gfc

കവി കവിത വായനക്കാര്‍

എന്റെ മുന്‍ പോസ്റ്റിലെ വായനക്കാരെ സംബന്ധിച്ച പരാമര്‍ശം ഒരല്പം വൈകാരികമായിപ്പോയതുകൊണ്ടു തന്നെ തെറ്റിദ്ധരിക്കാനും വളച്ചൊടിക്കാനും അതില്‍ സാധ്യതകള്‍ ഉണ്ടായിപ്പോയിട്ടുണ്ട്.വായനക്കാരുടെ ഇടപെടല്‍ ഒഴിവാക്കാവുന്ന ഒരു മാധ്യമമല്ല ബ്ലോഗ്.വായനക്കാരുടെ ധനാത്മകമായ ഇടപെടലുകളുടെ നല്ലഫലങ്ങള്‍ എന്റെ എഴുത്തില്‍ ഉണ്ടായിട്ടുമുണ്ട്.അതിന്റെ ഏറ്റവും നല്ല   ഉദാഹരണമാണ് കുളം+പ്രാന്തത്തി എന്ന കവിതയുടെ വായന.

എന്നാല്‍ കവിതയെ മനസ്സിലാക്കാനുള്ള യാതൊരുവിധ ശ്രമവുമില്ലാതെ കവിയെ അടച്ചാക്ഷേപിക്കാന്‍ പലവിധ പൂര്‍വവൈരാഗ്യങ്ങള്‍ കൊണ്ടോ അസൂയ കൊണ്ടോ ജന്മസിദ്ധമായ ഛിദ്രവാസന കൊണ്ടോ ഇറങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഒരു ബ്ലോഗ് സാഹചര്യത്തില്‍ വായനക്കാരുടെ വേഷം കെട്ടിവരുന്ന ഈ കഴുതപ്പുലികളോട്(യഥാര്‍ഥ വായനക്കാരല്ല) ഞാനെഴുതുന്നത് സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി എന്ന് ഏത് എഴുത്തുകാരനും പറഞ്ഞുപോകും.

ബ്ലോഗില്‍ കവിത വായിക്കുന്ന ഓരോ വായനക്കാരനും അയാളുടേതായ താല്പര്യമുണ്ട്.ഓരോരുത്തരും ഓരോ മിനി നിരൂപകര്‍ എന്ന ഭാവേനയാണ് പ്രതികരിക്കുക.ഈ അടുത്ത ദിവസം കണ്ട ഒരു ബ്ലോഗ് പോസ്റ്റില്‍ അതെഴുതിയ ആള്‍ ആദ്യം ജാമ്യമെടുക്കുന്നത്  ഏതാണ്ട്   ഇങ്ങനെയാണ്: ഞാന്‍ ഒരു കവിയല്ല,അധികം വായിച്ചിട്ടുമില്ല,കവിത എന്താണെന്ന് എനിക്ക് അറിയുകയുമില്ല,എന്നാലും കവിതയെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇതാണ്,ഇങ്ങനെയാണോ കവിത വേണ്ടത്?അങ്ങനെയല്ലേ കവിത വേണ്ടത്?എന്ന് പോകുന്നു ആ പ്രതികരണം.

അഭിപ്രായം പറയുന്നതിനുള്ള ഒരാളുടെ അവകാശത്തെ ചോദ്യം ചെയ്യുകയോ  ആക്ഷേപിക്കുകയോ അല്ല എന്റെ ലക്ഷ്യം.ആര്‍ക്കും (കവിതയെ സംബന്ധിച്ച് ഒരു വിവരവുമില്ലാത്ത ഏതൊരാള്‍ക്കും) സ്വന്തമായി ഒരു ബ്ലോഗുണ്ടെങ്കില്‍ അല്ലെങ്കില്‍ കമന്റ് ഓപ്ഷന്റെ സൌകര്യത്തില്‍ വിലകുറഞ്ഞ ഇത്തരം അഭിപ്രായങ്ങള്‍ എഴുന്നെള്ളിക്കാനാവുന്നു.സമാനമനസ്കരുടെയോ അസൂയാലുക്കളുടേയോ വൈയക്തികമായ കാരണങ്ങളാല്‍ വിദ്വേഷമുള്ളവരുടേയോ(ചാറ്റില്‍ വന്നപ്പോള്‍ ഹലോ പറഞ്ഞില്ല എന്ന കാരണം പോലും മതിയാവും) സഹകരണത്തോടെ അതിന് ഒരു ആധികാരികതയുണ്ടാക്കാനും ഇക്കൂട്ടര്‍ക്ക് ആവുന്നു.അനോണിമസ് ഓപ്ഷനുകള്‍,ബ്ലോഗര്‍ പേരുകള്‍ സൌകര്യം പോലെ മാറ്റിമറിക്കാനും മറഞ്ഞിരിക്കാനുമുള്ള സൌകര്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തിയാല്‍ നാലാള്‍ക്ക് നാല്പതാളുടെ ഇഫക്ടുണ്ടാക്കാനും ബുദ്ധിമുട്ടില്ല.

ഓരോ കവിതയുടെ ചര്‍ച്ചയ്ക്കിടയിലും ഒരാളെങ്കിലും കവിതയെ നിര്‍വചിക്കൂ എന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.ഒരാളെങ്കിലും പാടാനുള്ള കവിതകള്‍ കിട്ടാത്തതിലുള്ള അരിശം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.കവിതയല്ല,കഥയാണ്,കവിയല്ല എന്നെല്ലാം ആദ്യമായി ബ്ലോഗ് സന്ദര്‍ശിക്കുന്ന ആളും ആദ്യമായി കവിത വായിക്കുന്ന ആളും പുലമ്പിക്കൊണ്ടിരിക്കും.കഥയായാലെന്ത്,കവിതയല്ലെങ്കിലെന്ത്,കവിയല്ലെങ്കിലെന്ത്...വായനയില്‍ നിന്ന് തനിക്കെന്തെങ്കിലും കിട്ടിയോ എന്ന് പറയാനായില്ലെങ്കില്‍ എന്തിനാണ് വായനക്കാരന്‍?എഴുത്തിന്റെ ഘടന നോക്കി ഇതു കവിത,ഇത് കഥ എന്നിങ്ങനെ സാക്ഷ്യപത്രങ്ങള്‍ നല്‍കാന്‍ എന്തിനാണ് അയാളെ?അപ്പോള്‍ പറഞ്ഞുപോകും  ‘വായനക്കാര്‍ പുല്ലാണ്’ എന്ന്.

സാധാരണ വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും പുകഴ്ത്തലുകള്‍ക്കും നിന്നുകൊടുത്താല്‍ നിശ്ചയമായും ഏത് ബ്ലോഗെഴുത്തുകാരനും വഴിതെറ്റും.വായനക്കാരെ പ്രീതിപ്പെടുത്തുന്ന പോസ്റ്റെഴുത്തുകാരനായി അയാള്‍ക്ക് ഈ സ്വയംബ്ലോഗ സമൂഹത്തില്‍ വിരാജിക്കാം.പകരം സ്വന്തം സര്‍ഗ്ഗാത്മകതയുടെ കൈവരിക്കാവുന്ന ഉയരങ്ങള്‍ അയാള്‍ ബലികഴിക്കും.

3 അഭിപ്രായങ്ങൾ:

  1. 'സാധാരണ വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും പുകഴ്ത്തലുകള്‍ക്കും നിന്നുകൊടുത്താല്‍ നിശ്ചയമായും ഏത് ബ്ലോഗെഴുത്തുകാരനും വഴിതെറ്റും.'

    അത് ശരിയാണോ വിഷ്ണൂ?
    അത്തരം ചിന്താഗതി ഒരു തരം ബൗദ്ധീക ഫ്യൂഡലിസമല്ലേ?

    കവിതയെന്തന്നും താ‍നെഴുതുന്നതെന്താണെന്നും വ്യക്തമായ കഴ്ചപ്പാടുള്ള ഒരു വ്യക്തി എങ്ങിനെയാണ് എഴുത്തിൽ വഴിതെറ്റിപോകുന്നത്?

    സാധാരണക്കാരായവർക്കും അവരുടെ മുകളിലുള്ളവർക്കും ഒരു പോലെ പ്രിയംകരങ്ങളായ വിഷയങ്ങളെ കവിതയിൽ സുന്ദരമായി അണിയിച്ചൊരുക്കുമ്പോൾ സാധാരണക്കാർ ഹർഷാരവത്തോടെ പ്രതികരിയ്ക്കും. ഉദാഹരണത്തിനെ കുഴൂരിന്റെ ‘കുട’, സ്വർണ്ണത്തെ കുറിച്ചുള്ള കവിത എന്നിങ്ങനെ.

    (ഛിദ്രവാസന ജന്മവാസനയാക്കിയവരെകുറിച്ച് തെറിയല്ലാതെ മറ്റൊന്നും പറയാനില്ലെന്നും മനസ്സിലാക്കികൊണ്ടാണിതെഴുതുന്നത്‌.)

    മറുപടിഇല്ലാതാക്കൂ
  2. മൂന്ന് വര്‍ഷത്തിലധികമായി ഈ മാധ്യമത്തില്‍ കവിതയെഴുതിക്കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍.ബ്ലോഗിങ്ങിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ ഞാന്‍ എന്റെ ഈ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്.നഗ്നന്‍ അതിനു ചുവട്ടിലെഴുതിയ രണ്ടു വരികള്‍ കൂടി വായിച്ചുകാണും എന്ന് വിചാരിക്കുന്നു.

    എഴുത്തുകാരന് സര്‍ഗ്ഗാത്മകതയുടെ കാര്യത്തില്‍ മാത്രമേ അസാധാരണത്വത്തിന്റെ ഉറപ്പുള്ളൂ.തന്റെ ആരാധകര്‍ക്കനുസരിച്ച് കവിത വെട്ടുന്ന എഴുത്തുകാരന് എഴുത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ കെല്‍പ്പില്ലാതാവുകയും സത്യസന്ധമായ ഒരു രാഷ്ട്രീയ പ്രസ്താവന പോലും അസാധ്യമാവുകയും ചെയ്യും.(കാറ്റില്‍ പെടാത്ത ദീപങ്ങള്‍ കാണും,ഭൂരിഭാഗവും അങ്ങനെയല്ല.)

    മറുപടിഇല്ലാതാക്കൂ
  3. താങ്കൾ ആദ്യം പറഞ്ഞ കാര്യങ്ങൾ മിക്കവാറും ശരിയാണ്‌. പക്ഷെ പറഞ്ഞു വികാരം കേറിയപ്പോൾ ലോകം ചെറുതാകുകയുംസ്വയം വിശ്വരൂപമാകുകയും ചെയ്തു. അതുകൊണ്ടാണ്‌ വായനക്കാർ പുല്ലാണ്‌ എന്നും മറ്റുമുള്ള ജൽപനങ്ങൾ. വായനക്കാരില്ലെങ്കിൽ എഴുത്തുകാരൻ പൂജ്യം ആണ്‌. താങ്കളുടെ മിക്ക എഴുത്തുകളിലും വികാരത്തിന്റെ വാണത്തിലേറി വികാരതലം വിട്ടുപോകുന്ന കാഴ്ചയാണ്‌ കാണുന്നത്‌. പിന്നെ പറയുന്നത് പലതും പതിര്‌. താങ്കൾക്ക്‌ വായനക്കാർ പുല്ല്‌; വായനക്കാർ അകന്നാൽ താങ്കൾ പൂജ്യം. ആർക്കാ ചേതം ? എഴുത്തുകാരനുതന്നെ.

    താങ്കൾ പറയുന്നു, "കവിത എന്നാല്‍ പദ്യമാണെന്ന് വിചാരിച്ചിരിക്കുന്ന കുറേ വിഡ്ഢികള്‍ ഇക്കാലത്തുമുണ്ട്“.

    ഉണ്ട്‌ .ഒരുപക്ഷെ താങ്കളുടെ സോഡാ ഗ്ലാസിൽ പമ്പരവിഡ്ഡിയായി തെളിഞ്ഞേക്കാം:.. ശ്രി. ഒ.എൻ.വി കുറുപ്പ്‌. പലയിടത്തും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌

    എത്ര അനായാസമാണ്‌ താങ്കൾ മറ്റുള്ളവരെ വിഢ്ഢികൾ എന്നും ഒരു ചുക്കും അറിയാത്തവരെന്നും വിളിക്കുന്നത്‌! വികാരത്തെ പായിച്ച്‌ തന്റെ പൊള്ളയയ വളഞ്ഞ കുഴലിൽക്കൂടി വന്യമായി കൊമ്പ്‌വിളിക്കുകയാണ്‌ താങ്കൾ. വനരോദനം!!

    മറുപടിഇല്ലാതാക്കൂ