gfc

വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ

പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട് പുറപ്പെടുമ്പോൾ 

പടിഞ്ഞാറൻ ചക്രവാളത്തിൽ 

സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്കുമ്പോൾ 

ലോകം മുഴുവൻ മഞ്ഞനിറമുള്ള നിരാശ പരക്കുന്നു. 


അതൊരു ലാവ പോലെ 

ഒഴുകിയൊഴുകിവരുന്നു

അതിൽ നിന്ന് ഓടി രക്ഷപ്പെടണമെന്ന് 

ആരോ എന്നോട് പറയുന്നു

വൈകുന്നേരങ്ങളിൽ നിന്ന് ഞാൻ നിരന്തരം ഒളിച്ചോടുന്നു 

അതിൻറെ നിരാശ നിറഞ്ഞ സംഗീതം 

എന്നെ കൊന്നുകളയുമെന്ന് എല്ലാ ദിവസവും 

ഒരു അജ്ഞാത സന്ദേശം 

എൻറെ തലച്ചോറിൽ എത്തിച്ചേരുന്നു.

 

മഞ്ഞമേഘങ്ങൾ എന്നെ പിടികൂടുന്നതിനു മുൻപ്

ഏതെങ്കിലും വാഹനത്തിൽ കയറി 

അതിവേഗം 

തൊട്ടടുത്ത നഗരത്തിലേക്ക് പോകുന്നു.

ഏതെങ്കിലും ബാറിൻ്റെ

ഇരുണ്ട കോണിലിരുന്ന്

രണ്ടു പെഗ്ഗുകൾ പകർന്ന ഗ്ലാസിലേക്ക്

നോക്കിനോക്കിയിരിക്കുന്നു.

ആ പിംഗല ദ്രാവകപ്പടവുകളിലൂടെ

എൻ്റെ സൂര്യൻ ഇറങ്ങിയിറങ്ങിപ്പോവുന്നു.


ഞാൻ കരയുകയോ ചിരിക്കുകയോ ചെയ്യുന്നു.

വേദനയുടെ മഹാകാവ്യമെന്ന്

ഞാനെന്നെത്തന്നെ

ശ്ലാഘിക്കുകയും പുരസ്കരിക്കുകയും ചെയ്യുന്നു.

ഈ മഹാനെ അംഗീകരിക്കാത്ത എല്ലാ നാറികളോടും പരമപുച്ഛം രേഖപ്പെടുത്തുന്നു.

എൻ്റെ ഓമനേ എന്ന് 

എന്നെ മറ്റൊരു ഞാൻ ആശ്വസിപ്പിക്കുന്നു.

പഞ്ചപാവമായ എനിക്കു വേണ്ടി മറ്റൊരു ഞാൻ രോഷാകുലനാവുന്നു.

ലോകത്തുള്ള മുഴുവൻ സങ്കടങ്ങളും അടക്കിപ്പിടിച്ചിരിക്കുന്ന പാവപ്പെട്ട എന്നെ സംരക്ഷിക്കാൻ വേണ്ടി

മറ്റൊരു ഞാൻ ഗുണ്ടയാവുന്നു.


വൈകുന്നേരങ്ങളിൽ നിന്ന്

രാത്രികളിലേക്ക് കടക്കുമ്പോൾ

രാസലായനി കുടിച്ച ഡോക്ടർ ജക്കിളിൽ നിന്ന് മിസ്റ്റർ ഹൈഡ് ഇറങ്ങി വരുന്നു.

രാത്രിയുടെ അന്ത്യയാമങ്ങളിൽ

എൻ്റെ കുതിരവണ്ടി നഗരം ചുറ്റുന്നു.

ഒരു ഡ്രാക്കുളയെപ്പോലെ

അപകടം നിറഞ്ഞ ഒരു രക്തദാഹിയായി ഞാൻ മനുഷ്യരെ അന്വേഷിച്ചിറങ്ങുന്നു.

ഒരു നരിച്ചീറിനെപ്പോലെ 

കണ്ണു കാണാതെ പറക്കുന്നു.

ഒടുവിൽ മരണതുല്യമായ

അബോധത്തിൻ്റെ 

കട്ട ഇരുട്ടിലേക്ക് മറിഞ്ഞു വീഴുന്നു.


പ്രഭാതങ്ങൾ കുറ്റബോധങ്ങളുടേതാണ്.

എങ്കിലും ഡോക്ടർ ജക്കിൾ

നല്ലൊരു മനുഷ്യനാണ്.

അയാളെ മനുഷ്യർക്ക് ഇഷ്ടവുമാണ്.


പരിധികളെ അതിലംഘിക്കുന്ന

ഈ ആപത്ക്കരമായ കളി യിലേക്ക് ക്ഷണിച്ചു കൊണ്ട്

വൈകുന്നേരങ്ങൾ 

വിസിലടിക്കുന്നു.

നിരാശയുടെ മഞ്ഞ മേഘങ്ങൾ പടിഞ്ഞാറ് പൊട്ടിപ്പിളരുന്നു.

എൻ്റെ ഹൃദയത്തിൽ ഞാനതറിയുന്നു.

എനിക്ക് രക്ഷപ്പെടുവാൻ പഴുതില്ലാത്ത വിധം

അവയുടെ തേങ്ങലുകൾ ഞാൻ കേൾക്കുന്നു.


പ്രപഞ്ചമേ ,

വൈകുന്നേരങ്ങളില്ലാത്ത

പകലുകൾ

എന്തുകൊണ്ടാണ്

നീ എനിക്കു വേണ്ടി സൃഷ്ടിക്കാഞ്ഞത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ