gfc

മൌനത്തെക്കുറിച്ച് അവള്‍ എഴുതാന്‍ പറഞ്ഞ കവിത

അവളില്‍ നിന്നുവരുന്ന എല്ലാറ്റിനേയും
ഞാന്‍ സ്നേഹിക്കുന്നു
മൌനവും അവളില്‍ നിന്ന് വരുന്നു
അതിനെയും ഞാന്‍ സ്നേഹിക്കുന്നു
അതിനോട് ഇരിക്കാന്‍ പറയുന്നു
കസേര വലിച്ചിട്ടുകൊടുക്കുന്നു
അത് ഇരിക്കുന്നു
അത് എന്നെ നോക്കുന്നു
ഞാന്‍ അതിനെയും നോക്കുന്നു
ഞങ്ങള്‍ പരസ്പരം അങ്ങനെ
നോക്കിനോക്കിയിരിക്കുന്നു
നോട്ടത്തില്‍ അനേകം കിലോമീറ്റര്‍
ദൈര്‍ഘ്യത്തില്‍ കയറുകള്‍ പിരിച്ചുകൊണ്ടിരിക്കുന്നു
ചുമ്മാ ഇരിക്കണ്ടല്ലോ എന്നു കരുതി
അതിന് ചായകൊടുക്കുന്നു
അത് കുടിക്കുന്നു
ചോറ് കൊടുക്കുന്നു
അത് തിന്നുന്നു
അതിന് മൂത്രമൊഴിക്കണമെന്ന് ആംഗ്യം കാണിക്കുന്നു
മൂത്രപ്പുര കാണിച്ചുകൊടുത്ത്
ഞാന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.
അത് അകത്തു കയറി വാതില്‍
ചാരുന്നു
ഒരൊച്ചയുമില്ല
ഞാന്‍ ഒളിഞ്ഞുനോക്കുന്നു
അത് വാതില്‍ തള്ളിത്തുറന്ന്
പുറത്തേക്ക് വരുന്നു
അതിന്റെ മുഖം ഒരുകൊട്ട
പുറത്ത് ഒന്ന് നടന്നിട്ട് വരാമെന്ന്
ഞാന്‍ അതിനെ കൂട്ടുന്നു
അതിനെ ഇങ്ങനെ കണ്ടാല്‍ പോര
എനിക്കുവേണ്ടി അതെന്തോ ഒളിപ്പിക്കുന്നു
അത് കണ്ടല്ലേ പറ്റൂ
പക്ഷേ എങ്ങനെ?സമ്മതിക്കുമോ?
കാര്യം പറഞ്ഞുനോക്കി
എനിക്കു കാണണം
അതിനു പരിഭ്രമമായി
ആളില്ലാത്ത സ്ഥലം
അങ്ങനെ കാണിച്ചു തന്നാല്‍
അത് ഇല്ലാതാവുമെന്ന്
അതിന്റെ ദയനീയമായ
വെളിപ്പെടുത്തല്‍ ..
എനിക്ക് സഹിച്ചില്ല
അതിന്റെ മിനുങ്ങുന്ന
ഉടുതുണി ഞാന്‍ വലിച്ചുകീറി.
അത് വെപ്രാളപ്പെട്ട് എന്നെ തള്ളിയിട്ട് ഓടി
ഞാന്‍ പിന്നാലെഓടി
ഒരുവിധം പിടികൂടി
വലിച്ചുകീറിയ വിടവുകളില്‍
ചില അവ്യക്തപദങ്ങള്‍ വന്നു നില്‍പ്പുണ്ട്
സാമാധാനിപ്പിച്ച് തിരികെ കൊണ്ടുനടന്നു
രാത്രിയാവുന്നു
അധിക നേരമായ് സന്ദര്‍ശക്കുള്ള മുറിയില്‍
മൌനം കിടിച്ചിരിക്കുന്നു..എന്ന കവിത ചൊല്ലി നോക്കി
അതിന് കുറ്റബോധം തോന്നി
കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് അവിടെത്തന്നെവെച്ചു
അതിനെ ഞാന്‍ ഉള്ളംകൈയില്‍ എടുത്തു
ഞാന്‍ മൊബൈല്‍ എടുത്തു
അതിനെ ഇങ്ങോട്ടുപറഞ്ഞയച്ചവളുടെ
മൊബൈല്‍ സംഖ്യ അമര്‍ത്തി
അപ്പുറത്ത് അവള്‍ ഉണര്‍ന്നു
മൌനത്തെ ഉള്ളംകൈയിലെടുത്ത്
ഒറ്റ ഊത്ത് കൊടുത്തു
ടെലഫോണ്‍ ടവറുകളില്‍ നിന്ന്
ടവറുകളിലേക്ക്
ഒരു കാക്കക്കൂട്ടമായി അത് പറന്നു
അവളുടെ മൊബൈല്‍ വഴി
പറന്നിറങ്ങി
അവളുടെ അനേകം കാക്കപ്പുള്ളി വാതിലുകളിലൂടെ
അകത്തേക്ക് കയറിപ്പോയി.
അവളെക്കൊതിച്ച് അവളുടെ
രക്തത്തിലേക്ക് കയറിപ്പോയ
കാക്കകള്‍ പണ്ട് അഴിച്ചുവെച്ച കറുപ്പുകളാണ്
അവളുടെ കാക്കപ്പുള്ളികള്‍
അവള്‍ക്ക് ഒടുക്കത്തെ പ്രേമമാണ്.
അവളുടെ മൌനം അവളുടെ പ്രേമമാണ്
ഇപ്പോള്‍ എല്ലാ കാക്കകളും
അവളുടെ ഉള്ളില്‍ രാവും പകലും കലമ്പുന്നു
അവള്‍ക്ക് ഉറക്കമില്ല
മൌനത്തെ അടിച്ചോടിച്ച്
ഞാന്‍ സമാധാനമായി ഉറങ്ങുന്നു
എന്നില്‍ നിന്ന് നൂറ് ഉമ്മകള്‍
നൂറ് കൊറ്റികള്‍
കോടമഞ്ഞ് കടന്ന്
അവള്‍ക്കുവേണ്ടി പറന്നുപോകുന്നു
ഞാന്‍ കൊടുക്കുന്ന എല്ലാ ഉമ്മകളും
അത്-ആ മൌനം പിടിച്ചുവാങ്ങിത്തിന്നുന്നു
ഞാന്‍ അവള്‍ക്കുകൊടുക്കുന്നതെല്ലാം
കൈപ്പറ്റുന്നത് അവനാണ്
പാവം അവള്‍
പാവം

4 അഭിപ്രായങ്ങൾ:

  1. “അവളെക്കൊതിച്ച് അവളുടെ
    രക്തത്തിലേക്ക് കയറിപ്പോയ
    കാക്കകള്‍ പണ്ട് അഴിച്ചുവെച്ച കറുപ്പുകളാണ്
    അവളുടെ കാക്കപ്പുള്ളികള്‍.” മൌനത്തിന്റെ പുതുപുതു അർത്ഥങ്ങൾ, മൌനത്തെക്കുറിച്ചുള്ള പുതിയ പുതിയ കണ്ടെത്തലുകൾ.! സ്ത്രീപക്ഷ മെന്നഹങ്കരിക്കാത്ത സ്ത്രീപക്ഷം..!

    മറുപടിഇല്ലാതാക്കൂ
  2. മാഷേ, വര്‍ഷങ്ങള്‍ കഴിയുന്തോറും രചനകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ എന്താണ് കാരണം ?

    മറുപടിഇല്ലാതാക്കൂ