gfc

45º ചരിവില്‍

ഇളംനീല ആകാശത്തേക്ക്

ഒരു ചെറുപ്പക്കാരന്‍ 45º ചരിവില്‍

ഉയര്‍ന്നു ചാടുന്നു

അയാളുടെ കൈകള്‍ വിടര്‍ന്നിരിക്കുന്നു

ഞാനാണ് ആ ചെറുപ്പക്കാരന്‍

താഴെയുള്ള കുളവും ചുറ്റുമുള്ള

പൂച്ചെടികളും ഉയര്‍ന്നു ചാടുന്നു

ആകാശം നിറയെ 45º ചരിവില്‍

ചുവന്ന ചുണ്ടുകള്‍ ഒട്ടിച്ചുവെക്കുന്നു

എന്റെ ചെറുപ്പക്കാരിയും ഞാനും

ഒഴുകിപ്പോവുന്നു

മരങ്ങള്‍ക്കിടയില്‍ അവള്‍ ഒളിക്കുന്നു

അവളുടെ ഉടയാടകള്‍

മുടിത്തുമ്പിലെ വെളുത്ത റിബണുകള്‍

അവളെ കാണിച്ചുതരുന്നു

ഞങ്ങള്‍ കിരീടംവെച്ച രണ്ടു മരങ്കൊത്തികളായ്

പറന്നുപോകുന്നു

ഞങ്ങള്‍ക്കു പിന്നാലെ ഞങ്ങളുടെ ശബ്ദങ്ങള്‍

ഉരുണ്ടുരുണ്ട് പോരുന്നു

ആകാശം മടുക്കുമ്പോള്‍

ഞങ്ങള്‍ രണ്ട് പുഴമീനുകളായ്

ജലം ചിതറി നീന്തുന്നു

ഒരൊറ്റപ്പൂ പറിച്ച് നീട്ടുന്നു

ഒരു വെള്ളച്ചാട്ടത്തില്‍

ചിതറുന്ന നീര്‍മുത്തുകളാവുന്നു

ഞങ്ങള്‍ വീണ്ടും ഞങ്ങളാവുന്നു

ഈ ഇളംനീല ആകാശത്തേക്ക്

കൈകള്‍ വിടര്‍ത്തി

45º ചരിവില്‍ ഞങ്ങള്‍ ഉയര്‍ന്നുചാടുന്നു

ലോകം ആ ഒറ്റ ഫ്രെയിം

എല്ലാ കാലത്തേക്കുമായ്

ചില്ലിട്ടുവെക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ