കണം.


ഈ പ്രേമം ഒന്ന് അവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്ന്

ആത്മാർത്ഥമായി ആഗ്രഹിപ്പിക്കും വിധം

പ്രേമിക്കുന്ന ഒരു പിശാചിനിയെ

എനിക്ക് പ്രേമിക്കണം.


കുശുമ്പും കുന്നായ്മയും

അലമ്പും അഹങ്കാരവും അസൂയയുമുള്ള ഒരുവളിൽ,

കാറ്റും കോളുമുള്ള ഒരു കടലിൽ

എനിക്കെൻ്റെ പ്രേമത്തിൻ്റെ

പായ്ക്കപ്പലിറക്കണം.


ചെമ്പകത്തിൻ്റേയും മുല്ലയുടേയും പനിനീർപ്പൂക്കളുടേയും മണം

എനിക്ക് മടുത്തു.

എപ്പോഴും ബ്ലൗസിൻ്റെ കക്ഷങ്ങൾ വിയർത്തു നനഞ്ഞിരിക്കുന്ന,

കാളന്തട്ടപ്പൂക്കളുടെ രൂക്ഷഗന്ധമുള്ള ഒരുവളെ

എനിക്ക് പ്രേമിക്കണം.


മൃദുലവും ശാന്തവുമായ

നിങ്ങളുടെ മുത്തുമണി പ്രേമത്തിൽ നിന്ന് ഞാൻ രാജിവെച്ചിരിക്കുന്നു.

മഞ്ഞുകാലം

 

❄️

മഞ്ഞുകാലം

സമൃദ്ധമായ

നീണ്ട ശിരോരോമങ്ങളും

മുഖരോമങ്ങളുമുള്ള 

ഒരു വൃദ്ധൻ


ചിലപ്പോൾ

മരങ്ങളേക്കാൾ പൊക്കവും

വലിപ്പവുമുള്ള

ശാന്തസ്വരൂപി


മരങ്ങൾക്കിടയിലൂടെ

നടക്കുന്നു.

എല്ലാ തരുശരീരങ്ങളിലും

വൃദ്ധവിരലുകളാൽ

തലോടുന്നു.

ഇലകളെ 

മൃത്യുഗന്ധം വമിക്കുന്ന നാസികയും ചുണ്ടുകളും ചേർത്ത് ചുംബിക്കുന്നു.

നൂറ്റാണ്ടുകളായി ഒരേ ഗന്ധം പേറുന്ന

പൂക്കളെ മണത്തുനോക്കുന്നു.

പതിനൊന്നു മാസങ്ങളുടെ 

ചങ്ങല പൊട്ടിച്ച

ഒരു തടവുപുള്ളിയുടെ

മന്ദതയുള്ള കാലുകളോടെ

അടക്കത്തോടെ

മരവിപ്പോടെ

ഒരു സങ്കടക്കട്ട മാതിരി

നടക്കുന്നു.


മഞ്ഞുകാലം

ചിലപ്പോൾ

സഹായം ചോദിച്ച്

മടിച്ചു മടിച്ച്

നമ്മുടെ മുറ്റത്തു

വന്നു നിൽക്കുന്ന

അന്യദേശക്കാരനായ

ഒരു അപ്പാവി.


ഒന്നും കിട്ടുകയില്ലെന്ന

അശുഭപ്രതീക്ഷയുടെ

പീളകെട്ടിയ കണ്ണുകളോടെ,

എല്ലാ വർഷവും കൊണ്ടുവരാറുള്ള

നഷ്ടക്കണക്കുകളുടെ

അതേ മുഷിഞ്ഞ കാർഡുമായി

അപകർഷത്തിൻ്റെ 

ചുമയോടെ

വന്നു നിൽക്കുന്നു.


അടുത്ത വീട്ടിലേക്ക് പോകുന്നു.

മറ്റൊരു വിധത്തിൽ

 

കൂട്ടുകാരീ,

പണ്ടു നമ്മൾ സ്കൂളിൽ പോയി വരാറുള്ളത്ര ലളിതമാണീ ജീവിതം.


ചോറ്റുപാത്രവും പുസ്തകങ്ങളും നിറച്ച സഞ്ചിയുമായി നാം പുറപ്പെടുന്നു.

വഴിയിൽ പട്ടിയേയോ

പൂച്ചയേയോ വീടുതോറും കയറുന്ന ഭ്രാന്തന്മാരെയോ കണ്ട് പേടിക്കുകയോ സന്തോഷിക്കുകയോ

ഓടിയൊളിക്കുകയോ ചെയ്യുന്നു.

സ്കൂളിലെത്തിയാൽ

കൂട്ടരോടൊത്ത് കളിക്കുന്നു

ഇടയ്ക്കൊക്കെ പിണങ്ങി 

മിണ്ടാതിരിക്കുന്നു.


ഒടുക്കം

പാഠങ്ങളെല്ലാം പഠിക്കാൻ ശ്രമിച്ച്

ചിലപ്പോഴെല്ലാം മുന്നേറിയും

ചിലപ്പോഴെല്ലാം ചുവന്ന മഷിയിലുള്ള തെറ്റുകളേറ്റും

വീട്ടിലേക്ക് മടങ്ങുന്നു


പുസ്തകസഞ്ചി വലിച്ചെറിഞ്ഞ് 

അത്താഴം കഴിച്ച്

അമ്മയുടെയും അച്ഛൻ്റെയും നടുക്ക് കിടക്കുന്നു.


കൂട്ടുകാരീ , ഇത്ര സങ്കീർണതയേയുള്ളൂ

നമ്മുടെ ജീവിതത്തിന്.

ജീവിതത്തിലെ വലിയ

അനുഷ്ഠാനങ്ങളുടെ

ചെറുപതിപ്പുകളിലൂടെ

ചെറുപ്പത്തിലേ നമ്മൾ കടന്നുപോയി.

ചെറുപ്പത്തിൽ നമ്മളുണ്ടാക്കിയ വീട്

നമ്മൾ വലുതാവുമ്പോൾ

വലുപ്പത്തിൽ വെക്കുന്നു.

ചെറുപ്പത്തിൽ 

അമ്മയോ അച്ഛനോ ആയി

ആടിയതിനേക്കാൾ

ഒരൽപ്പം കടുപ്പത്തിൽ

വലുപ്പത്തിൽ നമ്മളാടുന്നു.

സത്യത്തിൽ

ചെറുപ്പത്തിൽ നമ്മൾ കണ്ട

ആ ചെറിയ ജീവിതം തന്നെയാണിത്.

നമ്മൾ വളർന്നപ്പോൾ

അതും നമ്മുടെ കൂടെ 

ഒരൽപ്പം വളർന്നുവെന്നേയുള്ളൂ.

ഇതിനെ പേടിച്ചിട്ടെന്ത്?

ഇതിനെക്കുറിച്ച് സങ്കടപ്പെട്ടിട്ടെന്ത്?

വഴിക്കു വരാഞ്ഞ

എല്ലാ പാഠപുസ്തകങ്ങളും

വലിച്ചെറിഞ്ഞ്

അവസാന അത്താഴവും കഴിച്ച്

ഒരു നാൾ നാം നിശ്ചയമായും

അച്ഛനോടും അമ്മയോടുമൊപ്പം

ഉറങ്ങാൻ പോവും.

കുഴിമാടങ്ങൾ

 

അവൾ മാത്രമാണ് 

എന്റെ മുലകൾ കുടിച്ചത് 

അതിനു ശേഷം അവ അനേകം സ്ത്രീകൾക്കായി ദാഹിച്ചു 

അവൾ കുടിക്കും വരെ 

ഒരു പുരുഷൻ്റെ ഉപയോഗമില്ലാത്ത രണ്ടു മാംസമകുടങ്ങൾ മാത്രമായിരുന്നു അവ.

അവയിൽ  ഒന്നുമുണ്ടായിരുന്നില്ല ; ശുദ്ധശൂന്യതയല്ലാതെ. 


അവളവ വലിച്ചു വലിച്ചു കുടിച്ചു.

അവയുടെ കണ്ണുകൾ ഉണർന്ന് ലോകത്തെ കൊതിയോടെ നോക്കി,

പ്രപഞ്ചത്തിൽ അവയ്ക്കും എന്തോ ചെയ്യാനുണ്ടെന്ന മട്ടിൽ.


ശൂന്യത നിറച്ച ആ ചന്ദ്രഖണ്ഡങ്ങൾ കുടിച്ചു കുടിച്ച് 

അവളിലും നിറഞ്ഞു,

ഒരു മരവിച്ച ശൂന്യത. 


നിരർത്ഥകമായ ഈ അധ്വാനത്തിൽ നിന്ന് അവളും കാലക്രമത്തിൽ പിന്തിരിഞ്ഞു.


ഉണർന്ന കണ്ണുകൾ ഉണർന്നു തന്നെ ഇരുന്നു. 

ഒരു ആരോഹകയും കടന്നുവരാത്ത പർവത മുനമ്പുകൾ പോലെ

അവ എഴുന്നു നിന്നു.

അവയ്ക്കു ചുറ്റും തണുത്ത കാറ്റടിച്ചു.

അമ്മയാകാൻ കൊതിച്ച പുരുഷന്റെ രണ്ടു കുഴിമാടങ്ങൾ എന്ന് 

അവ നിശബ്ദവാചാലരായി

ഉയിർപ്പൂ

 


ആരും പ്രേമിക്കാത്തതിനാൽ

മരിച്ചുപോയ കവിയായിരുന്നൂ ഞാൻ


ആളുകൾ എൻ്റെ കവിതകൾ

മറന്നുപോയിരുന്നു.


ഭൂമിയിൽ പുതിയ കവിതയുടെ വസന്തം ഉണ്ടാവുകയും

ലോകം അതിൽ മയങ്ങിക്കിടക്കുകയുമായിരുന്നു.


വായിക്കപ്പെടാത്തതിൻ്റെ വേദന

എൻ്റെ കുഴിമാടത്തിൽ നിന്ന്

മുൾച്ചെടികളായി പുറത്തു വന്നിരുന്നു.


ആർക്കും വേണ്ടാത്ത എൻ്റെ പ്രേമം

ഞാനവയിൽ പൂവായി വിടർത്തിയിരുന്നു.


പണിക്കു പോകുന്ന ഒരു യുവതി ഇന്നലെ

ആ പൂവ് പറിച്ചെടുത്ത്

തലയിൽ ചൂടി പോയിരിക്കുന്നു.


ഇന്ന് ഞാനീ കുഴിമാടം തകർത്ത് അതിനു മുകളിലിരുന്ന്

അവൾക്കു വേണ്ടി കവിതകളെഴുതുന്നു.


ആരെങ്കിലും പ്രേമിച്ചിരുന്നെങ്കിൽ

ഞാൻ എന്നേ

ഉയിർത്തെഴുന്നേറ്റേനേ.

ഓരോദിവസവും

 ഓരോദിവസവും ഞാൻ എത്രയോ മനുഷ്യരെ ഓർക്കുന്നു 

ഞാൻ ഓർമ്മിക്കുന്നുവെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ എത്ര നന്നായേനെ

അവരെല്ലാം സന്തോഷിച്ചേനെ


എത്രയോ മനുഷ്യർ 

ദിവസവും എന്നെ ഓർക്കുന്നുണ്ടാവണം 

അത് ഞാൻ അറിഞ്ഞിരുന്നെങ്കിൽ 

എത്ര സന്തോഷിച്ചേനെ


പക്ഷേ ഞാൻ ആളുകളെ ഓർക്കുകയല്ലാതെ അവരെ ആരെയും വിളിക്കുകയോ അറിയിക്കുകയോ ചെയ്യുന്നില്ല


എന്നെ ഓർമിക്കുന്നവരും ഓർമ്മിക്കുകയല്ലാതെ 

എന്നെ വിളിക്കുകയോ അറിയിക്കുകയോ ചെയ്യുന്നില്ല


ലോകം സന്തോഷരഹിതമാക്കിത്തീർക്കാൻ

നമുക്ക്  ഒട്ടും മിനക്കിടേണ്ടി വന്നില്ലല്ലോ.


ഏതോ കാട്ടിൽ പൂവുകൾ വിരിഞ്ഞിരിക്കുന്നു.

ശലഭങ്ങൾ മരുഭൂമിയിൽ പറക്കുന്നു.


കാറ്റ് മറ്റേതോ വഴിയിൽ കുതിക്കുന്നു

പട്ടങ്ങൾ ഭൂമിയിലേക്ക് തളർന്നു വീഴുന്നു

പ്രിയപ്പെട്ട എം ടീ


പ്രിയപ്പെട്ട എം ടീ ,


ഞാൻ വരുമ്പോഴേക്കും

നിങ്ങൾ കൂടല്ലൂർ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു

നിങ്ങൾ സൃഷ്ടിക്കാത്ത ഒന്നും എനിക്കവിടെ കണ്ടു കിട്ടിയില്ല 

നിങ്ങൾ സൃഷ്ടിച്ച താന്നിക്കുന്ന്   

നിങ്ങൾ സൃഷ്ടിച്ച കണ്ണാന്തളിപ്പൂക്കൾ 

നിങ്ങൾ സൃഷ്ടിച്ച പകിട കളിക്കാർ 

നിങ്ങൾ സൃഷ്ടിച്ച ചെറുപ്പക്കാർ 

നിങ്ങൾ സൃഷ്ടിച്ച സ്ത്രീകൾ പുഴയിലേക്കുള്ള വിജന വഴിയിൽ നിങ്ങൾ സൃഷ്ടിച്ച കടവുകൾ 

നിങ്ങൾ സൃഷ്ടിച്ച പുഴ

നിങ്ങൾ സൃഷ്ടിച്ച കാവുകൾ ,കനവുകൾ

നിങ്ങൾ  സൃഷ്ടിച്ച പാടങ്ങൾ, പച്ചകൾ 


നിങ്ങളറിയാതെ ഞാൻ

നിങ്ങൾ സൃഷ്ടിച്ച ചെറുപ്പക്കാരെ സ്നേഹിതരാക്കി 

നിങ്ങളുടെ സുന്ദരികളെ പ്രണയിച്ചു 

നിങ്ങളുടെ പുഴയിലൂടെ നടന്നു

നിങ്ങളുടെ കുന്നുകളിലൂടെ അലഞ്ഞു 

നിങ്ങളറിയാതെ 

നിങ്ങളുടെ ദേശകഥയിൽ സംക്രമിച്ചു


പ്രിയപ്പെട്ടവനേ

ഞാൻ വരുമ്പോൾ നിള ഒഴുകുന്നത് 

ബോംബെ രവിയുടെ സംഗീതത്തിൽ.

കൂടല്ലൂരെ പെണ്ണുങ്ങളെല്ലാം , നിങ്ങളിറക്കിവിട്ട പ്രണയാതുരകൾ,

കേരളത്തിലെ ഏറ്റവും സുന്ദരികളായിത്തീർന്നിരുന്നു.

എല്ലാ ചെറുപ്പക്കാരും ഒരു അപ്പുണ്ണിയോ  നഖക്ഷതങ്ങളിലെ വിനീതോ ആയിത്തീർന്നിരുന്നു.

ഒരു ചലച്ചിത്രത്തിലെന്ന പോലെ ഞാൻ നടന്നു.

നിങ്ങളറിയാതെ

നിങ്ങളുടെ സിനിമയിലെ

നായകനായി ഞാൻ ജീവിച്ചു.

എൻ്റെ പെണ്ണ് എന്നെയെടുത്ത്

പുഴ മുറിച്ചു കടന്നു.

പുഴയോരം മുഴവനുമലഞ്ഞ്

ഞാനും അപ്പുണ്ണിയും 

വെയിലും നിലാവും കുടിച്ചു തീർത്തു.

സർപ്പക്കളങ്ങളിൽ മുടിയഴിച്ചിട്ട്

എല്ലാ രാത്രികളിലും

പ്രണയമെന്നെ മധുരതരമായി പീഡിപ്പിച്ചു.

അത്രയും വിശുദ്ധമായൊരു പ്രണയത്തിൽ

ഇപ്പോൾ കെട്ടുപോയേക്കാവുന്ന

ഒരു തിരിയെന്ന മട്ടിൽ

എൻ്റെ പ്രാണൻ ആടിക്കൊണ്ടേയിരുന്നു.


നിൻ്റെ പത്തായത്തിലെ നെല്ലു തിന്നാൻ

വയനാട്ടിൽ നിന്നു വന്ന 

ഒരു എലി മാത്രമായിരുന്നു ഞാൻ.

നിന്നോട് ആരാധന മൂത്ത്

നിൻ്റെ നാട്ടിൽ വന്ന

ഒരു വിഡ്ഢിയായ വായനക്കാരനായിരുന്നില്ല ഞാൻ.

പക്ഷേ, പഴുതില്ലാത്ത വിധം

ഞാൻ കുടുങ്ങി,

നിങ്ങളുണ്ടാക്കിയ കൂടല്ലൂരിൽ കുടുങ്ങി.

മലമൽക്കാവും മുത്തുവിളയും കുന്നും ആനക്കരയും 

നിൻ്റെ കൂടല്ലൂരിൽ നിന്ന് എന്നെ മോചിപ്പിച്ചില്ല.


ജീവിതം മുടിയുമ്പോഴെല്ലാം

ആത്മഹത്യക്കു പകരമായി

വയനാട്ടിലേക്ക് വണ്ടി കയറുന്ന 

നിൻ്റെ കഥാപാത്രങ്ങളിലൊന്നായി

ജന്മനാട്ടിലേക്ക് രക്ഷപ്പെട്ട

എന്നെ നിങ്ങളറിയുകയുമില്ല.

വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ

പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട് പുറപ്പെടുമ്പോൾ 

പടിഞ്ഞാറൻ ചക്രവാളത്തിൽ 

സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്കുമ്പോൾ 

ലോകം മുഴുവൻ മഞ്ഞനിറമുള്ള നിരാശ പരക്കുന്നു. 


അതൊരു ലാവ പോലെ 

ഒഴുകിയൊഴുകിവരുന്നു

അതിൽ നിന്ന് ഓടി രക്ഷപ്പെടണമെന്ന് 

ആരോ എന്നോട് പറയുന്നു

വൈകുന്നേരങ്ങളിൽ നിന്ന് ഞാൻ നിരന്തരം ഒളിച്ചോടുന്നു 

അതിൻറെ നിരാശ നിറഞ്ഞ സംഗീതം 

എന്നെ കൊന്നുകളയുമെന്ന് എല്ലാ ദിവസവും 

ഒരു അജ്ഞാത സന്ദേശം 

എൻറെ തലച്ചോറിൽ എത്തിച്ചേരുന്നു.

 

മഞ്ഞമേഘങ്ങൾ എന്നെ പിടികൂടുന്നതിനു മുൻപ്

ഏതെങ്കിലും വാഹനത്തിൽ കയറി 

അതിവേഗം 

തൊട്ടടുത്ത നഗരത്തിലേക്ക് പോകുന്നു.

ഏതെങ്കിലും ബാറിൻ്റെ

ഇരുണ്ട കോണിലിരുന്ന്

രണ്ടു പെഗ്ഗുകൾ പകർന്ന ഗ്ലാസിലേക്ക്

നോക്കിനോക്കിയിരിക്കുന്നു.

ആ പിംഗല ദ്രാവകപ്പടവുകളിലൂടെ

എൻ്റെ സൂര്യൻ ഇറങ്ങിയിറങ്ങിപ്പോവുന്നു.


ഞാൻ കരയുകയോ ചിരിക്കുകയോ ചെയ്യുന്നു.

വേദനയുടെ മഹാകാവ്യമെന്ന്

ഞാനെന്നെത്തന്നെ

ശ്ലാഘിക്കുകയും പുരസ്കരിക്കുകയും ചെയ്യുന്നു.

ഈ മഹാനെ അംഗീകരിക്കാത്ത എല്ലാ നാറികളോടും പരമപുച്ഛം രേഖപ്പെടുത്തുന്നു.

എൻ്റെ ഓമനേ എന്ന് 

എന്നെ മറ്റൊരു ഞാൻ ആശ്വസിപ്പിക്കുന്നു.

പഞ്ചപാവമായ എനിക്കു വേണ്ടി മറ്റൊരു ഞാൻ രോഷാകുലനാവുന്നു.

ലോകത്തുള്ള മുഴുവൻ സങ്കടങ്ങളും അടക്കിപ്പിടിച്ചിരിക്കുന്ന പാവപ്പെട്ട എന്നെ സംരക്ഷിക്കാൻ വേണ്ടി

മറ്റൊരു ഞാൻ ഗുണ്ടയാവുന്നു.


വൈകുന്നേരങ്ങളിൽ നിന്ന്

രാത്രികളിലേക്ക് കടക്കുമ്പോൾ

രാസലായനി കുടിച്ച ഡോക്ടർ ജക്കിളിൽ നിന്ന് മിസ്റ്റർ ഹൈഡ് ഇറങ്ങി വരുന്നു.

രാത്രിയുടെ അന്ത്യയാമങ്ങളിൽ

എൻ്റെ കുതിരവണ്ടി നഗരം ചുറ്റുന്നു.

ഒരു ഡ്രാക്കുളയെപ്പോലെ

അപകടം നിറഞ്ഞ ഒരു രക്തദാഹിയായി ഞാൻ മനുഷ്യരെ അന്വേഷിച്ചിറങ്ങുന്നു.

ഒരു നരിച്ചീറിനെപ്പോലെ 

കണ്ണു കാണാതെ പറക്കുന്നു.

ഒടുവിൽ മരണതുല്യമായ

അബോധത്തിൻ്റെ 

കട്ട ഇരുട്ടിലേക്ക് മറിഞ്ഞു വീഴുന്നു.


പ്രഭാതങ്ങൾ കുറ്റബോധങ്ങളുടേതാണ്.

എങ്കിലും ഡോക്ടർ ജക്കിൾ

നല്ലൊരു മനുഷ്യനാണ്.

അയാളെ മനുഷ്യർക്ക് ഇഷ്ടവുമാണ്.


പരിധികളെ അതിലംഘിക്കുന്ന

ഈ ആപത്ക്കരമായ കളി യിലേക്ക് ക്ഷണിച്ചു കൊണ്ട്

വൈകുന്നേരങ്ങൾ 

വിസിലടിക്കുന്നു.

നിരാശയുടെ മഞ്ഞ മേഘങ്ങൾ പടിഞ്ഞാറ് പൊട്ടിപ്പിളരുന്നു.

എൻ്റെ ഹൃദയത്തിൽ ഞാനതറിയുന്നു.

എനിക്ക് രക്ഷപ്പെടുവാൻ പഴുതില്ലാത്ത വിധം

അവയുടെ തേങ്ങലുകൾ ഞാൻ കേൾക്കുന്നു.


പ്രപഞ്ചമേ ,

വൈകുന്നേരങ്ങളില്ലാത്ത

പകലുകൾ

എന്തുകൊണ്ടാണ്

നീ എനിക്കു വേണ്ടി സൃഷ്ടിക്കാഞ്ഞത്?

ദൂരദേശങ്ങളിൽ പുല്ലരിയാൻ പോയവരുടെ കദനകവിത

 


രാവിലത്തെ കറവയ്ക്ക് ശേഷം

അസു,ഇസു , ഒസു എന്ന ഞങ്ങൾ മൂന്നുപേരും

വാതം പിടിച്ച് കിടക്കുന്ന അപ്പനോടും

ശ്വാസംമുട്ടലുള്ള അമ്മച്ചിയോടും അനുവാദം ചോദിച്ച്

ശാലിനി മേനോൻ എന്ന ഞങ്ങളുടെ പശുവിനെയും

അതിൻറെ രണ്ടു കുഞ്ഞുങ്ങളെയും

തൊട്ടു തലോടി ഉമ്മ വെച്ച്

അരിവാളും കയറും എടുത്ത്

ദൂരദേശങ്ങളിലേക്ക് മൂന്നു വഴി പോയി.

ഒരുവൻ ആഫ്രിക്കൻ സാവന്നകളിലേക്കും

ഒരുവൻ  മഴനിഴൽ പ്രദേശങ്ങളിലേക്കും

ഒരുവൻ സ്റ്റെപ്പീസുകളിലേക്കും

പുല്ലു തിരഞ്ഞുപോയി

ഞങ്ങൾ ഒറ്റക്കൊറ്റയ്ക്ക് പുലരിഞ്ഞുകൂട്ടിക്കൊണ്ടിരുന്നു

നേരം ഇരുട്ടായി

മൂന്നു ദേശങ്ങളിൽ നിന്ന് 

മൂന്ന് വഴികളിലൂടെ

ഞങ്ങൾ ഞങ്ങളുടെ വീടിനെ തിരഞ്ഞ് തിരിച്ചുവന്നുകൊണ്ടിരുന്നു.

ഞങ്ങളുടെ തലയിൽ പുല്ലുകെട്ടായിരുന്നു.

അരയിൽ അരിവാളുണ്ടായിരുന്നു.

സാവന്നകളിലേക്ക് പോയ അസു ഇന്ത്യൻ മഹാസമുദ്രം

നീന്തിവരികയായിരുന്നു.

സ്റ്റെപ്പീസുകളിലേക്ക് പോയ ഇസു മലകൾ കയറിയിറങ്ങി വരികയായിരുന്നു.

മഴ നിഴൽ പ്രദേശങ്ങളിലൂടെ

വന്യമൃഗങ്ങളെ പേടിച്ചു പേടിച്ച്

ഞാനും വരികയായിരുന്നു.

ഭൂമിയിലെ മൂന്നു വഴികളിലൂടെ

ഞങ്ങൾ ഞങ്ങളുടെ വീടിനെ

ലക്ഷ്യം വെച്ചു.

അപ്പോൾ വീട്ടിൽ അമ്മച്ചി

ആസ്തമ മൂർച്ഛിച്ച് 

ശ്വാസം ആഞ്ഞാഞ്ഞു വലിക്കുകയായിരുന്നു.

അപ്പോൾ അപ്പച്ചൻ 

കിടന്നു കിടന്നു പൊട്ടിയ

പുറം വേദനിച്ച് പുളയുകയായിരുന്നു.

ശാലിനി മേനോനും കുഞ്ഞുങ്ങളും

ആലയിൽ ക്കിടന്ന്

അലറി വിളിക്കുകയായിരുന്നു :

അസൂ...

ഇസൂ...

ഒസൂ...


ഞങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു

എത്ര കടൽ നീന്തിയിട്ടും തീരുന്നില്ല

എത്ര മല കയറിയിട്ടും

തീരുന്നില്ല

എത്ര കാടലഞ്ഞിട്ടും 

തീരുന്നില്ല.

ഞങ്ങൾ മൂന്നു പേരും

മൂന്നു ദേശങ്ങളിൽക്കിടന്ന്

ഞങ്ങളുടെ കാലുകൾ 

എത്ര ചലിപ്പിച്ചിട്ടും മുന്നോട്ടു പോവുന്നില്ല

ഞങ്ങളുടെ വീടാവട്ടെ

ഞങ്ങളെക്കാണാതെ

പരിഭ്രമിച്ച് നിലവിളിക്കുകയായിരുന്നു.


(അപ്പോൾ ക്ലോസപ്പിൽ

ഒരു മുറിയിൽ ഒരാൾ - അയാളുടെ കൈകൾ മാത്രമേ കാണാനാവൂ.

അയാൾ മേശപ്പുറത്തിരിക്കുന്ന 

ഭൂഗോള മാതൃക തിരിച്ചു കൊണ്ടിരിക്കുന്നു.

ആ ഭൂഗോളത്തിൻ്റെ മൂന്നുദിക്കുകളിൽ നിന്ന് പുല്ലും കെട്ടേറ്റി വരുന്ന ഞങ്ങൾ

സമയത്തിൽ തുഴഞ്ഞു കൊണ്ടിരിക്കുന്നതു കാണാം.

അയാളുടെ വിരലുകൾ

ഞങ്ങളെ പിറകോട്ടു പിറകോട്ടു പിടിച്ചിടുന്നു.

ഭൂമി അതിവേഗം കറക്കി ഞങ്ങളെ പേടിപ്പിക്കുന്നു.)


ഞങ്ങൾ മൂന്നു ദേശങ്ങളിൽക്കിടന്ന്

വീട് ലക്ഷ്യമാക്കി ഇഴയുന്നു.

എത്ര ഇഴഞ്ഞിട്ടും ഇരുട്ട് തീരുന്നില്ല

എത്ര ഇഴഞ്ഞിട്ടും വീടെത്തുന്നില്ല.

ശാലിനി മേനോൻ സങ്കടവും ഉത്കണ്ഠയും പൊറാഞ്ഞ്

വീർത്തു വീർത്തു വരുന്നു.

വീർത്തു വീർത്ത് ആല പൊളിയും മട്ടിൽ

വലുതാവുന്നു.

ശാലിനി മേനോൻ എന്ന പുള്ളിപ്പശു 

ഞങ്ങളുടെ വീടിനേക്കാൾ വലുതാവുന്നു.

വീടിനു മുകളിൽ ആകാശത്ത്

ഒരു മേഘവെളിച്ചം കെട്ടിക്കിടക്കുന്നു.

സങ്കടം സഹിക്കാതെ 

ഞങ്ങടെ ശാലിനിപ്പശു അകിടു ചുരത്തുന്നു.

ചുരത്തിയ പാൽ നദികളായി

ഭൂമിയുടെ നാനാദിക്കുകളിലേക്കും ഒഴുകിയൊഴുകി വരുന്നു.


ഒരടി മുന്നോട്ടു പോവുന്നില്ലെങ്കിലും

പുല്ലും കെട്ടുമേറ്റി ഞങ്ങൾ

നിന്നിടത്തു നിന്ന്

തുഴയുന്നു,

ഈ രാത്രി തന്നെ

വീടു പിടിക്കാൻ.

കാവ്യപുസ്തകം മറിച്ചപ്പോൾ

 കാവ്യപുസ്തകം മറിച്ചപ്പോൾ

ഒന്നാമത്തെ പേജിൽ 

കവി മലർന്നു കിടക്കുന്നു. വായനക്കാരനെ കണ്ടതും

അയാൾ എഴുന്നേറ്റ്

രണ്ടാമത്തെ പേജിലേക്ക് പോയി.

വായനക്കാരൻ 

രണ്ടാമത്തെ പേജിലേക്ക് പോയപ്പോൾ,

കവി മൂന്നാമത്തെ പേജിലേക്ക് പോയി.

വായനക്കാരൻ 

മൂന്നാമത്തെ പേജിനെ സമീപിച്ചപ്പോൾ,

കവി നാലാമത്തെ പേജിലേക്ക് ചാടി.

കവിയെ എത്തിപ്പിടിക്കാൻ

വായനക്കാരൻ ഓടി.

കവി പിടികൊടുക്കാതെ പേജുകളിൽ നിന്ന് പേജുകളിലേക്ക് മാറി.  വായനക്കാരൻ അവസാനത്തെ പേജ് വായിക്കാൻ തുടങ്ങിയപ്പോൾ, കവി പുസ്തകത്തിൻ്റെ പുറത്തേക്ക് കടന്നു മറഞ്ഞു.

കവിയെ കാണാതെ നിരാശനായ വായനക്കാരൻ പഴയ പേജുകളിലേക്ക് തിരിച്ചു ചെന്നു. 

ഒരു പേജിലും കവിതയില്ല ; വാക്യങ്ങളോ വാക്കുകളോ ഇല്ല ;

പകരം രക്തത്തിന്റെയും ശരീര സ്രവങ്ങളുടെയും 

ഉണങ്ങിയ പാടുകളും മൃതകോശങ്ങളിൽ നിന്ന് പുറപ്പെടുന്ന ഒരു ഗന്ധവും മാത്രം.

കടൽക്കുതിരകളുടെ പാട്ട്

 കിടപ്പുമുറിയുടെ ചുമരിലുണ്ട്

അജ്ഞാത ചിത്രകാരൻ വരച്ച

കടൽക്കുതിരകൾ പാടുന്നു എന്ന ചിത്രം.

നീലനീലത്തിരമാലകൾ

ചുമരിൽ ഇതൾ വിരിച്ചു നിൽക്കുന്നു.

അതിൽ ഒരു കൂട്ടം

കടൽക്കുതിരകൾ

ഗിഥാർ വായിക്കുന്നു.

ഉച്ചസ്ഥായിയിലുള്ള

ഒരു പാട്ടാണതെന്ന്

അവയുടെ തുറന്ന വായകളാലും

വലിഞ്ഞു നിൽക്കുന്ന

മുഖപേശികളാലും

കണ്ടാലറിയാം.

എപ്പോഴും കണ്ടുകണ്ട്

എൻ്റെയുള്ളിൽ തിരയടിക്കുന്നൂ കടൽ.

എൻ്റെ കാമുകൻ 

ആൻഡ്രൂസാണ് ഈ ചിത്രം

എനിക്ക് സമ്മാനിച്ചത്.

കഴിഞ്ഞ ഒരു വർഷമായി

ഞാൻ അവനുമായി

പ്രേമത്തിലായിരുന്നു

ഞങ്ങൾ ഗോവൻ ബീച്ചുകളിലും

പബ്ബുകളിലും തിരയടിച്ചു.

നാലുമാസങ്ങൾക്കപ്പുറം 

എൻ്റെ പിരീഡ്സ് നിന്നപ്പോൾ

ഞാനവനോട് പറഞ്ഞു.

എന്തിനാണ് ഒരു കുഞ്ഞു കൂടി ഭൂമിയിൽ എന്ന്

അവൻ ബുദ്ധിജീവിയായി .

അവനെന്നെ കെട്ടാൻ പ്ലാനില്ലെന്ന് എനിക്ക് മനസ്സിലായ ദിവസമാണിന്ന്.

ഞാൻ ഇന്ന് മൂക്കറ്റം കുടിച്ച്

അവനോട് എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു.

ആദ്യം അവൻ എന്നെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും

എൻ്റെ വാശി അവനെ പ്രകോപിപ്പിച്ചു.

അവനെന്നെ ബാറിൽ ചവിട്ടി വീഴ്ത്തി.

ആളുകൾ ചുറ്റും കൂടി .

അവൻ ഇറങ്ങിപ്പോയി.

രക്തമൊലിപ്പിച്ചു കിടന്ന എന്നെ ആരൊക്കെയോ ചേർന്ന് എൻ്റെ വീടിൻ്റെ ഗേറ്റിലെത്തിച്ച് ഇറക്കിവിട്ടു.

ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നു :

ബാറിൽ ഞങ്ങൾ മദ്യപിച്ചു തുടങ്ങിയപ്പോൾ

കടൽക്കുതിരകളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്.

അവ പാടുന്നത് അവൻ കേട്ടിട്ടുണ്ടെന്ന് പറഞ്ഞത്.

എനിക്കു സമ്മാനം നൽകിയ ആ ചിത്രം അവനാണ് വരച്ചതെന്ന് പറഞ്ഞത്.


ഞാൻ വാതിൽ തുറന്ന്

എൻ്റെ ബെഡ്റൂമിലേക്ക് കയറി.

അവിടെ ആ മുറിയിൽ

ഉച്ചത്തിൽ, ചുമരുകൾ തകർക്കുന്ന ശബ്ദത്തിൽ

തങ്ങളുടെ ഗിഥാറുകളുമായി

അവർ പാടിക്കൊണ്ടിരിക്കുന്നു;

ആ കടൽക്കുതിരകൾ.

എൻ്റെ മുറിയാകെ ഒരു കടൽ

ഇളകിമറിയുന്നു.

ഞാനെൻ്റെ അടിവയറ്റിൽ അമർത്തിപ്പിടിക്കുന്നു.

എൻ്റെ യോനിയിലൂടെ

ഒരു കടൽക്കുതിര പുറത്തേക്കു വരുന്നു.





നിഗൂഢനേരങ്ങളിൽ ഒരു അടുക്കള

 

നിഗൂഢനേരങ്ങളിൽ

വാഷ് ബേസിനടുത്തുള്ള പൈപ്പിന്റെ പൊക്കിളിൽ നിന്ന് നിശബ്ദമായി ഒരു തടാകം പുറപ്പെടുന്നു 

അടുക്കള ഒരു തടാകമാകുന്നു

ആരുമില്ലാത്ത തക്കം നോക്കി തട്ടുകളിലിരിക്കുന്ന വെളുത്തുള്ളികൾ 

ചിറകു കുടഞ്ഞ് ഇറങ്ങി വരുന്നു

അരയന്നങ്ങളായി നീന്തുന്നു.

തടാകക്കരയിൽ ഉരുളക്കിഴങ്ങുകൾ 

ഉരുളൻകല്ലുകളായി ധ്യാനിക്കുന്നു 

ഗ്ലാസുകളും പ്ലേറ്റുകളും സ്പൂണുകളും 

മുട്ടോളം ഉയരമുള്ള തടാകത്തിന്റെ ഉപരിതലത്തിൽ നീന്തുന്നു


തക്കാളികളും വെണ്ടക്കകളും തടാകക്കരയിലൂടെ സല്ലപിച്ചു നടന്നുപോകുന്നു 

നിഗൂഢ നേരങ്ങളിൽ അവൾ അടുക്കളയിലേക്ക് 

ഒരു മോഹനിദ്രയിൽ ഇറങ്ങിപ്പോകുന്നു 

അവൾ മന്ത്രിച്ചൂതുമ്പോൾ കാബേജിന്റെ ഇളംപച്ച ഉടുപ്പുകൾ ഒന്നൊന്നായി വിടുവിച്ച് അതിനകത്ത് നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വരുന്നു

രണ്ട് ഉരുളക്കിഴങ്ങുപാറകളിൽ അവരിരിക്കുന്നു. 

അയാളുടെ മടിയിൽ അവൾ മയങ്ങുന്നു 

മക്കാവ് തത്തകളായി പകുതി രൂപാന്തരം സംഭവിച്ച ചിരവകൾ 

തടാകത്തിനു മീതെ പറക്കുന്നു 

ഒരു വെളുത്ത പോഴ്സെലിൻ പിഞ്ഞാണം ചന്ദ്രവട്ടമായി അന്തരീക്ഷത്തിൽ നിൽക്കുന്നു

അയാൾ, അവളുടെ ഭർത്താവ്

അടുക്കളയോടു ചേർന്നുള്ള

കിടപ്പുമുറിയിൽ 

വായ തുറന്ന് ഉറങ്ങുന്നു ;

ഒന്നുമറിയാതെ.

പുരുഷസൂക്തം

 


പ്രിയേ

ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ  വെക്കുന്നത്

കാലങ്ങളായുള്ള പുരുഷാധികാരം

നിൻ്റെ മേൽ ഉറപ്പിക്കാനല്ല

തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന്ന് 

നീ ദുഃസ്വപ്നം കാണും പോലെയല്ല

പിടി വിട്ടാൽ നീ ചാടിപ്പോവുമെന്ന

എൻ്റെ അബോധഭയങ്ങളാലല്ല

ഉറക്കത്തിലും ഞാൻ ഒരു കൈ

നിൻ്റെ മേൽ വെക്കുന്നത്

പുരുഷൻ എന്ന നിലയിലുള്ള

എൻ്റെ അരക്ഷിതബോധം കൊണ്ടാണ്

എന്നിൽ ഉരുവാകുന്ന സ്നേഹത്തെ .

അപ്പപ്പോൾ നിന്നിലേക്ക്‌ 

സംക്രമിപ്പിക്കുവാനാണ് എന്ന്

എനിക്ക് കള്ളം പറയണമെന്നില്ല

പ്രിയേ

ഭൂമിയിലെ എല്ലാ സ്ത്രീകളും

നല്ലവരാണ്.

സ്ത്രീകളിൽ മോശപ്പെട്ടവരില്ല

പുരുഷന്മാരിൽ നല്ലവരും

പുരുഷന്മാർ യുദ്ധം ചെയ്യുന്നതായി

ഭാവിക്കുന്നേയുള്ളൂ

ഒരു വംശത്തെ നിലനിർത്താൻ

നിരന്തരം പോരാടുന്നത് സ്ത്രീകളാണ്

അവൻ്റേത് നിസ്സാരമായ ശണ്ഠകളാണ്

സ്വയം മുറിവേൽപ്പിച്ചും മുറിവേറ്റും

അവൻ നിൻ്റെ മാറിലേക്ക് വരുന്നു

എല്ലാ പുരുഷന്മാരും കുഞ്ഞുങ്ങളാണ്;

അവരെ സ്നേഹിക്കുന്ന സ്ത്രീകളുടെ 

കുഞ്ഞുങ്ങൾ.

മകനായും കാമുകനായും ഭർത്താവായും

പിതാവായും കാലങ്ങളായി

പുരുഷൻ സ്ത്രീയെ ആശ്രയിച്ചു കൊണ്ടിരിക്കുന്നു.

ജനിക്കുമ്പോൾ മുറിച്ചുമാറ്റിയ 

ആ പൊക്കിൾക്കൊടിയുടെ

ഓർമ്മയാണ് ഉറങ്ങുമ്പോഴും

നിൻ്റെ ശരീരത്തിൽ വെക്കുന്ന

എൻ്റെയീ കൈ

സ്ത്രീയേ

വിശക്കുന്ന കുഞ്ഞുങ്ങളേയും

സ്നേഹിക്കുന്ന പുരുഷന്മാരേയും

ആശ്വസിപ്പിക്കാൻ പയോധരങ്ങൾ 

ഉള്ളവളേ,

കാലങ്ങളായി നിന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻ്റെ വർഗ്ഗത്തിനു വേണ്ടി

നീ എന്നോടു ക്ഷമിക്കുക.

എൻ്റെയീ കൈ നീ എടുത്തു മാറ്റരുതേ

ഉറക്കത്തിൽ മരണം കൊണ്ടു പോവുമെങ്കിൽ

ഭൂമിയിലെ അവസാനത്തെ മിടിപ്പിലും

ഞാൻ നിന്നെ തൊട്ടിരിക്കുമല്ലോ

എന്നോർത്തല്ല

നിന്നിൽ നിന്ന് ഈ കൈ എടുത്തു മാറ്റുമ്പോൾ മാത്രമേ

മരണം പോലും എന്നിലേക്ക് കടന്നു വരൂ

എന്ന്  ഉറപ്പുള്ളതുകൊണ്ടാണ്.

നിന്നിൽ നിന്ന് പിറന്ന്

നിന്നിലേക്കു തന്നെ വരുന്ന

നിസ്സഹായരും ദുർബലരുമായ

ആണുങ്ങളുടെ നദിയിലെ

ഒരു തുള്ളി വെള്ളം മാത്രമാണ് ഞാൻ.

 മരിച്ചവർക്ക് ആകാശത്തേക്ക് കയറിപ്പോകാനുള്ള പടികളുണ്ടാക്കുന്നു ,വള്ളിച്ചെടികൾ.

ആ പടികളെ ഇലകളെന്ന് വിളിക്കുന്നു ,നമ്മൾ.


വെയിലിനെ വലിച്ചു കുടിക്കുന്ന

ഇലകളുടെ അടിഭാഗത്തേക്ക് നോക്കൂ

മരിച്ചവരിൽ നിന്ന്‌ അഴിഞ്ഞ

ഇളംപച്ച വെളിച്ചം അവിടെ 

കെട്ടിക്കിടക്കുന്നു...

കാമുകീതീയേറ്റർ

 


വഴിയും സത്യവും ജീവനും ഞാനാകുന്നു എന്ന് പറഞ്ഞത് ക്രിസ്തുവാണോ

എൻ്റെ കാമുകിയാണോ എന്ന കാര്യത്തിൽ

എനിക്കിപ്പോൾ സംശയമുണ്ട്.

തീയേറ്ററും സ്ക്രീനും സിനിമയും എന്നല്ല

കൊട്ടക മുതലാളിയും ടിക്കറ്റു തന്നവളും

അവളാണ്., അവൾ മാത്രമാണ്.


പലപ്പോഴായി സിനിമയ്ക്കു കയറിയവർ

പല ഭാഗത്തായി മരിച്ചു കിടപ്പുണ്ട്

മണിക്കൂറുകൾ കഴിഞ്ഞിട്ടും 

ഈ സിനിമ തീരാതായപ്പോൾ 

ഞാൻ അവരെ ഉണർത്താൻ നോക്കിയതാണ് 

ഈ തീയേറ്ററിലെ ജീവനുള്ള ഒരേ ഒരാൾ ഞാനാണ് 

ജീവനുണ്ട് ജീവൻ ഇല്ല എന്ന വേർതിരിവുകളിൽ വലിയ കാര്യമില്ല നമ്മോടൊപ്പം കുറച്ച് ആളുകൾ ഉണ്ടല്ലോ 


ഇടവേള പോയിട്ട് അന്ത്യവേള പോലുമില്ലാത്ത സിനിമ

കോട്ടുവായിടാനോ  കൂവാനോ നിവൃത്തിയില്ല 

അങ്ങനെ വല്ലതും സംഭവിച്ചാൽ

ഐമാക്സ് സ്ക്രീനിൽ നിന്ന് അവൾ ആജ്ഞാപിക്കും

ഈ തീയേറ്ററിൻ്റെ നാലു ചുമരുകൾ

അടുത്തുകൂടി എന്നെ ഞെക്കി ഞെരുക്കും

ഈ സിനിമ അവസാനിക്കുകയില്ല

തീയേറ്ററിനകത്ത് മരിച്ചുവീഴുകയേ

എനിക്ക് വിധിയുള്ളൂ

എൻ്റെ ആശങ്ക വർദ്ധിക്കുമ്പോൾ

ഡോൾബി സിസ്റ്റത്തിൽ

അവളുടെ അലർച്ച:

'എന്നോടുള്ള പ്രേമം കുറയുന്നു.

ഇത് ഞാൻ അനുവദിക്കുകയില്ല.'

പ്രേമമാപിനിയുമായി അവളിപ്പോൾ വരും

പ്രേമക്കുറവിന് ഞാൻ ശിക്ഷിക്കപ്പെടും.

എൻ്റെ രക്തത്തിൽ അവൾ നൃത്തം ചെയ്യും.

ഈ പ്രേമത്തെ നമ്മളെന്തു ചെയ്യും?

 

🫂

ഈ പ്രേമത്തെ നമ്മളെന്തു ചെയ്യും?

വർദ്ധിച്ചുവർദ്ധിച്ചുവരികയല്ലേ ഇത്.


നീ: കിടക്കയ്ക്കടിയിൽ വെച്ചാൽ 

എന്താണ് ഈ പൊങ്ങി നിൽക്കുന്നത് എന്ന് അറിയാൻ ഭർത്താവ് കിടക്ക പൊന്തിച്ചു  നോക്കും


ഞാൻ: അലമാരയിൽ തുണികൾക്കിടയിൽ വെച്ചാൽ

ഭാര്യയോ കുട്ടികളോ കണ്ടുപിടിക്കും


നീ : കുഴിച്ചിട്ടാൽ മുളച്ചു വരും

അപ്പോൾ എല്ലാവരും അറിയും.


ഞാൻ : കല്ലു കെട്ടി കുളത്തിലോ കിണറ്റിലോ

ഇട്ടാൽ

കയറു പൊട്ടിച്ച് നാറ്റവുമായി പൊന്തി വരും


നീ : വാഷ് റൂമിലെ ഫ്ലഷ് ടാങ്കിൽ കവറിൽ പൊതിഞ്ഞിട്ടാൽ

നമ്മളില്ലാത്ത നേരത്ത് പ്ലംബിങ് ജോലിക്ക് വരുന്ന ഏതെങ്കിലുമൊരുത്തൻ

അത് കണ്ടുപിടിക്കും


ഞാൻ:പുസ്തകങ്ങൾക്കിടയിൽ വെച്ചാൽ

ഏതെങ്കിലും വായനാൾ കണ്ടുപിടിക്കും


നീ : ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞാൽ ഏതെങ്കിലും പട്ടി  മുറ്റത്ത് തന്നെ കൊണ്ടുവന്നിടും

🔸

ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും?

ഭൂമിയിലോ ആകാശത്തോ ഇതിനെ സൂക്ഷിക്കാൻ വയ്യാതായിരിക്കുന്നു

നെഞ്ചത്തോ മടിയിലോ

ഇതിനെ വെക്കാൻ വയ്യാതായിരിക്കുന്നു.

ഹൃദയങ്ങളിൽ നിന്ന് ഇത് എപ്പോൾ വേണമെങ്കിലും ചാടാം

അതിപ്പോൾ നീ ടൗണിലേക്കുള്ള ഓട്ടോറിക്ഷയിൽ പോകുമ്പോഴായിരിക്കാം

പുറത്തുചാടിയ നമ്മുടെ പ്രേമത്തെ

ആ ഡ്രൈവർ കണ്ടു പിടിച്ച് 

ഒരു കുറ്റവാളിയെ പോലെ നിന്നെ നോക്കും

പൊതു വാഹനത്തിൽ പണിക്കു പോകുമ്പോൾ ടിക്കറ്റ് എടുക്കാൻ 

കാശു തപ്പുമ്പോൾ 

നമ്മുടെ പ്രേമം എൻ്റെ കീശയിൽ നിന്ന്

പുറത്ത് ചാടും 

യാത്രക്കാർ മുഴുവനും അറിയും 

കുറ്റവാളിയെ പിടിച്ചതിന്റെ ആഹ്ലാദം അവരുടെ മുഖത്ത് നിറയും 

വർദ്ധിച്ചു വർദ്ധിച്ചു വരുന്ന ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും 

ഹൃദയത്തിനകത്ത് ഏഴു പൂട്ടിട്ട് പൂട്ടിയിട്ടും 

ഇടയ്ക്കിടെ അത് പുറത്തേക്ക് വരുന്നു കണ്ണുകളിലെ നക്ഷത്രത്തിളക്കമായോ 

ആവശ്യമില്ലാത്ത സ്ഥലത്തെ പുഞ്ചിരിയായോ  

കവിളുകളിലെ രക്തച്ഛവിയായോ

സംസാരിക്കേണ്ടിടത്തെ മൗനമായോ ഓർമ്മിക്കേണ്ടിടത്തെ മറവിയായോ

ആളുകളുടെ മുന്നിലേക്ക് അത് ചാടുന്നു

അടക്കവും ഒതുക്കവും ഇല്ലാത്ത 

ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും

കാണുന്നവരും കേൾക്കുന്നവരും

അറിയുന്നവരുമായ എല്ലാവരും

ചാരൻമാരായ ഈ ലോകത്ത്

നാൾക്കുനാൾ വളരുന്ന ഈ പ്രേമത്തെ,

ലോകനിയമങ്ങളറിയാത്ത ഈ അക്രമകാരിയെ

നമ്മളെന്തു ചെയ്യും?

നമുക്കു രണ്ടു പേർക്കും കൂടി

ലോകത്തെ സ്വിച്ചോഫ് ചെയ്ത്

ഇതിനെ നടുവിൽ നിർത്തി

വിടാതെ കെട്ടിപ്പിടിച്ചു നിന്നാലോ?

ദീർഘചുംബനം

നിനക്കെന്നെ പ്രേമിക്കാനാവാത്തതിനാൽ

മറ്റൊരാളായ് വന്ന് ഞാൻ നിന്നെ

പ്രേമിക്കും

നിനക്ക് എല്ലാ തരത്തിലും 

ഇഷ്ടമാവുന്ന ഒരാളായി

ഞാനെന്നെ മാറ്റിപ്പണിയും.

പണ്ട് നീ നിരസിച്ച പ്രേമാർത്ഥിയെയാണ്

നീ അപ്പോൾ പ്രേമിച്ചുകൊണ്ടിരിക്കുന്നതെന്ന്

നീ ഒരിക്കലും തിരിച്ചറിയില്ല.

വർഷങ്ങളോളം ദൈർഘ്യമുള്ള 

ഒരു ചുംബനത്തിൽ നാം

തേൻ കുടിച്ചു കൊണ്ടിരിക്കും

കാലങ്ങൾ നമുക്കിടയിലൂടെ

കടന്നു പോകും

നമ്മുടെ ശരീരങ്ങൾ

വീർക്കുകയോ മെലിയുകയോ

ഉണങ്ങുകയോ ചുളിയുകയോ ചെയ്യും

നമ്മുടെ മുടി ഓരോന്നോരോന്നായി വെളുത്ത്

ഒരു നാൾ രണ്ട് അപ്പൂപ്പൻ താടികളാവും

ചിലപ്പോൾ അവ ഒന്നൊന്നായി 

നമുക്കു മുൻപേ കൊഴിഞ്ഞു പോകും

നമുക്കു ചുറ്റും മനുഷ്യരും മൃഗങ്ങളും

സസ്യങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയും

നശിച്ചു കൊണ്ടിരിക്കുകയും ചെയ്യും

നഗരങ്ങൾ ഗ്രാമങ്ങളാവുകയോ

ഗ്രാമങ്ങൾ നഗരങ്ങളാവുകയോ ചെയ്യും

വനങ്ങൾ മരുഭൂമികളാവാം

കുന്നുകൾ സമതലങ്ങളായേക്കാം

പക്ഷേ നാം ഇരുവർ മാത്രം  ഒരേ ചുംബനത്തിൽ, അതിൻ്റെ ലഹരിയിൽ

വിടാതെ തുടരുകയാവും.

ആദ്യം ആരു മരിക്കുമെന്ന ഭയം

എപ്പോഴെങ്കിലും നമ്മെ പിടികൂടും.

ഒടുവിൽ ഒരു നാൾ

ഞാനോ നീയോ മരിക്കും

രണ്ടിലൊരാൾ മരിക്കുന്നതിനു തൊട്ടുമുൻപ്

ഞാൻ ആ രഹസ്യം പറയും

നീ വേണ്ടെന്നു വെച്ച

ആ ആളായിരുന്നു ഞാനെന്ന്.

അപ്പോൾ കണ്ണുകളടച്ച് കവിളിൽ

ഒരുമ്മ കൂടി നൽകി

'എനിക്കത് നേരത്തേ അറിയാമായിരുന്നു'

എന്ന്  നീ പറയുകയില്ലേ?

ഇല്ലേ?

പ്രേമപ്പനി

 എല്ലാ പിണക്കത്തിൻ്റെയും മൂന്നാം നാൾ

അയാൾക്ക് കൃത്യമായി പനി വരും

അപ്പോഴെല്ലാം അവൾ ഓടി വന്നു

ചുക്കുകാപ്പി ഉണ്ടാക്കിക്കൊടുത്തു

പാരസെറ്റാമോൾ കൊടുത്തു

തുണി നനച്ച് ചൂടൊപ്പിക്കൊടുത്തു

പനി മാറി.

പിണക്കവും മാറി


എല്ലാ തവണയും എന്താണിങ്ങനെ?

വെറുതെയിരുന്നപ്പോൾ അവൾ ആലോചിച്ചു.

അയാൾ ഒരു വെണ്ണക്കട്ടിയാണ്.

അവളില്ലാതെ അയാൾക്ക്

ജീവിക്കുവാൻ വയ്യ

സൂര്യവെളിച്ചത്തിലേക്ക് ഇറങ്ങിയാൽ

അലിഞ്ഞു പോയേക്കാവുന്ന ഒരു ജന്തു

അവൾക്കു ചിരി വന്നു, പ്രേമവും


ആണുങ്ങളോളം ദുർബലരായ

ജനവിഭാഗം ഭൂമിയിലില്ല.

ആരോടും ഇതു പറയുകയില്ലെങ്കിലും

അവൾ ഉറപ്പിച്ചു. 

അവൾക്കത്

നല്ല ആത്മവിശ്വാസവും നൽകി.

അവളിപ്പോൾ കൂടുതൽ സുന്ദരിയായി.

അവൾ ഒരു പാട്ടു പാടി

ഒന്നുകൂടി പിണങ്ങുവാൻ

എന്താണൊരു വഴി എന്നവൾ

ആലോചിച്ചു.

ആ മൂന്നാം നാളിലെ പനിയോടാണ്

അവൾക്കിപ്പോൾ പ്രേമം.

അവൾമുഖപ്പൂക്കൾ


അവളുടെ മുഖം മാത്രം മുന്നിൽ

അവളുടെ മുഖം -ഒരു പൂവിതൾ.

അത് തിരിഞ്ഞ് തിരിഞ്ഞ് 

അഞ്ചിതളുകൾ നേടുന്നു.

 പൂവായി മാറുന്നു. 

എൻറെ മുറിയിൽ നോക്കുന്നിടത്തെല്ലാം

അവളുടെ മുഖം -ഒരു പൂവിതൾ.

ഒരു നിമിഷപ്പാതിക്കുശേഷം 

കറങ്ങിക്കറങ്ങി പൂക്കളായിത്തീരുന്നു. എൻറെ മുറി ഒരു പൂന്തോട്ടമാവുന്നു;

അവളുടെ മുഖം കൊണ്ടുണ്ടാക്കിയ അനേകം പൂക്കളുടെ പൂന്തോട്ടം.

ഞാനതിൽ പാറി നടക്കുന്ന 

ഒരേയൊരു ശലഭം.

അടഞ്ഞുകിടക്കുന്ന ഈ മുറി 

സുഗന്ധം നിറഞ്ഞുനിറഞ്ഞ് 

ഇപ്പോൾ പൊട്ടിത്തെറിക്കും.

പ്രേമപ്രഖ്യാപനം

രണ്ടുപേർ പ്രേമത്തിലേക്ക് 

മതം മാറാൻ തീരുമാനിക്കുന്നു

മഴവില്ലുകൾ കൊണ്ട് തീർത്ത 

നീണ്ട മേലുടുപ്പുകൾ അണിയാൻ തീരുമാനിക്കുന്നു

പരസ്പരം ചിറകുകൾ മുളപ്പിക്കാൻ തീരുമാനിക്കുന്നു 

ഹൃദയം പൂക്കൂടയാക്കാൻ തീരുമാനിക്കുന്നു 

മിണ്ടുന്നതും മിണ്ടാത്തതുമായ നേരങ്ങളെ സംഗീതമാക്കാൻ തീരുമാനിക്കുന്നു രണ്ടുപേർ ചില്ലുശരീരികളായി

പുണരാൻ തീരുമാനിക്കുന്നു കാൽവിരലുകൾക്കകത്ത് വേരിറക്കി

ഉടലിനകത്ത് തലച്ചോറ് വരെ നിൽക്കുന്ന ഒരു പൂമരത്തെ,

അതിൻറെ ശാന്തതയെ,

തലച്ചോറിൽ ഇളകിക്കൊണ്ടിരിക്കുന്ന അതിന്റെ പുഷ്പസമൃദ്ധിയെ,

കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടെയും വരുന്ന അതിൻറെ സുഗന്ധത്തെ

 കൊണ്ടുനടക്കാൻ തീരുമാനിക്കുന്നു.

തലച്ചോറിനെ പറവകൾ പറന്നു തീരാത്ത

ആകാശനീലിമയാക്കാൻ തീരുമാനിക്കുന്നു. 

ഒരു ഹൃദയത്തിനകത്ത് മറ്റൊരു ഹൃദയം

ഇട്ടുവെക്കാൻ തീരുമാനിക്കുന്നു 


രണ്ടുപേർ 

രണ്ടുപേർ മാത്രം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന്

ഒരു വിമാനം തട്ടിയെടുത്ത് പറന്നു പോകാൻ തീരുമാനിക്കുന്നു 

സിസി ക്യാമറകളുടെയും സെക്യൂരിറ്റി വിഭാഗത്തിന്റെയും 

കണ്ണുവെട്ടിച്ച് 

തട്ടിയെടുത്ത വിമാനത്തിലിരുന്ന്

താഴെയുള്ള ആൾക്കൂട്ടത്തിന് 

പറക്കുന്ന ഉമ്മകളും റ്റാറ്റകളും നൽകാൻ തീരുമാനിക്കുന്നു 

യന്ത്രത്തോക്കുകൾ വർഷിക്കുന്ന

വെടിയുണ്ടകൾക്കിടയിലൂടെ കൈപിടിച്ച് പുഞ്ചിരിച്ച് ലോകത്തെ ഇളിഭ്യരാക്കി

നടക്കാൻ തീരുമാനിക്കുന്നു. 


ലോകത്തെ രണ്ടേ രണ്ട് പിടികിട്ടാപ്പുള്ളികളാവാൻ 

രണ്ടേ രണ്ട് ഗൂഢാലോചനക്കാരാവാൻ ലോകത്തിനെതിരെയുള്ള 

മറ്റൊരു ലോകത്തിൻറെ സംസ്ഥാപകരാവാൻ തീരുമാനിക്കുന്നു 


രണ്ടുപേർ പ്രേമിക്കുമ്പോൾ 

പൂക്കൾ കൊണ്ടും മഴവില്ലുകൾ കൊണ്ടും 

ലോകത്തോട് ഒരു യുദ്ധം പ്രഖ്യാപിക്കുന്നു

കാമുകിയെക്കുറിച്ചുള്ള സ്വപ്നത്തിൽ

 സ്നേഹിക്കുന്നവരെ ചതിക്കുകയും

ചതിക്കുന്നവരെ സ്നേഹിക്കുകയും

ചെയ്യുന്നവളേ,

ഇന്നലെ രാത്രി നിന്നെ സ്വപ്നം കണ്ടു.

നീ എൻ്റെ അയൽപക്കത്ത് താമസിക്കുകയായിരുന്നു.

എനിക്ക് നിന്നോടുള്ള കാമത്തിന്

കുറവൊന്നുമുണ്ടായിരുന്നില്ല.

എങ്കിലും ഒരു രഹസ്യവും പുറത്തു വിടാത്ത

പർവതം തന്നെയായിരുന്നു

സ്വപ്നത്തിലും ഞാൻ .


എന്നെ കാണിക്കുവാൻ വേണ്ടി

നീ അപരിചിതരെ ചുംബിച്ചു.

അവരുമായി രതി ചെയ്തു.

എൻ്റെ വിഷാദ മൂക പ്രണയത്തെ

നീ നിൻ്റെ അവഗണനയാൽ

പരിഗണിക്കുകയും 

വർദ്ധിപ്പിക്കുകയും ചെയ്തു.


എൻ്റെ ഓമനേ,

എത്ര കണ്ണുനീർ ഒഴുക്കിയിലാണ്

നീ എന്നിൽ നിന്ന് ഇല്ലാതാവുക?

സ്വപ്നത്തിൽപ്പോലും ശമിപ്പിക്കാതെ

എന്നെ നിത്യമായി

വേദനിപ്പിക്കുന്നവളേ,

പരസ്പരം തൊടാതെ

നമ്മൾ ഒരേ പായയിൽ

കിടക്കുകയായിരുന്നു

രാത്രിയായിരുന്നു

ഉറങ്ങാൻ വേണ്ടിയുള്ള

കിടപ്പായിരുന്നു.

നമ്മോടൊപ്പം

ആരെല്ലാമോ ആ മുറിയിൽ

കിടപ്പുണ്ടായിരുന്നു

ആ വീടിൻ്റെ

പരിസരത്തെവിടെയോ 

ഒരു പുഴ ഒഴുകുന്നുണ്ടാവണം.

നിൻ്റെ ഭർത്താവ്

അവിടേക്ക് പോയിട്ട് എത്ര നേരമായി!

അസൂയക്കാരിയും 

സൂത്രക്കാരിയുമായ

നിൻ്റെ അയൽക്കാരി

നിന്നെ രഹസ്യമായി നിരീക്ഷിക്കുന്നു

നിൻ്റെ ഭർതൃമാതാവിന്

ചോദിച്ചറിയാനുള്ള വിവരങ്ങൾ

സംഭരിക്കുകയാണവൾ.


പ്രിയേ,

പ്രണയത്തിൻ്റെ വിവിധ മാതൃകകൾ 

പണിത്

നിത്യവും തട്ടിയുടയ്ക്കുന്നവളേ

നീ ഉറങ്ങുകയല്ല

നീ ആലോചിക്കുകയാണ്.

ദൈവവും നീയും

ഒരേ വിധം സമാധാനമില്ലാത്തവർ


ദൈവം തൻ്റെ സൃഷ്ടികളിൽ വരുത്തേണ്ട

നവീനതകളെക്കുറിച്ച്,

നീ കാമുകരെ കഷ്ടപ്പെടുത്തുന്ന

പ്രണയത്തിൻ്റെ പുതിയ പദ്ധതികളെക്കുറിച്ച്.

നിത്യമായി വിഭാവനം ചെയ്യുന്നു.

ദൈവതുല്യയാണ് നീ

പ്രണയത്തിൻ്റെ മനുഷ്യദൈവം.


നീ എന്നെ നോക്കുന്നേയില്ല

ലോകം മുഴുവൻ ഞാൻ എന്നെ തിരഞ്ഞു.

നിൻ്റെ മനസ്സിനകത്തെവിടെയോ

ഞാനുണ്ടെന്ന തോന്നൽ,

എന്നാൽ അത് ഉറപ്പിക്കാൻ പറ്റായ്ക

നിൻ്റെ അസൂയക്കാരിയായ അയൽക്കാരിയേക്കാളും

എന്നെ നീചനാക്കുന്നു.

ഇനിയും സമയമുണ്ട്.

നിൻ്റെ ഭർത്താവ് തിരിച്ചു വന്നിട്ടില്ല.

നിൻ്റെ ഭർത്താവ്,

നിൻ്റെ കുഞ്ഞിൻ്റെ അച്ഛൻ

നിൻ്റെ ശരീരത്തിൻ്റെ ഉടമയെണ്

നീ തെറ്റിദ്ധരിപ്പിക്കുന്നൊരാൾ 

അത്ര മാത്രം.

ലോകത്തെ അനേകം കാര്യങ്ങളിൽ

അപ്രധാനമായ ഒന്നു മാത്രമാണ്

അയാൾക്ക് നീ.

ഒരു കാമുകനോ ? നീ വിലപിടിച്ച രത്നം ...

പല വിധത്തിൽ മോഷ്ടിക്കാൻ ശ്രമിച്ച് 

പരാജയപ്പെട്ട,

ഏറ്റവും നിപുണനായ മോഷ്ടാവിനെയും 

അപകീർത്തിപ്പെടുത്തുന്ന...


എല്ലാം ശരിയാണ്.

എങ്കിലും ഇങ്ങനെ വാഴ്ത്തുന്നത് എന്തിനാണ്.

പരാജിതൻ്റെ കണ്ണീരല്ലാതെ മറ്റെന്താണിത്?


നീ എന്താണ് കണ്ണു തുറക്കാത്തത്?

ഞാനും കണ്ണു തുറക്കുന്നില്ലല്ലോ

ഈ വീട് മേഘങ്ങൾക്കിടയിലെവിടെയോ

കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദ്വീപോ ?

പ്രിയേ, നാം മരിച്ചുപോയിരിക്കുമോ?

നിൻ്റെ ഭർത്താവ് ഇനി ഒരിക്കലും

തിരിച്ചു വരില്ലയോ?

എങ്കിലും നിൻ്റെ അയൽക്കാരി

ഇപ്പോഴും നമ്മെ നിരീക്ഷിക്കുന്നുണ്ട്.

മരിച്ചിരിക്കാം,

എങ്കിലും നമ്മളിങ്ങനെ

ഒരേ പായയിൽ അടുത്തടുത്ത്

കിടക്കുന്നത് എന്തിനാണ്?

എനിക്ക് കണ്ണീർ പൊട്ടുന്നല്ലോ

എനിക്ക് എഴുന്നേൽക്കാനോ

നിന്നെ ചുംബിക്കാനോ കഴിയുന്നില്ലല്ലോ

ഒരു ബസ്സിലെ യാത്രക്കാർ നാടകം കളിക്കുന്നു

 


🎭


'ബസ്സിൽ ഒരു പാമ്പ് '

ഓടുന്ന ബസ്സിനുള്ളിൽ

ഒരുവൾ വിളിച്ചു പറഞ്ഞു.

എല്ലാവരും അതു കേട്ട്

അവളെ നോക്കി ഒരുമിച്ചു

ചോദിച്ചു:

'ബസ്സിൽ ഒരു പാമ്പോ?'

അവൾ അവരെ നോക്കിപ്പറഞ്ഞു:

'അതെ ഒരു പാമ്പ് '

അതു കേട്ട് എല്ലാവരും

ഇരുന്ന സീറ്റിൽ നിന്ന്

രണ്ടടി അവളുടെ അടുത്തേക്ക് ചാടി

 പഴയ അമേച്വർ നാടകത്തിലേതുപോലെ

ഒരുമിച്ചു ചോദിച്ചു:

'എവിടെ എവിടെ '

ബസ്സ് സഡൻ ബ്രേക്കിട്ട് നിർത്തി

ഡ്രൈവറും കണ്ടക്ടറും 

പാഞ്ഞു വന്നു

അവരും ചോദിച്ചു :

'എവിടെ ?എവിടെ? '

അതു കേട്ട്

യാത്രക്കാരെല്ലാം 

നിന്ന നിൽപ്പിൽ നിന്ന്

അവളുടെ അടുത്തേക്ക്

രണ്ടടി കൂടി ചാടി

ആ ചോദ്യം ആവർത്തിച്ചു:

'എവിടെ? എവിടെ? '

'ദാ ഇവിടെ ഉണ്ടായിരുന്നു

ഇപ്പോൾ കാണാനില്ല'

അവൾ പറഞ്ഞു

യാത്രക്കാരെല്ലാം 

ഒരേ സ്വരത്തിൽ

അത് ഏറ്റു പറഞ്ഞു:

'ദാ ഇവിടെ ഉണ്ടായിരുന്നു

ഇപ്പോൾ കാണാനില്ല' .

എന്നിട്ട് എല്ലാവരും

പൊട്ടിച്ചിരിച്ചു

എല്ലാവരും എല്ലാ സീറ്റിനടിയിലും തപ്പി

എവിടെയും കാണാനില്ല

ഡ്രൈവറും കണ്ടക്ടറും 

നിരാശരായി മടങ്ങി

യാത്രക്കാരെല്ലാം 

പഴയ സ്ഥാനങ്ങളിൽ

പോയി ഇരുന്നു

ഡ്രൈവർ വീണ്ടും 

വണ്ടി സ്റ്റാർട്ട് ചെയ്തു.

അയാൾ പറഞ്ഞു:

'ആ പാമ്പ്

ആരുടെ കാലിൻ്റെടേലേക്കാണ്

പോയത്?' 

യാത്രക്കാരെല്ലാം ഒരു കോറസായി

ആ ചോദ്യം ആവർത്തിച്ചു:

'ആ പാമ്പ്

ആരുടെ കാലിൻ്റെടേലേക്കാണ്

പോയത്?'

പാമ്പ് മിണ്ടിയില്ല.

എല്ലാവർക്കും

അവരുടെ കാലിൻറിടയിൽ

ഒരു അനക്കം തോന്നിച്ചു

പക്ഷേ ,സംഗതി

ആരും പുറത്തു പറഞ്ഞില്ല.

അടുത്തിരിക്കുന്ന ആൾക്ക്

ഇത് മനസ്സിലായിട്ടുണ്ടോ

എന്ന ഒരു കള്ളനോട്ടം 

മാത്രം നോക്കി.

നോട്ടങ്ങളിടയുമ്പോൾ 

അവരിലൊരാൾ ചോദിച്ചു :

'ആ പാമ്പ്

ആരുടെ കാലിൻ്റെടേലേക്കാണ്

പോയത്?'

അതു കേൾക്കെ  മറ്റേയാൾ

ഇങ്ങനെ മറുപടി പറയും :

'ആ.....?'

നിശബ്ദതയെ നിങ്ങൾ ഇന്ന് എന്ത് ചെയ്യും ?

 

🐾


നിശബ്ദതയെ ഞാൻ ഇന്ന് മുറിച്ചു മുറിച്ചു തിന്നും 

എൻറെ നിരാശയിലിട്ട് ഞാൻ 

മുക്കിമുക്കിത്തിന്നും 

ആരും എന്നോട് ചോദിക്കാൻ വരില്ല

ലോകം നമ്മളോട് നിശബ്ദമായിരിക്കും പോലെ 

നാം ലോകത്തോടും ചിലപ്പോഴൊക്കെ നിശബ്ദമായിരിക്കും. 

ആരാണ് ആദ്യം സംസാരിച്ചു തുടങ്ങുക എന്ന ഒരു അഹം ഇടയ്ക്കൊക്കെ 

ആർക്കാണ് ഉണ്ടാവാത്തത്?

എപ്പോഴും 

അങ്ങോട്ട് മാത്രം വിളിക്കുന്ന 

ഒരു കാമുകൻ്റെ 

ആത്മനിന്ദയോടെയുള്ള കാത്തിരിപ്പാണത് 


ഒരുതവണയെങ്കിലും ലോകം ആദ്യം എന്നോട് സംസാരിച്ചു തുടങ്ങട്ടെ  എന്നുള്ള കാത്തിരിപ്പ് 

നഗരത്തിലെ കടവരാന്തയിൽ കാത്തിരിക്കുന്ന 

ഒരു തെരുവ് ബാലന്റെ കാത്തിരിപ്പ് പോലെയാണത് 

ലോകം പല ദിശകളിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും 

ഒരിക്കലും അത് അവനിലേക്ക് വന്നു ചേരുന്നില്ല 


അതുകൊണ്ടാണ് സുഹൃത്തുക്കളേ,

നിശബ്ദത എന്നെ കൊന്നു തിന്നുന്നതിനു മുൻപ്

ഞാൻ അതിനെ കൊന്ന് 

കറിവെച്ച് കഴിക്കാൻ പോകുന്നത്


പെട്ടെന്നൊരു ദിവസം ലോകം മിണ്ടാതിരിക്കുന്നത് മനപ്പൂർവമാണ്

അതിന് കൃത്യമായ പദ്ധതികൾ ഉണ്ട് 

ഇര മാത്രം അറിയാത്ത 

ഒരു ആസൂത്രണത്തിന്റെ

നിർവഹണത്തിന് മുൻപുള്ള മൗനമാണത്

ഹാംഗർ

  


നക്ഷത്രങ്ങൾക്കിടയിൽ 

മേഘങ്ങളിൽ കുരുക്കിയിട്ട 

ഹാംഗറുകളിൽ 

നനഞ്ഞ നാലഞ്ച് ഷർട്ടുകൾ 

കാറ്റിലാടുന്നു.

കിഴക്കോട്ട് കാറ്റ് വരുമ്പോൾ 

എല്ലാ ഷർട്ടുകളും കിഴക്കോട്ട് വളയുന്നു.

പടിഞ്ഞാട്ട് കാറ്റ് വരുമ്പോൾ 

പടിഞ്ഞാട്ട് വളയുന്നു.

അവിടെ കിടക്ക് എന്ന് ഹാംഗറുകൾ പറയുന്നു.

കൂട്ടിയിട്ട് കത്തിച്ച പുകവള്ളികളിൽ ചവിട്ടി

മേഘങ്ങളിലേക്ക് കയറിപ്പോകുന്നുണ്ട്

അനായാസം ഒരുവൾ .

കുടുക്കുകൾ ഇടാത്തതും 

നനഞ്ഞതുമായ ഷർട്ടുകൾ 

മരണത്തിന്റെ രൂപകങ്ങൾ എന്ന്

ഭൂമിയിലെ മലകൾ മുകളിലേക്ക് നോക്കി പറയുന്നു.

മഞ്ഞിൽ കാണുന്ന 

പതിന്നാല് കൂർമ്പൻ മരങ്ങൾ അങ്ങനെയല്ല;

കൂർമ്പൻ തൊപ്പികൾ വച്ച 

പതിന്നാല് കാമുകരാണ്.

അവൾ താഴെയിറങ്ങിവന്നിട്ട് വേണം

മഞ്ഞുപാളികളിലൂടെ  വഴുതിയിറങ്ങി നൃത്തം ചെയ്യുവാൻ...


പക്ഷേ ഈ രാത്രി പെട്ടെന്ന് കാണാതാകുന്നു 

ആരോ അതിനെ മോഷ്ടിച്ചു കൊണ്ടു പോയിരിക്കുന്നു 

ആകാശത്ത് ആ നാല് ഷർട്ടുകളിൽ ഒരെണ്ണം മാത്രം 

ഒരു പ്രേത സിനിമയിൽ എന്നപോലെ തൂങ്ങിക്കിടക്കുന്നു 

അത് വലുതായി വലുതായി വരുന്നു

ലോകത്തിനു പുറത്താവുന്ന ഭൂഖണ്ഡങ്ങളെക്കുറിച്ച്

 

🌑


ലോകം ചിലപ്പോഴൊക്കെ നിലയ്ക്കുന്നുണ്ട്.


പ്രോഗ്രാം എറർ കാരണം 

അറ്റകുറ്റപ്പണികൾക്കായ്

നിറുത്തിവെച്ചതാണെന്നാണ് അവൾ പറഞ്ഞത്.

അങ്ങനെയൊരു സന്ദർഭത്തിലല്ലാതെ 

ഞങ്ങളുടെ കൂടിക്കാഴ്ച്ച അസാധ്യമായിരുന്നു.

ലോകം നിലച്ചു.

ഞാനും അവളും മാത്രം ലോകത്തിനു പുറത്തായിരുന്നു.

ആരാണ് സ്റ്റാച്യൂ എന്ന് പറഞ്ഞതെന്നറിയില്ല.

നിന്ന നിൽപ്പിൽ പ്രതിമകളായിപ്പോയവരുടെ

നഗരത്തിലൂടെ ആധി പിടിച്ച് നടക്കുമ്പോഴാണ്

നിലച്ച വാഹനങ്ങൾക്കിടയിലൂടെ

ചലിക്കുന്ന ഒരേയൊരു അപരജീവനായി

അവൾ എനിക്കു മുന്നിൽ വന്നുപെട്ടത്.

ആദ്യമായി കാണുന്ന രണ്ടു മനുഷ്യർ പരസ്പരം നോക്കി

ഇത് എന്തൊരത്ഭുതമാണ് എന്ന്

ഒരേ സ്വരത്തിൽ അപരനെക്കുറിച്ച് 

പറഞ്ഞ ആദ്യത്തെ 

ചരിത്ര സന്ദർഭം ഇതായിരിക്കാം.

ചരിത്രം ഈ സന്ദർഭത്തെ പരിഗണിക്കാനിടയില്ലെങ്കിലും.

കൂടുതലൊന്നും പറയേണ്ടി വന്നില്ല.

പരസ്പരം എല്ലാം വിനിമയം ചെയ്യപ്പെട്ടതു പോലെ

ഞങ്ങൾ കൈകൾ ചേർത്തു പിടിച്ച്

കടൽക്കരയിലേക്ക് നടന്നു

ആകാശത്ത്  പറക്കുന്നതിനിടയിൽ 

ഉറച്ചു പോയ പക്ഷികൾ ,മേഘങ്ങൾ

ദൂരെ ഉറഞ്ഞ കടൽ

വന്ന വരവിൽ ഉറച്ചു പോയ തിരമാല

ഒരു നിമിഷം കൂടി ലോകം ചലിച്ചിരുന്നെങ്കിൽ

പരുന്തുവായിലകപ്പെടേണ്ടിയിരുന്ന 

മത്സ്യവ്യം അതിൻ്റെ

തൊട്ടുമുന്നിൽ കൊക്കു പിളർത്തി നിൽക്കുന്ന പരുന്തും.

ആരുടെ കയ്യിലാണ് 

ഈ ചലച്ചിത്രത്തിൻ്റെ റിമോട്ട് .

ഞങ്ങൾ നഗരത്തിലേക്ക് 

തിരിച്ചു നടന്നു.

പാതയിൽ ഉറച്ചു പോയ 

മനുഷ്യരുടെ പോക്കറ്റിൽ കയ്യിട്ട്

വാലറ്റുകൾ എടുത്തു

അവരെ ഇക്കിളിയാക്കി

ഉമ്മ വെച്ചു നോക്കി

ഉടുപ്പുകളഴിച്ച് നഗ്നരാക്കി

ലൈംഗികാവയവങ്ങളിൽ പിടിച്ചു.

ആരും അനങ്ങിയതേയില്ല.

ഉറച്ച വാഹനങ്ങൾ 

ഉപയോഗശൂന്യമായിരുന്നു.

നിശ്ചലരായ മനുഷ്യർക്കിടയിൽ

നടുറോഡിൽക്കിടന്ന്

ഞങ്ങൾ ഉറച്ച ആകാശത്തെ നോക്കി.

വിരസതയും നിശ്ശബ്ദതയും

കൂടിക്കൂടി വന്നു.

ആകെയുള്ള വിനോദം

അതു മാത്രമാണെന്ന് 

ഞങ്ങൾക്ക് മനസ്സിലായി.

നമ്മൾ പരസ്പരം

കണ്ടു പിടിക്കാത്ത 

രണ്ടു ഭൂഖണ്ഡങ്ങളാണ്

അവൾ പറഞ്ഞു.

നീ വാസ്കോ ഡി ഗാമ

ഞാൻ വെസ്പുച്ചി

നീ എന്നിലേക്കും

ഞാൻ നിന്നിലേക്കും

കപ്പലോടിക്കാൻ പോകുന്നു.

അനങ്ങാതെ നിൽക്കുന്ന

മനുഷ്യക്കാലുകൾക്കിടയിൽ കിടന്ന്

ഞങ്ങൾ 

രണ്ടു ഭൂഖണ്ഡങ്ങളിലെ

അഗ്നിപർവ്വതങ്ങളും

തടാകങ്ങളും കണ്ടുപിടിച്ചു

എൻ്റെ നാവ് നീണ്ടുനീണ്ട്

അവളുടെ ഉൾവനങ്ങളിലേക്കും

അവളുടെ നാവ് നീണ്ടുനീണ്ട്

എൻ്റെ ഉൾവനങ്ങളിലേക്കും

രണ്ട് എൻഡോസ്കോപിക് 

ഉപകരണങ്ങൾ പോലെ

കടന്നുചെന്നു

അവളുടെ പർവതങ്ങൾ

പുകഞ്ഞു പൊട്ടി 

ലാവയൊഴുകി.

നിശ്ചലമായ കാലത്തിൽ

ഞങ്ങൾ തണുത്തു കിടന്നു.

ആ കിടപ്പിൽ

ഞങ്ങൾ ഗ്രാമത്തിലെ 

ഏതോ വീട്ടിൽ കടന്നു ചെല്ലുന്നതും

ഭക്ഷണം കഴിക്കുന്നതും

പ്രതിമപ്പെട്ട വീട്ടുകാരെയും 

അവരുടെ നായയേയും

കോഴികളേയും കണ്ട്

ചിരിക്കുന്നതും സ്വപ്നം കണ്ടു.

പൊടുന്നനെ ലോകം വീണ്ടും

ചലിക്കാൻ തുടങ്ങി.

ആളുകൾ ഞങ്ങളെ ചവിട്ടി

തലങ്ങും വിലങ്ങും നടന്നു.

വാഹനങ്ങൾ ഇരമ്പിപ്പാഞ്ഞു.

ഞാനും അവളും

രണ്ടു വശങ്ങളിലേക്ക് 

എഴുന്നേറ്റ് ഓടി.


പിന്നീട് ഒരിക്കലും

ഞാൻ അവളെ കണ്ടിട്ടില്ല.

ലോകം വീണ്ടും ഒരു ദിവസം നിലയ്ക്കും.

അന്ന് നിശ്ചലമായ ആൾക്കൂട്ടത്തിനിടയിലൂടെ

അവൾ കടന്നു വരും.

എനിക്ക് ഉറപ്പാണ്.

പ്രപഞ്ചം ഒരു കാമുകനു വേണ്ടി പ്രവർത്തിക്കുന്ന വിധം

 

🌹

പ്രേമത്തിലേക്ക് തിരിച്ചു വരൂ

പ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്

മഞ്ഞും മഴയും വെയിലും നിലാവും അവളോട് മാറിമാറിപ്പറഞ്ഞു 

ജനൽ തുറക്കുമ്പോൾ തല നീട്ടി വന്ന പനിനീർപ്പൂവ് 

പൂക്കളുടെ ഉത്സവം നടത്തുന്നതിനിടെ സുഗന്ധങ്ങളുടെ മെസ്സേജുകൾ (ക്ഷണക്കത്തുകൾ) അയക്കുന്ന കാപ്പിത്തോട്ടം 

നിഗൂഢകാമുകിമാരായി ജനിച്ച് 

ചുവന്ന സാരിയുടെ അറ്റം കടിച്ച്

കാമുകന്മാരെ പാളിനോക്കുന്ന ചെമ്പരത്തികൾ 

സമയം കിട്ടുമ്പോൾ എല്ലാവരും അവളോട് അതുതന്നെ പറഞ്ഞു 


വാട്ട്സപ്പും മെസഞ്ചറും ഇനി തുറക്കുകയില്ലെന്ന് 

അവൾ പ്രതിജ്ഞ എടുത്തിട്ടുണ്ട് 

അവൾ അവളുടെ കാമുകനോട് പിണങ്ങിയിരിക്കുന്നു 

അയാളുടെ നൂറായിരം വിളികളെ

അവളുടെ ഫോൺ തടുത്ത് വച്ചിരിക്കുന്നു


പശുവിന് കൊടുക്കാൻ പിണ്ണാക്ക്

വാങ്ങാൻ പോകുന്ന വഴിയിൽ 

അവളെ കാത്തുകാത്തു നിന്ന വരിക്കപ്ലാവ് അവളോട് പറഞ്ഞു 

നീ അറിഞ്ഞില്ലേ നിൻറെ കാമുകൻ ഇപ്പോൾ ഒരു മരക്കൊമ്പ് നോക്കി നടക്കുകയാണ്.

ട്രാവൽ വ്ളോഗ് നടത്തുന്ന നാകമോഹൻ എന്ന പക്ഷി 

ഞാനും കണ്ടിരുന്നു അയാളെ

ഇതൊന്നും അത്ര ശരിയല്ല എന്ന് 

അവളെ തറപ്പിച്ചു നോക്കുന്നു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന നത്ത് 

ചിറകുകൊണ്ട് ചുണ്ട് ചൊറിഞ്ഞ്

സാക്ഷ്യം പറഞ്ഞു 

ആ ചങ്ങാതി ഉറങ്ങാതെ ഇന്നലെയും കൂടി...


പ്രേമത്തിലേക്ക് തിരിച്ചു വരൂ

പ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്

ലോകം മുഴുവൻ ഒറ്റ ഓർക്കസ്ട്രയായി തിരയടിച്ചു.

പ്രപഞ്ചം മുഴുവൻ ആ കോന്തന്റെ ആളുകളാണോ എന്ന് 

ഒരുവേള അവൾ സംശയിച്ചെങ്കിലും 

ഈ പ്രേമത്തിൽ ഇനി സംശയിക്കാനില്ല എന്ന് 

അവൾ ഉറപ്പിച്ചു. 

അവൾ അവളുടെ മൊബൈൽ ഫോൺ

കാലങ്ങൾക്ക് ശേഷം തുറന്നു 

അതിലെ വാട്സാപ്പിൽ നിന്നും

മെസഞ്ചറിൽ നിന്നും പുറത്തേക്ക് ഒഴുകിവന്നു 

പതിനായിരക്കണക്കിന് 

ചുവന്ന ഹൃദയങ്ങൾ ചിത്രശലഭങ്ങൾ

ചുംബനക്കൊതിയുള്ള ചുണ്ടുകൾ

പക്ഷികൾ നക്ഷത്രങ്ങൾ പൂവുകൾ മഴവില്ലുകൾ നാനാജാതി സ്മൈലികൾ...

അതൊരു നദിയായിരുന്നു 

ആ നദിയിൽ അവൾ ഒലിച്ചുപോയി;

അവളുടെ പഴയ കാമുകൻറെ അടുത്തേക്ക്.

അപ്പോൾ,

ഇനി മിടിക്കാമല്ലോ എന്നു പറഞ്ഞ് ലോകത്തെ ഘടികാരങ്ങളെല്ലാം

പ്രേമം പ്രേമം എന്ന് 

പഴയതുപോലെ വീണ്ടും മിടിച്ചു തുടങ്ങി

രണ്ടു വാക്കുകൾ

എല്ലാ മനുഷ്യരും ലോകത്തോട് പറയുന്നു 

'എന്നെ സ്നേഹിക്കൂ' എന്ന്.

നിശബ്ദമായി, എന്നാൽ ഉച്ചത്തിലും

ആളുകൾ ജീവിതമുടനീളം 

ഇതുതന്നെ പറയുന്നു.

ആരും കേൾക്കുന്നില്ലെങ്കിലും 

എല്ലാവരും ഇത് ഉരുവിടുന്നു.

ഒരർത്ഥത്തിൽ ,

ഓരോ മനുഷ്യനും 

യാചന നിറഞ്ഞ രണ്ടു വാക്കുകളാണ്.

മനുഷ്യൻ എന്നായിരുന്നില്ല 

'എന്നെ സ്നേഹിക്കൂ' എന്നായിരുന്നു

മനുഷ്യന് ഇടേണ്ടിയിരുന്ന പേര്.


 മനുഷ്യർ 

എഴുതിക്കൂട്ടുന്ന കവിതകൾക്ക് 

നെടുങ്കൻ പ്രഭാഷണങ്ങൾക്ക് ലേഖനങ്ങൾക്ക്,അറുന്നൂറിൽപ്പരം

പുറങ്ങളുള്ള നോവലുകൾക്ക് കഥാസമാഹാരങ്ങൾക്ക് 

ലോകം മുഴുവനുമുള്ള 

ഗ്രന്ഥപ്പുരകളിലെ ഗ്രന്ഥങ്ങൾക്ക്

നൂറ്റാണ്ടുകളോളം കേട്ടാലും 

തീരാത്ത പാട്ടുകൾക്ക് 

കണ്ടുതീരാത്ത സിനിമകൾക്ക്

നാടകങ്ങൾക്ക് 

മറ്റ് എന്ത് അർത്ഥമാണുള്ളത്?

എന്നെ സ്നേഹിക്കൂ

എന്നെ സ്നേഹിക്കൂ എന്ന

പല സ്ഥായികളിലുള്ള

അർത്ഥനകളല്ലേ 

വിലാപങ്ങളല്ലേ അവയെല്ലാം?


നമ്മുടെ സെൽഫികൾ

നമ്മുടെ ഉടുത്തൊരുങ്ങലുകൾ

നമ്മുടെ യാത്രകൾ

യാത്രകളിൽ നമ്മൾ പ്രദർശിപ്പിക്കുന്ന നമ്മുടെ വാഹനങ്ങൾ

നമ്മുടെ സുഗന്ധങ്ങൾ

രുചിയുടെ മാന്ത്രികപ്പെരുമകൾ

നമ്മുടെ നൃത്തച്ചുവടുകൾ

എല്ലാം ആ രണ്ടു വാക്കുകളുടെ 

കള്ളക്കടത്തിന് നാം

തെരഞ്ഞെടുത്ത മാർഗ്ഗങ്ങൾ മാത്രമല്ലേ?


അത്ര ലളിതമായ ഒരു വിനിമയത്തെ

സർഗ്ഗാത്മകത കൊണ്ട്

സങ്കീർണമാക്കിത്തീർക്കുവാനുള്ള

അനഭിലഷണീയവും

അനിയന്ത്രിതവുമായ  ഇച്ഛയുടെ

രക്തസാക്ഷിത്വത്തിൽ നിന്ന്

ചിലപ്പോഴെങ്കിലും

ചിലർ രക്ഷപ്പെടുന്നു.


ചിലരാവട്ടെ

ജീവിതം മുഴുവൻ 

തൊണ്ടക്കുഴിയിൽ

ഈ രണ്ടു വാക്കുകളെ

ഒളിച്ചുവെക്കുന്നു.

മറ്റെല്ലാം പറയുന്നു,

ഇതുമാത്രം

ശബ്ദപ്പെടുത്താതെ പോകുന്നു.

ആരോടും വെളിപ്പെടുത്താതെ 

എന്നാൽ വെളിപ്പെടുത്താൻ അത്യാശയുണ്ടായിരുന്ന 

ആ രണ്ടു വാക്കുകളുമായി

മരിച്ചുപോകുന്നു .


അല്ലെങ്കിലും,

നമ്മുടെ തൊണ്ടക്കുഴിയിൽ കുഴിച്ചിട്ട

ആ രണ്ടു വാക്കുകൾ

ആരും കണ്ടെത്താതെ

ആരും സ്വീകരിക്കാതെ

ജീവിക്കുന്നതിന്

മരിച്ചുകൊണ്ടിരിക്കുക

എന്നു തന്നെയാവില്ലേ  അർത്ഥം?

ശില്പം

 നിൽക്കുന്നവളേ,

അനന്തകാലങ്ങളായി

ഒരേ നിൽപ്പ് നിൽക്കും 

നിൻറെ കാൽച്ചുവട്ടിൽ 

ഒരു വള്ളിച്ചെടിയായി 

ഞാൻ മുളച്ചു. 

നിൻറെ കാലടികളെ മുത്തി 

കാൽത്തണ്ടുകളെ ചുറ്റി 

ഇലകളാൽ പൊതിഞ്ഞ് 

മുകളിലേക്ക് കയറി 

മുട്ടുകളിലും തുടകളിലും ചുംബിച്ച് 

ആവേശത്തോടെ വളർന്നു.

നിതംബത്തിലും യോനിയിലും ചുറ്റിപ്പടർന്ന് മത്തുപിടിച്ച് 

എൻറെ തളിരിലകൾ ആടി 

നിൻറെ അംഗവടിവിനു 

കോട്ടം തട്ടാത്ത വിധം 

വയറും മുലകളും പൊതിഞ്ഞു.

നിന്റെ മുലകൾ 

രഹസ്യമായി തന്ന പാല് കുടിച്ച് 

ഞാൻ പിന്നെയും വളർന്നു 

കഴുത്ത് കടന്ന് ശിരസ്സ് പൊതിഞ്ഞ് 

കാറ്റിൽ പറക്കുന്ന  മുടികളിൽ

നിറയെ സുഗന്ധമുള്ള 

വെളുത്ത പൂവുകൾ നിറച്ചു 

മേഘങ്ങൾ തഴുകിപ്പോകുന്ന 

ആ ഉയരത്തിൽ നിന്ന് 

നീ ആദ്യമായി കണ്ണുതുറന്നു 

ചുണ്ടുകളിൽ ഞാനൊരു തളിരിലയാൽ ചുംബിച്ചു

കാലങ്ങളുടെ കാത്തിരിപ്പ് സഫലമായെന്ന് 

തോന്നിപ്പിച്ച് 

നിൻറെ കണ്ണുകൾ നിറഞ്ഞു


പ്രണയം കുടിച്ച് ഞാൻ കൂടുതൽ പച്ചച്ചു നിൻറെ മുലകളിലും നാഭിയിലും 

വെളുത്ത പൂങ്കുലകൾ  പുറപ്പെടുവിച്ച്

നിന്നെ സുഗന്ധപൂരിതയാക്കി 

രാത്രിയിൽ ആകാശത്തു നിന്ന് 

രണ്ടു നക്ഷത്രങ്ങളെ പറിച്ചെടുത്ത്  

കൈകളിൽ വച്ചുതന്നു. 

നമുക്ക് ചുറ്റുമുള്ള സമതലങ്ങളിൽ

ഇരുട്ടിൽ മയങ്ങിക്കിടക്കുന്ന 

ധാന്യവയലുകളിലേക്ക് 

പ്രണയത്തിന്റെ ഒരു പ്രകാശക്കടൽ 

നിന്റെ കൈകളിൽനിന്നോ 

ചുണ്ടുകളിൽ നിന്നോ 

ഇപ്പോൾ ഇറങ്ങിവന്നു 


നിന്നെ പൊതിഞ്ഞുവെച്ച എന്റെ ഇലകൾ  

ആഹ്ലാദത്തിന് മറ്റൊരു രൂപകമില്ലെന്ന്

രാവു മുഴുവൻ 

കാറ്റത്ത് കിലുകിലാ ചിരിച്ചു

രതി

ഇടുപ്പുകൾ ഘടിപ്പിച്ച് 

എൻ്റെ പങ്കാളി  

മുകളിലിരുന്ന് ആടിക്കൊണ്ടിരിക്കുന്നു.

ഞാൻ ഇപ്പോൾ ഒരു ശവത്തെപ്പോലെ കിടക്കുകയാണ്.

 ഒരു തുള്ളി രേതസ്സ് പോലും വിട്ടുകൊടുക്കാതിരിക്കാൻ 

ശരീരത്തെ ശവമാക്കി 

ഓർമ്മകളുടെ കാട്ടിലേക്ക് 

ഇറങ്ങിപ്പോവുകയാണ്.

അവളിപ്പോൾ എൻറെ ഇടുപ്പിൽ 

ഭ്രമണം ചെയ്യുന്ന ഭൂമി.

സമുദ്രങ്ങൾ ഏന്തുന്ന ഭൂമി.

ഞാൻ,ഫാസ്റ്റ് ഫോർവേഡടിച്ച ഒരു ചലച്ചിത്രം .

കാടുകൾ,കെട്ടിടങ്ങൾ,ആളുകൾ സംഭാഷണങ്ങൾ 

എല്ലാം ഓടിമറയുന്നു.

ഒരു ലാറ്റിനമേരിക്കൻ 

മദ്യ വില്പനശാലയിലോ

ആസ്ട്രേലിയൻ മരുഭൂമിയിലോ

ഒരു കൊറിയൻ തെരുവിലോ 

ഞാൻ മദ്യപിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നു.

ഞാൻ മരിച്ചു പോകുന്നു. 

ഏതോ പൂന്തോട്ടത്തിൽ 

ഞാൻ മുളച്ചു വരുന്നു.

മാനുകളും ശലഭങ്ങളും പറക്കുന്നു. 

എന്റെ ഇടുപ്പിൽ 

ഒരു വസന്തം ഭ്രമണം ചെയ്യുന്നു.

പരിചിത ശിരസ്സുകളെ അലിയിപ്പിച്ച്

ജലസ്ഫടികത ഒഴുകുന്നു. 

അനേകം മുഖങ്ങളിലൂടെ ഒരു നദി ഒഴുകിപ്പോകുന്നു. 

ആഴങ്ങളും പർവ്വതങ്ങളും 

നമുക്കുള്ളിൽ തന്നെയെന്ന് 

അവൾ എൻറെ ചെവിയിൽ 

പിറുപിറുക്കുന്നുണ്ട്.

എൻ്റെ ഉടൽ ഒരു ഡിൽഡോ;

അവളുടെ ചിറകുകൾ വീണ്ടെടുക്കാനുള്ള മാജിക് ബാറ്റൺ.

കൂടിക്കൂടി വരുന്ന നിന്റെ കിതപ്പ്.

അതിലേക്ക്,അതിൻറെ അഴിഞ്ഞ മുടിയിലേക്ക് 

ഇരുണ്ടുവരുന്ന രാത്രികൾ,

വെള്ളച്ചാട്ടങ്ങൾ, നിഗൂഢശീതളതകൾ,

പായലും പന്നലും പിടിച്ച പാറപ്പുറങ്ങൾ.

നെഞ്ചിൽ, 

അവളുടെ ചുണ്ടുകൾ കണ്ടുപിടിക്കുന്ന എൻറെ മുലക്കണ്ണുകൾ.


ഞാൻ,എന്നെ തടവിലിട്ടിരിക്കുന്ന ശവം.

ഭൂതകാലങ്ങളുടെ ഇരുണ്ട ഗുഹകളിൽ ഞാൻ അന്ധനായി നടക്കുന്നു.

ഗുഹാഭിത്തികളിൽ 

ചേറുപറ്റിയ എൻറെ കൈകൾ ,

ജന്തുക്കൾ ഗുഹകളിൽ പാർപ്പിച്ച ചൂര്.


ഒറ്റ കൊലമഴയിലൂടെ ഭൂപടത്തിലെ

മുഴുവൻ നദികളും നിറഞ്ഞുണരുന്നത് പോലെ,

ഒറ്റ ഇടിമിന്നൽ അനേകം വേരറ്റങ്ങളുമായി സംക്രമിക്കുന്നത് പോലെ 

ഞാൻ ഉണരുന്നു. 

തുറന്നുവെച്ച പുസ്തകം പോലുള്ള അവളുടെ പകുത്ത മുടിയിൽ 

ചുണ്ടുകൾ അമർത്തിവെച്ച് 

ഞാൻ എന്നെ കുതിരയാക്കുന്നു.

രണ്ടു കൈകളിലും വലിച്ചുപിടിച്ചിരിക്കുന്ന 

അവളുടെ മുടികളിലൂന്നി ഞാൻ കുതിക്കുന്നു. 

തുറന്നു വച്ച അവളുടെ പുസ്തകം 

ഞാൻ രണ്ടായി കീറുന്നു 

അതിൻറെ താളുകൾ 

തുമ്പികളോ

വെയിൽ നാളികളോ ആയി 

പറന്നു മങ്ങുന്നു.

മാജിക് മഷ്റൂം

ചാറ്റ് ബോക്സിൽ

ഞാനും അവളും പ്രണയികൾ.

ഞങ്ങൾക്കൊന്ന് തൊടണമെന്നുണ്ട്


ചാറ്റ് ബോക്സിൽ

അവൾ ഒരു വാക്കു വെക്കുന്നു

ഞാനും ഒരു വാക്കു വെക്കുന്നു. 


പൊടുന്നനെ

എൻ്റെയും  അവളുടെയും വാക്കുകൾ

രണ്ടു വിരലുകളായി 

പരിണമിച്ച്

പരസ്പരം തൊടുന്നു.


ഒരു വിരൽ മറ്റേ വിരലിനെ

ആശ്വസിപ്പിക്കുന്നു

സ്നേഹിക്കുന്നു

ചൂടും തണുപ്പും

കൈമാറുന്നു.


ഇൻബോക്സിൽ

വീണ്ടും വീണ്ടും

അവൾവിരലുകൾ

അവയെ അപ്പപ്പോൾ തൊടുന്ന

എൻ്റെ വാക്കുകളുടെ

പ്രണയവിരലുകൾ


എല്ലാ വാക്കുകളെയും

വിരലുകളാക്കുന്ന

മാജിക് മഷ്റൂം

ആരുടെ ഹൃദയത്തിൽ നിന്നാണ്

കണ്ടെടുത്തതെന്ന് മാത്രം

ഞങ്ങൾക്കിപ്പോൾ 

ഓർമ്മയില്ല

രത്നഖനി


☀️

ഇന്നത്തെ പാതിരാവിൽ 

എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ

നീ ഒഴുകിയൊഴുകിവരണം


എൻ്റെ കൂടെ ശയിക്കണം


ഉമ്മകളുടെ ആയിരം റോസാപ്പൂവുകൾ പറിച്ചെടുക്കണം


നിൻ്റെ മാറിടങ്ങൾ തുറന്നിട്ട ,

വെണ്ണിലാവിൽ

അനന്തകാലങ്ങളോളം 

എനിക്ക് ഘനീഭവിച്ചു കിടക്കണം


പെൺകുട്ടികൾ തുടകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ആ രത്നം

ഇന്നു രാത്രി ഞാൻ നിന്നിൽ നിന്ന് കണ്ടെത്തും


ഒരു സമയം ഒരു രത്നം മാത്രം കുഴിച്ചെടുക്കാൻ അനുവദിക്കുന്ന

ഒരു രത്നഖനിയാണ് നീയെന്ന്

എന്നോട് നീ വാദിച്ചുകൊണ്ടിരിക്കും


പുലർച്ചയ്ക്ക്, വാടിയ പൂക്കൾക്കിടയിൽ നിന്ന് നിലാവിലേക്ക് ഒരു കാറ്റ് തിരിച്ചു പറക്കും


അതിനു ശേഷം നെഞ്ചിൻകൂട്ടിൽ നിന്ന് 

എൻ്റെ ഒരേയൊരു ഹൃദയം

നഷ്ടപ്പെട്ടതായി ഞാൻ തിരിച്ചറിയും

ലഹരി

 

💋


എനിക്ക് നീ ഒരു പൂന്തോട്ടമാണ്


നിന്നെ കാണുമ്പോൾ ഹൃദയം ഒരു ശലഭം പോലെ ഇളകിപ്പറക്കുന്നു


നിൻ്റെ പൂക്കളിലെല്ലാം അത് തേൻ കുടിച്ച് മയങ്ങുന്നു


ഒരു ആനന്ദക്കാറ്റ് മാത്രം അലയടിക്കുന്നു


ലോകത്തെ ഞാൻ മറന്നു കഴിഞ്ഞു


ജീവിതത്തിന് മരണം എന്നുകൂടി അർത്ഥമുണ്ടെന്ന്

ഈ ലഹരിയുടെ തോട്ടം 

എന്നോട് പറയുന്നു.

❤️

എൻ്റെ ഹൃദയം അതിൻ്റെ ഏറ്റവും അന്തസ്സുറ്റ മരണം തെരഞ്ഞെടുത്തിരിക്കുന്നു

ചാറ്റ് വിൻഡോ ഒരു നദിയാണ്

പ്രണയിക്കുമ്പോൾ

ചാറ്റ് വിൻഡോ ഒരു നദിയാണ് 

പൂക്കളും പഴങ്ങളും ശലഭങ്ങളും

ചുണ്ടുകളും ചുംബനങ്ങളും ഹൃദയങ്ങളും

വാക്കുകളുടെ നിലയ്ക്കാത്ത ജലവും

അതിലൂടെ ഒഴുകിപ്പോകുന്നു.

വികാരങ്ങളുടെ പക്ഷിക്കൂട്ടം

അതിനുമുകളിലൂടെ ഒഴുകിപ്പോകുന്നു.


വിദൂരസ്ഥയായ എൻറെ കാമുകീ,

വാക്കുകളില്ലായിരുന്നെങ്കിൽ 

മനുഷ്യർ എന്ത് ചെയ്യുമായിരുന്നു എന്ന്

ഞാനിപ്പോൾ അത്ഭുതപ്പെടുന്നു


നിന്നിൽ ജീവിക്കുന്ന എന്നെ എനിക്ക് എന്നേക്കാൾ ഇഷ്ടമാണ്.

പരസ്പരമുള്ള ഈ ഇഷ്ടമറിയിക്കാൻ

എത്ര വാക്കുകളുടെ പൂവുകളും

ഫലങ്ങളും ആണ് നാം ഈ നദിയിലേക്ക്

പറിച്ചെറിയുന്നത് !

എത്രതന്നെ പറിച്ചെറിഞ്ഞിട്ടും 

നമുക്ക് മതിയാകുന്നില്ല 

പുതിയ പുതിയ പൂക്കൾക്കും പഴങ്ങൾക്കുമായി 

ചില്ലകളിലേക്ക് നിരന്തരം കയ്യെത്തിച്ചുകൊണ്ടിരിക്കുകയല്ലേ നമ്മൾ.


ഇടയ്ക്കെല്ലാം ഉമ്മകളുടെ കടവിലേക്ക് ഞാൻ തുഴഞ്ഞു പോകുന്നു 

പൂക്കൾ പറിക്കുന്ന മെഴുകുശില്പം പോലെ 

നീ അക്കരെനിൽക്കുന്നു 

അവിടെയുള്ള ഹരിതരാശിയിലാകെ

അനുനിമിഷം ജനിക്കുന്ന പൂക്കളുടെ 

മാലബൾബുകൾ മിന്നുന്നു 

വലിച്ചുകെട്ടിയ നീലാകാശത്ത്

നക്ഷത്രങ്ങൾ മിന്നിത്തുടങ്ങുമ്പോൾ

കൈകൾ കൂട്ടിപ്പിടിച്ച് നഗ്നരായി 

നാം ഈ നദിയിലൂടെ ഒഴുകിപ്പോകുന്നു.

ഡിസംബർ

 


ഡിസംബർ,

അവസാനത്തെ മാസമേ 

അവസാനത്തെ ദിവസം പോലെ

അവസാനത്തെ നിമിഷം പോലെ

അവസാനത്തെ ശ്വാസം പോലെ

നീ എന്തിനാണ് ഈ മരണത്തിൻ്റെ

തണുപ്പണിയുന്നത്?

നിശ്ശബ്ദമായിരിക്കുന്നത്?

ഇലകളെ ഉപേക്ഷിക്കുന്നത്?


വൈകുന്നേരങ്ങളുടെ വാൻഗോഗ് മരത്തലപ്പുകൾക്കും പാടങ്ങൾക്കും കുന്നുകൾക്കും മഞ്ഞച്ചായമടിക്കുന്നതിനിടയിലുടെ എൻ്റെ ബസ്സ് കടന്നുപോകുന്നു.

ഡിസംബർ, 

നീ  രക്തം വറ്റിയ കവിളുമായി മഞ്ഞുകുപ്പായമിട്ട് നിൽക്കുന്നു.

തണുപ്പിൻ്റെ ഞരമ്പുകളിലൂടെ പ്രണയത്തിൻ്റെ മഴവില്ലുകൾ ഒഴുകിപ്പോവുന്നു

മേഘങ്ങൾക്കിടയിൽ നിന്ന് പാപ്പ

ഒഴിഞ്ഞ ആകാശത്ത് 

നക്ഷത്രങ്ങൾ തൂക്കുന്നു


ഡിസംബർ ,

നീ ഒന്നും മിണ്ടുന്നില്ല

ഇല പൊഴിക്കുന്നു

വിദൂരമഞ്ഞിൽ 

പ്രണയത്തേയും കാമുകിമാരെയും വരയ്ക്കുന്നു.

ഡിസംബർ,

നീ എന്നെ കരയിക്കുന്നു '

ചിലപ്പോൾ മനുഷ്യൻ

 


നന്നായി വിയർത്ത ദിവസങ്ങളിൽ

അയാൾ സ്വന്തം കക്ഷങ്ങൾ മണത്തു നിറയെ രോമങ്ങൾ ഉള്ള ആ കുഴികളിൽ

അയാൾ കിടന്നുറങ്ങാൻ കൊതിച്ചു.

സ്വന്തം കക്ഷങ്ങളെ സ്നേഹിക്കുന്ന ആദ്യത്തെ മനുഷ്യനാണോ അയാൾ എന്ന് അയാൾ സംശയിച്ചു 

സ്വന്തം കക്ഷങ്ങളെ പ്രേമിക്കുന്നത് 

ഒരു ക്രിമിനൽ കുറ്റമൊന്നുമാവില്ല

എങ്കിലും മറ്റൊരാളോട് അത് പറയുന്നത് ആലോചിക്കാനായില്ല 

സ്വന്തം കക്ഷങ്ങളെ പ്രേമിക്കുന്നതിനേക്കാൾ നിഗൂഢമായ

മറ്റൊരു പ്രേമം ഉണ്ടാവില്ല 

അയാൾ കക്ഷങ്ങളിൽ തലോടി മണത്തു രാത്രികളിൽ വിടരുന്ന ഏതോ പൂക്കളുടെ മദഗന്ധമാണതിന് 

ഒരാൾക്ക് സ്വയം സ്നേഹിക്കാനല്ലാതെ എന്തിനാണ് സുഗന്ധം പൊട്ടിവിരിയുന്ന

ഈ രോമക്കുഴികൾ 

മറ്റെല്ലാം മറന്ന് അയാൾ അയാളുടെ കക്ഷങ്ങളിലേക്ക് ചുരുണ്ടു.

മദിപ്പിക്കുന്ന,

ആ കറുത്ത കാടിൻറെ ഗന്ധത്തിൽ

അയാൾ മയങ്ങി

സ്വർണ്ണം


 ഇല പൊഴിയൻ മരങ്ങൾ 

ഡിസംബർ സന്ധ്യയുടെ രക്തത്തിൽ

കൈമുക്കിനിൽക്കുന്നു.

കൊറ്റികളുടെ സമാധാനസംഘം

സൂര്യനുമപ്പുറം ഒരു കടലുണ്ടെന്ന് 

ഉറച്ചുവിശ്വസിച്ചു പറക്കുന്നു.

ജനൽ പിടിച്ചു പറക്കുന്ന 

അമ്മമാരുടെ വ്യോമപാതയിൽ 

വെളുത്ത പഞ്ഞിക്കിടക്കകൾ അഴിച്ചിട്ടിരിക്കുന്നു 


വീടുകളിൽ ചാരിവച്ച പ്രണയങ്ങൾ മേൽക്കൂരകളിൽ കായ്ച്ചുകിടക്കുന്ന

നക്ഷത്രങ്ങൾ പൊതിഞ്ഞു പിടിക്കാൻ 

ഒരു ഇലക്കൈ നീട്ടുന്നു 


വ്യാളീമുഖമുള്ള നിലാവ് 

ദിക്കുകളെ കീറി 

സമയമായോ എന്ന് പാളി നോക്കുന്നു. 


ലോകം മുഴുവൻ,

ഇലകൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്ന

ഭൂമിയുടെ അന്തരീക്ഷം മുഴുവൻ,

സ്വർണ്ണനിറമുള്ള 

നിലം തൊടാത്ത ഇലകൾ നിറഞ്ഞിരിക്കുന്നു.


മനുഷ്യനും നായയും ഒരു ഉപന്യാസം

 


കൊറോണ കുത്തിമറിച്ചിട്ട രാത്രിയിൽ വേദന കടിച്ചമർത്തി കിടക്കുമ്പോൾ ദൂരദിക്കിൽ നിന്ന് പട്ടികളുടെ ഒച്ചപ്പാട് എന്തോ പൊതുവേ നിശബ്ദമായ ഈ രാത്രിയിലെ 

പട്ടികളുടെ വിദൂരമായ ഒച്ചപ്പാട് 

ന്യൂസ് ചാനൽ തർക്കങ്ങളെയും സോഷ്യൽ മീഡിയ ഭക്തജനങ്ങളെയും 

ഓർമിപ്പിച്ചു.

ആദിമ മനുഷ്യൻറെ ആജ്ഞാനുവർത്തിയായി 

കടന്നുവന്ന ഈ ജന്തു 

മനുഷ്യ ജീവിതങ്ങളെ മാറ്റിമറിച്ചതോർത്ത് ഞാൻ വിസ്മയിച്ചു. 

ആദിമൻ 

എവിടെയും ഇരിപ്പുറപ്പിച്ചില്ല 

അയാൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു നായയാണ് അയാളോട് 

ബൗണ്ടറി എന്ന ആശയം 

ആദ്യമായി അവതരിപ്പിക്കുന്നത്.


എല്ലാ നായ്ക്കളും ഒരു ബൗണ്ടറിയുമായാണ് ജനിച്ചു വീഴുന്നത്.

ബൗണ്ടറികൾ കടക്കുന്നുണ്ടോ എന്ന

നിരന്തരമായ തർക്കവും നിരീക്ഷണവുമാണ് എല്ലാ നായ്ക്കളുടെയും ജീവിതം.

സത്യത്തിൽ

ഈ ബൗണ്ടറി എന്ന ആശയം ഇല്ലായിരുന്നെങ്കിൽ 

നായ്ക്കളുടെ ജീവിതം വിരസമായേനെ.


ഇപ്പോൾ 

നാം നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുന്നത് 

എന്താണ്? 

മതത്തിന്റെ ബൗണ്ടറി

രാഷ്ട്രീയത്തിന്റെ ബൗണ്ടറി

ദേശത്തിന്റെ ബൗണ്ടറി 

ലിംഗഭേദത്തിന്റെ ബൗണ്ടറി

എന്തിന്,

വീടിന്റെയും പറമ്പിന്റെയും ബൗണ്ടറി അവയെക്കുറിച്ചുള്ള നിരന്തരമായ ഒച്ചപ്പാടാണ്..

ഒരു പാർട്ടിയും 

എതിർ പാർട്ടിയിൽ നിന്നും 

ഒന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല

ഒന്നും കൊടുക്കാനും ഉദ്ദേശിക്കുന്നില്ല

പ്രൈംചർച്ചയിലെ ഒരു വക്താവും 

ഒരു തെറ്റും ബോധ്യപ്പെട്ടാലും അംഗീകരിക്കുകയില്ല 

കാരണം ഇവിടെ ലക്ഷ്യം ഒന്നേയുള്ളൂ

എത്ര കുപ്പ നിറഞ്ഞതാണെങ്കിലും 

ഓരോ ബൗണ്ടറിയും സംരക്ഷിക്കുവാൻ ദൃഢപ്രതിജ്ഞ എടുത്തവരാണവർ നേതാവിന്റെ ബൗണ്ടറി കാക്കുന്ന 

ഭക്തജനസംഘം 

മതവിശ്വാസങ്ങളുടെ  ബൗണ്ടറി കാക്കുന്ന കോമഡി സംഘം 


എല്ലാ മനുഷ്യരും 

നിരന്തരമായി ഒച്ച വെച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നിന്ന് 

ഒരു മിനിട്ട് കണ്ണെടുത്ത് 

ഏതെങ്കിലും ഒരു നായയെ നോക്കൂ...

ആരാധിക്കാൻ തോന്നുന്നില്ലേ ;

അത് മനുഷ്യചരിത്രത്തിന് നൽകിയ സംഭാവനയോർത്ത്..


ഒരു ബൗണ്ടറിയും തകർക്കപ്പെട്ടിട്ടല്ല,

ഇപ്പോൾ, ഇപ്പോൾത്തന്നെ തകർക്കപ്പെടുമെന്ന തോന്നൽ 

നിരന്തരം ഉത്പാദിപ്പിക്കണം

ഇല്ലെങ്കിൽ പൊളിറ്റിക്സ് ഇല്ല 

ഇല്ലെങ്കിൽ എൻജോയ്മെൻറ് ഇല്ല ഇല്ലെങ്കിൽ ലൈേഫേ ഇല്ല.


🔸🔸🔸



പൊടി

  


ഞാൻ പ്രമീളയെ സ്നേഹിച്ചിട്ടില്ല 

പ്രമീള എന്നെയും സ്നേഹിച്ചിട്ടില്ല 

പക്ഷേ ഞങ്ങൾക്കിടയിൽ 

ഉറപ്പായും ഒരു പ്രണയമുണ്ടായിരുന്നു ഞങ്ങൾ അത് കണ്ടതേയില്ല 

കണ്ടവർ പറഞ്ഞുമില്ല 

ഞങ്ങൾ കാണാത്ത 

ഞങ്ങൾ അറിയാത്ത 

ഞങ്ങളുടെ പ്രണയം 

ഞങ്ങളെ കാത്ത് 

ഏഴായിരം വർഷങ്ങൾ 

ഒരു മരക്കൊമ്പിലിരുന്ന്

 ഏഴായിരം  വർഷങ്ങൾ 

ഒരു മലമുകളിലിരുന്ന്

ഏഴായിരം വർഷങ്ങൾ 

ഒരു വഴിവക്കിലിരുന്ന് 

പോക്കുവരവുകളുടെ തിരയടിച്ച്

പൊടിഞ്ഞു പോയി.

തിരിച്ചെടുക്കാനാവാത്ത 

തിരിച്ചു കൂടിച്ചേരാത്ത 

ഞങ്ങളുടെ പ്രേമത്തിന്റെ പൊടി 

ഈ ലോകം മുഴുവൻ 

പറന്നു നടക്കുന്നു.

അതിലൊരു പൊടിയെ 

എന്നെങ്കിലും കണ്ട് 

ഇതെന്റെ ആരോ ആണോ എന്ന് രണ്ടിടങ്ങളിൽ 

ഞാനും പ്രമീളയും 

സംശയിച്ചു നിൽക്കുന്നു 

ഞങ്ങളുടെ പ്രേമത്തിന് 

ആ കഥ പറയണമെന്നുണ്ട്.

അതിന് മിണ്ടാനാവില്ലല്ലോ 

ഞങ്ങൾക്കത് 

ആരു പറഞ്ഞുതരാനാണ് ;

ദുഃഖത്തിന്റെ വെള്ളച്ചാട്ടങ്ങൾ 

തുറന്നുവിടുന്ന ആ കഥ ...?

കോടക്കടൽ

  


നട്ടുച്ചയെ ഇരുട്ടാക്കാൻ 

എവിടെനിന്നോ ഇറങ്ങിവന്നു 

ഒരു കോടക്കടൽ 

ആഭ്യന്തര കലാപത്തിൽ 

ഒളിച്ചോടിയ പ്രസിഡണ്ടിനെ ഓർമിപ്പിച്ച് സൂര്യൻ ഇരുട്ടിൽ മറഞ്ഞു 

ദാരുണമായതെന്തോ 

സംഭവിക്കാൻ പോവുകയാണെന്ന മട്ടിൽ മരങ്ങളിൽ ഇലകൾ അനങ്ങാതെ നിന്നു.

പക്ഷികൾ പാട്ട് നിർത്തി.

നേരിയ ചാറ്റൽ മഴയും തണുപ്പും മാത്രം എല്ലാ വീടുകളുടെയും 

വാതിലിലും ജനലിലും മുട്ടി.

യുദ്ധഭൂമിയിലേക്ക് വരുന്ന 

ഏതോ പ്രമുഖരാജ്യത്തിൻറെ സൈന്യം പോലെ 

കോടയ്ക്ക് കനം വെച്ചു.

വീടുകളും മരങ്ങളും ആളുകളും 

അതിൽ പൊടിഞ്ഞു പൊടിഞ്ഞു ചേർന്നു.

ദൂരങ്ങളെ തിന്ന് അത് എന്നെ ചുറ്റി നിൽക്കുന്നു.

തിന്നാനോ കൊല്ലാനോ ഭാവമെന്ന് 

വെളിപ്പെടുത്തുന്നില്ല.

അത് ലോകത്തെ ക്ഷണനേരത്താൽ

മായ്ച്ച രാക്ഷസാകാരമുള്ള മന്ത്രവാദി.

കൈകളിലിരുത്തി 

അതെന്നെ കൊണ്ടുപോകുന്നത്

എൻറെ വീട്ടിലേക്ക് തന്നെയാവുമോ?

മരങ്ങളും പക്ഷികളും മനുഷ്യരും ലയിച്ച അതിൻറെ കട്ടിത്തിരയിൽ 

ഞാനെൻറെ മുഖം ചേർത്തു.


എൻ്റെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ 

ക്ഷേത്രഗോപുരങ്ങളിൽ നിന്ന്

ഇറങ്ങി വന്ന 

ആയിരക്കണക്കിന് ശില്പങ്ങൾ നടന്നു പോവുന്ന

പ്രാചീനവും ഇരുണ്ടതുമായ ഒരു തമിഴ്ത്തെരുവ്,

എൻ്റെ കവിളിൽ

ഈർപ്പം നിറഞ്ഞ ഒരു ശ്വാസം.

മോഹനിദ്ര

 


മഴശേഷമുള്ള രാത്രിയുടെ

ഗർഭപാത്രത്തിൽ

ഇലകൾ ഒട്ടിയിരിക്കുന്ന കാട് -

നനഞ്ഞ മുടിയുള്ള കുഞ്ഞ്.


ഇരുട്ടിൻ്റെ അംനിയോട്ടിക് ദ്രവം

കുത്തിയൊലിക്കുന്ന 

ചീവീടൊച്ചയുടെ വഴിവെളിച്ചം


വളഞ്ഞുപുളഞ്ഞു കെട്ടുപിണഞ്ഞ

വഴി അഴിഞ്ഞുകിടക്കുന്നു

അതിലൊരിടത്ത് ഏകാകിയായ

തേക്കുമരത്തിനരികിൽ

ഒരു കടുവ ആകാശത്തെ നോക്കി

വിസ്മയിച്ചിരിക്കുന്നു.


മേഘങ്ങൾ മുലമൂടി നീക്കി

ഒരു മുഴുതിങ്കളിനെ കാട്ടുന്നു.

ഇപ്പോൾ പണിതീർത്ത

രൂപലാവണ്യമുള്ള ചിറകുകൾ കാട്ടി

കടവാതിലുകൾ പല ദിശയിൽ പറന്ന്

ആകാശത്തെയും ഭൂമിയെയും കൊതിപ്പിക്കുന്നു.


കടുവ മിന്നാമിനുങ്ങുകളുടെ ഉടുപ്പിട്ട് നക്ഷത്രങ്ങളിലേക്ക് നടക്കുന്നു.


മഴശേഷമുള്ള രാത്രിയുടെ ഗർഭപാത്രത്തിൽ തണുപ്പിൻ്റെ മുട്ടകൾ വിരിയുന്നു.

എല്ലാ മരങ്ങളിലും ഇഴഞ്ഞു കയറുന്നു.

തുഞ്ചത്തെത്തി വജ്രക്കണ്ണുകളും ഇരട്ടനാക്കുകളും കൊണ്ട്

ആകാശത്തെ തൊടുന്നു.

വേഗം കൂടിയ ഭ്രമണം കൈവരിച്ച്

ലോകം മോഹനിദ്രയിലേക്ക് മറിയുന്നു.

ഗുഹകൾ

 


ഗ്രാമത്തിലെ കണ്ണെത്തുമതിരുകളിലെല്ലാം 

വലിയ മലകളുണ്ടെന്നും

അവയിലെല്ലാം വലിയ ഗുഹകളുണ്ടെന്നും

ഇന്നു രാവിലെ എനിക്കു തോന്നുന്നു.

എന്റെ തോന്നലുകൾ തെറ്റാറില്ല.


പ്രാചീന ലിപികളും ചിത്രങ്ങളുമുള്ള

ഇരുണ്ട ഗുഹകൾ,

ആളനക്കമില്ലാത്ത ഗുഹകൾ.

അവ ,മനുഷ്യരെ ആഗ്രഹിക്കുന്നു.


തുറന്നു പിടിച്ച അവയുടെ വായിൽ നിന്ന്

പരക്കുന്ന നിരാശ,

എന്നെത്തന്നെ നോക്കുന്ന അവയുടെ നോട്ടം.

എത്രയോ ജീവിതം കണ്ട ചുളിഞ്ഞ നെറ്റിക്കു താഴെ നിന്ന് പുറപ്പെടുന്ന നോട്ടം

ജനലുകൾ കടന്ന് വരുന്നുണ്ട്.


നമ്മൾ(ആണും പെണ്ണും ) ഗുഹകൾ തിരഞ്ഞു പോവുന്നതെന്തിനാണ്?

നമ്മുടെ തന്നെ കാലങ്ങൾ 

നമ്മൾ അവിടെ മറന്നുവെച്ചിട്ടുണ്ടെന്ന് നമുക്കറിയാം.

ആ നിഗൂഡത നമുക്കെപ്പോഴോ വെളിപ്പെടുന്നുണ്ട്.

ഇണയെ കൂട്ടി നാമവിടെ പോയി നോക്കുന്നു.

അവിടെ മുഴുവൻ പരതി

ഒരു തുമ്പും കിട്ടിയില്ലെങ്കിലും

നമ്മുടെ ഉള്ളിലെ കുറ്റാന്വേഷക/കൻ

ആ ഫയൽ മറ്റൊരിക്കൽ തുറന്നുനോക്കാനായി

പൂട്ടിവെക്കുന്നു.


നമ്മൾ (ആണും പെണ്ണും )

മറന്നു വെച്ചിട്ടുള്ള ആ താക്കോൽ

ഏത് മലമുകളിലാണെന്ന് നമുക്കറിയില്ല.

അതിനല്ലെങ്കിൽ, എന്തിനാണ് കഷ്ടപ്പെട്ട്

നമ്മൾ 

ഈ മലകൾ കയറുന്നത്?


ഗുഹകൾ, അവയ്ക്ക് പറയണമെന്നുണ്ട്.


പറയാനാവാത്ത ഏതോ പ്രതിസന്ധിഘട്ടത്തിൽ ശബ്ദം വിഴുങ്ങിയവരാണ് അവ...


അവയുടെ തുറന്നു പിടിച്ച വായകളിലൂടെ

അകത്തേക്കകത്തേക്ക് പോയി നോക്കുന്നു;

എവിടെയാണ് മറഞ്ഞിരിക്കുന്ന കാലത്തിന്റെ ശബ്ദമെന്ന് ...

ഇരുട്ടിൽ നിന്ന് കനപ്പെട്ട ഒരൊച്ച കേട്ടതുകൊണ്ടാണോ നാം മടങ്ങി വന്നത്?


ഗ്രാമത്തിനു ചുറ്റും മലകളുണ്ട്.

ആദിമ മനുഷ്യരുടേതു പോലെ നൂറ്റാണ്ടുകളുടെ ചുളിവും രോമങ്ങളുമുള്ള മലകൾ.

അവയുടെ പാതിയുറക്കം തൂങ്ങിയ കണ്ണുകൾ

നമ്മെ പ്രതീക്ഷിക്കുന്നുണ്ട്.

എല്ലാ മലകളിലും  ഗുഹകളുണ്ട്.

എല്ലാ ഗുഹകൾക്കും അണ്ണാക്കിൽ 

ചെറുനാക്കുകളുണ്ട്

അവയുടെ വായ്ക്കകത്ത് ഉമിനീരുറവയുണ്ട്.

എല്ലാ ഗുഹകളിലും നമ്മളുണ്ട് (ഒരാണും ഒരു പെണ്ണും വീതം)

ഗുഹകളിലുള്ള നമ്മൾ 

വീടുകളിലിരിക്കുന്ന

നമ്മളെ കാണുന്നുണ്ട്.

എല്ലാം 

മേഘങ്ങൾ മുന്നിൽ നിന്ന്

മറച്ചുപിടിക്കുകയാണ്.

*ബബ്ലിമൂസ്


🔸🔸🔸

നീ സ്കൂൾ മാറി വന്നവളായിരുന്നു

നിന്നെ പ്രേമിക്കാൻ ഞാൻ

എല്ലാവരേക്കാൾ തയ്യാറെടുത്തു.

സ്കൂൾ മാറി വരുന്ന പെൺകുട്ടികളെപ്പോലെ

സർവഥാ പ്രേമാർഹരായി

മറ്റാരാണുള്ളത്?


എല്ലാ ദിവസവും ഞാൻ നിന്നെ സ്വപ്നം കണ്ടു.

അന്ന് ഡിഷ് ആൻറിനയില്ലെങ്കിലും

ഞാൻ നിന്നിലേക്ക് തിരിച്ചു വെച്ച ഡിഷ് ആൻറിനയായിരുന്നു.

നീ സംപ്രേഷണം ചെയ്യാഞ്ഞിട്ടും

നീ നായികയായ അനേകം സിനിമകൾ

എൻ്റെ സ്ക്രീനിൽ ഞാൻ തനിച്ചുകണ്ടു.


അങ്ങനെയിരിക്കെയാണ്

നിൻ്റൊപ്പം സ്കൂൾ മാറി വന്ന സണ്ണി

എന്നോടാ രഹസ്യം പറഞ്ഞത് ..

വെറുമൊരു ബബ്ലിമൂസിനു വേണ്ടി

നീ നിൻ്റെ...


വെറുമൊരു ബബ്ലിമൂസിനു വേണ്ടി

നീ നിൻ്റെ വില പിടിച്ച ഉമ്മ

ഒരുത്തനു നൽകി


അന്നു മുതൽ എല്ലാ ബബ്ലിമൂസ് 

മരങ്ങളേയും ഞാൻ വെറുത്തു.

എപ്പോഴെങ്കിലും ഒരു ബബ്ലിമൂസ്

തിന്നേണ്ടി വന്നപ്പോൾ

പ്രതികാരദാഹിയായ ഡ്രാക്കുളയെപ്പോലെ

ഞാനത് നിർവ്വഹിച്ചു


എനിക്കു കിട്ടേണ്ട ഉമ്മയായിരുന്നു

വെറുമൊര് ബബ്ലിമൂസ് വഴിതിരിച്ചുവിട്ടത്.

നിൻ്റെ കലവറയിൽ ഇനിയും അനേകം

ഉമ്മകളുണ്ടെന്ന് വിവേകം വെച്ചപ്പോഴേക്കും

നാം രണ്ടു ലോകങ്ങളിലായിക്കഴിഞ്ഞിരുന്നു.


അജിതേ,

സത്യം പറയാമല്ലോ

എൻ്റെ പറമ്പിൽ വെട്ടിക്കളയാത്ത

ഒരു ബബ്ലിമൂസ് മരം ഇപ്പോഴുമുണ്ട്.

പക്ഷേ, എന്താണെന്നറിയില്ല,

കായ്ക്കുന്നേയില്ല

*ബബ്ലിമൂസ് -ബബ്ളൂസ് - കമ്പിളിനാരകം

നീർക്കോലിയെഴുതിയ കവിതകൾ

 

1

നീർക്കോലി ഒരു കവിയായിരുന്നു

എല്ലാ നീർക്കോലികളും അങ്ങനെ തന്നെയായിരുന്നു

താമസിച്ചു വന്നിരുന്ന കുളത്തെക്കുറിച്ച്

അത് വ്യാകുലപ്പെട്ടു.

വെള്ളത്തിൽ ക്കിടന്ന് വെയിലിനെ നോക്കി

ചിലപ്പോഴെല്ലാം ഒരു ബുദ്ധിജീവിയെപ്പോലെ

കണ്ണട വെച്ച് പ്രപഞ്ചത്തെ നോക്കി

വെള്ളത്തിൽ മിന്നുന്ന പരലുകളെക്കുറിച്ചും

നഷ്ടമായ പൂർവിക സമ്പത്തുകളുടെ

ഓർമ്മകളുടെ വീർപ്പിൽ 

കഴിയും തവളകളെക്കുറിച്ചും

സൈനിക ജീവിതത്തിൽ നിന്ന് വിരമിച്ച

ഞണ്ടുകളെക്കുറിച്ചും

വെയിലിന് നിഴൽക്കുപ്പായമടിക്കുന്ന

ഈറ്റക്കാടിനെക്കുറിച്ചും

നീർക്കോലി കവിതയെഴുതിയിട്ടുണ്ട്.

കുളത്തിൻ്റെ തണുപ്പ് അതിന് വലിയ ഇഷ്ടമാണ്.

വകഞ്ഞ കറുകകൾക്കിടയിൽ

കയറിക്കിടന്ന് 

അത് മേഘങ്ങളിൽ ഒരു കവിതയെഴുതി


2


പൂർണചന്ദ്രൻ വെളിച്ചം ചാറുന്ന 

കുളത്തിനു നടുക്ക്

ഒരു വലിയ വെള്ളാമ്പൽ

അതിനു ചുറ്റുമായിരുന്നു

നീർക്കോലികളുടെ നൃത്തം

കുളത്തിൻ്റെ ഉപരിതലത്തിൽ

അനേകം ആമ്പൽ മൊട്ടുകൾ പോലെ

അവയുടെ തലകൾ

ഇരുട്ടും വെളിച്ചവും അട്ടിമറിഞ്ഞു

പൊങ്ങുകയും താഴുകയും ആടുകയും ചെയ്ത്

ഘോര സർപ്പങ്ങളെപ്പോലെ പിണഞ്ഞു


നേരം വെളുത്തപ്പോൾ കുളത്തിൻ്റെ വക്കിലെ

ഓടക്കാടുകളുടെ ഇലകളിൽ നിന്ന് 

മഞ്ഞൊലിച്ചു.

രത്നക്കല്ലു പതിച്ച കിരീടവും വെച്ച്

നീർക്കോലി ആമ്പൽത്തണ്ടുകളിൽ ചുറ്റി.

വെള്ളത്തിൻ്റെ പർവതങ്ങളിൽ കയറി

വെള്ളത്തിൻ്റെ മേഘങ്ങളിലും മരങ്ങളിലും കയറി

മേഘങ്ങളുടെ പഞ്ഞിത്തലയിണകളിൽ നിന്ന്

നക്ഷത്രങ്ങൾ കടിച്ചെടുത്തു

കൈക്കുമ്പിളിൽ കുടിനീർ കോരിയ

പെൺകുട്ടിയെ

കടിച്ചെടുത്ത് തുഴഞ്ഞു

കുളം നദിയായി കടലായി

അനന്തവും വർണാഭവുമായ

ജലലോകങ്ങളായ് ...

എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത്

എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത്
ഒരു രാത്രി ഒരു തല ഉദിച്ചു വന്നു.
ആ രാത്രി പുറത്തിറങ്ങിയവരെല്ലാം
ആകാശത്ത് ഒരു തല കണ്ട് സ്തബ്ദരായി.

കുന്നുകളിൽ നിന്നും സമതലങ്ങളിൽ നിന്നും
കാടുകളിൽ നിന്നും കായലുകളിൽ നിന്നും
നദികളിൽ നിന്നും നഗരങ്ങളിൽ നിന്നും
അവരതിനെ നോക്കി നോക്കി വിസ്മിതരായി

ആദ്യമൊക്കെ സംശയിച്ചും
പിന്നെപ്പിന്നെ ഉറപ്പിച്ചും
അവർ ആ തലയെ നോക്കി വിളിച്ചു :
ഹിറ്റ്ലർ ... ഹിറ്റ്ലർ ...
മുറിമീശയുള്ള ആ ഭീകരൻ തല
എന്റെ രാജ്യത്തെ നോക്കിച്ചിരിച്ചു.
ആകാശത്തു നിന്ന് ചോര പെയ്തു.

ഞങ്ങൾ ഭയന്ന് കതകടച്ചും കണ്ണടച്ചും കിടന്നു.
ഉണർന്നപ്പോഴും ഇരുട്ടിന്റെ ചിറകുവിരിച്ച്
ആ തല അവിടെത്തന്നെ നിന്നു .
അതിന്റെ മുഖരോമങ്ങൾ വളർന്നു
അത് ഞങ്ങളെ നോക്കി വിളിച്ചു :
'ഭായിയോം ബഹനോം ...'
പക്ഷേ, രക്തമൊഴുകുന്ന ഒരു വാൾത്തല
അദൃശ്യമായ കരങ്ങളാൽ
മേഘങ്ങൾക്കിടയിൽ നിന്ന്
അത് വലിച്ചൂരി
ഞങ്ങളുടെ വീടുകളിലേക്ക് ചൂണ്ടി.
അതിന്റെ വാൾത്തല നീണ്ടു നീണ്ടു വന്ന്
ഞങ്ങളുടെ വീട്ടു വാതിലുകളിൽ കുത്തി നിന്നു.

ആ വാൾത്തലയുടെ അസഹ്യമായ ചൂടിൽ
ഞങ്ങളുടെ പാടങ്ങൾ കരിഞ്ഞു.
ഞങ്ങളുടെ കർഷകർ സ്വന്തം മണ്ണിൽ
കരിഞ്ഞു വീണു.
ഞങ്ങളുടെ കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ
പിടഞ്ഞു വീണു.

'ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ
ഞങ്ങളുടെ രാജ്യത്തിന്റെ ആകാശം
തിരിച്ചു തരൂ 'എന്ന്
ഒഴിഞ്ഞ പാത്രങ്ങൾ മുട്ടി ഞങ്ങൾ പാടി.

ഓരോ വീടുകളിൽ നിന്നും ഞങ്ങൾ ഇറങ്ങി
വരി വരിയായി നടന്ന് തെരുവുകളിൽ കൂടി
മനുഷ്യരായ മനുഷ്യരെല്ലാം കെട്ടിപ്പിടിച്ച് കരഞ്ഞു.
ആകാശത്തേക്ക് നോക്കി
ഞങ്ങൾ ഉച്ചത്തിൽ പാടി :
ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ
ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ

ഞങ്ങളുടെ പാട്ടുകൾ മേഘങ്ങളായി പൊന്തി
മേഘങ്ങളിൽ ഞങ്ങൾ കരുതി വെച്ചിരുന്ന ഇടിവാളുകൾ
ആ തല നൂറായ് നുറുക്കി കടലിലെറിഞ്ഞു
നക്ഷത്രങ്ങൾ വീണ്ടും തെളിഞ്ഞു.
മനുഷ്യർ മനുഷ്യരെ സ്നേഹിച്ചില്ലെങ്കിൽ
ആ തല നമ്മുടെ ആകാശത്ത് വീണ്ടുമുദിക്കുമെന്ന്
ഞങ്ങൾ ഞങ്ങളുടെ കുട്ടികളോട് പറഞ്ഞു

ഹൂല ഹൂപ്



ആദ്യമാദ്യം ഇത് പ്രൊഫസറാണ് കാണുന്നത്.
വൈകുന്നേരത്തെ ചായയ്ക്കു ശേഷം അദ്ദേഹം മുറ്റത്തിറങ്ങി കവലയിലേക്കുള്ള റോഡിലേക്ക് നോക്കി നിൽക്കും.

വീട്ടിൽ നിന്ന് കവലയിലേക്ക് നാല് പോയിൻറുകളുണ്ട്.
വീട്, സർവീസ് സ്റ്റേഷൻ, കയറ്റം,കവല.
വീട്ടിൽ നിന്ന് നൂറു മീറ്റർ കഴിഞ്ഞാൽ
ഒരൊന്നൊന്നര കയറ്റമാണ് .
കയറ്റത്തിനപ്പുറം കെട്ടിടങ്ങൾ പുറംതിരിഞ്ഞു നിൽക്കുന്ന കവല.
ഈ കയറ്റത്തിലേക്ക് നോക്കി നിൽക്കുന്ന ഒരു വൈകുന്നേരം പ്രൊഫസർ അതു കണ്ടു.

കയറ്റത്തിൽ
നുരച്ചു വളർന്ന് മാഞ്ഞു കൊണ്ടിരിക്കുന്ന വർണാഭമായ
ഏക കേന്ദ്ര വൃത്തങ്ങളുടെ നടുവിൽ സ്പോർട്സ് സ്യൂട്ടിട്ട ഒരു യുവതി
കേൾക്കാത്ത ഏതോ സംഗീതത്തിനനുസരിച്ച് കായികാഭ്യാസങ്ങൾ നടത്തുന്നു.
വേഗത്തിലാണ് പ്രകടനം.

പലപ്പോഴായി ഇങ്ങനെ കണ്ടപ്പോൾ
പ്രൊഫസർ കയറ്റത്തിലേക്ക് നടന്നു.
അവിടെയെത്തുമ്പോൾ വർണപ്രഭാവലയങ്ങളുടെ ഗുഹയില്ല,
അതിന്റെ കേന്ദ്രമായി ചാടിക്കൊണ്ടിരിക്കുന്ന യുവതിയുമില്ല.
തിരികെ വീട്ടിൽ വന്ന്
കയറ്റത്തിലേക്കു നോക്കിയാൽ അതുണ്ട്.

മാർഗരറ്റ്, എലിസബത്ത്, ഡയാന
ഇതിലേതെങ്കിലും ഒരു പേര്
അവൾക്കിടാമെന്ന് പ്രൊഫസർ നിശ്ചയിച്ചു.
ഒരു ദിവസം രണ്ടോ മൂന്നോ തവണ
മാർഗരറ്റിനെക്കാണാൻ
പ്രൊഫസർ കയറ്റം കയറിപ്പോവും .
പിന്നീടത് ആറും ഏഴും തവണയായി .
ഒടുവിലത് ഇരുപതും ഇരുപത്തഞ്ചുമായി.

എല്ലാവരും കണ്ടുപിടിച്ചു.
പ്രൊഫസർക്ക് സുഖമില്ല.
പ്രൊഫസർ പുറത്തിറങ്ങുന്നത്
ഭാര്യയും കുട്ടികളും കർശനമായി വിലക്കി.

പ്രൊഫസർ വീടിന്റെ രണ്ടാം നിലയിൽ നിന്ന് നോക്കുമ്പോൾ എലിസബത്ത് അക്രോബാറ്റിക്
ഡാൻസിലാണ്.
കാതടപ്പിക്കുന്ന സംഗീതമുണ്ട്.
എത്ര ദിവസമാണ് ഈ ഇരുപ്പ്!
പ്രൊഫസർ ആരോടും മിണ്ടാതെ
പതിയെ പുറത്തിറങ്ങി.
പക്ഷേ, എല്ലാവരും ഇതറിഞ്ഞു.
തടുത്തു.
പ്രൊഫസർ വാശിപിടിച്ചു.
പോവരുതെന്ന് ഭാര്യയും കുട്ടികളും പറഞ്ഞു.
അയൽക്കാർ പറഞ്ഞു.
കയറ്റത്തിൽ നിന്ന് ഡയാന
വർണവെളിച്ച വലയങ്ങൾക്കകത്ത് തിമിർക്കുന്നു.
പ്രൊഫസർക്ക് സഹിക്കാനായില്ല.
ഭാര്യയും കുട്ടികളും അയൽക്കാരും
പ്രൊഫസറെ പിന്നിൽ നിന്ന് വിളിച്ചു.
പോകല്ലേ ... പോകല്ലേ...
പ്രൊഫസർ നടന്നുനടന്നുപോയി.

എല്ലാവരും നോക്കിനിൽക്കെ ഒരാൾ
അപ്രത്യക്ഷമാവുന്നതെങ്ങനെ?
പോലീസുകാരൻ പ്രൊഫസറുടെ ഭാര്യയെ
സംശയത്തോടെ നോക്കി :
-നിങ്ങളുടെ പേരെന്താണെന്നാ പറഞ്ഞത്?
- മാർഗരറ്റ് .
- ഈ പരാതിയിൽ ഡയാന എന്നാണല്ലോ
എഴുതിയിരിക്കുന്നത്?
- പ്രൊഫസറുടെ മൃതശരീരം നിങ്ങൾ എവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
നിങ്ങൾ ബുദ്ധിമാനാണ് എന്നു പറഞ്ഞ്
എലിസബത്ത് പോലീസുകാരന് ഒരുമ്മ കൊടുത്തു.
അനന്തരം,
പോലീസുകാരനേയും കൂട്ടി
കയറ്റത്തിലേക്ക് നോക്കാൻ പറഞ്ഞു.
അവിടെ,
വർണപ്രഭാവലയങ്ങൾക്കകത്ത്
അക്രോബാറ്റിക് ഡാൻസ് ചെയ്യുന്നു പ്രൊഫസർ.

മാർഗരറ്റും പോലീസുകാരനും കൂടി
കയറ്റത്തിലേക്ക് നടന്നു.
കുട്ടികൾ അതു നോക്കി നിന്നു.
മൂന്നു മിനിട്ടിനു ശേഷം അവർ -
പ്രൊഫസർ, മാർഗരറ്റ്, പോലീസുകാരൻ -
മൂന്നു പേരും
വർണപ്രഭാവലയങ്ങൾക്കകത്ത്
കുട്ടികൾക്കഭിമുഖമായി
കായികാഭ്യാസപ്രകടനങ്ങൾ നടത്തുന്നത്
അവർക്ക് കാണായി .

രണ്ട് മിസ്സിംങ് കേസുകൾ കൂടി
ഫയൽ ചെയ്യപ്പെട്ടു:
1) പ്രൊഫസറുടെ ഭാര്യ മാർഗരറ്റ് (51)
വെളുത്ത നിറമുള്ള തടിച്ച് ഉയരം കുറഞ്ഞ സ്ത്രീ
2) തോമസ് (40)
യൂണിഫോമിലുള്ള പോലീസുകാരൻ.
____________________________________________

ചലം

കഴുത്തറുത്തിട്ട പശുവിനെപ്പോലെ
പെയ്യുന്ന  മഴ .
അതിന്റെ ഒച്ചയിലേക്ക് കാതുവെച്ച്
വാലാട്ടിക്കിടക്കുന്ന ഞാൻ.
രാവിലെ മുതൽ വൈദ്യുതിയെ
ആരോ വെളിച്ചത്തിന്റെ ഒരു പിയാനോ ആക്കുന്നുണ്ട്.
അത് വന്നും പോയും തുടരുന്നു.

എന്റെ രാജ്യത്ത് ആളുകൾ ഓരോ നിമിഷവും മരിച്ചു വീഴുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് ഓരോ നിമിഷവും മനുഷ്യർ അപമാനിക്കപ്പെടുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്തെ കുഞ്ഞുങ്ങൾ പ്രാണവായു തിരഞ്ഞുതിരഞ്ഞ് മരിക്കുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് പശു മാംസം കഴിച്ച മുസ്ലീങ്ങളെ അടിച്ചടിച്ച് കൊല്ലുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരെ
ആളുകൾ ബൈക്കിലെത്തി ഒന്നൊന്നായി വെടിവച്ചു കൊല്ലുന്നു.
എനിക്കതിൽ ഒന്നുമില്ല.

കഴുത്തറുത്തിട്ട പശുവിന്റെ ചോരയുടെ ഉപമയിൽ ഈ മഴ അടങ്ങുന്നില്ല.
അതിലേക്ക് ചേർത്ത് വച്ച എന്റെ കാത്
ഒന്നുമില്ലെന്നു ഞാൻ വിശ്വസിച്ചിരുന്ന തലയിലേക്ക് എന്താണ് വലിച്ചെടുക്കുന്നത്?
എനിക്കതിൽ ഒന്നുമില്ല.

ഇപ്പോൾ
കേടുവന്ന ഒരു മത്തങ്ങയെ ഓർമിപ്പിച്ച്
ചുമരിലൂടെ അത് സൂക്ഷിച്ചു വച്ച ചലവും ഒലിപ്പിച്ച്
ഈ മുറിയിൽ എന്റെ തല പൊട്ടിത്തെറിക്കുന്നു.
എനിക്കതിൽ ഒന്നുമില്ലെന്ന് പറയണമെന്നുണ്ടായിരുന്നു.
പക്ഷേ
ഈ ചുമരുകളിൽ
കൊഴുത്ത ചലമൊലിക്കുന്നു...

കവി പുറത്താക്കപ്പെട്ടവനാണ്

സുഹൃത്തുക്കൾക്ക് അയാൾ കോമാളിയും  ബന്ധുക്കൾക്ക് അയാൾ കുപ്പയുമാണ്.
വീടിനകത്തിരിക്കുമ്പോഴും
അയാൾ വീടിനു പുറത്താണ്.
അയാൾ തന്നെ അയാളുടെ വീട്.
അയാൾ ആത്മാവുകൊണ്ട് പിച്ചക്കാരനാണ്.
അയാളുടെ ചോറും വെള്ളവും കിണ്ണവും
എന്നും പുറത്താണ്.
ഉത്തരവാദിത്തങ്ങളുടെ ഒരു ലോകത്ത് നിരുത്തരവാദിത്തത്തിന്റെ മഹനീയമാതൃകയായി
ചൂണ്ടിക്കാണിക്കാൻ അയാൾ സ്ഥാപിക്കപ്പെട്ടു.
ജീവിതത്തിൽ ഒരിക്കൽ പോലും
അയാൾക്ക് സ്നേഹം മതിയായിട്ടില്ല.
തൃപ്തിയുടെ ഒരു ഗ്രന്ഥി ഛേദിച്ചു കളഞ്ഞ് അയാളെ ഭൂമിയിലേക്ക് പറഞ്ഞയച്ചു.

പക്ഷേ,
മരിച്ചിട്ടും മരിക്കാത്ത കവികളുടെ
അദൃശ്യ ഭൂഖണ്ഡത്തിലേക്ക്
അയാൾ നടന്നടുക്കുന്നത്
ആർക്ക് തടുക്കാനാവും?

അല്ലെങ്കിലും,ആർക്കുവേണം പരാജയങ്ങളുടെ സ്മാരകങ്ങൾ?

അച്ഛാ,
പെൻസിൽ കളഞ്ഞു പോയതിന് രണ്ട് കിലോമീറ്റർ തല്ലിയോടിച്ചതും
നുണ പറഞ്ഞതിന് ചുമരിൽ തല കൂട്ടിയിടിച്ചതും
പറഞ്ഞു തെറ്റിയപ്പോൾ കഫംതീനീ എന്ന് വിളിച്ചതും
സ്നേഹം കൊണ്ടാണെന്ന് വിചാരിച്ചിരുന്നു.

ആരുമില്ലെന്ന് ഉറപ്പിച്ച് വീടുവിട്ട്
മാസമൊന്ന് കഴിഞ്ഞപ്പോൾ
കണ്ണു നിറച്ച് കാണാൻ വന്നിരുന്നു. തിരിച്ചുവിളിച്ചിരുന്നു.
കൂടെയുണ്ടാകുമെന്ന് തോന്നിപ്പിച്ചിരുന്നു.

മതം നോക്കാതെ ഒരുവളെ കൂടെക്കൂട്ടിയപ്പോൾ
നിങ്ങളെന്നെ ഉപേക്ഷിച്ചതെന്താണ്?
എത്ര മർദ്ദിച്ചിട്ടും
തോൽക്കാത്ത ഒരു മനുഷ്യൻ 
എന്റെയുള്ളിൽ ഉണ്ടായതു കൊണ്ടാവുമോ?
സ്വന്തം മക്കളോട് തോൽക്കാതെ ഒരു പിതാവും പൂർത്തിയാവുന്നില്ലെന്നചരിത്രസത്യം
എന്നെയും കൊത്തുന്നതു വരെ കാത്തിരിക്കുകയാവുമോ?

കുറ്റബോധങ്ങളുടെ പകൽ

കുറ്റബോധങ്ങളുടെ പകലേ
ഭൂമിയുടെ ഒളിച്ചിരുപ്പേ
മരങ്ങളുടെയും ചെടികളുടെയും മിണ്ടാതിക്കലേ
ഇതിളതളായ് മരിച്ചുകൊണ്ടിരിക്കുന്ന
പൂവാണു ഞാൻ.
എനിക്കു  മുകളിൽ ഈ കൊഴുത്തുകറുത്ത മൗനം
കോരിയൊഴിക്കാതിരിക്കൂ...
അതിന്റെ കനത്ത ഭാരത്തിൽ നിന്ന്
എന്നെ വിടുവിക്കൂ.

കുമ്പള വള്ളികൾക്കു മുകളിൽ
വെളിച്ചം മരിച്ചുകിടക്കുന്നു .
ഇന്നലെ കുടിച്ചുവെച്ച ചായഗ്ലാസിൽ
ഉറുമ്പുകളുടെ ധൃതിപിടിച്ച ആൾക്കൂട്ടം.

മൗനത്തിന്റെ മുകളിൽ
രണ്ടു ക്ലോക്കുകളുടെ നൃത്തം.
നഷ്ടം നഷ്ടമെന്ന്
കൈകൾ കൂട്ടിയടിച്ചും  മലർത്തിക്കാട്ടിയും
മിടിക്കുന്നു.

കുറ്റബോധങ്ങളുടെ പകലേ
നീലരക്തമൊഴുകുന്ന കുഴലേ
ബന്ധുക്കൾ കാവലിരിക്കുന്ന നിർജ്ജീവതേ
നിന്റെ ശീതീകരണിയിൽ
ഞാൻ മരവിച്ചുകൊണ്ടിരിക്കുന്നു.
ചൊവ്വ, ഏപ്രില്‍ 01, 2025