(അപ്പോള്‍ ഒരു കവിത പറയാം.ശ്രദ്ധിച്ചിരിക്കണേ....എന്നിട്ടെന്തുണ്ടായി?എന്നിട്ടെന്തുണ്ടായി എന്ന് ഇടയ്ക്കിടെ ചോദിക്കണേ... )
അക്കരെയാണ് പറക്കുന്ന്
ഇക്കരെയാണ് പുഷ്പംകുന്ന്
പറക്കുന്നിന് പുഷ്പം കുന്നിനോട് പ്രേമം
പുഷ്പംകുന്നിനുമുണ്ട് പ്രേമം
പക്ഷേ,അടുക്കാന്‍ പറ്റണ്ടേ
അനങ്ങാന്‍ പറ്റണ്ടേ...
അടുത്തുപോയാല്‍ ഇടയ്ക്കുള്ള
പാടങ്ങളും കുളങ്ങളും റോഡുകളും
ശ്വാസം മുട്ടി മരിച്ചുപോവില്ലേ
അനങ്ങിപ്പോയാല്‍
പറക്കുന്നിലുള്ള നൂറ്റഞ്ചുവീടുകളും
പുഷ്പംകുന്നിലെ തൊണ്ണൂറ്റാറു വീടുകളും
അതറിയില്ലേ?കിടുങ്ങില്ലേ?
അതുകൊണ്ട് അടക്കിപ്പിടിച്ച്
ഒരു കുന്ന് മോഹം അപ്പുറത്തും
ഒരു കുന്ന് മോഹം ഇപ്പുറത്തും
കുന്നുകൂടിക്കിടന്നു.
എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?
എന്നാല്‍ ,ആരുമറിയാതെ ഒരു നാള്‍
കുന്നുകള്‍ക്ക് ചിറകുമുളച്ചു
പുഷ്പംകുന്നിലെ കൃഷിപ്പണിക്കാരോ
പറക്കുന്നിലെ തെങ്ങുകയറ്റക്കാരോ
ആ ചിറകുകള്‍ കണ്ടില്ല
രണ്ടു കുന്നുകളിലെയും
വളഞ്ഞുപോവുന്ന വഴികളോ
ചെങ്കല്ലു കയറ്റുന്ന ലോറികളോ
നാനാജാതിക്കിളികളോ
കിണറ്റിന്‍ വക്കത്ത് അപ്പിയിടാറുള്ള
കുറുക്കന്മാരോ അറിഞ്ഞതേയില്ല.
എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?
സുന്ദരന്മാരില്‍ സുന്ദരനായിരുന്ന
ഒരു കറമ്പന്‍ രാത്രിയായിരുന്നു അത്
രണ്ടുകുന്നുകള്‍ക്കുമിടയിലൂടെ
നിവര്‍ന്നുകിടക്കുന്ന റോഡിലൂടെ
അവസാനത്തെ ബസ്സും പോയി
ഷാപ്പില്‍ നിന്നോ തീയേറ്ററില്‍ നിന്നോ
കടയടച്ചോ വരുന്നവരുടെ ഒറ്റപ്പെട്ട
സൈക്കിളുകള്‍ കുന്നുകയറിപ്പോയി
വെളിച്ചംകൊണ്ട് അടയാളമിട്ട്
എല്ലാവീടുകളും ഉറങ്ങിപ്പോയി
പുഷ്പം കുന്ന് മെല്ലെ അതിന്റെ
ചിറകുകള്‍ ആദ്യമായി വിടര്‍ത്തി
പറക്കുന്നിന്റെ തോളില്‍ വെച്ചു.
പറക്കുന്നും അതിന്റെ ചിറകുകള്‍ വിടര്‍ത്തി.
അവര്‍ ആകാശത്തേക്ക് പറന്നുപൊങ്ങി.
രണ്ടുകുന്നുകള്‍ പറിഞ്ഞുപോയ
ആനക്കരയുടെ ഭൂപടം താഴെ.
എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?
പറക്കുന്നും പുഷ്പംകുന്നും
തോളോടുതോള്‍ ചേര്‍ന്നുപറന്നു
നക്ഷത്രങ്ങള്‍ അതുകണ്ട് തലകുത്തിവീണു
പാടങ്ങള്‍ കടന്ന്
പുഴ കടന്ന്
കുറ്റിപ്പുറം പാലം കടന്ന്
അറബിക്കടല്‍ കടന്ന്
പറന്നുപോയി.
ഒരു രാത്രി കൊണ്ട് കാണാവുന്നതൊക്കെ കണ്ട്
പറയാവുന്നതൊക്കെ പറഞ്ഞ്
കേള്‍ക്കാവുന്നതൊക്കെ കേട്ട്
ചെയ്യാവുന്നതൊക്കെ ചെയ്ത്
നേരം വെളുക്കാനായപ്പോള്‍ തിരിച്ചുവന്നു
എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?
തിരിച്ചുവന്നപ്പോഴല്ലേ പുകില്
താഴെ രണ്ടുകുന്നുകള്‍ കാണാതായതറിഞ്ഞ്
ജനം തടിച്ചുകൂടിയിരിക്കുന്നു.
പത്രക്കാര്‍ എഴുതിയെടുക്കുന്നു
ചാനലുകാര്‍ വണ്ടികളുമായി എത്തിയിരിക്കുന്നു
കുന്നുകളിലെ കാണാതായ ജനങ്ങളുടെ
ബന്ധുക്കള്‍ അലമുറയിടുന്നു
ഫയര്‍ ഫോഴ്സും പോലീസും
എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?
ഇരിക്കേണ്ടിടത്ത് ഇരിക്കാന്‍ സ്ഥലമില്ലാതെ
ഇനി എന്തു ചെയ്യുമെന്നറിയാതെ
പുഷ്പം കുന്ന് ആകാശത്ത് നിലയുറപ്പിച്ചു
ആരോ മുകളിലേക്കു നോക്കിയപ്പോള്‍
അതു കണ്ടു
ഒരു കുന്ന് -ആകാശത്ത്.
എല്ലാ ക്യാമറകളും കണ്ണുകളും ആകാശത്തേക്ക്
അപ്പോള്‍ ആകാശത്തുള്ള പുഷ്പംകുന്നിന്റെ
അതിരില്‍ താഴേക്ക് നോക്കി പുഷ്പംകുന്നുകാര്‍
കുന്നിന്‍ വക്കിന് ആളുകളെക്കൊണ്ട് ഒരു അതിര്
അതിരിലേക്ക് അതിവേഗം ഓടിച്ചുവന്ന
ഒരു സൈക്കിള്‍ ബ്രേക്കുപിടിച്ച് നില്‍ക്കുന്നു
അതിരില്‍ നിന്ന് താഴേക്ക് എത്തിനോക്കുന്നു
സ്കൂളിലേക്ക് പോവാന്‍ യൂണിഫോമിട്ടെത്തിയ കുട്ടികള്‍
കക്ഷത്ത് ഡയറിയുള്ള പഞ്ചായത്തംഗം,
തൊഴിലുറപ്പിനു പോകാന്‍ വന്ന പെണ്ണുങ്ങള്‍
രാവിലെ തെണ്ടാനിറങ്ങിയ ഒരു നായ
പശുവിനെക്കെട്ടാന്‍ വന്ന ആള്‍,പശു
എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടാവാന്‍
താഴെയുള്ളവര്‍ മുകളിലേക്കും
മുകളിലുള്ളവര്‍ താഴേക്കും അങ്ങനെ നോക്കി നിന്നു
ലോകാവസാനം വരെ
എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?
എന്നിട്ട്&%$33##
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ