gfc

വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ

പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട് പുറപ്പെടുമ്പോൾ 

പടിഞ്ഞാറൻ ചക്രവാളത്തിൽ 

സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്കുമ്പോൾ 

ലോകം മുഴുവൻ മഞ്ഞനിറമുള്ള നിരാശ പരക്കുന്നു. 


അതൊരു ലാവ പോലെ 

ഒഴുകിയൊഴുകിവരുന്നു

അതിൽ നിന്ന് ഓടി രക്ഷപ്പെടണമെന്ന് 

ആരോ എന്നോട് പറയുന്നു

വൈകുന്നേരങ്ങളിൽ നിന്ന് ഞാൻ നിരന്തരം ഒളിച്ചോടുന്നു 

അതിൻറെ നിരാശ നിറഞ്ഞ സംഗീതം 

എന്നെ കൊന്നുകളയുമെന്ന് എല്ലാ ദിവസവും 

ഒരു അജ്ഞാത സന്ദേശം 

എൻറെ തലച്ചോറിൽ എത്തിച്ചേരുന്നു.

 

മഞ്ഞമേഘങ്ങൾ എന്നെ പിടികൂടുന്നതിനു മുൻപ്

ഏതെങ്കിലും വാഹനത്തിൽ കയറി 

അതിവേഗം 

തൊട്ടടുത്ത നഗരത്തിലേക്ക് പോകുന്നു.

ഏതെങ്കിലും ബാറിൻ്റെ

ഇരുണ്ട കോണിലിരുന്ന്

രണ്ടു പെഗ്ഗുകൾ പകർന്ന ഗ്ലാസിലേക്ക്

നോക്കിനോക്കിയിരിക്കുന്നു.

ആ പിംഗല ദ്രാവകപ്പടവുകളിലൂടെ

എൻ്റെ സൂര്യൻ ഇറങ്ങിയിറങ്ങിപ്പോവുന്നു.


ഞാൻ കരയുകയോ ചിരിക്കുകയോ ചെയ്യുന്നു.

വേദനയുടെ മഹാകാവ്യമെന്ന്

ഞാനെന്നെത്തന്നെ

ശ്ലാഘിക്കുകയും പുരസ്കരിക്കുകയും ചെയ്യുന്നു.

ഈ മഹാനെ അംഗീകരിക്കാത്ത എല്ലാ നാറികളോടും പരമപുച്ഛം രേഖപ്പെടുത്തുന്നു.

എൻ്റെ ഓമനേ എന്ന് 

എന്നെ മറ്റൊരു ഞാൻ ആശ്വസിപ്പിക്കുന്നു.

പഞ്ചപാവമായ എനിക്കു വേണ്ടി മറ്റൊരു ഞാൻ രോഷാകുലനാവുന്നു.

ലോകത്തുള്ള മുഴുവൻ സങ്കടങ്ങളും അടക്കിപ്പിടിച്ചിരിക്കുന്ന പാവപ്പെട്ട എന്നെ സംരക്ഷിക്കാൻ വേണ്ടി

മറ്റൊരു ഞാൻ ഗുണ്ടയാവുന്നു.


വൈകുന്നേരങ്ങളിൽ നിന്ന്

രാത്രികളിലേക്ക് കടക്കുമ്പോൾ

രാസലായനി കുടിച്ച ഡോക്ടർ ജക്കിളിൽ നിന്ന് മിസ്റ്റർ ഹൈഡ് ഇറങ്ങി വരുന്നു.

രാത്രിയുടെ അന്ത്യയാമങ്ങളിൽ

എൻ്റെ കുതിരവണ്ടി നഗരം ചുറ്റുന്നു.

ഒരു ഡ്രാക്കുളയെപ്പോലെ

അപകടം നിറഞ്ഞ ഒരു രക്തദാഹിയായി ഞാൻ മനുഷ്യരെ അന്വേഷിച്ചിറങ്ങുന്നു.

ഒരു നരിച്ചീറിനെപ്പോലെ 

കണ്ണു കാണാതെ പറക്കുന്നു.

ഒടുവിൽ മരണതുല്യമായ

അബോധത്തിൻ്റെ 

കട്ട ഇരുട്ടിലേക്ക് മറിഞ്ഞു വീഴുന്നു.


പ്രഭാതങ്ങൾ കുറ്റബോധങ്ങളുടേതാണ്.

എങ്കിലും ഡോക്ടർ ജക്കിൾ

നല്ലൊരു മനുഷ്യനാണ്.

അയാളെ മനുഷ്യർക്ക് ഇഷ്ടവുമാണ്.


പരിധികളെ അതിലംഘിക്കുന്ന

ഈ ആപത്ക്കരമായ കളി യിലേക്ക് ക്ഷണിച്ചു കൊണ്ട്

വൈകുന്നേരങ്ങൾ 

വിസിലടിക്കുന്നു.

നിരാശയുടെ മഞ്ഞ മേഘങ്ങൾ പടിഞ്ഞാറ് പൊട്ടിപ്പിളരുന്നു.

എൻ്റെ ഹൃദയത്തിൽ ഞാനതറിയുന്നു.

എനിക്ക് രക്ഷപ്പെടുവാൻ പഴുതില്ലാത്ത വിധം

അവയുടെ തേങ്ങലുകൾ ഞാൻ കേൾക്കുന്നു.


പ്രപഞ്ചമേ ,

വൈകുന്നേരങ്ങളില്ലാത്ത

പകലുകൾ

എന്തുകൊണ്ടാണ്

നീ എനിക്കു വേണ്ടി സൃഷ്ടിക്കാഞ്ഞത്?

ദൂരദേശങ്ങളിൽ പുല്ലരിയാൻ പോയവരുടെ കദനകവിത

 


രാവിലത്തെ കറവയ്ക്ക് ശേഷം

അസു,ഇസു , ഒസു എന്ന ഞങ്ങൾ മൂന്നുപേരും

വാതം പിടിച്ച് കിടക്കുന്ന അപ്പനോടും

ശ്വാസംമുട്ടലുള്ള അമ്മച്ചിയോടും അനുവാദം ചോദിച്ച്

ശാലിനി മേനോൻ എന്ന ഞങ്ങളുടെ പശുവിനെയും

അതിൻറെ രണ്ടു കുഞ്ഞുങ്ങളെയും

തൊട്ടു തലോടി ഉമ്മ വെച്ച്

അരിവാളും കയറും എടുത്ത്

ദൂരദേശങ്ങളിലേക്ക് മൂന്നു വഴി പോയി.

ഒരുവൻ ആഫ്രിക്കൻ സാവന്നകളിലേക്കും

ഒരുവൻ  മഴനിഴൽ പ്രദേശങ്ങളിലേക്കും

ഒരുവൻ സ്റ്റെപ്പീസുകളിലേക്കും

പുല്ലു തിരഞ്ഞുപോയി

ഞങ്ങൾ ഒറ്റക്കൊറ്റയ്ക്ക് പുലരിഞ്ഞുകൂട്ടിക്കൊണ്ടിരുന്നു

നേരം ഇരുട്ടായി

മൂന്നു ദേശങ്ങളിൽ നിന്ന് 

മൂന്ന് വഴികളിലൂടെ

ഞങ്ങൾ ഞങ്ങളുടെ വീടിനെ തിരഞ്ഞ് തിരിച്ചുവന്നുകൊണ്ടിരുന്നു.

ഞങ്ങളുടെ തലയിൽ പുല്ലുകെട്ടായിരുന്നു.

അരയിൽ അരിവാളുണ്ടായിരുന്നു.

സാവന്നകളിലേക്ക് പോയ അസു ഇന്ത്യൻ മഹാസമുദ്രം

നീന്തിവരികയായിരുന്നു.

സ്റ്റെപ്പീസുകളിലേക്ക് പോയ ഇസു മലകൾ കയറിയിറങ്ങി വരികയായിരുന്നു.

മഴ നിഴൽ പ്രദേശങ്ങളിലൂടെ

വന്യമൃഗങ്ങളെ പേടിച്ചു പേടിച്ച്

ഞാനും വരികയായിരുന്നു.

ഭൂമിയിലെ മൂന്നു വഴികളിലൂടെ

ഞങ്ങൾ ഞങ്ങളുടെ വീടിനെ

ലക്ഷ്യം വെച്ചു.

അപ്പോൾ വീട്ടിൽ അമ്മച്ചി

ആസ്തമ മൂർച്ഛിച്ച് 

ശ്വാസം ആഞ്ഞാഞ്ഞു വലിക്കുകയായിരുന്നു.

അപ്പോൾ അപ്പച്ചൻ 

കിടന്നു കിടന്നു പൊട്ടിയ

പുറം വേദനിച്ച് പുളയുകയായിരുന്നു.

ശാലിനി മേനോനും കുഞ്ഞുങ്ങളും

ആലയിൽ ക്കിടന്ന്

അലറി വിളിക്കുകയായിരുന്നു :

അസൂ...

ഇസൂ...

ഒസൂ...


ഞങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു

എത്ര കടൽ നീന്തിയിട്ടും തീരുന്നില്ല

എത്ര മല കയറിയിട്ടും

തീരുന്നില്ല

എത്ര കാടലഞ്ഞിട്ടും 

തീരുന്നില്ല.

ഞങ്ങൾ മൂന്നു പേരും

മൂന്നു ദേശങ്ങളിൽക്കിടന്ന്

ഞങ്ങളുടെ കാലുകൾ 

എത്ര ചലിപ്പിച്ചിട്ടും മുന്നോട്ടു പോവുന്നില്ല

ഞങ്ങളുടെ വീടാവട്ടെ

ഞങ്ങളെക്കാണാതെ

പരിഭ്രമിച്ച് നിലവിളിക്കുകയായിരുന്നു.


(അപ്പോൾ ക്ലോസപ്പിൽ

ഒരു മുറിയിൽ ഒരാൾ - അയാളുടെ കൈകൾ മാത്രമേ കാണാനാവൂ.

അയാൾ മേശപ്പുറത്തിരിക്കുന്ന 

ഭൂഗോള മാതൃക തിരിച്ചു കൊണ്ടിരിക്കുന്നു.

ആ ഭൂഗോളത്തിൻ്റെ മൂന്നുദിക്കുകളിൽ നിന്ന് പുല്ലും കെട്ടേറ്റി വരുന്ന ഞങ്ങൾ

സമയത്തിൽ തുഴഞ്ഞു കൊണ്ടിരിക്കുന്നതു കാണാം.

അയാളുടെ വിരലുകൾ

ഞങ്ങളെ പിറകോട്ടു പിറകോട്ടു പിടിച്ചിടുന്നു.

ഭൂമി അതിവേഗം കറക്കി ഞങ്ങളെ പേടിപ്പിക്കുന്നു.)


ഞങ്ങൾ മൂന്നു ദേശങ്ങളിൽക്കിടന്ന്

വീട് ലക്ഷ്യമാക്കി ഇഴയുന്നു.

എത്ര ഇഴഞ്ഞിട്ടും ഇരുട്ട് തീരുന്നില്ല

എത്ര ഇഴഞ്ഞിട്ടും വീടെത്തുന്നില്ല.

ശാലിനി മേനോൻ സങ്കടവും ഉത്കണ്ഠയും പൊറാഞ്ഞ്

വീർത്തു വീർത്തു വരുന്നു.

വീർത്തു വീർത്ത് ആല പൊളിയും മട്ടിൽ

വലുതാവുന്നു.

ശാലിനി മേനോൻ എന്ന പുള്ളിപ്പശു 

ഞങ്ങളുടെ വീടിനേക്കാൾ വലുതാവുന്നു.

വീടിനു മുകളിൽ ആകാശത്ത്

ഒരു മേഘവെളിച്ചം കെട്ടിക്കിടക്കുന്നു.

സങ്കടം സഹിക്കാതെ 

ഞങ്ങടെ ശാലിനിപ്പശു അകിടു ചുരത്തുന്നു.

ചുരത്തിയ പാൽ നദികളായി

ഭൂമിയുടെ നാനാദിക്കുകളിലേക്കും ഒഴുകിയൊഴുകി വരുന്നു.


ഒരടി മുന്നോട്ടു പോവുന്നില്ലെങ്കിലും

പുല്ലും കെട്ടുമേറ്റി ഞങ്ങൾ

നിന്നിടത്തു നിന്ന്

തുഴയുന്നു,

ഈ രാത്രി തന്നെ

വീടു പിടിക്കാൻ.

കാവ്യപുസ്തകം മറിച്ചപ്പോൾ

 കാവ്യപുസ്തകം മറിച്ചപ്പോൾ

ഒന്നാമത്തെ പേജിൽ 

കവി മലർന്നു കിടക്കുന്നു. വായനക്കാരനെ കണ്ടതും

അയാൾ എഴുന്നേറ്റ്

രണ്ടാമത്തെ പേജിലേക്ക് പോയി.

വായനക്കാരൻ 

രണ്ടാമത്തെ പേജിലേക്ക് പോയപ്പോൾ,

കവി മൂന്നാമത്തെ പേജിലേക്ക് പോയി.

വായനക്കാരൻ 

മൂന്നാമത്തെ പേജിനെ സമീപിച്ചപ്പോൾ,

കവി നാലാമത്തെ പേജിലേക്ക് ചാടി.

കവിയെ എത്തിപ്പിടിക്കാൻ

വായനക്കാരൻ ഓടി.

കവി പിടികൊടുക്കാതെ പേജുകളിൽ നിന്ന് പേജുകളിലേക്ക് മാറി.  വായനക്കാരൻ അവസാനത്തെ പേജ് വായിക്കാൻ തുടങ്ങിയപ്പോൾ, കവി പുസ്തകത്തിൻ്റെ പുറത്തേക്ക് കടന്നു മറഞ്ഞു.

കവിയെ കാണാതെ നിരാശനായ വായനക്കാരൻ പഴയ പേജുകളിലേക്ക് തിരിച്ചു ചെന്നു. 

ഒരു പേജിലും കവിതയില്ല ; വാക്യങ്ങളോ വാക്കുകളോ ഇല്ല ;

പകരം രക്തത്തിന്റെയും ശരീര സ്രവങ്ങളുടെയും 

ഉണങ്ങിയ പാടുകളും മൃതകോശങ്ങളിൽ നിന്ന് പുറപ്പെടുന്ന ഒരു ഗന്ധവും മാത്രം.

കടൽക്കുതിരകളുടെ പാട്ട്

 കിടപ്പുമുറിയുടെ ചുമരിലുണ്ട്

അജ്ഞാത ചിത്രകാരൻ വരച്ച

കടൽക്കുതിരകൾ പാടുന്നു എന്ന ചിത്രം.

നീലനീലത്തിരമാലകൾ

ചുമരിൽ ഇതൾ വിരിച്ചു നിൽക്കുന്നു.

അതിൽ ഒരു കൂട്ടം

കടൽക്കുതിരകൾ

ഗിഥാർ വായിക്കുന്നു.

ഉച്ചസ്ഥായിയിലുള്ള

ഒരു പാട്ടാണതെന്ന്

അവയുടെ തുറന്ന വായകളാലും

വലിഞ്ഞു നിൽക്കുന്ന

മുഖപേശികളാലും

കണ്ടാലറിയാം.

എപ്പോഴും കണ്ടുകണ്ട്

എൻ്റെയുള്ളിൽ തിരയടിക്കുന്നൂ കടൽ.

എൻ്റെ കാമുകൻ 

ആൻഡ്രൂസാണ് ഈ ചിത്രം

എനിക്ക് സമ്മാനിച്ചത്.

കഴിഞ്ഞ ഒരു വർഷമായി

ഞാൻ അവനുമായി

പ്രേമത്തിലായിരുന്നു

ഞങ്ങൾ ഗോവൻ ബീച്ചുകളിലും

പബ്ബുകളിലും തിരയടിച്ചു.

നാലുമാസങ്ങൾക്കപ്പുറം 

എൻ്റെ പിരീഡ്സ് നിന്നപ്പോൾ

ഞാനവനോട് പറഞ്ഞു.

എന്തിനാണ് ഒരു കുഞ്ഞു കൂടി ഭൂമിയിൽ എന്ന്

അവൻ ബുദ്ധിജീവിയായി .

അവനെന്നെ കെട്ടാൻ പ്ലാനില്ലെന്ന് എനിക്ക് മനസ്സിലായ ദിവസമാണിന്ന്.

ഞാൻ ഇന്ന് മൂക്കറ്റം കുടിച്ച്

അവനോട് എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു.

ആദ്യം അവൻ എന്നെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും

എൻ്റെ വാശി അവനെ പ്രകോപിപ്പിച്ചു.

അവനെന്നെ ബാറിൽ ചവിട്ടി വീഴ്ത്തി.

ആളുകൾ ചുറ്റും കൂടി .

അവൻ ഇറങ്ങിപ്പോയി.

രക്തമൊലിപ്പിച്ചു കിടന്ന എന്നെ ആരൊക്കെയോ ചേർന്ന് എൻ്റെ വീടിൻ്റെ ഗേറ്റിലെത്തിച്ച് ഇറക്കിവിട്ടു.

ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നു :

ബാറിൽ ഞങ്ങൾ മദ്യപിച്ചു തുടങ്ങിയപ്പോൾ

കടൽക്കുതിരകളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്.

അവ പാടുന്നത് അവൻ കേട്ടിട്ടുണ്ടെന്ന് പറഞ്ഞത്.

എനിക്കു സമ്മാനം നൽകിയ ആ ചിത്രം അവനാണ് വരച്ചതെന്ന് പറഞ്ഞത്.


ഞാൻ വാതിൽ തുറന്ന്

എൻ്റെ ബെഡ്റൂമിലേക്ക് കയറി.

അവിടെ ആ മുറിയിൽ

ഉച്ചത്തിൽ, ചുമരുകൾ തകർക്കുന്ന ശബ്ദത്തിൽ

തങ്ങളുടെ ഗിഥാറുകളുമായി

അവർ പാടിക്കൊണ്ടിരിക്കുന്നു;

ആ കടൽക്കുതിരകൾ.

എൻ്റെ മുറിയാകെ ഒരു കടൽ

ഇളകിമറിയുന്നു.

ഞാനെൻ്റെ അടിവയറ്റിൽ അമർത്തിപ്പിടിക്കുന്നു.

എൻ്റെ യോനിയിലൂടെ

ഒരു കടൽക്കുതിര പുറത്തേക്കു വരുന്നു.





നിഗൂഢനേരങ്ങളിൽ ഒരു അടുക്കള

 

നിഗൂഢനേരങ്ങളിൽ

വാഷ് ബേസിനടുത്തുള്ള പൈപ്പിന്റെ പൊക്കിളിൽ നിന്ന് നിശബ്ദമായി ഒരു തടാകം പുറപ്പെടുന്നു 

അടുക്കള ഒരു തടാകമാകുന്നു

ആരുമില്ലാത്ത തക്കം നോക്കി തട്ടുകളിലിരിക്കുന്ന വെളുത്തുള്ളികൾ 

ചിറകു കുടഞ്ഞ് ഇറങ്ങി വരുന്നു

അരയന്നങ്ങളായി നീന്തുന്നു.

തടാകക്കരയിൽ ഉരുളക്കിഴങ്ങുകൾ 

ഉരുളൻകല്ലുകളായി ധ്യാനിക്കുന്നു 

ഗ്ലാസുകളും പ്ലേറ്റുകളും സ്പൂണുകളും 

മുട്ടോളം ഉയരമുള്ള തടാകത്തിന്റെ ഉപരിതലത്തിൽ നീന്തുന്നു


തക്കാളികളും വെണ്ടക്കകളും തടാകക്കരയിലൂടെ സല്ലപിച്ചു നടന്നുപോകുന്നു 

നിഗൂഢ നേരങ്ങളിൽ അവൾ അടുക്കളയിലേക്ക് 

ഒരു മോഹനിദ്രയിൽ ഇറങ്ങിപ്പോകുന്നു 

അവൾ മന്ത്രിച്ചൂതുമ്പോൾ കാബേജിന്റെ ഇളംപച്ച ഉടുപ്പുകൾ ഒന്നൊന്നായി വിടുവിച്ച് അതിനകത്ത് നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വരുന്നു

രണ്ട് ഉരുളക്കിഴങ്ങുപാറകളിൽ അവരിരിക്കുന്നു. 

അയാളുടെ മടിയിൽ അവൾ മയങ്ങുന്നു 

മക്കാവ് തത്തകളായി പകുതി രൂപാന്തരം സംഭവിച്ച ചിരവകൾ 

തടാകത്തിനു മീതെ പറക്കുന്നു 

ഒരു വെളുത്ത പോഴ്സെലിൻ പിഞ്ഞാണം ചന്ദ്രവട്ടമായി അന്തരീക്ഷത്തിൽ നിൽക്കുന്നു

അയാൾ, അവളുടെ ഭർത്താവ്

അടുക്കളയോടു ചേർന്നുള്ള

കിടപ്പുമുറിയിൽ 

വായ തുറന്ന് ഉറങ്ങുന്നു ;

ഒന്നുമറിയാതെ.