🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക്കുന്ന മേഘങ്ങളുടെ പഞ്ഞിമിഠായികൾ
വല്ലാതെ ബോറടിക്കുമ്പോൾ അവ ചവച്ചുതിന്നുന്നുമുണ്ട്.
പർവ്വതങ്ങളുടെ ഭാഷയുടെ വേഗമല്ല
എൻറെ ഭാഷയുടെ വേഗം.
അവ ഒരു വാക്ക് പറഞ്ഞ് അടുത്ത വാക്കിന് വർഷങ്ങളുടെ ഇടവേള എടുക്കുന്നു.
ഒരു നൂറ്റാണ്ട് കൊണ്ട് അവ ഒരു വാക്യം പൂർത്തീകരിക്കുന്നു.
എനിക്ക് അത്രയും സമയമില്ല,
അതിനാൽ ഞാൻ വേഗത്തിൽ സംസാരിക്കുന്നു.
പർവതങ്ങൾ ചലിക്കുന്നുണ്ട്.
അവ കയ്യോ കാലോ
ഒന്ന് അനക്കാൻ നൂറ്റാണ്ടുകൾ എടുക്കുന്നു.
അനന്തമായ കാലത്തിൻറെ ദീർഘജീവിതമുള്ളതിൻ്റെ ആർഭാടം അവർക്കാവാം. എനിക്ക് അങ്ങനെ വയ്യല്ലോ.
അതുകൊണ്ടാണ് ഞാൻ ഇങ്ങനെ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നത്. ചെറുതുകളുടെ ഈ ഭൂമിയിൽ
വലിപ്പം കൊണ്ടുതന്നെ
അവ അടയാളപ്പെട്ടു കഴിഞ്ഞു. അംഗീകാരത്തിനുള്ള വെമ്പലോ
സർഗ്ഗ പ്രക്രിയ കൊണ്ട് പ്രപഞ്ചത്തെ പെട്ടെന്ന് ഞെട്ടിക്കാനുള്ള വാഞ്ഛയോ അവർക്കില്ല.
ചെറുതുകളിൽ ചെറുതായ ഞാൻ അങ്ങനെയല്ല.
എൻറെ നിസ്സാരതയെ എനിക്ക് അതിശയിച്ചേ പറ്റൂ.
ദീർഘജീവിതങ്ങളുള്ള പർവ്വതങ്ങളുടെ മുതുകിൽ എനിക്ക് രണ്ടു വരി കുറിച്ചിട്ടേ തീരൂ
വരും കാലങ്ങളുടെ മാന്ത്രിക വാതിലുകൾ തുറന്ന്
ഒരിക്കൽ ഒരാൾ മല കയറി വന്ന് ആ വരികൾ വായിച്ചെങ്കിലോ?
പൊടിയിൽ നിന്നു ഞാൻ പിന്നെയും മനുഷ്യനായ്
കൂടിച്ചേർന്ന് എഴുന്നേറ്റു നിൽക്കും.
മലകൾ അവയുടെ കൈകളിൽ എന്നെ എടുത്തു നോക്കും.
നൂറ്റാണ്ടുകൾ പഴക്കമുള്ള അവയുടെ
കാഴ്ച്ച കുറഞ്ഞ കണ്ണുകളിൽ ഒരു പരിചയ ഭാവം വിടരും ;
അവയുടെ ചുളിഞ്ഞ മുഖപേശികളിൽ ഒരു പുഞ്ചിരിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ