gfc

ഒരു കറുപ്പ് വെളുപ്പ് വയലാര്‍ ഗാനം

വിരഹിയും ദുഃഖിയുമായ
ഒരാള്‍ നടക്കുകയാണ്
ലോകത്തെല്ലാവര്‍ക്കുമുണ്ട്
എപ്പോഴുമുണ്ട് ഒരു കാമുകി
അവള്‍ക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്
അവളുടെ ഹൃദയം അയാളെയോര്‍ത്ത്
പടപടാ എന്ന് മിടിച്ചുകൊണ്ടിരിക്കുന്നു
അയാള്‍ പാടുകയാണ്
ഒരു കറുപ്പുവെളുപ്പുഗാനത്തില്‍
മുഴുവന്‍ കറുപ്പും മുഴുവന്‍ വെളുപ്പുമല്ലാതെ
ലോകത്തെ മുഴുവന്‍ ദുഃഖവും
എന്റേതാണെന്ന് പ്രഖ്യാപിച്ച്
പുഴയോരത്തുകൂടി നടക്കുകയാണ്
നമുക്കയാളോട് കഠിനമായ സഹതാപമുണ്ട്
പുഴ അപ്പോള്‍ വെറുമൊരു പുഴയല്ല
അതിനു ജീവനുണ്ട് വികാരമുണ്ട്
(വേറെ എന്തൊക്കെയോ ഉണ്ട്)
അത് വലിഞ്ഞുമുറുകുന്നു
വലിഞ്ഞുവലിഞ്ഞുപൊട്ടുന്നു
ഞാന്‍ കണ്ടിട്ടുണ്ട്,നിങ്ങളും
നമുക്കും ഒരു ഹൃദയമുണ്ടെന്ന്
നമ്മളെ ഓര്‍മിപ്പിക്കുന്നു
മിടിച്ചുകൊണ്ടല്ല,വേദന കൊണ്ട്
ഞാനിപ്പോള്‍ ഉരുകിപ്പോവുമേ എന്ന്
ആത്മാവില്‍ നിശ്ശബ്ദമായി തലതല്ലിക്കൊണ്ട്

അന്ന് പാട്ടുകേള്‍ക്കുമ്പോഴും
അയാള്‍ നടക്കുകയായിരുന്നു
ഇന്ന് കേള്‍ക്കുമ്പോഴും
അയാള്‍ അതേ തീരത്തുകൂടി നടക്കുകയാണ്
ഇനിയും അയാള്‍ നടക്കും
അയാളുടെ കാലുകള്‍ കഴയ്ക്കില്ല
ദുഃഖം അത്രയ്ക്ക് കെല്‍പ്പുള്ളതാണ്
അയാളും അവളും അവരുടെ
കറുപ്പു‌വെളുപ്പു ഗ്രാമത്തില്‍
ലോകം അവസാനിച്ചാലും പാടിക്കൊണ്ടിരിക്കും
അയാള്‍ അയാളല്ല
ഞാന്‍ തന്നെയാണെന്ന്
ഞാനെന്നെ വിട്ടുകൊടുക്കും
അങ്ങനെയുള്ള തീരത്തുകൂടി
കാലങ്ങളായി നടക്കുന്നുവെന്നത് മറന്നാണ്
എന്റെയീ ഡപ്പാംകൂത്ത് ജീവിതമെന്ന്
ആ പാട്ട് ഇനിയൊരീക്കല്‍ കേള്‍ക്കുമ്പോള്‍ ഞാനോര്‍ക്കും

ഒരാള്‍ക്ക് എന്തൊക്കെ ജീവിതങ്ങളുണ്ട്!
ഇതെല്ലാം കൂടി നയിക്കാന്‍
ആകെ ഒരാളേയുള്ളൂ
അതുകൊണ്ട്, മുഴുവനായും
ഈ കറുപ്പുവെളുപ്പു ഗാനത്തിലേക്ക്
ഞാന്‍ ഒളിച്ചോടുന്നു
ഇപ്പോള്‍ ഞാനിരിക്കുന്നിടത്ത് ഞാനില്ല...

3 അഭിപ്രായങ്ങൾ:

  1. ഒരാള്‍ക്ക് എന്തൊക്കെ ജീവിതങ്ങളുണ്ട്!
    ഇതെല്ലാം കൂടി നയിക്കാന്‍
    ആകെ ഒരാളേയുള്ളൂ
    അതുകൊണ്ട്, മുഴുവനായും
    ഈ കറുപ്പുവെളുപ്പു ഗാനത്തിലേക്ക്
    ഞാന്‍ ഒളിച്ചോടുന്നു...
    ha...!!!

    മറുപടിഇല്ലാതാക്കൂ
  2. Hello all,

    I've developed a free web service to read Malayalam blogs in mobile and tablets. All you need to do is go to http://m4m.hafees.com (or http://malayalam4mobile.hafees.com) and enter the blog url from your Mobile phone's browser.

    This service will work in all iPad, iPhone, Android, Symbian, Bada, BlackBerry, Windows Phone 7.x devices.

    മറുപടിഇല്ലാതാക്കൂ
  3. ഈ കറുപ്പുവെളുപ്പു ഗാനത്തിലേക്ക്
    ഞാന്‍ ഒളിച്ചോടുന്നു

    മറുപടിഇല്ലാതാക്കൂ