gfc

ദൂരദേശങ്ങളിൽ പുല്ലരിയാൻ പോയവരുടെ കദനകവിത

 


രാവിലത്തെ കറവയ്ക്ക് ശേഷം

അസു,ഇസു , ഒസു എന്ന ഞങ്ങൾ മൂന്നുപേരും

വാതം പിടിച്ച് കിടക്കുന്ന അപ്പനോടും

ശ്വാസംമുട്ടലുള്ള അമ്മച്ചിയോടും അനുവാദം ചോദിച്ച്

ശാലിനി മേനോൻ എന്ന ഞങ്ങളുടെ പശുവിനെയും

അതിൻറെ രണ്ടു കുഞ്ഞുങ്ങളെയും

തൊട്ടു തലോടി ഉമ്മ വെച്ച്

അരിവാളും കയറും എടുത്ത്

ദൂരദേശങ്ങളിലേക്ക് മൂന്നു വഴി പോയി.

ഒരുവൻ ആഫ്രിക്കൻ സാവന്നകളിലേക്കും

ഒരുവൻ  മഴനിഴൽ പ്രദേശങ്ങളിലേക്കും

ഒരുവൻ സ്റ്റെപ്പീസുകളിലേക്കും

പുല്ലു തിരഞ്ഞുപോയി

ഞങ്ങൾ ഒറ്റക്കൊറ്റയ്ക്ക് പുലരിഞ്ഞുകൂട്ടിക്കൊണ്ടിരുന്നു

നേരം ഇരുട്ടായി

മൂന്നു ദേശങ്ങളിൽ നിന്ന് 

മൂന്ന് വഴികളിലൂടെ

ഞങ്ങൾ ഞങ്ങളുടെ വീടിനെ തിരഞ്ഞ് തിരിച്ചുവന്നുകൊണ്ടിരുന്നു.

ഞങ്ങളുടെ തലയിൽ പുല്ലുകെട്ടായിരുന്നു.

അരയിൽ അരിവാളുണ്ടായിരുന്നു.

സാവന്നകളിലേക്ക് പോയ അസു ഇന്ത്യൻ മഹാസമുദ്രം

നീന്തിവരികയായിരുന്നു.

സ്റ്റെപ്പീസുകളിലേക്ക് പോയ ഇസു മലകൾ കയറിയിറങ്ങി വരികയായിരുന്നു.

മഴ നിഴൽ പ്രദേശങ്ങളിലൂടെ

വന്യമൃഗങ്ങളെ പേടിച്ചു പേടിച്ച്

ഞാനും വരികയായിരുന്നു.

ഭൂമിയിലെ മൂന്നു വഴികളിലൂടെ

ഞങ്ങൾ ഞങ്ങളുടെ വീടിനെ

ലക്ഷ്യം വെച്ചു.

അപ്പോൾ വീട്ടിൽ അമ്മച്ചി

ആസ്തമ മൂർച്ഛിച്ച് 

ശ്വാസം ആഞ്ഞാഞ്ഞു വലിക്കുകയായിരുന്നു.

അപ്പോൾ അപ്പച്ചൻ 

കിടന്നു കിടന്നു പൊട്ടിയ

പുറം വേദനിച്ച് പുളയുകയായിരുന്നു.

ശാലിനി മേനോനും കുഞ്ഞുങ്ങളും

ആലയിൽ ക്കിടന്ന്

അലറി വിളിക്കുകയായിരുന്നു :

അസൂ...

ഇസൂ...

ഒസൂ...


ഞങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു

എത്ര കടൽ നീന്തിയിട്ടും തീരുന്നില്ല

എത്ര മല കയറിയിട്ടും

തീരുന്നില്ല

എത്ര കാടലഞ്ഞിട്ടും 

തീരുന്നില്ല.

ഞങ്ങൾ മൂന്നു പേരും

മൂന്നു ദേശങ്ങളിൽക്കിടന്ന്

ഞങ്ങളുടെ കാലുകൾ 

എത്ര ചലിപ്പിച്ചിട്ടും മുന്നോട്ടു പോവുന്നില്ല

ഞങ്ങളുടെ വീടാവട്ടെ

ഞങ്ങളെക്കാണാതെ

പരിഭ്രമിച്ച് നിലവിളിക്കുകയായിരുന്നു.


(അപ്പോൾ ക്ലോസപ്പിൽ

ഒരു മുറിയിൽ ഒരാൾ - അയാളുടെ കൈകൾ മാത്രമേ കാണാനാവൂ.

അയാൾ മേശപ്പുറത്തിരിക്കുന്ന 

ഭൂഗോള മാതൃക തിരിച്ചു കൊണ്ടിരിക്കുന്നു.

ആ ഭൂഗോളത്തിൻ്റെ മൂന്നുദിക്കുകളിൽ നിന്ന് പുല്ലും കെട്ടേറ്റി വരുന്ന ഞങ്ങൾ

സമയത്തിൽ തുഴഞ്ഞു കൊണ്ടിരിക്കുന്നതു കാണാം.

അയാളുടെ വിരലുകൾ

ഞങ്ങളെ പിറകോട്ടു പിറകോട്ടു പിടിച്ചിടുന്നു.

ഭൂമി അതിവേഗം കറക്കി ഞങ്ങളെ പേടിപ്പിക്കുന്നു.)


ഞങ്ങൾ മൂന്നു ദേശങ്ങളിൽക്കിടന്ന്

വീട് ലക്ഷ്യമാക്കി ഇഴയുന്നു.

എത്ര ഇഴഞ്ഞിട്ടും ഇരുട്ട് തീരുന്നില്ല

എത്ര ഇഴഞ്ഞിട്ടും വീടെത്തുന്നില്ല.

ശാലിനി മേനോൻ സങ്കടവും ഉത്കണ്ഠയും പൊറാഞ്ഞ്

വീർത്തു വീർത്തു വരുന്നു.

വീർത്തു വീർത്ത് ആല പൊളിയും മട്ടിൽ

വലുതാവുന്നു.

ശാലിനി മേനോൻ എന്ന പുള്ളിപ്പശു 

ഞങ്ങളുടെ വീടിനേക്കാൾ വലുതാവുന്നു.

വീടിനു മുകളിൽ ആകാശത്ത്

ഒരു മേഘവെളിച്ചം കെട്ടിക്കിടക്കുന്നു.

സങ്കടം സഹിക്കാതെ 

ഞങ്ങടെ ശാലിനിപ്പശു അകിടു ചുരത്തുന്നു.

ചുരത്തിയ പാൽ നദികളായി

ഭൂമിയുടെ നാനാദിക്കുകളിലേക്കും ഒഴുകിയൊഴുകി വരുന്നു.


ഒരടി മുന്നോട്ടു പോവുന്നില്ലെങ്കിലും

പുല്ലും കെട്ടുമേറ്റി ഞങ്ങൾ

നിന്നിടത്തു നിന്ന്

തുഴയുന്നു,

ഈ രാത്രി തന്നെ

വീടു പിടിക്കാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ